മുളക്


വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക കറികളിലും ഉപയോഗിച്ചുവരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ പരിശോധനാഫലമനുസരിച്ച് തമിഴ്നാട്ടില്‍ നിന്നു കേരളത്തിലെത്തുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം കീടനാശിനിയുടെ സാന്നിധ്യമുള്ള പച്ചക്കറികളിലൊന്നാണ് മുളക്. അതിനാല്‍ത്തന്നെ, നമ്മുടെ അടുക്കളത്തോട്ടത്തില്‍ തീര്‍ച്ചയായും ഉള്‍ക്കൊള്ളിക്കേണ്ട വിളകളില്‍ മുളകിനു പ്രധാന സ്ഥാനമാണുള്ളത്. കറികള്‍ക്ക് എരിവ് പകരുന്നതിനു പുറമെ ഉയര്‍ന്ന തോതില്‍ ജീവകം 'എ'യും, ജീവകം 'സി'യും ഇതില്‍ അടങ്ങിയിട്ടുണ്ട്.  'കാപ്സെസിന്‍' എന്ന രാസവസ്തുവാണ് മുളകിന് എരിവുരസം പകരുന്നത്.


ഇനങ്ങള്‍

 

  • ഉജ്ജ്വല : നല്ല എരിവും, നിറവുമുള്ള ഇനമാണിത്.  ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുണ്ട.് ഉയരം കുറഞ്ഞ് കുറ്റിയായി വളരുന്ന ഉജ്ജ്വല അടുത്തടുത്ത് കൃഷി ചെയ്യുവാന്‍ അനുയോജ്യമാണ്. മുളകുകള്‍ കൂട്ടമായി മുകളിലേക്ക് ഉയര്‍ന്നു നില്‍ക്കുന്നവയാണ്. ഒരു കുലയില്‍ 6-8 വരെ മുളകുകള്‍ കാണാം.

 

  • അനുഗ്രഹ : ബാക്ടീരിയല്‍ വാട്ടത്തിനെ തിരെ പ്രതിരോധശേഷിയുള്ള ഇനം മുളകുകള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് തൂങ്ങിക്കിടക്കുന്ന സ്വഭാവമുള്ളവയാണ്. അനുഗ്രഹ ഇനത്തിന് എരിവ് താരതമ്യേന കുറവാണ്. നല്ല വിളവ് ലഭിക്കുന്നതിനാല്‍ വീട്ടിലെ അടുക്കളത്തോട്ടത്തിന് ഏറ്റവും അനുയോജ്യമാണിത്.

 

  • ജ്വാലാമുഖി, ജ്വാലാസഖി : എരിവ് വളരെ കുറഞ്ഞതാകയാല്‍ പച്ചക്കറി ആവശ്യത്തിന് ഉപയോഗിക്കുന്നു. പച്ചനിറത്തോടുകൂടിയ കായ്കളാണ് ഇവയ്ക്കുള്ളത്. കട്ടിയുള്ള തൊലിയുണ്ട്. കേരളത്തിലെ തെക്കന്‍ ജില്ലകളിലാണ് ഈയിനം കൂടുതലായി ഉപയോഗിക്കുന്നത്.

 

  • വെള്ളായണി അതുല്യ : എരിവ് കുറഞ്ഞ ഈയിനത്തിന് ക്രീംനിറമുള്ള നീണ്ട കായ്കളാണുള്ളത്. അടുക്കളത്തോട്ടത്തിലേക്ക് യോജിച്ച ഇനം. 

 

  • കാന്താരിമുളക് : കേരളത്തിലെ വീട്ടുവളപ്പുകളില്‍ സാധാരണയായി കൃഷിചെയ്തുവരുന്ന ഇനമാണ് കാന്താരിമുളക്. വളരെ തീവ്രമായ എരിവ്, കുത്തനെ മുകളിലേക്ക് നില്ക്കുന്ന കായ്കള്‍, നീണ്ട വിളവുകാലം എന്നിവ ഇവയുടെ പ്രത്യേകതകളാണ്. കുറച്ച് തണലുള്ള സ്ഥലത്തും കാന്താരിമുളക് നന്നായി വളരും. ചെടിക്ക് ഒരു വര്‍ഷത്തിലധികം ആയുസ്സുണ്ട്.

