നെല്ല് : രാസവളപ്രയോഗം


 

 

അത്യുല്‍പ്പാദനശേഷിയുള്ള നെല്ലിനങ്ങളുടെ കൃഷിയോടെയാണ് രാസവളങ്ങള്‍ക്കു പ്രിയമേറിയത്. പഴയ നാടന്‍ നെല്ലിനങ്ങള്‍ക്കു വര്‍ധിച്ച തോതില്‍ രാസവളമുള്‍ക്കൊണ്ട് വിളവുതരാന്‍ കഴിഞ്ഞിരുന്നില്ല. പുതിയ നെല്ലിനങ്ങള്‍ക്ക് താരതമ്യേന കൂടുതല്‍ തോതില്‍ പോഷകമൂല്യങ്ങള്‍ ലഭിച്ചില്ലെങ്കില്‍ പ്രതീക്ഷിച്ച വിളവ് കിട്ടില്ല. അതുകൊണ്ട് അവ നല്‍കുന്ന രാസവളങ്ങളെ നമുക്ക് ആശ്രയിക്കേണ്ടി വന്നു. ജനസംഖ്യാ വര്‍ധനയ്ക്കനുസരണമായി ഭക്ഷ്യോല്‍പ്പാദനവും വര്‍ധിപ്പിക്കേണ്ടി വന്നപ്പോള്‍ പുതിയ വിത്തുകളുടെ ഉപയോഗവും അവയ്ക്കു നിര്‍ദേശിച്ച വളപ്രയോഗവും ഒഴിവാക്കാനാവാതെ വന്നു. ചെലവുമായി പൊരുത്തപ്പെടാത്ത ഉല്‍പ്പാദനവും ഉല്‍പ്പന്നവിലയും നിലനില്‍ക്കുമ്പോള്‍ വിളവ് പരമാവധി വര്‍ധിപ്പിക്കാന്‍ ആവശ്യമായ കൃഷിരീതികള്‍ നാം അനുവര്‍ത്തിച്ചേ മതിയാകൂ എന്ന നിലയും വന്നുചേര്‍ന്നു.


നെല്‍ച്ചെടികള്‍ക്ക് ആവശ്യമായ പാക്യജനകം, ഭാവഹം, ക്ഷാരം എന്നീ മൂന്നു പ്രധാന മൂലകങ്ങള്‍ ഒറ്റയ്ക്കൊറ്റയ്ക്ക് നല്‍കുന്നവയും ഒന്നിച്ചു നല്‍കുന്നവയുമായുള്ള രാസവളങ്ങളാണ് നമുക്ക് ലഭിക്കുന്നത്. ഒരു സസ്യപോഷണമൂല്യം മാത്രം നല്‍കുന്നവയെ നേര്‍വളങ്ങളെന്നും (ഉദാ. യൂറിയ, അമോണിയം സള്‍ഫേറ്റ്, സൂപ്പര്‍ ഫോസ്ഫേറ്റ്, മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്) ഒന്നിലധികം മൂലകങ്ങള്‍ ഉള്ളവയെ കോംപ്ലക്സ് വളങ്ങളെന്നും (ഉദാ. ഫാക്ടംഫോസ്, അമോണിയം ഫോസ്ഫേറ്റ്) മൂന്നു മൂലകങ്ങളും നല്‍കുന്നവയെ മിക്സ്ചറുകള്‍ എന്നും (കോക്കനട്ട് മിക്സ്ചര്‍, വെജിറ്റബിള്‍ മിക്സ്ചര്‍) പറയുന്നു. നേര്‍വളങ്ങളും, കോംപ്ലക്സ് വളങ്ങളും, മിശ്രിതവളങ്ങളും തമ്മില്‍ വിലയില്‍ വലിയ വ്യത്യാസമുണ്ട്. ഇതു കണക്കിലെടുത്തു വേണം വളപ്രയോഗം നടത്താന്‍. നേര്‍വളങ്ങള്‍ വാങ്ങി വളക്കൂട്ടുണ്ടാക്കുന്നതാണ് ലാഭകരം.

