നെല്ല് : കൃഷിരീതികള്‍


പൊടിവിത


പൊടിവിതയ്ക്കാനുള്ള നിലം നല്ലവണ്ണം ഉഴുത് കട്ടയുടഞ്ഞ് പാകപ്പെട്ടതായിരിക്കണം. വേനല്‍മഴയോടെയോ ഇടമഴയോടെയോ ഇതിനുള്ള പ്രാരംഭനടപടികള്‍ സ്വീകരിക്കാം. മുന്‍വിളയുടെ കച്ചിക്കുറ്റികളും മറ്റവശിഷ്ടങ്ങളും അടിച്ചുകൂട്ടി തീയിട്ടുകത്തിച്ച് പാടം ശുദ്ധീകരിക്കാം. മണ്ണില്‍ ആവശ്യത്തിനു നനവുണ്ടെങ്കിലേ പൊടിവിത ഫലപ്രദമാകൂ. മണ്ണില്‍ നനവുണ്ടെന്നുറപ്പുവരുത്തി വിതയ്ക്കാന്‍ പറ്റിയത് ഭരണിഞാറ്റുവേല (ഏപ്രില്‍ 27-മേയ് 10)യിലാണ്. പൊടിവിതയ്ക്കാനുള്ള പാടങ്ങളില്‍ വേനല്‍പൂട്ട് നിര്‍ബന്ധമാണ്.

 

ചേറ്റുവിത


ചേറ്റുവിതയ്ക്കും പാകിപ്പറിച്ചു നടാനും നിലമൊരുക്കല്‍ ഒരുപോലെതന്നെയാണ്. നിലം നല്ലവണ്ണമുഴുത് പാകമാക്കി നിരപ്പാക്കണം. വരമ്പുകള്‍ അരിഞ്ഞ് ചേറുകൊണ്ട് പൊതിഞ്ഞു ബലപ്പെടുത്തണം. കളകള്‍ വളരാതിരിക്കാനും ഞണ്ടിന്‍റെ ഉപദ്രവം തടയാനും വെള്ളം ചോര്‍ന്നു പോകാതിരിക്കാനുമിതു സഹായകമാണ്.


ഞാര്‍ പാകിപ്പറിച്ചു നടുന്ന രീതി ഇല്ലാത്ത സ്ഥലങ്ങളില്‍ മുളപ്പിച്ച വിത്ത് ചേറ്റില്‍ നേരിട്ടു വിതയ്ക്കുകയാണ് ചെയ്യുന്നത്. ഞാറ്റടി തയാറാക്കുന്നതിനുള്ള സ്ഥലപരിമിതി, കൂലിച്ചെലവ്, തൊഴിലാളികളുടെ ദൗര്‍ലഭ്യം, പ്രാദേശികരീതി എന്നിവയാണ് ചേറ്റുവിതയ്ക്കു പല കര്‍ഷകരെയും പ്രേരിപ്പിക്കുന്നത്.


മുളപ്പിച്ച വിത്തു പാകുമ്പോള്‍ ചെളിയില്‍ അധികം താഴ്ന്നുപോകാതിരിക്കാന്‍ ശ്രദ്ധിക്കണം. പാടം രാവിലെ പൂട്ടി ഒരുക്കി നിരപ്പാക്കിയാല്‍ വൈകുന്നേരമാകുമ്പോഴേക്കും ചെളി താഴെ അടിയും. മുകളില്‍ അവശേഷിക്കുന്ന തെളിഞ്ഞ പാളിവെള്ളത്തില്‍ വീഴത്തയ്ക്കവണ്ണം വിത്ത് വിതറിയാല്‍ ഒരുപോലെ വിത നടക്കും. വിതച്ച് അഞ്ചാമത്തെ ദിവസം മുതല്‍ പാടത്ത് ചെറിയ തോതില്‍ വെള്ളം കെട്ടി നിര്‍ത്തേണ്ടതാണ്. വിരിപ്പുകൃഷികാലത്ത് ചേറ്റുവിതയ്ക്ക് അനുകൂലമായ സമയം മകീരം ഞാറ്റുവേല (ജൂണ്‍ 7-21)യാണെന്നാണ് പഴമക്കാരുടെ പക്ഷം. പൊടിവിതയെ അപേക്ഷിച്ച് ചേറ്റുവിതയിലും പറിച്ചു നടീലിലും കളശല്യം കുറഞ്ഞിരിക്കും.

