നെല്ല് : കളനിയന്ത്രണം


നെല്‍കൃഷിയില്‍ ചെലവേറിയ പണി കളപറിക്കലാണ്. ആകെ കൃഷിച്ചെലവിന്‍റെ മൂന്നിലൊന്നു കളപറിക്കാന്‍ മാറ്റിവയ്ക്കേണ്ടി വരും. പൊടിവിതയിലാണ് കളശല്യം കൂടുതല്‍. പൊടിവിതയില്‍ ഏറ്റവും ചുരുങ്ങിയത് ഒരു ഹെക്ടറിന് 80 തൊഴിലാളികളെങ്കിലും കളപറിക്കാന്‍ വേണം. കളനിയന്ത്രണത്തിനു കളപറിച്ചു മാറ്റുകയാണോ കളനാശിനി പ്രയോഗിക്കുകയാണോ നല്ലതെന്ന് സ്വയം തീരുമാനിക്കണം. കളനാശിനി പ്രയോഗം വളരെ ശ്രദ്ധയോടെയും വിദഗ്ധോപദേശമനുസരിച്ചും മാത്രമേ നടത്താവൂ. ഡോസ് ഒരിക്കലും കൂടാനും കുറയാനും പാടില്ല. കൃഷി ഇറക്കി 45 ദിവസം വരെ പാടത്ത് കളവളരാതെ ശ്രദ്ധിക്കണം.

 

പൊടിവിതയിലെ കളനാശിനിപ്രയോഗം


മണ്ണിലെ ഈര്‍പ്പം തൃപ്തികരമാണെങ്കില്‍ പൊടി വിതച്ച ദിവസമോ പിറ്റേന്നോ കളനാശിനികള്‍ തളിക്കണം. കളനാശിനി തളിച്ച ഉടന്‍ മണ്ണിലെ ഈര്‍പ്പം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ഉദ്ദേശിച്ച ഫലം കിട്ടുകയില്ല. അതുപോലെതന്നെ കളനാശിനി തളിച്ചശേഷം മഴപെയ്ത് വെള്ളം കൂടാതെയിരിക്കുകയും വേണം. കാലാവസ്ഥ അനുകൂലമാണെങ്കില്‍ വിതച്ച് 6-7 ദിവസത്തിനകം കളനാശിനി ഉപയോഗിക്കാം. കളനാശിനികള്‍ മണ്ണില്‍ സമമായി വീഴത്തക്കവണ്ണം തളിച്ചു പുറകോട്ട് മാറണം. നെല്ല് വളര്‍ന്നശേഷം വീതികൂടിയ ഇലകളോടുകൂടിയ കളകളുണ്ടായാല്‍ ഫെര്‍നോക്സാണ്‍ 80 ശതമാനം എന്ന കളനാശിനി ഹെക്ടറിന് 1.25 കി.ഗ്രാമെന്ന തോതില്‍ 300 ലിറ്റര്‍ വെള്ളത്തില്‍ കലക്കി 25 ദിവസമാകുന്നതോടെ തളിച്ചു കൊടുക്കണം.

 

ചേറ്റുവിതയിലെ കളനാശിനിപ്രയോഗം


ചേറ്റുവിതയിലെ കളനാശിനിപ്രയോഗം വളരെ ശ്രദ്ധയോടുകൂടി വേണം നടത്താന്‍. ബ്യൂട്ടോക്ലോര്‍ 50 ഇ.സി. അല്ലെങ്കില്‍ സാറ്റേണ്‍ 50 ഇ.സി. 2 ലിറ്റര്‍ 300 ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി വിത്ത് വിതച്ച് 6 മുതല്‍ 9 ദിവസത്തിനുശേഷം തളിച്ചുകൊടുക്കാം. തളിക്കുമ്പോള്‍ വയലില്‍ നേര്‍ത്ത കനത്തിലെ വെള്ളം നിര്‍ത്താവൂ.

 

പറിച്ചുനട്ട പാടങ്ങളിലെ കളനാശിനിപ്രയോഗം


കളശല്യം ഏറ്റവും കുറവുള്ള കൃഷിസമ്പ്രദായമായതിനാല്‍ ഒരു പരിധിവരെ കളകളെ കൈകൊണ്ട് പറിച്ചു മാറ്റി നശിപ്പിക്കാം. ഇങ്ങനെ പറിച്ചെടുക്കുന്ന കളകളെ ചേറ്റില്‍ ചവിട്ടിത്താഴ്ത്തിയാല്‍ മണ്ണിലെ ജൈവവളത്തിന്‍റെ തോത് കൂടുകയും ചെയ്യും. നട്ട് മൂന്നാഴ്ചയാകുമ്പോള്‍ ആദ്യത്തെ കളപറിക്കല്‍ നടത്തണം. കളകൂടുതലായി കണ്ടാല്‍ 40 ദിവസമാകുമ്പോള്‍ രണ്ടാമത്തെ കളപറിക്കലുമാകാം. കളശല്യം വളരെ കൂടുതലാണെങ്കില്‍ കളനാശിനികളെതന്നെ ശരണം പ്രാപിക്കേണ്ടിവരും. 

 

ചേറ്റുവിത നടത്തിയ പാടങ്ങളിലും പറിച്ചുനട്ട പാടങ്ങളിലും വീതികൂടിയ ഇലകളുള്ള കള കണ്ടാല്‍ ഫെര്‍നോക്സോണ്‍ 50 ശതമാനം ഒന്നുമുതല്‍ 1.25 കി.ഗ്രാം 300 ലിറ്റര്‍ വെള്ളത്തില്‍ കലക്കി വിതച്ച് 20-ാം ദിവസം അല്ലെങ്കില്‍ നട്ട് 25-ാം ദിവസം തളിച്ചുകൊടുക്കണം. കളനാശിനിപ്രയോഗത്തിനുമുമ്പ് വയലിലെ വെള്ളം വറ്റിക്കേണ്ടതും തുടര്‍ന്ന് 48 മണിക്കൂറിനുശേഷം വീണ്ടും കയറ്റി മൂന്നു നാല് ദിവസത്തേക്ക് കെട്ടിനിര്‍ത്തേണ്ടതുമാണ്.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5318424