 

ഏതെല്ലാം വളങ്ങള്‍ എപ്പോഴെല്ലാം...


പാക്യജനകം (എന്‍) ഭാവഹം (പി) ക്ഷാരം (കെ) എന്നിവ എപ്പോള്‍ എത്രമാത്രം ചേര്‍ക്കണമെന്നു നിശ്ചയിക്കുന്നത് ആ മൂലകത്തിന്‍റെ സ്വഭാവത്തെയും വിളവിന് വേണ്ടതിന്‍റെ അളവിനെയും ആശ്രയിച്ചാണ്.


നെല്‍ചെടിയുടെ വളര്‍ച്ചയുടെ ആദ്യദശയിലും ചിനപ്പു പൊട്ടുമ്പോഴും കതിര്‍ വരുമ്പോഴുമാണ് പാക്യജനകം (നൈട്രജന്‍) കൂടുതലായി വേണ്ടി വരുന്നത്. നൈട്രജന്‍ വളങ്ങള്‍ വെള്ളത്തില്‍ ലയിച്ച് നഷ്ടപ്പെടുന്നവയാണ്. അതിനാല്‍ ഒരു ഭാഗം അടിവളമായും ബാക്കി ഒന്നോ രണ്ടോ തവണയായി മേല്‍വളമായും നല്‍കുകയാണ് വേണ്ടത്. വേഗത്തില്‍ വെള്ളത്തില്‍ ലയിച്ച് നഷ്ടപ്പെടുന്നതു തടഞ്ഞു ചെടികള്‍ക്കു ക്രമേണ കിട്ടാനാണ് യൂറിയ നനഞ്ഞ മണ്ണുമായോ വേപ്പിന്‍പിണ്ണാക്കുമായോ ചേര്‍ത്തു നല്‍കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

 

ഭാവഹ (ഫോസ്ഫറസ്) വളങ്ങള്‍ വെള്ളത്തില്‍ ലയിച്ച് മണ്ണില്‍നിന്നും അധികമായി നഷ്ടപ്പെടുന്നില്ല. ചെടികളുടെ വളര്‍ച്ചയുടെ ആരംഭദശയില്‍ മാത്രം വേണ്ടതായതുകൊണ്ടാണ് ഇത് അടിവളമായിത്തന്നെ ചേര്‍ക്കാനും പറഞ്ഞിട്ടുള്ളത്. കോംപ്ലക്സ് വളങ്ങള്‍ക്കും ഈ ശുപാര്‍ശ ബാധകമാണ്.


