പഴവര്‍ഗങ്ങള്‍ : വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവ്


അമ്മച്ചിപ്ലാവുകളുടെ നാടായ കേരളത്തില്‍ ലക്ഷണമൊത്തൊരു വരിക്കപ്ലാവിനെ തന്നാണ്ടു വിളകളിലൊന്നായി സങ്കല്‍പിക്കുന്നതിനു സാധിക്കുമോ. എന്നാല്‍ അങ്ങനെയൊരിനം ഇപ്പോള്‍ പ്രചാരത്തിലായിക്കൊണ്ടിരിക്കുന്നു-പേര് വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി. ഈ പ്ലാവിനത്തിന്റെ പേര് മലയാളത്തിലേക്കു മാറ്റിയാല്‍ ഓരാണ്ടന്‍ പ്ലാവെന്നു വിളിക്കുന്നതാകും ഉചിതം. 

കുരുവീണ് വരിക്കയെന്നോ കൂഴയെന്നോ നിശ്ചയമില്ലാത്ത പ്ലാവുകള്‍ വളര്‍ന്നു വരുകയും ഒരു വ്യാഴവട്ടം കൊണ്ട് ആദ്യത്തെ ചക്ക വിരിയുകയും ചെയ്തിരുന്ന നാളുകള്‍ അവസാനിക്കുന്നു. നടീല്‍ കഴിഞ്ഞ് അതേ വര്‍ഷം തന്നെ കുലവെട്ടുന്ന വാഴയുടെയും മറ്റും ഗണത്തിലേക്ക് വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലിയുടെ വരവോടെ പ്ലാവും മാറുന്നു. എന്നാല്‍ മറ്റു തന്നാണ്ടു വിളകളെപ്പോലെ ഒരു വര്‍ഷം കൊണ്ട് ഈ പ്ലാവിനം കാലഗതിയടയുന്നതുമില്ല. ഒരു പുരുഷായുസോളം മണ്ണില്‍ വേരുറപ്പിച്ചു നിന്നു വിളവു തരാന്‍ വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലിക്കു സാധിക്കുമെന്നറിയുക. അങ്ങനെ നോക്കുമ്പോള്‍ അമ്മച്ചിപ്ലാവുകള്‍ക്കൊക്കുന്ന ആയുര്‍ദൈര്‍ഘ്യം, ഓരാണ്ടന്‍ വിളവ്. അതാണ് സൂപ്പര്‍ പ്ലാവ് വിശേഷം.
വാണിജ്യാടിസ്ഥാനത്തില്‍ പ്ലാവ് കൃഷി ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതിനെക്കാള്‍ മികച്ചൊരു ഇനം കണ്ടെത്താന്‍ സാധിക്കില്ല. കാരണം ഇതിന്റെ ചെറിയ വലുപ്പം തന്നെ. ചുവടുകള്‍ തമ്മിലും നിരകള്‍ തമ്മിലും വെറും പത്തടി അകലം വീതം കൊടുത്താല്‍ മതി. അതായത് ഒരേക്കര്‍ സ്ഥലത്ത് 450 പ്ലാവുകള്‍ വരെ കൃഷി ചെയ്യാം. ഒന്നാം വര്‍ഷം ശരാശരി നാലു ചക്ക മാത്രമായിരിക്കും ഒരു പ്ലാവില്‍ ഒരു സീസണില്‍ വിളയുന്നതെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിളവ് ക്രമാനുഗതമായി ഉയര്‍ന്നുകൊണ്ടിരിക്കും. അഞ്ചു വര്‍ഷത്തെ വളര്‍ച്ചയെത്തുമ്പോള്‍ ഒരേക്കറില്‍ നിന്ന് 25-45 ടണ്‍ വിളവാണു ലഭിക്കുക. 


സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ നല്ല വളര്‍ച്ചയ്ക്കും മികച്ച വിളവിനും വേണ്ട അനുകൂല കാലാവസ്ഥാ സാഹചര്യങ്ങളാണ് കേരളത്തില്‍ നിലവിലുള്ളത്. 25-38 ഡിഗ്രി സെല്‍ഷ്യസ് താപനില, പ്രതിവര്‍ഷം 1000-3000 മില്ലിമീറ്റര്‍ മഴ, സമുദ്രനിരപ്പില്‍ നിന്നു 0-90 അടി ഉയരം, ചൂടു കൂടിയ വേനല്‍ക്കാലം, നല്ല സൂര്യപ്രകാശം എന്നിങ്ങനെയാണ് സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ വളര്‍ച്ചയ്ക്കാവശ്യമെന്നു വിലയിരുത്തുന്ന കാലാവസ്ഥാ ഘടകങ്ങള്‍. 
