വഴുതന


വഴുതനയുടെ ജന്മദേശം ഇന്ത്യയാണെന്ന് കരുതപ്പെടുന്നു. പോഷകസമൃദ്ധവും, ഔഷധഗുണങ്ങളോടുകൂടിയതുമായ വഴുതന പാവങ്ങളുടെ തക്കാളി എന്നാണ് അറിയപ്പെടുന്നത്. പല്ലുവേദന, കരള്‍സംബന്ധമായ രോഗങ്ങള്‍, വാതം എന്നിവയ്ക്ക് വഴുതന ഉപയോഗപ്രദമാണെന്നു കരുതപ്പെടുന്നു. അടുക്കളത്തോട്ടത്തില്‍ വളരെയെളുപ്പത്തില്‍ കൃഷിചെയ്യാവുന്ന പച്ചക്കറി വിളകൂടിയാണ് വഴുതന.


ഇനങ്ങള്‍


കേരളത്തിലെ കാലാവസ്ഥയില്‍ അടുക്കളത്തോട്ടത്തിലേക്ക് ഏറ്റവും യോജിച്ച വഴുതനയിനങ്ങളാണ് സൂര്യ, ശ്വേത, ഹരിത, നീലിമ എന്നിവ. 

 

  • സൂര്യ : വഴുതനയിലെ പ്രധാനരോഗമായ ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള ഇനമാണിത്. കായ്കള്‍ ഉരുണ്ട്, ഇടത്തരം വലിപ്പത്തോടുകൂടിയതാണ്. വയലറ്റ് നിറമുള്ള കായ്കള്‍ക്ക് കോഴിമുട്ടയുടെ ആകൃതിയാണ്. കുറ്റിച്ചെടിയായി വളരുന്ന ഇനമാണ്.

 

  • ശ്വേത : കുറ്റിയായി വളരുന്ന ഈയിനത്തിന് ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുണ്ട്. വെള്ള നിറത്തോടുകൂടിയ നീണ്ട കായ്കളാണ് ഇതിനുള്ളത്. അടുത്തടുത്ത് നടാന്‍ യോജിച്ചതാണിവ.  എന്നാല്‍ കായുടെ തൊലിക്ക് കട്ടികുറവായതിനാല്‍ പുഴു കായ്ക്കുള്ളിലേക്ക് കയറാനുള്ള സാധ്യത കൂടുതലാണ്.

 

  • ഹരിത : ബാക്ടീരിയല്‍ വാട്ടം, കായ്ചീയല്‍ തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധശേഷിയുള്ള ഇനമാണിത്. ഇളം പച്ചനിറത്തോടുകൂടിയ നീണ്ട കായ്കള്‍ക്ക് പാകം ചെയ്യുമ്പോള്‍ നല്ല സ്വാദാണ്. എട്ടു മാസം മുതല്‍ രണ്ടു വര്‍ഷം വരെ വിളവെടുക്കാമെന്ന പ്രത്യേകതയും ഈയിനത്തിനുണ്ട്. 

 

  • നീലിമ : ~സങ്കരയിനം വഴുതനയാണ് നീലിമ. വാട്ടരോഗത്തിനെതിരെ പ്രതിരോധശേഷി, മികച്ച വിളവ്, വയലറ്റ് നിറത്തിലുള്ള കായ്കള്‍ക്ക് ശരാശരി 150 ഗ്രാം തൂക്കം എന്നിവ ഈയിനത്തിന്‍റെ പ്രത്യേകതകളാണ്.

