നെല്ല് : കരനെല്‍കൃഷി


സ്ഥലം തിരഞ്ഞെടുക്കല്‍


സൂര്യപ്രകാശം നല്ലവണ്ണം ലഭിക്കുന്ന ഏതു കരഭൂമിയും കരനെല്‍കൃഷിക്ക് അനുയോജ്യമാണ്. 20-25 വര്‍ഷത്തിനു മുകളില്‍ പ്രായമുള്ള തെങ്ങിന്‍തോപ്പുകളോ തുറസായ സ്ഥലങ്ങളോ തരിശായിക്കിടക്കുന്ന കരപ്രദേശങ്ങളോ ഇതിനായി പ്രയോജനപ്പെടുത്താവുന്നതാണ്.

 

കൃഷി ഇറക്കേണ്ട സമയം


സാധാരണയായി മഴയെ ആശ്രയിച്ച് ചെയ്യുന്ന കൃഷിയാണ് കരനെല്‍കൃഷി. ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന വേനല്‍മഴയോടെ കൃഷി ആരംഭിക്കാം. ജനസേചനസൗകര്യം ലഭ്യമായ പ്രദേശങ്ങളില്‍ വര്‍ഷം മുഴുവന്‍ കരനെല്‍കൃഷി ചെയ്യാവുന്നതാണ്.

 

സ്ഥലം ഒരുക്കല്‍


കൃഷിക്കായി തിരഞ്ഞെടുക്കുന്ന സ്ഥലം കിളച്ചോ യന്ത്രങ്ങള്‍ ഉപയോഗിച്ച് ഉഴുതോ, കളകള്‍ നീക്കം ചെയ്തു നന്നായി നിരപ്പാക്കി മണ്ണ് പാകപ്പെടുത്തിയെടുക്കുക. ജൈവവളം, അഴുകിയ ചാണകപ്പൊടി, കമ്പോസ്റ്റ്, മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ് എന്നിവയില്‍ ഏതെങ്കിലുമൊന്ന് ഏക്കറിനു രണ്ടു ടണ്‍ (സെന്‍റിന് 20 കിലോ) നിര്‍ബന്ധമായും ചേര്‍ത്തുകൊടുക്കണം. അടിവളമായി ഭാവകവളം, രാജ്ഫോസ്, മസൂറിഫോസ് എന്നിവ ഏക്കറിന് 60 കിലോ എന്ന കണക്കില്‍ ചേര്‍ത്ത് സ്ഥലം ഒരുക്കാം.

 

വിത്തും വിതയും


വിത്തിനം : വരള്‍ച്ചയെ അതിജീവിക്കാന്‍ കഴിവുള്ള 120 ദിവസംവരെ മൂപ്പുള്ള വിത്തിനങ്ങള്‍ കരനെല്‍കൃഷിക്കായി ഉപയോഗിക്കാവുന്നതാണ്. മൂപ്പുകുറഞ്ഞ വിത്തിനങ്ങളാണ് ഏറ്റവും അനുയോജ്യം. ജ്യോതി, ഐശ്വര്യ, മട്ടത്രിവേണി, അന്നപൂര്‍ണ്ണ, ഹര്‍ഷ, വര്‍ഷ, രോഹിണി, വൈശാഖ്, കറുത്തമോടന്‍, സുവര്‍ണമോടന്‍, സ്വര്‍ണപ്രഭ, ചെന്നെല്ല് തുടങ്ങിയവയാണ് സാധാരണയായി കൃഷിക്ക് ഉപയോഗിക്കുന്നത്. നാടന്‍ ഇനങ്ങളും ഉപയോഗിക്കാവുന്നതാണ്.

 

വിത്ത് പരിചരണം


തിരഞ്ഞെടുക്കുന്ന വിത്ത് സ്യൂഡോമോണാസുമായി യോജിപ്പിച്ച് 12 മണിക്കൂര്‍ എങ്കിലും വയ്ക്കുന്നത് അഭികാമ്യമാണ്. ഇതിനായി ഒരു കിലോ വിത്തിന് 25 ഗ്രാം സ്യൂഡോമോണാസ് പൊടി ഉപയോഗിക്കാം. ഇത് രോഗനിയന്ത്രണത്തിനും വളര്‍ച്ചയെ ത്വരിതപ്പെടുത്തുന്നതിനും ഉപയോഗപ്രദമാണ്.

 

വിത്തിടീല്‍


ഏക്കറിന് 40 കിലോ വിത്താണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കരകൃഷിയില്‍ പൊടിവിതയാണ് സാധാരണയായി നടത്തുന്നത്. ഒരുക്കിയിട്ടിരിക്കുന്ന സ്ഥലത്ത്, പരിചരണം നടത്തിയ വിത്ത് പൊടിയില്‍ വിതയ്ക്കുകയോ, നുരിയിടുകയോ ചെയ്യാവുന്നതാണ്. വിത്ത് തുല്യമായി വീഴത്തക്കവിധം വിതച്ച് അതിനുമുകളിലായി പൊടിമണ്ണ് വിതറാം.

