നെല്ല് : ആമുഖം


 

അയ്യായിരത്തിലധികം വര്‍ഷം പഴക്കമുള്ള ഒരു ധാന്യവിളയാണ് നെല്ല്. ലോകജനസംഖ്യയുടെ അറുപതുശതമാനത്തിലധികം ആളുകളുടെയും മുഖ്യാഹാരം നെല്ലരിയാണ്. ഗോതമ്പും ചോളവുമെല്ലാം മനുഷ്യാഹാരത്തില്‍ മുഖ്യ പങ്കുവഹിക്കുന്നുണ്ടെങ്കിലും നെല്ലിനെപ്പോലെ ബഹുമുഖമായ സവിശേഷതകളുള്ള മറ്റൊരു ധാന്യവുമില്ല. വിവിധ സാഹചര്യങ്ങളില്‍ വളരാനുള്ള കഴിവ്, ആകൃതിയിലും പ്രകൃതിയിലുമുള്ള വൈജാത്യം, ഇഷ്ടത്തിനൊത്ത ഇനങ്ങളുടെയും വൈവിധ്യമാര്‍ന്ന ഉപഭക്ഷ്യങ്ങളുടെയും ഉടമസ്ഥാവകാശം എന്നിവയെല്ലാം നെല്ലിനു മാത്രമുള്ള പ്രത്യേകതകളാണ്. വൈവിധ്യമാര്‍ന്ന സാഹചര്യങ്ങളിലും വിവിധ തരം മണ്ണിലും, ഭിന്നരീതികളിലും കൃഷിചെയ്യാമെന്നുള്ളത് നെല്ലിന്‍റെ മാത്രം ഗുണവിശേഷമാണ്.


സമുദ്രനിരപ്പില്‍നിന്നും മൂന്നു നാല് മീറ്റര്‍ താഴെ കിടക്കുന്ന കുട്ടനാടന്‍ കായല്‍നിലങ്ങള്‍ മുതല്‍ 1000-1500 മീറ്റര്‍ ഉയരമുള്ള വട്ടവട എന്ന ഹൈറേഞ്ച് പ്രദേശം വരെ നെല്‍ക്കൃഷി വ്യാപിച്ചു കിടക്കുന്നു. മലനാട്ടിലെയും ഇടനാട്ടിലെയും തീരഭൂമിയിലെയും വ്യത്യസ്ത ഭൂപ്രകൃതിയുമായി ഇണങ്ങിച്ചേരാന്‍ നെല്‍ച്ചെടിക്കു കഴിയുന്നു. കാട്ടിലെ കന്നിമണ്ണിലും നാട്ടിലെ വെട്ടുകല്‍ പ്രദേശത്തും തീരപ്രദേശത്തെ മണല്‍ മണ്ണിലും നെല്ല് നന്നായി വളരുന്നുണ്ട്. അതുപോലെതന്നെ ചിറ്റൂരിലെ ചുണ്ണാമ്പുമണ്ണെന്നോ കുട്ടനാട്ടിലെ പുളിമണ്ണെന്നോ വൈക്കത്തെ കരിമണ്ണെന്നോ ഉള്ള വ്യത്യാസം നെല്ലു കാണിക്കാറില്ല. വെള്ളായണിയിലെ ശുദ്ധജലത്തിലും വൈറ്റിലയിലെ ഓരുവെള്ളത്തിലും വളരാന്‍ നെല്ലിനു മടിയില്ല. വേഴാമ്പലിനെപ്പോലെ ദാഹജലത്തിന് ആകാശത്തു കണ്ണും നട്ട് പറമ്പുകളില്‍ വളരുന്ന മോടനും കഴുത്തോളം വെള്ളത്തില്‍ നിന്നു തപസ്സു ചെയ്യുന്ന കുളപ്പാലയും നെല്ലിന്‍റെ വൈവിധ്യത്തിനുള്ള മറ്റു സാഹചര്യ തെളിവുകളാണ്.