 

ഞാര്‍ പറിച്ചുനടീല്‍


വിരിപ്പുകൃഷിയില്‍ പൊടിവിതയും ചേറ്റുവിതയുമല്ലാതെ സൗകര്യപ്പെടുന്ന സ്ഥലങ്ങളില്‍ ഞാര്‍ പറിച്ചു നട്ട് കൃഷി ചെയ്യുന്ന രീതിയുമുണ്ട്. ഇതിനു ഞാര്‍ ആദ്യമേ തയാറാക്കണം. ഞാറുണ്ടാക്കാന്‍ പൊടിഞാറ്റടിയോ ചേറ്റുഞാറ്റടിയോ സൗകര്യംപോലെ ഉപയോഗപ്പെടുത്താം. പൊടി ഞാറ്റടി പറമ്പുകളിലും ചേറ്റുഞാറ്റടി പാടത്തുമാണ് സാധാരണ തയാറാക്കുക.

 

പൊടിഞാറ്റടി തയാറാക്കുന്ന വിധം

 

ജലദൗര്‍ലഭ്യമുള്ള സ്ഥലങ്ങളിലേക്കും മഴയെ മാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്ന സ്ഥലങ്ങളിലേക്കും ഏറ്റവും യോജിച്ചതാണ് പൊടിഞാറ്റടി സമ്പ്രദായം. ഞാറിന് നിയന്ത്രണവളര്‍ച്ചയേ ലഭിക്കൂ എന്നതിനാല്‍ ഇത്തരം പ്രദേശങ്ങളില്‍ പൊടിഞാറ്റടി കൂടുതല്‍ സുരക്ഷിതമാണ്. സുലഭമായി വെള്ളം കിട്ടുന്ന സ്ഥലങ്ങളില്‍ ചേറ്റുഞാറ്റടി തയാറാക്കുന്നതാണ് പതിവ്. മേടം അവസാനത്തോടുകൂടി പൊടിഞാറ്റടിയും മിഥുനമാസത്തില്‍ ചേറ്റുഞാറ്റടിയും തയാറാക്കാന്‍ തുടങ്ങാം.


ഞാറ്റടി തയാറാക്കാനുദ്ദേശിക്കുന്ന സ്ഥലം നല്ലവണ്ണമുഴുത് കട്ടപൊടിച്ച് നിരപ്പാക്കിയിരിക്കണം. ഞാറ്റടിക്കു മാത്രമായി പ്രത്യേക സ്ഥലം മാറ്റിവയ്ക്കാന്‍ കഴിഞ്ഞാല്‍ വളരെ നല്ലത്. മുന്‍വിളയില്‍നിന്നും മണികള്‍ കൊഴിഞ്ഞുവീണ് കലര്‍പ്പുണ്ടാകാതിരിക്കാന്‍ ഇതു സഹായകമാകും. പൂട്ടി നിരപ്പാക്കിയ പാടത്ത് ഒരു മീറ്റര്‍ വീതിയില്‍ സൗകര്യപ്രദമായ നീളത്തില്‍ 15 സെ.മീ. ഉയരത്തില്‍ വിത്തു പാകാനുള്ള തടങ്ങളെടുക്കണം. തടങ്ങള്‍ക്ക് അധികം ഉയരം പാടില്ല. ചെറുമഴയിലും മണ്ണില്‍ നനവു നിലനില്‍ക്കാന്‍ വേണ്ടിയാണിത്. മണ്ണ് വരണ്ടു പോയാല്‍ ബ്ലാസ്റ്റ് രോഗസാധ്യത ഏറും. തടങ്ങളില്‍ ച.മീറ്ററിന് ഒരു കി.ഗ്രാം എന്ന തോതില്‍ (സെന്‍റിന് 40 കി.ഗ്രാം) ചാണകപ്പൊടിയോ കമ്പോസ്റ്റോ മണ്ണുമായി ചേര്‍ത്ത് യോജിപ്പിക്കണം. 40 ച.മീറ്റിന് (ഒരു സെന്‍റിന്) 2-2മ്മ കി.ഗ്രാമില്‍ കൂടാതെ വിത്തുവിതയ്ക്കുന്നതാണ് നല്ലത്. വിത്തധികമായാല്‍ ഉണ്ടാകുന്ന ഞാറിന് ശക്തി കുറഞ്ഞിരിക്കും. ഞാറ്റടിയില്‍ ഉമിച്ചാരം ചേര്‍ത്താല്‍ ബ്ലാസ്റ്റ് രോഗം, തണ്ടുതുരപ്പന്‍ പുഴു, കുഴല്‍പ്പുഴു, ഗാളീച്ച എന്നിവയെ പ്രാരംഭദശയില്‍തന്നെ നിയന്ത്രിക്കാനാവും. ച.മീറ്ററിന് രണ്ടു കി.ഗ്രാം ഉമിച്ചാരം വേണം. ഒരു ഹെക്ടര്‍ സ്ഥലം നടാന്‍ 1000 മുതല്‍ 1400 ച.മീ.അഥവാ 25-35 സെന്‍റ് സ്ഥലത്തെ ഞാര്‍ തികയും.

