രാസവളങ്ങള്‍ : പൊട്ടാസ്യം വളങ്ങള്‍


  • മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്

ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാത്ത ഒരു രാസവള മൂലകമാണിത്. കാനഡ, റഷ്യ എന്നീ രണ്ടു രാജ്യങ്ങളാണ് പൊട്ടാസ്യം രാസവളങ്ങള്‍ നിര്‍മിക്കുന്ന പ്രധാന രാഷ്ട്രങ്ങള്‍. പൊട്ടാസ്യം അടങ്ങിയ ധാതുക്കള്‍ ഖനനം ചെയ്ത് ശുദ്ധീകരിച്ചുണ്ടാക്കുന്നതാണ് ഈ മൂലകത്തിന്‍റെ രാസവളങ്ങള്‍. ഇതിലേക്ക് പ്രധാനമായും ഉപയോഗിക്കപ്പെടുത്തുന്നത് സില്‍വിനൈറ്റ് എന്ന ധാതുവാണ്. ഇത് രണ്ടുതരം ലവണങ്ങളുടെ ഒരു മിശ്രിതമാണ്. സില്‍വൈറ്റ് (KCI), ഹാലൈറ്റ് (NaCl). തന്മൂലം സില്‍വൈറ്റ് ഹാലൈറ്റില്‍നിന്നും വേര്‍പെടുത്തിയാല്‍ പൊട്ടാസ്യത്തിന്‍റെ ഒരു വളമാകും. നാം മാര്‍ക്കറ്റില്‍നിന്നും വാങ്ങുന്ന മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്ന രാസവളം ഇപ്രകാരം തയാറാക്കിയതാണ്. ഇതില്‍ പൊട്ടാസ്യം ക്ലോറിനുമായി ബന്ധപ്പെട്ടിരിക്കുന്നു (KCl). മ്യൂറിയേറ്റ് ഓഫ് പൊട്ടാഷില്‍ ഉദ്ദേശം 60% പൊട്ടാസ്യമുണ്ട്. വെള്ളത്തില്‍ അലിയുന്നതും ചെടികള്‍ക്ക് എളുപ്പം കിട്ടുന്നതുമായ ഒരു രാസവളമാണിത്. മണ്ണില്‍ വിതറുമ്പോള്‍ ഇതിലുള്ള ക്ലോറിന്‍ പൊട്ടാസ്യത്തില്‍നിന്നും വേര്‍പ്പെടുന്നു. പോസിറ്റീവ് ചാര്‍ജുള്ള പൊട്ടാസ്യം (K+) മണ്ണിലെ ക്ലേദത്തിലുള്ള നെഗറ്റീവ് ചാര്‍ജില്‍ കുടുങ്ങി മണ്ണില്‍ പിടിച്ചു നിര്‍ത്തപ്പെടുന്നു. മ്യൂറിയേറ്റ് ഓഫ് പൊട്ടാഷില്‍നിന്നും ഒരു കി.ഗ്രാം പൊട്ടാഷ് കിട്ടുന്നതിന് 1.67 കി.ഗ്രാം രാസവളം ഉപയോഗിക്കണം.

100/60 = 1.67

 

  • പൊട്ടാസ്യം സള്‍ഫേറ്റ്

രണ്ടു തരത്തിലാണ് ഈ രാസവളം നിര്‍മിക്കപ്പെടുന്നത്. ആദ്യത്തെ രീതിയില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും സള്‍ഫ്യൂറിക് ആസിഡുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പൊട്ടാസ്യം സള്‍ഫേറ്റ് ഉണ്ടാകും.

KCl + H2So4 → KHSo4

KHSo4 + KCl → K2So4 + HCl

രണ്ടാമത്തെ രീതിയില്‍ മ്യൂറിയേറ്റ് ഓഫ് പൊട്ടാഷും സള്‍ഫര്‍ഡൈഓക്സൈഡും, ഓക്സിജനും കൂടി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ പൊട്ടാസ്യം സള്‍ഫേറ്റ് ഉണ്ടാകുന്നു.

KCl + So2 + O2 + 2H2O → 2K2So4 + 4HCl

പൊട്ടാസ്യം സള്‍ഫേറ്റില്‍ ഉദ്ദേശം 48 - 52% പൊട്ടാസ്യമാണുള്ളത്. ഈ രാസവളത്തിനു മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിനെക്കാള്‍ വില വരുന്നതു കൊണ്ട് ഇതിന്‍റെ നിര്‍മാണം അത്ര പരിഗണിക്കപ്പെടുന്നില്ല. എന്നാല്‍ മുന്തിരി, ഉരുളക്കിഴങ്ങ്, പുകയില എന്നീ വിളകള്‍ക്ക് ക്ലോറിന്‍ ഉപദ്രവമായതുകൊണ്ട് മ്യൂറിയേറ്റ് ഓഫ് പൊട്ടാഷിനു പകരം പൊട്ടാസ്യം സള്‍ഫേറ്റ് ഉപയോഗിക്കുന്നത് നന്നായിരിക്കും.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5341728