പൊട്ടാഷ് അഥവാ ക്ഷാരം ആവശ്യമായിട്ടുള്ളത് ആരംഭദശയിലൂടെ പിന്നീട് കതിര്‍മണികള്‍ വിളയുമ്പോഴുമാണ്. മണല്‍ മണ്ണില്‍ മേല്‍വളമായി നിശ്ചയമായും പൊട്ടാഷ് വളങ്ങള്‍ ചേര്‍ത്തിരിക്കുകയും വേണം. മേല്‍പ്പറഞ്ഞ ഓരോ മൂലകവും എത്രമാത്രം വേണമെന്നുള്ളത് ഓരോ വിളയും മണ്ണില്‍നിന്ന് എത്രമാത്രം അവയെ മാറ്റുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. കൂടാതെ മണ്ണിന്‍റെ ഫലഭൂയിഷ്ഠതയും കണക്കിലെടുക്കുന്നു. ഓരോ വയലിലെയും മണ്ണു പരിശോധനയുടെ അടിസ്ഥാനത്തില്‍ വേണം വളപ്രയോഗ നിര്‍ദേശങ്ങള്‍ കൊടുക്കേണ്ടത്. എന്നിരുന്നാലും നമ്മുടെ മണ്ണിനങ്ങളുടെ പൊതുസ്വഭാവവും ഫലപുഷ്ടിയും കണക്കിലെടുത്ത് ജൈവവളങ്ങള്‍ ചേര്‍ക്കാതെയുള്ള അമിത രാസവളപ്രയോഗം മണ്ണിന് ദോഷം ചെയ്യും. അനവസരത്തിലും അളവില്‍ കവിഞ്ഞും വേണ്ടതും വേണ്ടാത്തതുമായ രാസവളപ്രയോഗം തികച്ചും നിരുത്സാഹപ്പെടുത്തേണ്ടതാണ്. നിരവധി പരീക്ഷണ നിരീക്ഷണങ്ങളുടെ ഫലമായി കേരള കാര്‍ഷിക സര്‍വ്വകലാശാല രൂപം കൊടുത്ത  വളപ്രയോഗ നിര്‍ദേശങ്ങളാണിന്നും നാം സ്വീകരിക്കുന്നത്. രാസവളങ്ങളെ മനസിലാക്കാന്‍ അവയില്‍ അടങ്ങിയിട്ടുള്ള സസ്യപോഷണ മൂല്യങ്ങളുടെ അളവും അത്രയും ലഭിക്കാന്‍ വേണ്ട രാസവളങ്ങളുടെ തൂക്കവും നാം അറിഞ്ഞിരിക്കണം.

 

രാസവളപ്രയോഗ നിര്‍ദേശങ്ങള്‍


ഭൂമിയുടെ കിടപ്പും കൃഷിചെയ്യുന്ന നെല്ലിനങ്ങളുടെ മൂപ്പും കൃഷിരീതിയും അടിസ്ഥാനമാക്കിയാണ് രാസവളപ്രയോഗ നിര്‍ദേശങ്ങള്‍ക്ക് രൂപം കൊടുത്തിട്ടുള്ളത്. പൊടിവിതയിലും ചേറ്റുവിതയിലും ആകെ നിര്‍ദേശിച്ചിട്ടുള്ള പാക്യജനകവളങ്ങള്‍ മൂന്നു തവണയായി വേണം നല്‍കാന്‍. ആദ്യത്തേത് അടിവളമായും ബാക്കി രണ്ടും മേല്‍വളമായും നല്‍കണം. ഭാവഹം മുഴുവന്‍ അടിവളമായിത്തന്നെ നല്‍കണം. ക്ഷാരം പകുതി അടിവളമായും ബാക്കി പകുതി രണ്ടാം മേല്‍വളത്തോടൊപ്പവും കൊടുക്കാം. മഷൂരി-പൊന്നി എന്നീ ഇനങ്ങളൊഴികെയുള്ളവയ്ക്ക് ആദ്യത്തെ മേല്‍വളം വിതച്ച് 3 ആഴ്ച ആകുമ്പോഴും രണ്ടാമത്തേത് വിതച്ച് 6 ആഴ്ച ആകുമ്പോഴുമാണ് വേണ്ടത്. മഷൂരിക്കും പൊന്നിക്കും ഇതു യഥാക്രമം വിതച്ച് 45 ഉം 85 ഉം ദിവസമാകുമ്പോള്‍ മതി.