 

ചേറ്റുഞാറ്റടി തയാറാക്കുന്ന വിധം

 

നിലം നല്ലവണ്ണമുഴുത് പാകപ്പെടുത്തി പൊടി ഞാറ്റടിക്കു നിര്‍ദേശിച്ച തോതില്‍ കമ്പോസ്റ്റോ ചാണകപ്പൊടിയോ ചേര്‍ത്തു നിരപ്പാക്കണം. നിരപ്പാക്കിയ നിലത്ത് 5 മുതല്‍ 10 സെ.മീ. ഉയരവും ഒന്നൊന്നര മീറ്റര്‍ വീതിയുമുള്ള വാരങ്ങള്‍ സൗകര്യപ്രദമായ നീളത്തില്‍ എടുക്കണം. വാരങ്ങള്‍ക്കിടയില്‍ ഉദ്ദേശം 30 സെ.മീ. വീതിയില്‍ അധികം ആഴത്തിലല്ലാതെ ഇടച്ചാലുകള്‍ കീറണം. വെള്ളം വാര്‍ന്നുപോകാനും മരുന്നടിക്കാനും വേണ്ടിയാണിത്. വാരങ്ങളില്‍ 40 ച.മീറ്ററിന് (ഒരു സെന്‍റ്) ഒന്നര മുതല്‍ 2 കി.ഗ്രാം എന്ന തോതില്‍ മുളപ്പിച്ച വിത്ത് ഒരേപോലെ വിതയ്ക്കണം. വിതയ്ക്കുന്ന സമയത്ത് ഞാറ്റടിയില്‍ ചുരുങ്ങിയത് മൂന്നോ നാലോ സെ.മീറ്റര്‍ കനത്തില്‍ വെള്ളമുണ്ടായിരിക്കണം. വിതച്ച് മൂന്നാം ദിവസം വെള്ളം വാര്‍ത്തുകളയാം. തുടര്‍ന്ന് മണ്ണുമൂടാന്‍ മാത്രം നേരിയ കനത്തില്‍ വെള്ളം നിര്‍ത്തി 5-10 ദിവസം വരെ ആ നില തുടര്‍ന്ന് 5-10 ദിവസം മുതല്‍ നെല്‍ച്ചെടിയുടെ ഉയരമനുസരിച്ച് ജലവിതാനം ക്രമേണ ഉയരത്തില്‍ 5 സെ.മീ. കനത്തില്‍ വരെ കൊണ്ടെത്തിക്കാം. ഇടയ്ക്കിടെ വെള്ളം വാര്‍ത്തുകളഞ്ഞു പുതുവെള്ളം കയറ്റുന്നതും നല്ലതാണ്.

