വാണിജ്യപച്ചക്കറികള്‍ : ചീര


 

കേരളത്തില്‍ സാധാരണമായി കൃഷിചെയ്യുന്ന ഇലക്കറിവിളകളിലൊന്നാണ് ചീര. സാമ്പാര്‍ച്ചീര, മധുരച്ചീര, വള്ളിച്ചീര, മുള്ളന്‍ച്ചീര, കുപ്പച്ചീര എന്നിങ്ങനെയുള്ള നാടന്‍ ഇനങ്ങളും ധാരാളമായി കൃഷിചെയ്തുവരുന്നു. ഉഷ്ണകാല ഇലക്കറിവിളയായ ചീര അമരാന്തേസീ സസ്യകുടുംബത്തില്‍പ്പെട്ടതാണ്. അമരാന്തസ് ട്രൈകളര്‍ എന്നയിനമാണ് നമ്മുടെ നാട്ടില്‍ ഏറ്റവുമധികം പ്രചാരത്തിലുള്ളത്. ഈയിനത്തിന്‍റെ ജന്മദേശം ഇന്ത്യയാണ്.

കാലാവസ്ഥയും മണ്ണും
ചീരയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും യോജിച്ച താപനില 26-30 ഡിഗ്രി വരെയാണ്. കേരളത്തിലെ ഈര്‍പ്പവും ചൂടുമുള്ള കാലാവസ്ഥ ഇതിന്‍റെ വളര്‍ച്ചയ്ക്ക് ഏറെ നല്ലതാണ്. കേരളത്തില്‍ കനത്ത മഴയുള്ള  ജൂണ്‍-ജൂലൈ മാസങ്ങളിലൊഴികെ മറ്റേതു സമയത്തും ചീര കൃഷി ചെയ്യാവുന്നതാണ്. എല്ലാത്തരം മണ്ണിലും ചീര കൃഷിചെയ്യാമെങ്കിലും നല്ല വളക്കൂറും ജൈവാംശവുമുള്ള മണ്ണാണ് ഏറ്റവും അനുയോജ്യം. മണ്ണില്‍ നല്ല നീര്‍വാര്‍ച്ചാസൗകര്യവുമുണ്ടായിരിക്കണം.

ഇനങ്ങള്‍
പച്ചനിറത്തിലും ചുവന്ന നിറത്തിലുമുള്ള ചീരയിനങ്ങളുണ്ട്. കണ്ണാറ ലോക്കല്‍ എന്ന ചുവന്ന ചീരയിനം കേരളത്തിലെ കൃഷിക്ക് യോജിച്ചതാണ്. ഏതുകാലത്ത് കൃഷിചെയ്താലും ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ മാത്രമേ ഇതു പുഷ്പിക്കുകയുള്ളൂ. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ മികച്ച ചുവന്ന ചീരയിനമാണ് അരുണ്‍. ഹെക്ടറൊന്നിന് ശരാശരി 20 ടണ്‍ വിളവ് കിട്ടുന്ന ഇനമാണിത്. അതുപോലെതന്നെ പച്ച ചീരയിനങ്ങളായ കോ-1, കോ-2, കോ-3 തുടങ്ങിയവയും കൃഷിക്കനുയോജ്യമാണ്. ഇവ കൂടാതെ, നല്ല നാടന്‍ ഇനങ്ങളും കേരളത്തില്‍ പ്രചാരത്തിലുണ്ട്. ഛോട്ടി ചൗളി, ബഡി ചൗളി, കോ-4, പുസ കീര്‍ത്തി, പുസ കിരണ്‍, അര്‍ക്ക സുഗുണ തുടങ്ങിയവും മികച്ച ഇനങ്ങളാണ്.