നടീല്‍
ഒന്നരയടി താഴ്ചയില്‍ ഒരു കുഴിയെടുക്കുക. മണ്‍നിരപ്പിനു മുകളിലേക്ക് ഒന്നരയടി ഉയരത്തില്‍ കുഴിക്കു ചുറ്റലുമായി തടമെടുക്കുക. കുഴിയെടുത്തപ്പോള്‍ ലഭിച്ച മേല്‍മണ്ണുമായി പത്തു കിലോഗ്രാം ചാണകപ്പൊടി, ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക്, അര കിലോഗ്രാം റോക്ക് ഫോസ്‌ഫേറ്റ് എന്നിവ നന്നായി ഇളക്കിച്ചേര്‍ത്ത മിശ്രിതം കൊണ്ട് കുഴി മണ്‍നിരപ്പു വരെ മൂടുക. ഇതിനു മധ്യത്തിലായി തൈ നടുന്നതിനുള്ള ചെറിയൊരു കുഴി അഥവാ പിള്ളക്കുഴിയെടുക്കുക. നടുമ്പോള്‍ സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ ഒട്ടുസന്ധി മണ്ണിന്റെ നിരപ്പിനു മുകളിലാണെന്ന് ഉറപ്പാക്കുക. മഴക്കാലം തുടങ്ങുന്നതിനു മുമ്പ് കോപ്പര്‍ ഓക്‌സി ക്ലോറൈഡ് അല്ലെങ്കില്‍ സാഫ് രണ്ടു ഗ്രാം ഒരു ലിറ്ററിന് എന്ന തോതില്‍ നേര്‍പ്പിച്ച് തൈയുടെ ഇലയിലും തണ്ടിലും തളിച്ചുകൊടുക്കുക. 
ആണ്‍പൂക്കളായിരിക്കും ആദ്യം വിരിയുക. പിന്നീട് പെണ്‍പൂക്കളും വിരിയും. പരാഗണം നടന്ന് ചക്ക വിരിഞ്ഞ് അതു മൂപ്പെത്തുന്നതിന് 120-150 ദിവസം വേണ്ടിവരും. പരാഗണം ശരിയായ രീതിയില്‍ നടക്കുന്നതിന് തോട്ടത്തില്‍ രണ്ടു പ്ലാവെങ്കിലും നടുന്നതാണ് നല്ലത്. സാധാരണയായി സൂപ്പര്‍ ഏര്‍ലി പ്ലാവിന് കമ്പുകോതല്‍ ആവശ്യമായി വരില്ല. അല്ലാതെ തന്നെ പതിനഞ്ചടി ഉയരത്തില്‍ പ്ലാവ് സ്വയം വളര്‍ച്ച ക്രമീകരിക്കുന്നതാണ് കാണുന്നത്. 
ജലസേചനം
പ്ലാവിന് സാധാരണയായി ജലസേചനത്തിന്റെ അവശ്യം നേരിടാറില്ല. അത്രമേല്‍ കടുത്ത ഉണക്കാണെങ്കില്‍ മാത്രം ഉല്‍പാദനക്ഷമത കുറയാതിരിക്കാന്‍ ചെറുതായി നനച്ചുകൊടുക്കാം. എന്തുതന്നെയായാലും പ്ലാവിന്റെ ചുവട്ടില്‍ വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളക്കെട്ടുണ്ടായാല്‍ കുമിള്‍രോഗങ്ങള്‍ക്കു സാധ്യതയേറെയാണ്. 