 

ഞാറ്റടിയിലെ സസ്യസംരക്ഷണം

 

ഞാറ്റില്‍ രോഗമുണ്ടാകുന്നതിനെയും ഞാറ്റടിപ്രായത്തില്‍ കൃമി-കീടങ്ങള്‍ ചെടികളില്‍ കടന്നുകൂടുന്നതിനെയും തടയാനായി ഞാറ്റടിയില്‍ സസ്യസംരക്ഷണ നടപടികള്‍ സ്വീകരിക്കേണ്ടതായി വരും. ഒന്നാം വിളക്കാലത്ത് നെല്ലിനുണ്ടാകുന്ന ബ്ലാസ്റ്റ് രോഗത്തെയും തണ്ടുതുരപ്പന്‍, ഗാളീച്ച എന്നീ കീടങ്ങളെയും ആദ്യ ദശയില്‍ തന്നെ നിയന്ത്രിക്കാനാണ് ഈ നിര്‍ദേശങ്ങള്‍. വിതച്ച് അല്ലെങ്കില്‍ നട്ടശേഷം പാടങ്ങളില്‍ വേണ്ടിവരുന്ന സസ്യസംരക്ഷണച്ചെലവ് കുറയ്ക്കാനും ഇതു സഹായകമാണ്. നിര്‍ദേശങ്ങള്‍ താഴെ കൊടുക്കുന്നു.

 

  • ചതുരശ്രമീറ്ററിന് 2 കി.ഗ്രാമെന്ന തോതില്‍ (സെന്‍റിന് 80 കി.ഗ്രാം) ഉമിച്ചാരം ഞാറ്റടിയില്‍ ചേര്‍ക്കുക.

 

  • ചെറിയ തോതിലാണെങ്കിലും മണ്ണില്‍ ജലാംശം നിന്നു കിട്ടുന്നത് ബ്ലാസ്റ്റ് രോഗം വര്‍ധിക്കാതിരിക്കാന്‍ സഹായകമാകുന്നതിനാല്‍ വിത്ത് വിതയ്ക്കേണ്ട വാരങ്ങള്‍ക്ക് ഉയരം കൂടാതിരിക്കാന്‍ ശ്രദ്ധിക്കുക.

 

  • മണ്ണില്‍ നനവുണ്ടെങ്കില്‍, വിത്ത് വിതച്ച് 15 ദിവസമാകുമ്പോള്‍ ഒരു സെന്‍റിന് (40 ച.മീ.) 100 ഗ്രാമെന്ന തോതില്‍ ഫ്യുറഡാന്‍ വിതറി കൊടുക്കാം. ഗാളീച്ചയും തണ്ടുതുരപ്പന്‍പുഴുവും ചെടിക്കുള്ളില്‍ കടന്ന് ഉപദ്രവിക്കുന്നതിനെ ഇതു തടയും. തരിരൂപത്തിലുള്ള മരുന്നു പ്രയോഗിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാര്‍ പറിക്കുന്നതിന് ഒരാഴ്ച മുമ്പായി ഒരു ലിറ്റര്‍ വെള്ളത്തില്‍ അര മി.ലി. ഡെമക്രോണോ ഒന്നര മി.ലി. നുവാക്രോണോ തളിച്ചു കൊടുത്താലും മതി. ബ്ലാസ്റ്റ് രോഗത്തിനെതിരായി ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം ബാവിസ്റ്റിനോ, 1 മി.ലി. ഹിനോസാനോ കൂടി തളിച്ചുകൊടുക്കേണ്ടിവരും. വിരിപ്പ് വിളയിലെ മുഖ്യകീടങ്ങളായ തണ്ടുതുരപ്പന്‍പുഴുവിനെയും ഗാളീച്ചയെയും നേരിടാന്‍ ഞാറ്റടിയില്‍ മരുന്നു തളിക്കുന്നതു തന്നെയാണ് നല്ലത്.

 

ഞാറിന്‍റെ മൂപ്പ്


ഞാറിന് നാലഞ്ചില പ്രായമാകുമ്പോള്‍ പറിക്കാനുള്ള സമയമായെന്നു കണക്കാക്കാം. മൂപ്പുകുറഞ്ഞ ഇനങ്ങള്‍ 18-20 ദിവസമാകുമ്പോഴും മൂപ്പ് കൂടിയവ 20-25 ദിവസമാകുമ്പോഴും പറിച്ചു നടാന്‍ പാകമാകും. എന്നാല്‍ വിരിപ്പ് വിളക്കാലത്ത് പൊടിഞാറ്റടിയില്‍ വളരുന്ന ഞാറിനു മൂപ്പുകുറഞ്ഞവയ്ക്ക് 25-ഉം മൂപ്പുകൂടിയവയ്ക്ക് 35 ഉം ദിവസമായാലും തെറ്റില്ല. ചേറ്റു ഞാറ്റടിയില്‍ വളരുന്ന തൈകള്‍ക്ക് ഈ ആനുകൂല്യമില്ല.