കൃഷിരീതി
നേരിട്ട് കൃഷിയിടത്തില്‍ വിത്തുപാകിയോ തവാരണയില്‍ തൈകളുണ്ടാക്കി പറിച്ചുനട്ടോ ചീര കൃഷിചെയ്യാവുന്നതാണ്. ഒന്നര മീറ്റര്‍ വീതിയുള്ള തവാരണകളില്‍ 8-10 സെ.മീ. അകലത്തിലുള്ള വരികളിലായി വിത്തു പാകാം. ഒരു സെന്‍റ് സ്ഥലത്ത് നടാന്‍ ഏകദേശം 1100 തൈകള്‍ ആവശ്യമാണ്. ഒരു ഗ്രാം ചീരവിത്തില്‍ ഏകദേശം 300 വിത്തുണ്ടാകും. വിത്ത് വിതറി അല്‍പ്പം മണ്ണിട്ട് മൂടി നനച്ചശേഷം ഉറുമ്പുകള്‍ വിത്തു കൊണ്ടുപോകാതിരിക്കാന്‍ വാരങ്ങള്‍ക്കു ചുറ്റും ബി.എച്ച്.സി വിതറണം. 25-30 ദിവസം പ്രായമെത്തിയ തൈകള്‍ പറിച്ചു നടാവുന്നതാണ്.

നിലമൊരുക്കലും നടീലും
മൂന്നുനാലാവര്‍ത്തി കിളച്ചിളക്കി കട്ടയുടച്ചു കളകള്‍ നീക്കിയ സ്ഥലത്ത് ചീര കൃഷിചെയ്യാവുന്നതാണ്. വേനല്‍ക്കാലമാണെങ്കില്‍, 30-40 സെ.മീ അകലത്തില്‍ ചെറിയ ചാലുകളെടുത്ത് അതില്‍ ജൈവവളവും അടിവളമായി രാസവളങ്ങളും ചേര്‍ത്തിളക്കി 20 സെ.മീ. ഇടവിട്ട് തൈകള്‍ നടാം. മഴക്കാലമാണെങ്കില്‍, ഒന്നര മീറ്റര്‍ വീതിയില്‍ ഉയര്‍ന്ന വാരങ്ങളെടുത്ത് അടിവളം ചേര്‍ത്തിളക്കിയശേഷം 30 സെ.മീ. അകലത്തിലുള്ള വരികളിലായി 20 സെ.മീ. ഇടവിട്ട് തൈകള്‍ നടണം. ഇതേ രീതിയില്‍ നിലമൊരുക്കിയശേഷം വിത്തു നേരിട്ടു പാകുകയും ചെയ്യാവുന്നതാണ്.

വളപ്രയോഗം
നിലമൊരുക്കുമ്പോള്‍ അടിവളമായി ഹെക്ടറൊന്നിന് 50 ടണ്‍ കാലിവളവും 110 കി.ഗ്രാം യൂറിയ, 275 കി.ഗ്രാം സൂപ്പര്‍ഫോസ്ഫേറ്റ്, 85 കി.ഗ്രാം പൊട്ടാഷ് എന്നിവയും മണ്ണില്‍ ചേര്‍ക്കണം. വിളവെടുപ്പ് തുടങ്ങിയാല്‍ പല പ്രാവശ്യമായി 110 കി.ഗ്രാം യൂറിയ മേല്‍വളമായും ഉപയോഗിക്കാം. നാലഞ്ചിരട്ടി വെള്ളം ചേര്‍ത്തു നേര്‍പ്പിച്ച ഗോമൂത്രമോ യൂറിയാലായനിയോ(ഒരു ലിറ്റര്‍ വെള്ളത്തില്‍ 10 ഗ്രാം യൂറിയ) ആഴ്ചയിലൊരിക്കല്‍ ചെടികളില്‍ തളിക്കുന്നത് വിളവു വര്‍ധിപ്പിക്കാന്‍ സഹായിക്കും.