ഞാര്‍ പറിച്ചു നടുമ്പോള്‍ ഹ്രസ്വകാല ഇനങ്ങള്‍ക്ക് ആകെ വേണ്ട പാക്യജനകത്തിന്‍റെ മൂന്നില്‍രണ്ടും ഭാവഹം മുഴുവനും ക്ഷാരം പകുതിയും അടിവളമായി നല്‍കണം. ബാക്കി പാക്യജനകവും ക്ഷാരവും ഒന്നിച്ച് ഒറ്റ മേല്‍വളമായി നട്ട് മൂന്ന് ആഴ്ചയാകുമ്പോള്‍ കൊടുക്കാം. മധ്യകാല ഇനങ്ങള്‍ക്കു ഭാവഹം മുഴുവനും പാക്യജനകത്തിന്‍റെയും ക്ഷാരത്തിന്‍റെയും പകുതിയും അടിവളമായും ബാക്കി പകുതി മേല്‍വളമായി കതിരിടുന്നതിന് ഒരു മാസം മുമ്പ് നല്‍കാം. മഷൂരി ഇനങ്ങള്‍ക്കും നാടന്‍ ഇനങ്ങള്‍ക്കും ആകെ വേണ്ട പാക്യജനകത്തിന്‍റെയും ക്ഷാരത്തിന്‍റെയും പകുതി നടുമ്പോള്‍ തന്നെ കൊടുക്കണം. ബാക്കിയുള്ള പാക്യജനകം തുല്യ അളവില്‍ നട്ട് 40-60 ദിവസമാകുമ്പോള്‍ കൊടുത്താല്‍ മതി. അറുപതാം ദിവസത്തെ പാക്യജനകത്തോടൊപ്പം ബാക്കിയുള്ള ക്ഷാരവും കൊടുത്തിരിക്കണം. 


ഒന്നാം വിളക്കാലത്ത് മഴമൂലം അടിവളമായി പാക്യജനകം കൊടുക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ നട്ട് 15 ദിവസത്തിനകം കൊടുത്താലും മതിയാകുന്നതാണ്.

 

രാസവളത്തിന്‍റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍


നാം വയലില്‍ ചേര്‍ക്കുന്ന പാക്യജനകം മുഴുവനും ചെടികള്‍ക്കു കിട്ടുന്നില്ല. പാക്യജനകവളങ്ങള്‍ വെള്ളത്തില്‍ എളുപ്പം ലയിക്കുന്നവയായതുകൊണ്ട് കുറെയൊക്കെ ഊന്നും ചോര്‍ന്നും വാര്‍ന്നും നഷ്ടപ്പെടുന്നു. മേല്‍വളമായി യൂറിയ ചേര്‍ക്കുന്നതു പാടത്തെ വെള്ളം വാര്‍ത്തുകളഞ്ഞിട്ടാകണം. പന്ത്രണ്ടു മണിക്കൂറിനുശേഷം വീണ്ടും വെള്ളം കയറ്റി നിര്‍ത്താം. യൂറിയ നനഞ്ഞ മണ്ണുമായോ പൊടിച്ച വേപ്പിന്‍പിണ്ണാക്കുമായോ കലര്‍ത്തി ചേര്‍ത്തു കൊടുത്താല്‍ നഷ്ടം ഒഴിവാക്കുകയും ചെടികള്‍ക്കു ക്രമേണ ലഭ്യമാകുകയും ചെയ്യും. ഒരു ഭാഗം യൂറിയയ്ക്ക് ആറുഭാഗം മണ്ണെന്നും ഒരു കി.ഗ്രാം പൊടിച്ച വേപ്പിന്‍പിണ്ണാക്കിന് 5 കി.ഗ്രാം യൂറിയ എന്നുമാണ് കണക്ക്. വളമിടുന്നതിന് 24-28 മണിക്കൂര്‍ മുമ്പായി ഇവ തമ്മില്‍ കലര്‍ത്തിവയ്ക്കണം.


വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ യൂറിയ വയലില്‍ ചേര്‍ത്തു കൊടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇലകളില്‍ തളിച്ചും കൊടുക്കാം. ഇതിന് 5 ശതമാനം വീര്യമുള്ള യൂറിയ ലായനി (ഒരു ലിറ്റര്‍ വെള്ളത്തില്‍ 50 ഗ്രാം യൂറിയ) തളിച്ചുകൊടുക്കാം.


അടിവളങ്ങള്‍ എല്ലാം തന്നെ അവസാനത്തെ ഉഴവില്‍ ചേര്‍ത്ത് മണ്ണുമായി യോജിപ്പിക്കാന്‍ ശ്രദ്ധിക്കണം.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5342734