വളപ്രയോഗം
സൂപ്പര്‍ ഏര്‍ലി പ്ലാവുകള്‍ വളപ്രയോഗത്തോട് നന്നായി പ്രതികരിക്കുന്നതായി കണ്ടിട്ടുണ്ട്. ആദ്യത്തെ രണ്ടു വര്‍ഷം മഴക്കാലത്തിന്റെ തുടക്കത്തില്‍ പത്തു കിലോഗ്രാം ജൈവവളം ചേര്‍ത്തു കൊടുക്കണം. പിന്നീട് മൂന്നു തവണയായി എന്‍പികെ വളം അഞ്ഞൂറു ഗ്രാം വീതം നല്‍കണം. മൂന്നാം വര്‍ഷവും നാലാം വര്‍ഷവും ജൈവവളം 20 കിലോഗ്രാം വീതം നല്‍കണം. എന്‍പികെ ഒരു കിലോഗ്രാം. അഞ്ചു മുതല്‍ ഏഴുവരെ വര്‍ഷങ്ങളില്‍ ജൈവവളം അറുപതു കിലോഗ്രാം വേണം. എന്‍പികെ ഒന്നര കിലോഗ്രാമും. എട്ടാം വര്‍ഷം മുതല്‍ ജൈവവളത്തിന്റെ അളവ് എണ്‍പതു കിലോഗ്രാമായി ഉയര്‍ത്തണം. എന്‍പികെ രണ്ടു കിലോഗ്രാം വീതം മതിയാകും. 
ചക്കലഭിക്കുന്നതിന്റെ സീസണ്‍ അനുസരിച്ച് നാലു തവണയായി പ്രത്യേക വളപ്രയോഗത്തിനും ശുപാര്‍ശയുണ്ട്. പൂവിടുന്ന സമയത്ത് സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് (എസ്ഒപി) നാലു ഗ്രാം ഒരു ലിറ്റര്‍ എന്ന തോതിലും സൂക്ഷ്മൂലക മിശ്രിതമായ ബ്രക്‌സില്‍ രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും നേര്‍പ്പിച്ചു തളിച്ചുകൊടുക്കണം. ചക്ക വിരിയുന്ന സമയത്ത് എസ്ഒപി നാലു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ചു തളിക്കണം. വിളവെടുപ്പിനു മുമ്പായി മോണോ പൊട്ടാസിയം ഫോസ്‌ഫേറ്റ് നാലു മില്ലി ലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ നേര്‍പ്പിച്ചു തളിക്കണം. വിളവെടുപ്പിനു ശേഷം 19-19 വളക്കൂട്ട് നാലുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും സൂക്ഷ്മമൂലക മിശ്രിതം രണ്ടു ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതിലും നേര്‍പ്പിച്ച് തളിക്കണം. ഈ സമയത്ത് പ്ലാവിന്റെ വളര്‍ച്ചയനുസരിച്ച് മരമൊന്നിന് ഡോളൊമൈറ്റ് 150-500 ഗ്രാം വീതം ചുവട്ടിലിട്ടുകൊടുക്കുന്നതും നല്ലതാണ്. 
രോഗങ്ങളും കീടങ്ങളും
വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ ബഡ് തൈകളുണ്ടാക്കുന്നതിന് നാടന്‍ പ്ലാവിനങ്ങളുടെ വിത്തു തൈകള്‍ തന്നെ ഉപയോഗിക്കുന്നതിനാല്‍ രോഗങ്ങള്‍ക്കെതിരേ സ്വാഭാവികമായി മികച്ച രീതിയിലുള്ള പ്രതിരോധശേഷിയാണുള്ളത്. എന്നിരിക്കിലും മണ്ണിന്റെ അമ്ല-ക്ഷാര നില (5.5-7 പിഎച്ചാണ് ഏറ്റവും ആശാസ്യമായത്), ഉയര്‍ന്ന ലവണാംശം, താഴ്ന്ന സി/എന്‍ അനുപാതം തുടങ്ങിയ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. മണ്ണില്‍ രോഗാണുക്കളുടെ വര്‍ധനയ്ക്കു പറ്റിയ സാഹചര്യമൊരുക്കാന്‍ ഈ സാഹചര്യങ്ങള്‍ക്കു സാധിക്കും. പ്ലാവിന് അതു ദോഷമായി മാറുകയും ചെയ്യും. പൊതുവേ ഏതു രോഗത്തെയും കീടത്തെയും ജൈവിക മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുന്നതേയുള്ളൂ. 
