നടീല്‍മിശ്രിതം തയ്യാറാക്കല്‍


 

അടുക്കളത്തോട്ടമൊരുക്കുമ്പോള്‍ ഗ്രോബാഗുകളിലായിരിക്കും മിക്കവരും പച്ചക്കറികള്‍ നടുന്നത്. ഇത്തരത്തില്‍ നടുമ്പോള്‍ നടീല്‍മിശ്രിതത്തിന് ഏറെ പ്രാധാന്യമുണ്ട്. നടീല്‍മിശ്രിതത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ചെടിക്കു വേരുപിടിച്ചു വളരുന്നതിനാവശ്യമായ മണ്ണുണ്ടായിരിക്കണം. രണ്ടാമത്തേത് മണ്ണിനടിയിലേക്ക് ചെറിയ തോതിലാണെങ്കിലും വായുസഞ്ചാരത്തിനുള്ള അവസരമുണ്ടായിരിക്കണം. മൂന്നാമത്തേത് ഒരു വിത്ത് മുളച്ചിറങ്ങുമ്പോള്‍ അതിന്‍റെ വളര്‍ച്ചയ്ക്ക് ആവശ്യമായ മൂലകങ്ങള്‍ യഥേഷ്ടം ലഭിക്കണം.

 

ഈ മൂന്നു ഘടകങ്ങള്‍ കണക്കിലെടുത്തുള്ള ചേരുവകളാണ് നടീല്‍മിശ്രിതത്തിലുണ്ടാകേണ്ടത്. മേല്‍മണ്ണ്, മണല്‍, ചാണകപ്പൊടി എന്നിവ തുല്യ അളവിലെടുത്താണ് നടീല്‍മിശ്രിതം തയ്യാറാക്കുന്നത്.  ചെടിക്കു വേരു പിടിക്കാനാണ് മണ്ണ് നല്‍കുന്നത്. ഏതു ചെടിയുടെയും വളര്‍ച്ചയ്ക്ക് നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നീ മൂന്നു പ്രധാന മൂലകങ്ങളും നിരവധി ഉപമൂലകങ്ങളും ജൈവസാന്നിധ്യവും ആവശ്യമാണ്. അവ ആവശ്യമായ അളവില്‍ ആരോഗ്യമുള്ള മേല്‍മണ്ണിലുണ്ടാകും. ജൈവസാന്നിധ്യം ഉറപ്പാക്കുന്നത് മേല്‍മണ്ണിലുള്ള സൂക്ഷ്മജീവികളും മറ്റുമാണ്.  ഇത്തരം മേല്‍മണ്ണ് തന്നെയായിരിക്കണം ബാഗുകളില്‍ നിറയ്ക്കുന്നതിനായി ശേഖരിക്കേണ്ടത്. 


ആറ്റില്‍നിന്നും മറ്റും കിട്ടുന്ന നേര്‍മയേറിയ മണലാണ് മേല്‍മണ്ണിനൊപ്പം ചേര്‍ക്കേണ്ടത്. പഴകിയ ചകിരിച്ചോറ് ചേര്‍ത്താലും മണല്‍ ചേര്‍ക്കുന്ന അതേ പ്രയോജനം കിട്ടും. വേരിന്‍റെ സുഗമമായ സഞ്ചാരംപോലെതന്നെ പ്രധാനമാണ് നീര്‍വാര്‍ച്ചയും. ചെടികള്‍ വളരണമെങ്കില്‍ വെള്ളം വേണം. എന്നാല്‍, വെള്ളം കെട്ടിക്കിടക്കുകയുമരുത്. നല്ല മണ്ണാണെങ്കില്‍ വെള്ളം കെട്ടിക്കിടക്കാതെ ഒഴുകിപ്പോകുകയും അതിനുശേഷം ഈര്‍പ്പം നിലനില്‍ക്കുകയും ചെയ്യും. 


ചെടിക്ക് തുടക്കത്തില്‍ വളര്‍ച്ചാസഹായികളായ മൂലകങ്ങള്‍ കിട്ടുന്നതിനാണ് ചാണകപ്പൊടി ചേര്‍ക്കുന്നത്. മണ്ണിനെ തറഞ്ഞു പോകാതെ സൂക്ഷിക്കാനും ചാണകപ്പൊടിക്കു കഴിയും. ചാണകപ്പൊടിക്കു പകരമായി മണ്ണിരക്കമ്പോസ്റ്റോ സാധാരണ കമ്പോസ്റ്റോ ഉപയോഗിച്ചാലും മതി. മണ്ണു കഴിഞ്ഞാല്‍ ചെടിയുടെ വളര്‍ച്ചയ്ക്ക് പ്രധാനമായി വേണ്ടത് ഈര്‍പ്പമാണ്. സ്ഥിരമായി രാത്രിയും പകലും നടീല്‍മാധ്യമത്തില്‍ നിന്ന് ഈര്‍പ്പം കിട്ടിക്കൊണ്ടിരിക്കണം.

 

രാവലെയും വൈകുന്നേരവുമായി ഒരു ദിവസം മൂന്നു ലിറ്റര്‍ വെള്ളമെങ്കിലും ഓരോ ചെടിയുടേയും ചുവട്ടില്‍ നല്‍കുന്നതാണ് നല്ലത്. വെയിലില്‍ വെള്ളം ആവയായി പോകുന്നതിനെ തടയാനാണ് ചെടിയുടെ ചുവട്ടില്‍ പുതയിടുന്നത്. ഇതിനായി മണ്ണില്‍ അഴുകിച്ചേരുന്ന ഏതുവസ്തുവും ഉപയോഗിക്കാം. പുതയിട്ടു സംരക്ഷിച്ച മണ്ണില്‍ സദാ ഈര്‍പ്പമുണ്ടാകും. അടുക്കളത്തോട്ടത്തിലെ പച്ചക്കറിച്ചെടികള്‍ക്ക് പുടയിടുന്നതിന് അടുക്കളയിലെ പാഴ്വസ്തുക്കള്‍മാത്രം മതി. പച്ചക്കറിനുറുക്കിന്‍റെ അവശിഷ്ടങ്ങള്‍, പഴങ്കഞ്ഞി, കുറുകിയ കഞ്ഞിവെള്ളം, ചായച്ചണ്ടി എന്നിവയൊക്കെ പുതയിടാന്‍ ഉപയോഗിക്കാം. ഇവകൊണ്ടു പുതയിടുമ്പോള്‍ മുകളിലായി കടലാസ് വിരിച്ചുകൊടുക്കുകയോ ഒന്നോ രണ്ടോ പിടി മണ്ണു തൂളി ഇടുകയോ ചെയ്താല്‍ പക്ഷികളും മറ്റും ചികഞ്ഞുകളയില്ല.






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236397