മറ്റു കൃഷിപ്പണികള്‍
കളയെടുക്കല്‍, ജലസേചനം, മണ്ണു കൂട്ടിക്കൊടുക്കല്‍ എന്നിവയാണ് പ്രധാനമായും ചെയ്യേണ്ടത്. വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കാന്‍ ശ്രദ്ധിക്കണം. ചിലയിനം ചീര ചില പ്രത്യേക സമയത്തു കൃഷിചെയ്യുമ്പോള്‍ അവ ഇളംപ്രായത്തില്‍ തന്നെ പുഷ്പിക്കുന്നതായി കാണാം. ഇതുമൂലം വിളവില്‍ കാര്യമായ കുറവുണ്ടാകുന്നു. ചെടിയുടെ വളര്‍ച്ച മുരടിച്ച് വേഗത്തില്‍ പൂക്കുന്ന ഈ സ്വഭാവത്തെ ബോള്‍ട്ടിങ് എന്നു പറയുന്നു. ചെടിയുടെ ശരിയായ വളര്‍ച്ചയ്ക്ക് തടസമായി നില്‍ക്കുന്ന സാഹചര്യങ്ങളാണ് ബോള്‍ട്ടിങ്ങിനു കാരണം. മണ്ണിലെ ഈര്‍പ്പക്കുറവ്, വളത്തിന്‍റെ കുറവ്, മോശമായ മണ്ണ് എന്നിവയാണ് ഇവയില്‍ ചിലത്. എന്നാല്‍, ചില ചീരകളില്‍ ഇതു പാരമ്പര്യസ്വഭാവമായി കാണാം. ചെടിയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകങ്ങള്‍ ഒരുക്കുന്നതുവഴി ഈ പ്രശ്നം നിയന്ത്രിക്കാം.

സസ്യസംരക്ഷണം
ചീരയില്‍ കാര്യമായ രോഗ-കീടബാധകള്‍ ഉണ്ടാകാറില്ല. ഇലചുരുട്ടിപ്പുഴുവിന്‍റെ ശല്യമാണ് പലപ്പോഴും കാണാറുള്ളത്. ഇത്തരം ഇലകള്‍ നുള്ളിയെടുത്ത് പുഴുവിനെയടക്കം നശിപ്പിക്കുകയാണ് ഇതിനുള്ള പ്രതിവിധി. ചീരയില തിന്നു നശിപ്പിക്കുന്ന കട്ടപ്പുഴുക്കളെ കെണിവച്ചു നശിപ്പിക്കുകയും ചെയ്യാം. ഒരുപിടി തവിടില്‍ 10 ഗ്രാം ശര്‍ക്കരപ്പൊടിയും 5 ഗ്രാം സെവിനും കൂടി നന്നായി ചേര്‍ത്തിളക്കി ചിരട്ടയിലാക്കുക. ഈ കെണി ചീരത്തോട്ടത്തില്‍ പലയിടങ്ങളിലായി വയ്ക്കാം. വിപുലമായ കൃഷിയാണെങ്കില്‍ മാലത്തിയോണ്‍ (ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 മി.ലി) തളിക്കാവുന്നതാണ്.
ചീരയിലെ ഇലപ്പുള്ളിരോഗം പലപ്പോഴും പ്രശ്നമാകാറുണ്ട്. രോഗംവന്ന ചീരയ്ക്കു വിപണിയില്‍ ഡിമാന്‍ഡുണ്ടാകും. ഇലപ്പുള്ളിരോഗത്തെ നിയന്ത്രിക്കാനായി ഒരു കി.ഗ്രാം പച്ചച്ചാണകം 10 ലിറ്റര്‍ വെള്ളത്തില്‍ കലക്കിവയ്ക്കുക. നാലു മണിക്കൂറിനുശേഷം അതിലെ തെളിനീരുമാത്രം ഊറ്റിയെടുത്ത് അരിച്ചെടുക്കണം. ഇതില്‍, ലിറ്ററൊന്നിന് മൂന്നു ഗ്രാം എന്ന തോതില്‍ ഡൈത്തേന്‍-എം.45 കലക്കി ചീരയുടെ ഇലകളില്‍ നന്നായി തളിച്ചുകൊടുക്കണം. ഒരാഴ്ചയെങ്കിലും കഴിഞ്ഞേ വിളവെടുക്കാവൂ. കോ-1 എന്നയിനെ പച്ചച്ചീരയില്‍ ഇലപ്പുള്ളിരോഗം സാധാരണയായി കാണാറില്ല. ഇലക്കറിവിളകളില്‍ കീടനാശിനികള്‍ ഉപയോഗിക്കുന്നത് ഒട്ടും നല്ല പ്രവണതയല്ല.