 

ഞാറിനു മൂപ്പധികമായാല്‍


മഴപെയ്ത് പാടത്ത് വെള്ളം കൂടുന്നതുവരെ കാത്തിരിക്കേണ്ടി വന്നാല്‍ ഞാര്‍ നടാന്‍ താമസിക്കും. മൂപ്പേറിയ ഞാര്‍ നടേണ്ടി വന്നാല്‍ ഒരു നുരിയില്‍ രണ്ടോ മൂന്നോ അലകുകള്‍ക്കു പകരം മൂന്നോ നാലോ എണ്ണം അകലം കുറച്ചു നടുന്നത് ഒരു പരിഹാരമാണ്. കൂടാതെ അടിവളമായി ഹെക്ടറിന് 10 കിലോ യൂറിയ അധികമായി നല്‍കുകയും വേണം. പൊടിഞാറ്റില്‍നിന്നും ഞാര്‍ പറിക്കുമ്പോള്‍ മണ്ണുകളയാന്‍ വേര് അധികമായി മണ്ണിലോ വടിയിലോ തല്ലാതെ ശ്രദ്ധിക്കണം. വേരിലുണ്ടാകുന്ന മുറിവിലൂടെ പകരുന്ന രോഗം തടയാനാണിത്. ഞാര്‍ പറിക്കുന്നതിനു മുമ്പ് മഴ കിട്ടാതെ വന്നാല്‍ സൗകര്യപ്പെടുമെങ്കില്‍ ഞാറ്റടി നനച്ചു കൊടുത്താല്‍ വേരുകള്‍ പൊട്ടാതെ ഞാര്‍ പറിച്ചെടുക്കാം.

 

ഞാര്‍ നടുന്ന അകലം


ജൈവവളം ചേര്‍ത്ത് ഉഴുത് പാകപ്പെടുത്തിയ പാടത്ത് നിര്‍ദേശിച്ച തോതില്‍ രാസവളം അടിവളമായി ചേര്‍ത്തശേഷം ഞാര്‍ നടാന്‍ തുടങ്ങാം. കാലത്ത് പൂട്ടി ഒരുക്കിയ പാടത്ത് ഉച്ചയ്ക്കുശേഷം നട്ടാല്‍ ചെടികള്‍ ചേറില്‍ താഴ്ന്നുപോകാതെയും മണ്ണ് തരിച്ച് പോകാതെയും ഇരിക്കും.

 

മറ്റു പല ഘടകങ്ങളുമുണ്ടെങ്കിലും നെല്‍ വിളവര്‍ധനയിലെ നിര്‍ണായക ഘടകം ഒരു നിശ്ചിത സ്ഥലത്തെ നെല്‍ചെടികളുടെ എണ്ണമാണ്. വിവിധ ഗവേഷണഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ കൃഷികാലങ്ങളില്‍ ഉപയോഗിക്കുന്ന വിത്തിന്‍റെ മൂപ്പിനനുസരിച്ച് ഒരു ച.മീ. സ്ഥലത്ത് വേണ്ട നുരികളുടെ എണ്ണവും നടേണ്ടുന്ന അകലവും ക്രമപ്പെടുത്തിയിട്ടുണ്ട്. വിരിപ്പു കൃഷിക്കാലത്ത്, മധ്യകാല ഇനങ്ങള്‍ക്ക് ഒരു ച.മീ. 33 നുരികളും ഹ്രസ്വകാല ഇനങ്ങള്‍ക്ക് 67 നുരികളും ഉണ്ടാകണം. ഇതിന് ഇവ യഥാക്രമം 20ണ്മ15 സെ.മീറ്ററിലും 15ണ്മ10 സെ.മീറ്ററിലും നടേണ്ടതാണ്. ഒരു നുരിയില്‍ രണ്ടോ മൂന്നോ ഞാര്‍ വീതം 4 സെ.മീ. കവിയാത്ത താഴ്ചയില്‍ നട്ടുകൊടുക്കണം. കയര്‍ പിടിക്കാതെ കൈ മുഴത്തിന്‍റെ കണക്കില്‍ (ഒരു മുഴം 40 സെ.മീ.) നടുമ്പോഴും ഈ കണക്കു കിട്ടും. പത്തടി നട്ടു കഴിഞ്ഞാല്‍ ഒരടി നടവഴി ഇട്ടാല്‍ വളം ചേര്‍ക്കാനും മരുന്നു തളിക്കാനും സൗകര്യമേറും.