നെല്‍കൃഷി രീതിയിലും ഏറെ വൈവിധ്യമുണ്ട്. വെള്ളം കെട്ടിനില്‍ക്കാത്ത പറമ്പുകളിലെ മോടന്‍ കൃഷി, പൊടിവിതച്ചോ ഞാറുനട്ടോ ഉള്ള വിരിപ്പുകൃഷി, ചേറ്റില്‍ വിതച്ചോ ഞാറു പറിച്ചുനട്ടോ ഉള്ള മുണ്ടകന്‍ കൃഷി എന്നിവയെല്ലാം ഈ വൈവിധ്യത്തിനുദാഹരണങ്ങളാണ്. ഇതിനും പുറമേ വ്യത്യസ്ത ഭൂപ്രകൃതിക്കനുയോജ്യമായ കൃഷിസമ്പ്രദായങ്ങളും നിലവിലുണ്ട്. ഇവയില്‍ മുഖ്യമായവയാണ് കുട്ടനാടന്‍ പുഞ്ചയും കോള്‍പുഞ്ചയും. കാടു വെട്ടിത്തെളിച്ചുള്ള പുനംകൃഷി, ഹൈറേഞ്ച് പ്രദേശങ്ങളിലെ മലയോരകൃഷി, എറണാകുളം കണ്ണൂര്‍ ജില്ലകളിലെ പൊക്കാളി, കൈപ്പാട് കൃഷി, കുണ്ടുപാടങ്ങളിലെ കരിങ്കൊറ, കുട്ടാടന്‍ തുടങ്ങിയ മൂപ്പേറിയ കൃഷി, ഒന്നും രണ്ടും വിളകള്‍ വിതച്ച് പ്രത്യേകം കൊയ്തെടുക്കുന്ന കൂട്ടുമുണ്ടകന്‍ കൃഷി എന്നിവയെല്ലാംതന്നെ ഏതു സാഹചര്യത്തിലും നെല്ല് കൃഷി ചെയ്യാമെന്നതിനുള്ള മറ്റു തെളിവുകളാണ്.


ആകൃതിയിലും പ്രകൃതിയിലും നെല്‍ച്ചെടിക്കുള്ള അന്തരമാണ് മറ്റൊരു സവിശേഷത. അര മീറ്റര്‍ മുതല്‍ മൂന്നോ നാലോ മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന നെല്‍ചെടികളുണ്ട്. അതുപോലെതന്നെ 80 ദിവസം മുതല്‍ 180 ദിവസം വരെ മൂപ്പുള്ള നെല്ലിനങ്ങളുമുണ്ട്.


ഇരുപത്തിയാറു ജാതികളുള്ള നെല്‍വര്‍ഗത്തില്‍ 22 എണ്ണം മാത്രമേ തറവാടികളായി കണക്കാക്കപ്പെടുന്നുള്ളൂ. അവയില്‍തന്നെ കൃഷിയുക്തമായത് വെറും രണ്ടെണ്ണം മാത്രമാണ്. ബാക്കിയുള്ളവ കൃഷിക്കു പറ്റാത്ത കാട്ടുജാതിക്കാരാണ്. സ്വഭാവത്തിലും വ്യത്യസ്തത പുലര്‍ത്തുന്നവയാണ് നെല്‍ജാതികള്‍. ഇന്‍ഡിക്കാ ഉപവര്‍ഗത്തില്‍പ്പെട്ടവ ഉല്‍പ്പാദനശേഷി കുറഞ്ഞവയാണെങ്കിലും രോഗ-കീടബാധയോട് മല്ലിടാന്‍ കെല്പുള്ളവയാണ്. കൂടുതല്‍ ഉല്‍പ്പാദനക്ഷമതയുള്ള ജാപ്പോണിക്കാ വര്‍ഗക്കാര്‍ രോഗ-കീടബാധയ്ക്ക് എളുപ്പം പിടികൊടുക്കും.


കഞ്ഞിക്കും ചോറിനും പുറമേ മറ്റു പല ഉപഭക്ഷ്യവസ്തുക്കളുടെ ഉടമയും കൂടിയാണ് നെല്ല്. ഇവയില്‍ മലര്‍, അവില്‍, പൊരി എന്നിവ എടുത്തു പറയേണ്ടവയാണ്. കൂടാതെ ഇഡ്ഡലി, ദോശ, പുട്ട്, അപ്പം, ഇടിയപ്പം, പത്തിരി തുടങ്ങി പാലട വരെ നിരവധി സ്വാദിഷ്ഠഭോജ്യങ്ങളിലെ മുഖ്യ പങ്കാളിയാണു നെല്ലരിയെന്നോര്‍ക്കുമ്പോള്‍ നമ്മുടെ നിത്യജീവിതവുമായി നെല്ലിനും നെല്ലരിക്കുമുള്ള ബന്ധം മുറിയാതെ നില്‍ക്കുന്നു.