ശ്രദ്ധിക്കേണ്ട മറ്റു കാര്യങ്ങള്‍
ശുപാര്‍ശ ചെയ്തിരിക്കുന്നതിനെക്കാള്‍ വലിയ കുഴികളാണ് നടാനെടുക്കുന്നതെങ്കില്‍ കാറ്റുമൂലമുള്ള നാശനഷ്ടത്തിനു സാധ്യതയുണ്ട്. അതുപോലെ തൈയുടെ ചുറ്റിലുമുള്ള മണ്ണ് വേണ്ട രീതിയില്‍ ഉറപ്പിച്ചിട്ടില്ലെങ്കില്‍ വേരുരോഗത്തിനു സാധ്യതയുണ്ട്. വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവ് വലിയ തോതില്‍ പൂവിടുന്നതും അതിനനുസരിച്ച് ചക്ക പിടിക്കുന്നതുമാണ്. മൊത്തത്തിലുള്ള വിളവിന്റെ ഗുണമേന്മയെ ഇക്കാര്യങ്ങള്‍ ദോഷമായി ബാധിക്കാനിടയുണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയ ഒരു പ്ലാവില്‍ 5-8 ചക്ക മാത്രം നിലനിര്‍ത്തുകയാണ് ഈ പ്രശ്‌നത്തിനുള്ള പരിഹാരം. ഇടിച്ചക്ക പരുവത്തില്‍ നിശ്ചിത എണ്ണത്തിലധികമുള്ള ചക്കകള്‍ നീക്കം ചെയ്യുന്നതിനു ശുപാര്‍ശ ചെയ്തിരിക്കുന്നു. ഇവ ഇടിച്ചക്കയെന്ന നിലയില്‍ വിപണനം നടത്തുകയും ചെയ്യാം. 
ചക്കകളുടെ വൈരൂപ്യം
വളരെ നേരത്തെ ചക്കവിരിയുന്ന സ്വഭാവവും വളരെ കൂടുതല്‍ ചക്കകളുണ്ടാകുന്ന സ്വഭാവവും നിമിത്തം കുറേ ചക്കകള്‍ വിരൂപമായി മാറുന്നതു കണ്ടുവരാറുണ്ട്. കാലാവസ്ഥ, മണ്ണിന്റെ പ്രതികൂല സ്വഭാവം, ചില പ്രത്യേക ഭൂഘടനകള്‍, പോഷക പ്രശ്‌നങ്ങള്‍ എന്നിവയാണ് ഈ അവസ്ഥയുടെ കാരണങ്ങളായി കണക്കാക്കപ്പെടുന്നത്. മരങ്ങള്‍ പ്രായമാകുന്നതനുസരിച്ച് ഇത്തരം പ്രശ്‌നങ്ങള്‍ കുറയുന്നതായും കണ്ടുവരുന്നു. ശരിയായ രീതിയില്‍ പരാഗണം നടക്കുന്നുവെന്നുറപ്പാക്കിയും ചക്കവിരിയുന്ന സമയത്ത് നൈട്രജന്‍ വളങ്ങളുടെ അളവു കുറച്ചും പോഷകങ്ങളിലെ അസന്തുലിതാവസ്ഥ ഒഴിവാക്കിയും ഈ പ്രശ്‌നം ഒരു പരിധി വരെ നിയന്ത്രിക്കാം. പ്രധാന വൈരൂപ്യ ലക്ഷണങ്ങള്‍ ചുവടെ പറയുന്നു. 
-ആകൃതി തെറ്റിയതും പരന്നതുമായ മുള്ളുകള്‍
-ഒന്നിനോടൊന്നു ചേരാത്ത മുള്ളുകള്‍
-ചുളകളുടെ മേല്‍ തുരുമ്പുനിറത്തിലുള്ള പാടുകള്‍
ഒരു മരത്തില്‍ പരമാവധി അഞ്ചു ചക്കകള്‍ മാത്രം നിര്‍ത്തി ശേഷിക്കുന്നവ നീക്കം ചെയ്ത് ഈ പ്രശ്‌നം പരിഹരിക്കാം. മരം വളര്‍ച്ച പ്രാപിക്കുന്നതനുസരിച്ച് ക്രമേണ ഈ പ്രശ്‌നങ്ങള്‍ പരിഹൃതമായിക്കൊള്ളും. 

 


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6231759