 

കുമ്മായപ്രയോഗം


മണ്ണില്‍ പുളിരസമുണ്ടെങ്കില്‍ നാം ചേര്‍ക്കുന്ന രാസവളം പ്രത്യേകിച്ചും ഭാവഹവളങ്ങള്‍ മുഴുവനായും ചെടികള്‍ക്കു കിട്ടിയെന്നു വരില്ല.  കുമ്മായം ചേര്‍ത്തു പുളിരസത്തെ നിര്‍വീര്യമാക്കുകയാണിതിനുള്ള പ്രതിവിധി. ജലോപരിതലത്തില്‍ പെട്രോളോ ഡീസലോ വീണമാതിരി വെള്ളയും ചുമപ്പും കലര്‍ന്ന നിറം പാടപോലെ പടര്‍ന്നു കിടക്കുന്നതു കണ്ടാല്‍ മണ്ണില്‍ പുളിരസമുണ്ടെന്നു മനസിലാക്കാം. വെള്ളം വാര്‍ന്നു പോകാതെ കെട്ടിക്കിടക്കുന്ന പാടങ്ങളില്‍ പുളിരസം കൂടും. മണ്ണില്‍ പരിശോധനകൊണ്ട് പുളിരസമുണ്ടോ എന്നറിയാം. കുമ്മായം ചേര്‍ക്കണമെന്ന നിര്‍ദേശമാണു കിട്ടുന്നതെങ്കില്‍ ഹെക്ടറിന് 600 കി.ഗ്രാമെങ്കിലും കുമ്മായം (അടിവളമായി 350-ഉം വിതച്ചോ നട്ടോ ഒരു മാസം കഴിഞ്ഞാല്‍ ബാക്കി 250-ഉം) ചേര്‍ത്തു കൊടുക്കണം. കുമ്മായവും രാസവളങ്ങളും ചേര്‍ക്കുന്നത് തമ്മില്‍ കുറഞ്ഞത് ഒരാഴ്ചത്തെയെങ്കിലും ഇടവേള ഉണ്ടായിരുന്നാല്‍ കൊള്ളാം. മസൂരിഫോസ്, രാജ്ഫോസ് എന്നീ ഭാവഹ വളങ്ങള്‍ ചേര്‍ക്കുമ്പോള്‍ ഒരു പരിധിവരെ മണ്ണിലെ പുളിരസം നിര്‍വീര്യമാകുന്നുണ്ട്.

 

നെല്‍പാടങ്ങളിലെ ജലപരിപാലനം


പാടത്ത് എപ്പോഴും ധാരാളം വെള്ളം കെട്ടിനിര്‍ത്തുന്നതു നല്ലതല്ല. സൗകര്യപ്പെടുമെങ്കില്‍ രണ്ടാഴ്ചയിലൊരിക്കല്‍ വെള്ളം വാര്‍ത്തുകളഞ്ഞു വീണ്ടും കയറ്റുന്നതാണ് നല്ലത്. പുളി ഇളക്കമുള്ള സ്ഥലങ്ങളില്‍ ഇത് കൂടിയേ തീരൂ. ഞാര്‍ നടുന്ന സമയത്ത് 1.5 സെ.മീ. കനത്തില്‍ വെള്ളം നിര്‍ത്തിയാല്‍ മതി. തുടര്‍ന്ന് 5 സെ.മീ. വരെ ഉയര്‍ത്താം. ചിനപ്പുകള്‍ പൊട്ടുന്നതുവരെ ഇതുമതി. കൊയ്ത്തിനു പത്തു ദിവസം മുമ്പ് വെള്ളം വാര്‍ത്തുകളയാന്‍ സാധിച്ചാല്‍ ചെടികള്‍ ഒരേമാതിരി മൂപ്പെത്തി കൊയ്യാന്‍ പാകമാകും.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5341846