വിളവെടുപ്പ്
ചെടികള്‍ നട്ട് 25-30 ദിവസമെത്തുമ്പോള്‍ ആദ്യവിളവെടുപ്പ് നടത്താവുന്നതാണ്. പിന്നീട്, 10-12 ദിവസം ഇടവിട്ട് വിളവെടുക്കാന്‍ സാധിക്കും. ആദ്യവിളവെടുപ്പ് നടത്തുമ്പോള്‍ കുറ്റിയായി നിര്‍ത്തുന്ന ചെടിയുടെ തണ്ടില്‍ 3-4 സന്ധിയെങ്കിലും ഉണ്ടായിരിക്കാന്‍ ശ്രദ്ധിക്കണം. പിന്നീട്, ഇതില്‍നിന്നും പുതിയ ശിഖരങ്ങള്‍ ഉണ്ടായിക്കൊള്ളും. ഓരോ വിളവെടുപ്പ് കഴിയുമ്പോഴും അല്‍പ്പം യൂറിയയോ ചാണകമോ ചേര്‍ത്തു നനയ്ക്കുന്നത് നല്ലതാണ്. വിത്തു നേരിട്ടു പാകി 30-40 ദിവസമെത്തുമ്പോള്‍ വേരോടെ പിഴുതെടുത്ത് പച്ചക്കറിയായും ഉപയോഗിക്കാവുന്നതാണ്. ഒരു ഹെക്ടര്‍ സ്ഥലത്തുനിന്നും ശരാശരി 8-10 ടണ്‍ വിളവു ലഭിക്കും.
 

വിത്തുശേഖരണം
ആരോഗ്യമുള്ള ചെടികള്‍ വിളവെടുക്കാതെ പുഷ്പിക്കാനായി നിര്‍ത്തിയാല്‍ അതില്‍നിന്നും വിത്ത് ശേഖരിക്കാവുന്നതാണ്. വിത്തുല്‍പ്പാദനത്തിനായി മാത്രം വിപുലമായി കൃഷിചെയ്യുമ്പോള്‍ ആദ്യത്തെ ഒന്നു രണ്ട് വിളവെടുപ്പ് നടത്തിയാലും തെറ്റില്ല. ഇതുമൂലം വിത്തുല്‍പ്പാദനം കാര്യമായി കുറയില്ലെന്നു മാത്രമല്ല, രണ്ടു വിളവെടുപ്പുകളിലും നിന്നായി അധികവരുമാനം ലഭിക്കുകയും ചെയ്യും.

കതിര് അഥവാ പൂങ്കുലകള്‍ നന്നായി മൂത്തുണങ്ങുമ്പോള്‍ അവ തണ്ടടക്കം മുറിച്ച് സിമന്‍റുതറയിലോ തുണിയിലോ നിരത്തി വെയിലത്തുവച്ചു നന്നായി ഉണക്കിയശേഷം വടികൊണ്ട് തല്ലി വിത്ത് പൂങ്കുലയില്‍നിന്നും വേര്‍തിരിച്ചെടുക്കാം. പിന്നീട് മുറത്തില്‍വച്ച് പാറ്റിപ്പെറുക്കി നല്ല ചീരവിത്തുകളെ വേര്‍തിരിച്ചെടുത്ത് സൂക്ഷിക്കാവുന്നതാണ്. 


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235895