 

കൃഷിരീതി


വിത്തുകള്‍ പാകി മുളപ്പിച്ച് പിന്നീട് തടങ്ങളിലേക്ക് പറിച്ചു നടേണ്ട വിളയാണ് വഴുതന. മെയ് -ജൂണ്‍, സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളാണ് വഴുതന നടുന്നതിന് അനുയോജ്യം. അതില്‍തന്നെ ഏപ്രില്‍ അവസാനം വിത്തുപാകി മെയ് ആദ്യം മാറ്റി നടുന്ന  തൈകളാണ് ഏറ്റവും നല്ല വിളവ് തരുന്നത്. അടുക്കളത്തോട്ടത്തിലേക്ക് വഴുതന കൃഷിചെയ്യുമ്പോള്‍ വേനല്‍ക്കാലത്തു നടുന്നതാണ് നല്ലത്. ഒരു സെന്‍റ് സ്ഥലത്ത് കൃഷിചെയ്യാന്‍ രണ്ടു ഗ്രാം വിത്തുമതിയാകും. നല്ല നീര്‍വാര്‍ച്ചയുള്ള ഉയര്‍ന്ന തടത്തില്‍ തവാരണകള്‍ എടുത്ത് വിത്ത് മുളപ്പിച്ചെടുക്കാം. 25 ദിവസം പ്രായമായ തൈകള്‍ മാറ്റി നടാവുന്നതാണ്. തൈകള്‍ പറിച്ചു നടുന്നതിനുമുമ്പ് നന കുറയ്ക്കണം.


തൈകള്‍ പറിച്ചു നടുന്നതിനു മുമ്പ് കൃഷി സ്ഥലം നന്നായി ഇളക്കിമറിച്ച് കളകള്‍ പറിച്ചു കളഞ്ഞു വൃത്തിയാക്കണം. വേനല്‍ക്കാലത്ത് നടുമ്പോള്‍ വാരങ്ങള്‍ക്ക് പകരം ചാലുകള്‍ എടുത്ത് നടാവുന്നതാണ്. വൈകുന്നേരങ്ങളില്‍ തൈകള്‍ പറിച്ചുനടുന്നതാണ് നല്ലത്. നല്ല വെയിലുള്ളപ്പോള്‍ മൂന്നു-നാലു ദിവസം തണല്‍ കൊടുക്കാവുന്നതാണ്. വാരങ്ങള്‍ തമ്മില്‍ രണ്ടരയടിയും തൈകള്‍ തമ്മില്‍ 2 അടിയും ഇടയകലം നല്‍കണം.


രോഗങ്ങള്‍

 

  • വാട്ടരോഗം: തവാരണകളില്‍ വളരുമ്പോഴും മാറ്റി നട്ടതിനുശേഷവും വാട്ടരോഗം കണ്ടുവരുന്നു. ബാക്ടീരിയയാണ് ഈ രോഗത്തിനു കാരണക്കാരന്‍. രോഗം ബാധിച്ചാല്‍ ഒപ്പം കുമിള്‍ ആക്രമണവും കണ്ടുവരുന്നു. വാട്ടരോഗം ബാധിച്ച ചെടികള്‍ മഞ്ഞനിറമായി വാടിപ്പോകുന്നു. ഈ രോഗത്തെ തടയുന്നതിനായി തവാരണകളില്‍ സ്യൂഡോമോണാസ് 20ഗ്രാം ഒരു ലിറ്റര്‍ അളവിലെടുത്ത് തടം കുതിര്‍ത്തതിനുശേഷം വിത്തു നടാം.  മാറ്റിനടുന്ന തൈകളും ഈ ലായനിയില്‍ മുക്കിയശേഷം നടുന്നത് വാട്ടരോഗത്തെ പ്രതിരോധിക്കാന്‍ സഹായിക്കും. പ്രതിരോധശേഷിയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക, രോഗബാധിതമായ ചെടികളെ എത്രയും വേഗം നീക്കം ചെയ്ത് നശിപ്പിക്കുക എന്നിവയും വാട്ടരോഗത്തെ ചെറുക്കുന്നതിനുള്ള മറ്റു മാര്‍ഗങ്ങളാണ്.

