നെല്ല് : ഇടവിളകള്‍


നെല്ല്-നെല്ല്-നെല്ല് എന്നിങ്ങനെ തുടര്‍ച്ചയായി മൂന്നു വിളകളെടുക്കുന്ന കൃഷിരീതി കുറവാണ്. സൗകര്യമുണ്ടെങ്കില്‍ തന്നെ തുടര്‍ച്ചയായി മൂന്നു നെല്‍വിളകളെടുക്കുന്നത് നല്ലതുമല്ല. രണ്ടു വിളകള്‍ക്കുശേഷം മൂന്നാം വിളയായി മറ്റൊരിടക്കാലവിള എടുക്കുന്നതാണു മണ്ണിന്‍റെ ഫലപുഷ്ടി നിലനിര്‍ത്താന്‍ നല്ലത്. ഭൂമിയുടെ കിടപ്പും നെല്‍പ്പാടങ്ങളുടെ സ്വഭാവവുമനുസരിച്ചാണ് നെല്‍കൃഷിയുടെയും തുടര്‍വിളകളുടെയും സമയം പോലും തീരുമാനിക്കേണ്ടത്.

 

പറമ്പുകളിലെ മോടന്‍ നെല്ല് കൊയ്തെടുത്താല്‍ അവിടെ മുതിരയോ എള്ളോ കൃഷി ചെയ്യാം. മൂപ്പുകൂടിയ എള്ളാണു വിതയ്ക്കുക. ഈ എള്ളു വിതയ്ക്കുന്നത് 'മകം ഞാറ്റുവേലയില്‍' (ആഗസ്റ്റ് 16-30) വേണമെന്നുള്ളതുകൊണ്ടാണ് 'മകം മുഖത്തെള്ളെറിയണ'മെന്നു പറയുന്നത്.

 

ഒരുപ്പൂനിലങ്ങളില്‍ ഒന്നാം വിള കൊയ്തെടുത്തശേഷവും എള്ളു വിതയ്ക്കണം. ഇത് അത്തം ഞാറ്റുവേലയില്‍ (സെപ്റ്റംബര്‍26-ഒക്ടോബര്‍ 10) ആണെങ്കില്‍ എള്ള് ധാരാളം വിളയുമെന്നയര്‍ത്ഥമാണ് "അത്തമുഖത്തെള്ളെറിഞ്ഞാല്‍ ഭരണിമുഖത്തെണ്ണ" എന്ന ചൊല്ലിലുള്ളത്. മുണ്ടകന്‍ കൊയ്ത്തിനുശേഷം മൂപ്പുകുറഞ്ഞ എള്ളാണു വിതയ്ക്കുക. ഓണാട്ടുകര പ്രദേശത്ത് ഈ രീതി വ്യാപകമായിരുന്നു.

 

ഒരുപ്പൂനിലങ്ങളില്‍ എള്ളിനുപകരം മുതിര, വന്‍പയര്‍, ഉഴുന്ന് എന്നിവയും വിതയ്ക്കാം. രണ്ടാം വിള പറിച്ചു നടീല്‍ കഴിയുമ്പോള്‍ ഒഴിവു വരുന്ന ഞാറ്റടിയില്‍ സാധാരണ മുതിരയാണു വിതയ്ക്കുക. മറ്റു യാതൊരു വിളകള്‍ക്കും സാധ്യമല്ലാത്ത ഒരുപ്പൂ നിലങ്ങളില്‍ കൊഴിഞ്ഞില്‍ എന്ന പച്ചിലവളത്തിന്‍റെ വിത്ത് വിതച്ച് അടുത്ത വര്‍ഷത്തെ വിരിപ്പ് കൃഷിക്കുള്ള പച്ചിലവളം കരുതുന്നവരുമുണ്ട്. മണ്ണില്‍ നനവുണ്ടെങ്കില്‍ മുണ്ടകന്‍ കൊയ്ത്തിനുശേഷവും കൊഴിഞ്ഞില്‍ വിതച്ചിടാറുണ്ട്.

 

രണ്ടാം വിളയായ മുണ്ടകന്‍ കൊയ്ത്തിനുശേഷം വിവിധ ഇനം പച്ചക്കറികള്‍ കൃഷിചെയ്യുന്ന രീതി ഇന്ന് സര്‍വ്വസാധാരണമായിട്ടുണ്ട്. നനയ്ക്കാന്‍ വെള്ളമുണ്ടെങ്കില്‍ വെള്ളരി, കുമ്പളം, പാവല്‍, പടവലം, ചീര എന്നിവ സമൃദ്ധമായി വിളവെടുക്കാം. വെള്ളത്തിന്‍റെ ലഭ്യത കുറവുള്ള സ്ഥലങ്ങളില്‍ വന്‍പയര്‍ വിതയ്ക്കുന്ന രീതിയും വ്യാപകമാക്കേണ്ടിയിരിക്കുന്നു. അന്തരീക്ഷത്തില്‍നിന്നും പാക്യജനകത്തെ ആഗീരണം ചെയ്ത് മണ്ണില്‍ സ്വരൂപിക്കാന്‍ പയര്‍വര്‍ഗവിളകളുടെ വേരില്‍ കഴിയുന്ന ബാക്ടീരിയകള്‍ക്കു കഴിയുന്നതിനാല്‍ മണ്ണ് ഫലപുഷ്ടിയുള്ളതായിത്തീരും. മുണ്ടകന്‍ വിളകഴിഞ്ഞ് ഒരു കൃഷിയും ചെയ്തില്ലെങ്കിലും പാടം പൂട്ടി ഇടുന്നത് വിരിപ്പു കൃഷിയില്‍ പൊടിവിത നടത്തേണ്ട പാടങ്ങള്‍ക്ക് ഒഴിവാക്കാനാവില്ല.

 

വാഴ-നെല്ല്-വാഴ എന്ന കൃഷിരീതി നിലനിര്‍ത്തുന്ന സ്ഥലങ്ങളുണ്ട്. ഇവിടെ വാഴയോടൊപ്പം ചേമ്പ്, പയര്‍, ചീര എന്നിവയും നന്നായിവളരും. പറമ്പിലെ നെല്ലിനുശേഷം മധുരക്കിഴങ്ങ് കൃഷി ചെയ്ത് ലാഭം കൊയ്യുന്നവരുമുണ്ട്. ഒരു വിളമാത്രം തുടര്‍വിളകളില്‍ ഉള്‍പ്പെടുത്താതെ കാലാവസ്ഥയും, കൃഷിരീതിയും, വരുമാനവും അനുസരിച്ച് മാറ്റി മാറ്റി കൃഷി ചെയ്യുന്നതാണ് നല്ലത്.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5318318