കുരുമുളക് : വള്ളിനടുമ്പോള്‍


 

 

പുതുതായി കുരുമുളകു കൊടി നടുന്നത് വേരുപിടിപ്പിച്ച കൊടിത്തലകള്‍ വാങ്ങിയതോ തെരഞ്ഞെടുത്ത തോട്ടത്തിലെ വള്ളികളില്‍നിന്നുണ്ടായ ചെന്തലകള്‍ നട്ടിട്ടോ ആണ്. തുടര്‍ച്ചയായി നല്ല വിളവുതരുന്നതും നീണ്ട തിരികളോടു കൂടിയതും രോഗബാധ ഏല്‍ക്കാത്തതുമായ കൊടികളില്‍നിന്നു വേണം ചെന്തലകള്‍ തെരഞ്ഞെടുക്കാന്‍. ചെന്തലകള്‍ കൊടിയുടെ ചുവടുഭാഗത്ത് 30 മുതല്‍ 50 മീറ്റര്‍ ഉയരത്തില്‍ നിന്നുവരെ ഉണ്ടാകാം. ഇവ മണ്ണില്‍ പടര്‍ന്നു വേരുപിടിക്കാതിരിക്കാന്‍ അവ ചുരുട്ടി കെട്ടിവെച്ചിരിക്കണം. ഫെബ്രുവരി മാര്‍ച്ച് മാസത്തോടെ ഇവ മുറിച്ചെടുത്ത് വാലറ്റവും തലയറ്റവും നീക്കം ചെയ്ത് രണ്ടോ മൂന്നോ മുട്ടുള്ള കഷണങ്ങളാക്കി പ്രത്യേകം തയാറാക്കിയ തടങ്ങളിലോ പോളിത്തീന്‍ കൂടുകളിലോ നട്ടു നനച്ച് വേരുപിടിപ്പിച്ചെടുക്കണം. മൂന്നു വര്‍ഷത്തിനും 12 വര്‍ഷത്തിനും ഇടയ്ക്കു പ്രായമായ കൊടികളില്‍ നിന്നുള്ള ചെന്തലകളാകും ഏറെ നന്നാകുക.

 

വേരുപിടിപ്പിച്ച വള്ളികള്‍, മാവ്, പ്ലാവ് എന്നിവയിലൂടെ പടര്‍ത്തുമ്പോള്‍ ചുവട്ടില്‍നിന്നും 30 സെ.മീ. വിട്ട് 50 സെ.മീ. ആഴത്തിലും ചതുരത്തിലുമെടുത്ത കുഴികളില്‍ ജൈവവളമിട്ട് മണ്ണിട്ടു മൂടി നടണം. വള്ളികള്‍ തിരുവാതിര ഞാറ്റുവേലക്കാലത്ത് നടുന്നതാണ് നല്ലത്. ഒരു കുഴിയില്‍ രണ്ടോ മൂന്നോ വള്ളികള്‍ നടാം. വള്ളികള്‍ മുളപൊട്ടി വളരുന്നതോടെ താങ്ങുമരങ്ങളുമായി ചേര്‍ത്തു കെട്ടിവയ്ക്കണം.


കുരുമുളകിന്‍റേതു മാത്രമായ ഒരു തോട്ടം തുടങ്ങാനാണാഗ്രഹമെങ്കില്‍ താങ്ങുമരങ്ങളായ മുരിക്ക്, കിളിഞ്ഞില്‍, അണ്ണക്കര, അമ്പഴം എന്നിവയുടെ 2 മീറ്റര്‍ നീളത്തിലുള്ള കമ്പുകള്‍ മഴ തുടങ്ങുന്നതോടു കൂടി നട്ടിരിക്കണം. താങ്ങുമരങ്ങള്‍ നാട്ടുന്നത് മൂന്നു മീറ്റര്‍ അകലത്തിലാകണം. ചുവട്ടില്‍നിന്നും 15 സെ.മീ. വിട്ട് താങ്ങുമരങ്ങളുടെ വടക്കുഭാഗത്തായി രണ്ടോ മൂന്നോ തലകള്‍ നടാം. കൊടിത്തലകള്‍ വെയിലടിക്കാതെ ഓലകൊണ്ടു പൊതിയുകയും ഉണക്കില്‍ വേണ്ടിവന്നാല്‍ നനയ്ക്കുകയും വേണം. താങ്ങുമരങ്ങളുടെ ഉയരം 6 മീറ്ററില്‍ കവിയാത്ത വിധം ആണ്ടിലൊരിക്കല്‍ കമ്പു കോതുകയും തണല്‍ ഒഴിവാക്കുകയും വേണം.