 

  • തൈചീയല്‍ : തവാരണകളില്‍ തൈകള്‍ വളരുമ്പോഴാണ് സാധാരണയായി ഈ രോഗം കാണപ്പെടുന്നത്. മണ്ണിനോട് ചേര്‍ന്ന ഭാഗം ചീഞ്ഞ്, ചെടികള്‍ ഇളംമഞ്ഞനിറമായി നശിച്ചുപോകുന്നതാണ് ലക്ഷണം. തവാരണകളില്‍ സ്യൂഡോമോണാസ് ഉപയോഗിച്ചാല്‍ ഇതിനെ തടയാന്‍ സാധിക്കും. 

 

  • കായ്ചീയല്‍ :കായ്കളില്‍ ചെറിയ പൊട്ടുകള്‍ പോലെയുള്ള അടയാളങ്ങള്‍ കണ്ടുതുടങ്ങുന്നതാണ് ആദ്യലക്ഷണം. ഇവ ക്രമേണ വലുതായി കായ് ചീഞ്ഞുപോകുന്നു. ചീഞ്ഞ കായ്കള്‍ പറിച്ചെടുത്ത് നശിപ്പിക്കുക, എന്നതാണ് പ്രധാന നിയന്ത്രണമാര്‍ഗം.

 

കീടങ്ങള്‍

 

  • കായ്/തണ്ടുതുരപ്പന്‍പുഴു : ചെടികളുടെ തണ്ടുകള്‍, പുതുതായി ഉണ്ടാകുന്ന കായ്കള്‍ എന്നിവ തുരന്നു നശിപ്പിക്കുകയാണ് ഈ പുഴുക്കള്‍ ചെയ്യുന്നത്. വഴുതന കൃഷിചെയ്യുന്നതിനുള്ള ഏറ്റവും വലിയ ഭീഷണിയും ഇവയാണ്. കേടുവന്ന കായ്കളും തണ്ടും നശിപ്പിക്കുക, 5 ശതമാനം വീര്യമുള്ള വേപ്പിന്‍കുരുസത്ത് തളിക്കുക എന്നിവ മുഖ്യ നിയന്ത്രണമാര്‍ഗങ്ങളാണ്. 

 

  • പച്ചത്തുള്ളന്‍ : വഴുതനയുടെ ഇലകളുടെ അരികില്‍നിന്ന് നീരൂറ്റിക്കുടിച്ച് ഇലകളെ നശിപ്പിക്കുകയാണ് പച്ചത്തുള്ളന്‍ ചെയ്യുന്നത്. ഇവയെ നിയന്ത്രിക്കുന്നതിനായി വെളുത്തുള്ളി-വേപ്പെണ്ണ എമല്‍ഷന്‍, വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്. 

 

  • ആമവണ്ട് : വഴുതനച്ചെടിയുടെ ഇലകളിലെ ഹരിതകം കാര്‍ന്നുതിന്നുകൊണ്ടാണ് ആമവണ്ട് ചെടികളെ ആക്രമിക്കുന്നത്. ഇലകളുടെ ഞരമ്പുകള്‍ മാത്രം ബാക്കിവെച്ച് ഇലകള്‍ വലപോലെയാക്കുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി ആമവണ്ടിന്‍റെ മുട്ട, പുഴു, പ്യൂപ്പ, വണ്ട് എന്നീ ദശകള്‍ ശേഖരിച്ച് നശിപ്പിച്ചു കളയാം. കാന്താരിമുളക്-ഗോമൂത്രമിശ്രിതം തളിക്കുന്നത് ഇവയുടെ രൂക്ഷത കുറയ്ക്കുന്നതിനു സഹായിക്കും. 

 

വിളവെടുപ്പ്

 

മാറ്റി നട്ട് 40-45 ദിവസത്തിനുശേഷം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. അധികം മൂപ്പെത്താത്ത കായ്കള്‍ പറിച്ചാല്‍ കറിവയ്ക്കുമ്പോള്‍ രുചിയേറും. രാവിലെ വിളവെടുത്താല്‍ തൂക്കം കുറയില്ല എന്ന മെച്ച
മുണ്ട്. മൂന്നുമാസത്തിലധികം വിളവെടുക്കാം.






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232880