 

  • മാലിമുളക് (എരിയന്‍മുളക്): ഈയിനത്തിന്‍റെ മുളകിന് ശക്തമായ എരിവും, സവിശേഷമായ മണവുമുണ്ട്. പഴുക്കുമ്പോള്‍ നല്ല ചുവപ്പ് നിറമോ, മഞ്ഞനിറമോ ആയിരിക്കും, വാഴത്തോട്ടങ്ങള്‍, തെങ്ങിന്‍തോട്ടങ്ങള്‍ എന്നിവയ്ക്കിടയില്‍ കൃഷിചെയ്യാന്‍ അനുയോജ്യം. തണല്‍ ഇഷ്ടപ്പെടുന്ന ഇനമാണിത്. കൊളസ്ട്രോള്‍ കുറയ്ക്കുന്നതിന് ഉത്തമമാണെന്ന് കരുതപ്പെടുന്നു.

 

കൃഷിരീതി


ഒരു സെന്‍റ് സ്ഥലത്തേക്ക് മുളക് നടുന്നതിനായി 4 ഗ്രാം വിത്ത് ആവശ്യമാണ്. വാരങ്ങള്‍ തമ്മില്‍ രണ്ടടിയും ചെടികള്‍ തമ്മില്‍ ഒന്നരയടിയും ഇടയകലം നല്‍കണം.


രോഗങ്ങള്‍


വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. രോഗലക്ഷണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും വഴുതനയുടേതുപോലതന്നെയാണ്. 


കീടങ്ങള്‍

 

  • ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച : മുളകില്‍ സാധാരണയായി കാണപ്പെടുന്ന കുരുടിപ്പ് രോഗമുണ്ടാകുന്നത് ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയുടെ ആക്രമണം മൂലമാണ.് ഇവ ഇലകളില്‍ നിന്ന് നീരുറ്റിക്കുടിക്കുമ്പോഴാണ് കുരുടിപ്പ് രോഗമുണ്ടാകുന്നത്. കൂടാതെ മുഞ്ഞയും ഇലപ്പേനും വൈറസിനെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് പരത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഇവയുടെ ആക്രമണമുണ്ടായാല്‍ ഇലകള്‍ ചുക്കിച്ചുളിഞ്ഞ്, ചുരുണ്ട് വളര്‍ച്ച മുരടിച്ചുപോകുന്നു. ഇവയെ നിയന്ത്രിക്കുന്നതിന് ജൈവകീടനാശിനികളായ കിരിയാത്ത്- സോപ്പ് മിശ്രിതമോ, വെളുത്തുള്ളി - നാറ്റപ്പൂച്ചെടി മിശ്രിതമോ ഉപയോഗിക്കാവുന്നതാണ്. ചെടിയില്‍ നേര്‍പ്പിച്ച കഞ്ഞിവെള്ളം തളിച്ചതിനുശേഷം രണ്ടു മണിക്കൂര്‍ കഴിഞ്ഞ് ചെടി നന്നായി തട്ടിക്കൊടുത്താല്‍ കുറെ കീടങ്ങള്‍ കഞ്ഞിവെള്ളത്തില്‍ ഒട്ടിപ്പിടിച്ച് താഴെ വീണു നശിച്ചുപൊയ്ക്കൊള്ളും. അതിനുശേഷം ജൈവകീടനാശിനികള്‍ ഉപയോഗിച്ചാല്‍ കൂടുതല്‍ ഫലപ്രദമായിരിക്കും.

 

വിളവെടുപ്പ്


മുളകുതൈകള്‍ നട്ട് രണ്ട് മാസത്തിനകം വിളവെടുപ്പ് തുടങ്ങാവുന്നതാണ്. ഉജ്ജ്വല, അനുഗ്രഹ എന്നീ ഇനങ്ങളിലെ ഓരോ ചെടിയില്‍നിന്നും ആഴ്ചയില്‍ 200 ഗ്രാം മുളക് ലഭിക്കും. വളരെക്കുറച്ച് ചെടികള്‍ ഉള്ളവര്‍ക്കു പോലും പച്ചമുളക് കടയില്‍നിന്ന് വാങ്ങേണ്ടിവരില്ല. ഒരു ചെടിയില്‍നിന്ന് 3 മാസത്തിലധികം വിളവെടുപ്പ് നടത്താവുന്നതാണ്.






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232274