 

കളനിയന്ത്രണം


കരനെല്‍കൃഷിയില്‍ കളശല്യം ഏറെ പ്രശ്നമുണ്ടാക്കുന്നതാണ്. ചെടിയുടെ വളര്‍ച്ചയെയും വിളവിനെയും ബാധിക്കുമെന്നതിനാല്‍ കളനിയന്ത്രണം പ്രാധാന്യമര്‍ഹിക്കുന്നു. സാധാരണഗതിയില്‍ ഇടകിളച്ചാണ് കളനിയന്ത്രണം നടത്തുന്നത്. നുരിവിത്തും കുഴി വിത്തും ഇടുന്ന സ്ഥലങ്ങളില്‍ ഈ രീതിയിലുള്ള കളനിയന്ത്രണം അനുയോജ്യമാണ്. കൃഷിസമയത്ത് ഇടയ്ക്കിടെ കളപറിച്ച് നീക്കം ചെയ്യാം.


വളപ്രയോഗം (ഏക്കറിന്) ഇടത്തരം മൂപ്പുള്ള ഇനങ്ങള്‍ക്ക്

 

അടിവളപ്രയോഗം


രണ്ട് ടണ്‍ ജൈവവളം/കാലിവളം, രാജ്ഫോസ്/മസൂറിഫോസ് 60 കിലോ (600 ഗ്രാം/സെന്‍റ്)നിലം ഒരുക്കുമ്പോള്‍ത്തന്നെ അടിവളമായി ചേര്‍ക്കേണ്ടതാണ്.

 

മേല്‍വളം


ഒന്നാം മേല്‍വളം:- മുളച്ച് 10 ദിവസത്തിനകം
യൂറിയ - 18 കിലോ (സെന്‍റിന് 180 ഗ്രാം)
പൊട്ടാഷ് - 6 കിലോ (സെന്‍റിന് 60 ഗ്രാം)
ഏക്കറിന് 5 കിലോ വേപ്പിന്‍പിണ്ണാക്ക് കൂടി യൂറിയയോടൊപ്പം കലര്‍ത്തി ഉപയോഗിക്കുന്നത് കൂടുതല്‍ പ്രയോജനപ്രദമാണ്.
 

രണ്ടാം മേല്‍വളം:

 

ചിനപ്പ് പൊട്ടുന്ന സമയം (വിതച്ച് 25-30 ദിവസത്തിനകം)
യൂറിയ - 18 കിലോ (സെന്‍റിന് 180 ഗ്രാം)
പൊട്ടാഷ് - 6 കിലോ (സെന്‍റിന് 60 ഗ്രാം)


മൂന്നാം മേല്‍വളം:-

 

അടിക്കണ പരുവത്തില്‍ മൂന്നാം വളം നല്‍കേണ്ടതാണ്. (വിതച്ച് 50-55 ദിവസത്തിനുള്ളില്‍)
യൂറിയ - 18 കിലോ (സെന്‍റിന് 180 ഗ്രാം)
പൊട്ടാഷ് - 6 കിലോ (സെന്‍റിന് 60 ഗ്രാം)


രാസവളങ്ങള്‍ നല്‍കുമ്പോള്‍ മണ്ണില്‍ വേണ്ടത്ര ഈര്‍പ്പമുണ്ടെന്ന് ഉറപ്പുവരുത്തണം. മണ്ണില്‍ വേണ്ടത്ര നനവില്ലെങ്കില്‍ ചെടി കരിഞ്ഞുപോകുന്നതിന് സാധ്യതയുണ്ട്. നനവിന്‍റെ അനുസരിച്ച് വളപ്രയോഗസമയം ക്രമീകരിക്കുക.

 

സസ്യസംരക്ഷണം


കരനെല്‍കൃഷിയിലും മറ്റു നെല്‍കൃഷിയിലെന്നപോലെതന്നെ ഏതാനും കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം ഉണ്ടാകാനിടയുണ്ട്. ഓലചുരുട്ടിപ്പുഴു, ചാഴി, എലികള്‍ എന്നിവയാണ് മുഖ്യമായും കണ്ടുവരുന്ന ശല്യക്കാര്‍. സംയോജിത കീടനിയന്ത്രണമാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് ഏറ്റവും നല്ലത്. എലിക്കെണിവച്ച് എലിശല്യം നിയന്ത്രിക്കാവുന്നതാണ്.
രോഗങ്ങളില്‍ പ്രധാനമായും പോളകരിച്ചിലും ഇലപ്പുള്ളി (പുള്ളിക്കുത്ത്) രോഗവുമാണ് കണ്ടുവരുന്നത്. രണ്ടാഴ്ചയില്‍ ഒരിക്കല്‍ സ്യൂഡോമോണാസ് ലായനി തളിക്കുന്നത് ഈ രോഗങ്ങള്‍ വരാതെ തടയുന്നതിന് സഹായിക്കും. സ്യൂഡോമോണാസ് 20 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ കലക്കി തെളിയെടുത്ത് തളിക്കാം.


കളകളെ നിയന്ത്രിക്കുന്നതും കീടരോഗശല്യം നിയന്ത്രിക്കുന്നതും വിളവ് വര്‍ധിപ്പിക്കുന്നതിന് സഹായിക്കും. മഴയെ ആശ്രയിച്ച് കൃഷിചെയ്താലും ജലസേചനസൗകര്യം ലഭ്യമാക്കുകയാണെങ്കില്‍ വിളവ് വര്‍ധിപ്പിക്കാന്‍ കഴിയും. അടിക്കണ പരുവത്തിലും കതിര് വളരുമ്പോഴും മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തത്തക്കവിധത്തില്‍ നനച്ചുകൊടുക്കുന്നത് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കും.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5342316