ഉപഭക്ഷ്യവസ്തുക്കളെക്കാളും വ്യാവസായിക പ്രാധാന്യമുള്ളവയാണ് നെല്ലിന്‍റെ ഉല്‍പ്പന്നങ്ങളായ വൈക്കോല്‍, ഉമി, തവിട് എന്നിവ. കാലിത്തീറ്റയ്ക്കു മാത്രമല്ല പുര മേയാനും ഉപയോഗിച്ചു വരുന്ന വൈക്കോല്‍ ഇന്ന് ശിരോലങ്കാരത്തിനു തൊപ്പിയായും ഗൃഹാലങ്കാരത്തിന് സ്ട്രോപിക്ചറായും വേഷം മാറിയിട്ടുണ്ട്. അതുപോലെതന്നെ സിമന്‍റിന്‍റെ ഉല്‍പ്പാദനത്തിന് ഉമിയും ഭക്ഷ്യഎണ്ണയുടെ നിര്‍മാണത്തില്‍ തവിടും കൂടുതലായി ഉപയോഗപ്പെടുത്തി വരുന്നുണ്ട്.
ഭക്ഷണത്തിനു പുറമേ മതപരമായ ചടങ്ങുകള്‍ക്കും മറ്റു പല സാമൂഹ്യാചാരങ്ങള്‍ക്കും നെല്ലും അരിയും സാക്ഷ്യം വഹിക്കുന്നു. നിറപറ ഐശ്വര്യത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമാണ്. നവരാത്രി ആഘോഷങ്ങളില്‍ മലരിനും അവലിനുമുള്ള പ്രാധാന്യം ഹരിശ്രീ കുറിക്കാന്‍ ഉണക്കലരിക്കുമുണ്ട്. കോലം വരയ്ക്കാനും കളമെഴുതാനും അരിപ്പൊടി വേണം; അതുപോലെ ചുട്ടികുത്താന്‍ അരിമാവും. മതകര്‍മ്മങ്ങളില്‍ അരിയും പൂവും സ്വര്‍ണ്ണവും വെള്ളിയുമാണ്. വിവാഹത്തിനുശേഷം അക്ഷതത്തിനും മരണശേഷം വായ്ക്കരിയിടാനും അരിതന്നെയാണുപയോഗിക്കുന്നത്.
നെല്ലരിയുടെ ഔഷധമൂല്യം ക്രിസ്തുവിന് 2300 വര്‍ഷം മുമ്പെങ്കിലും കണ്ടെത്തിയവരാണ് ഭാരതീയാചാര്യന്മാര്‍ എന്നു മനസിലാക്കേണ്ടിയിരിക്കുന്നു. ആയുര്‍വേദ ചികില്‍സാരീതികളില്‍ നവര അരിക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടതുണ്ടോ? വാതരോഗങ്ങള്‍ക്കു തവിട് കിഴി കുത്തുകയും, ശരീരത്തില്‍ ചൂടു പൊങ്ങുമ്പോള്‍ കാടിവെള്ളമൊഴിക്കുകയും അരിപ്പൊടി പൂശുകയും ചെയ്യുന്നത് മറന്നു പോകാറായിട്ടില്ല.
കേരളീയരെ സംബന്ധിച്ചിടത്തോളം ഓണവും വിഷുവുമെല്ലാം കൃഷിയും കൊയ്ത്തുമായി ബന്ധമുള്ള ഉല്‍സവങ്ങളാണ്. പുത്തരി ഉണ്ണാനും പത്തായം നിറയ്ക്കാനും അരിയും നെല്ലും കൊണ്ടേ സാധിക്കൂ. എന്തിന്, സാഹിത്യത്തില്‍പോലും പട്ടും വളയും നേടാന്‍ കന്നിക്കൊയ്ത്തിനും മകരക്കൊയ്ത്തിനും കഴിഞ്ഞത് നെല്‍കൃഷിയുള്ളതുകൊണ്ടായിരുന്നില്ലേ?


നെല്‍കൃഷി കേരളത്തില്‍


നെല്‍കൃഷി നടത്തുന്ന ഭാരതത്തിലെ ഇതരപ്രദേശങ്ങളില്‍ മുഖ്യമായും ഒരു വിളമാത്രമുള്ളപ്പോള്‍ വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നിങ്ങനെ വ്യക്തമായ മൂന്നു കൃഷികാലങ്ങളില്‍ കേരളത്തില്‍ നെല്ല് കൃഷി ചെയ്തു വരുന്നു. ഇതിനും പുറമേയാണ് കുട്ടനാടന്‍-കോള്‍ പുഞ്ചകളും വയനാടന്‍ നഞ്ചയും പുഞ്ചയുമെല്ലാം. ഒന്നാം വിളയായ വിരിപ്പ് കൃഷി, ഏപ്രില്‍-മേയ് മുതല്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ വരെയും രണ്ടാം വിളയായ മുണ്ടകന്‍ കൃഷി സെപ്റ്റംബര്‍-ഒക്ടോബര്‍ മുതല്‍ ഡിസംബര്‍-ജനുവരി വരെയും മൂന്നാംവിളയായ വേനല്‍ പുഞ്ച ഡിസംബര്‍-ജനുവരി മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുമാണ്. കുട്ടനാടന്‍ കോള്‍ പുഞ്ചകള്‍ സെപ്റ്റംബര്‍-ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി-മാര്‍ച്ച് വരെ നീണ്ടുനില്‍ക്കും. വയനാട്ടിലെ നഞ്ച (ഒന്നാം വിള) മേയ്-ജൂണ്‍ മുതല്‍ ഒക്ടോബര്‍-നവംബര്‍ വരെയാണ്. പുഞ്ച (രണ്ടാംവിള) ഡിസംബര്‍-ജനുവരി മുതല്‍ ഏപ്രില്‍-മേയ് വരെയുമാണ്.

 

 


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235503