മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ : കുരുമുളക്


കുരുമുളക് എണ്ണ


ഉണക്കിപ്പൊടിച്ച കുരുമുളകില്‍നിന്നും ബാഷ്പീകരണ പ്രക്രിയ വഴി കുരുമുളക് എണ്ണ വേര്‍തിരിച്ചെടുക്കാം. ഇങ്ങനെ കിട്ടുന്ന എണ്ണയെ ചില ലായകത്തിന്‍റെ സഹായത്തോടെ വാറ്റല്‍ നടത്തി ഒളിയോറെസിന്‍ നിര്‍മാണത്തിനും ഉപയോഗിക്കാം. കുരുമുളക് പാകമാകുന്നതിനനുസരണമായി ആദ്യഘട്ടത്തില്‍ എണ്ണയുടെ അളവ് കൂടുകയും പാകമാകുമ്പോള്‍ സ്ഥിരപ്പെടുകയും ചെയ്യും. എന്നാല്‍ കായ്കള്‍ പഴുത്തുതുടങ്ങുമ്പോള്‍ എണ്ണയുടെ അളവ് കുറയുന്നു. അന്നജത്തിന്‍റെയും നാരിന്‍റെയും വളരെ വേഗത്തിലുള്ള നിര്‍മാണത്തിനായി ചെടി ഈ എണ്ണ ഉപയോഗിക്കുന്നതാണ് കാരണം. കുരുമുളക് എണ്ണ വിവിധ വ്യാവസായിക ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു. പുരുഷന്മാരുടെ സൗന്ദര്യവര്‍ദ്ധക വസ്തുക്കളില്‍ ചിലതില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമാണ് കുരുമുളക് എണ്ണ.

 

പൈപെറിന്‍


കുരുമുളകിന്‍റെ രുചി പ്രദായനം ചെയ്യുന്ന പ്രധാന ഘടകമാണ് പൈപെറിന്‍ എന്ന ആല്‍ക്കലോയിഡ്. ഇത് കുരുമുളക് കായില്‍ മാത്രമെ അടങ്ങിയിട്ടുള്ളൂ. കുരുമുളക് കായില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന പൈപെറിന്‍ വിവിധ തരത്തിലുള്ള ഭക്ഷണത്തിന്‍റെ രുചിഭേദത്തിനായി ഉപയോഗിക്കുന്നു. കൂടാതെ ആയുര്‍വേദചികില്‍സാരംഗത്തെ മരുന്നു നിര്‍മാണത്തിനും ഒരു ഘടകമായി ഉപയോഗിക്കുന്നു.

 

ഒളിയോറെസിന്‍


കുരുമുളകിന്‍റെ യഥാര്‍ത്ഥ രുചി കിട്ടുന്നതിനായി ഒളിയോറെസിന്‍ ഉപയോഗിക്കണം. കുരുമുളകില്‍നിന്നും എത്തിലില്‍ ഡൈക്ലോറൈഡ് അല്ലെങ്കില്‍ ഈതൈല്‍ അസറ്റേറ്റ് ഉപയോഗിച്ചു വേര്‍തിരിച്ചെടുക്കുന്ന ഉല്‍പ്പന്നത്തില്‍ ബാഷ്പീകരണശക്തിയുള്ളതും ഇല്ലാത്തതുമായ ഘടകങ്ങള്‍ അടങ്ങിയിരിക്കുന്നു. ഇങ്ങനെ കിട്ടുന്ന ഉല്‍പ്പന്നത്തെ ഒളിയോറെസിന്‍ എന്നു പറയുന്നു. വിവിധ ഭക്ഷണപദാര്‍ത്ഥങ്ങളുടെ നിര്‍മാണത്തിനും പാചകത്തിനും, വിവിധ മരുന്നുകളുടെ ഘടകങ്ങളായും ഇന്ന് ഒളിയോറെസിന്‍ ഉപയോഗിച്ചു വരുന്നു.

 

വെള്ള കുരുമുളക്പൊടി


ലോകത്തില്‍ ഇന്ന് ഉല്‍പ്പാദിപ്പിക്കുന്ന കുരുമുളകിന്‍റെ നാലിലൊന്നും വെള്ള കുരുമുളക് പൊടിയായി വിപണനം നടത്തുന്നു. കുരുമുളകിന്‍റെ പുറംതൊലി വെള്ളത്തിലിട്ട് അഴുക്കല്‍ പ്രക്രിയനടത്തി വേര്‍തിരിച്ചാണ് വെള്ള കുരുമുളക് ഉല്‍പാദിപ്പിക്കുന്നത്. പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ വെള്ള കുരുമുളക് പൊടിച്ചു പൊടിയായി വിപണനം നടത്തുന്നു.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232878