 

മൂന്നാം കൊല്ലം അമ്മിയേറും, നാലാം കൊല്ലം നഗരം കാണും


കുരുമുളകിനെ പറ്റിയുള്ള ഈ ചൊല്ല് ശരിയാകണമെങ്കില്‍ മുറയ്ക്കുള്ള വളം ചേര്‍ക്കല്‍, വെയിലില്‍നിന്നുള്ള സംരക്ഷണം, നന, സമഗ്രമായ സസ്യസംരക്ഷണ നടപടികള്‍ എന്നിവ കൂടിയേ തീരൂ.

 

കൊടിച്ചുവട്ടില്‍നിന്ന് അര-മുക്കാല്‍ മീറ്റര്‍ വിട്ട് വട്ടത്തില്‍ 10-15 സെ.മീ. താഴ്ചയില്‍ എടുത്ത തടങ്ങളില്‍ ആണ്ടിലൊരിക്കല്‍ വള്ളിയൊന്നിന് 10 കി.ഗ്രാമെന്ന തോതില്‍ പച്ചിലവളമോ ചാണകപ്പൊടിയോ ചേര്‍ക്കണം. ഒന്നിടവിട്ട കൊല്ലങ്ങളില്‍ മഴയുടെ തുടക്കത്തില്‍ 500 ഗ്രാം കുമ്മായം ചേര്‍ക്കുന്നതും നല്ലതാണ്.

 

തുടര്‍ച്ചയായ വിളവെടുപ്പും ഇടവിളകളുടെ കൃഷിയും മൂലമുള്ള ഉല്‍പ്പാദനക്കമ്മി പരിഹരിക്കാന്‍ സന്തുലിതമായ രാസവളപ്രയോഗവും കൊടികള്‍ക്കു കൂടിയേ തീരൂ. മൂന്നു വര്‍ഷത്തിനുമേല്‍ പ്രായമായ കൊടി ഒന്നിന് ഒരാണ്ടില്‍ ആകെ വേണ്ടത് 110 ഗ്രാം യൂറിയ, 250 ഗ്രാം മസൂരിഫോസ് 250 ഗ്രാം പൊട്ടാഷ് എന്നിവയാണ്. ഇവയില്‍ ഓരോന്നിന്‍റെയും മൂന്നിലൊന്നു കാലവര്‍ഷത്തിന്‍റെ തുടക്കത്തില്‍ ജൈവവളമിട്ടതിന്‍റെ മേലും ബാക്കി മൂന്നില്‍ രണ്ടുഭാഗം തുലാവര്‍ഷം ആരംഭിക്കുന്നതോടെയും മണ്ണില്‍ ചേര്‍ക്കാം. പന്നിയൂര്‍ 1 ഇനങ്ങള്‍ക്ക് നവംബര്‍-ഡിസംബര്‍ തുടങ്ങി മാര്‍ച്ച് അവസാനം വരെ നനച്ചു കൊടുക്കാന്‍ കഴിഞ്ഞാല്‍ അമ്പതു ശതമാനത്തിലധികം മുളകുണ്ടാക്കാമെന്നാണ് ഗവേഷണം തെളിയിച്ചിട്ടുള്ളത്.

 


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466020