റബ്ബര്‍ : വിളവെടുപ്പും സംസ്കരണവും


റബ്ബര്‍ മരത്തിന്‍റെ പട്ടയില്‍ നിയന്ത്രിതമായി മുറിവുകള്‍ ഉണ്ടാക്കി പട്ട കട്ടിയില്ലാതെ അരിഞ്ഞു നീക്കം ചെയ്ത് പാല്‍ ഒഴുക്കുന്ന പ്രക്രിയയാണ് ടാപ്പിംഗ്. ആദ്യമായി ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ പാല്‍ക്കുഴല്‍ മുറിച്ച് അവ തുറക്കുകയാണെങ്കില്‍, സ്ഥിരമായി ടാപ്പ് ചെയ്യുന്ന മരങ്ങളില്‍ പാല്‍ക്കുഴലുകള്‍ അടച്ചുകളയുന്ന ഉറച്ച പാല്‍ നീക്കം ചെയ്യാനാണ് ടാപ്പിംഗ് ചെയ്യുന്നത്.

ടാപ്പിംഗിനുള്ള സമ്പ്രദായങ്ങളും ഉയരവും:
തെരഞ്ഞെടുത്ത പ്രദേശങ്ങിലെ 70% മരങ്ങളും ഒട്ടുബന്ധത്തില്‍നിന്നു 125 സെ.മീ. ഉയരത്തിലായി 50 സെ.മീ. തടിവണ്ണവും, ബീജമരങ്ങള്‍ തറനിരപ്പില്‍നിന്ന് 55 സെ.മീ. ഉയരത്തിലായി 50 സെ.മീ. തടിവണ്ണവുമുള്ളപ്പോള്‍ ടാപ്പ് ചെയ്യുന്നതാണ് സാമ്പത്തികമായി നല്ലത്. ബഡ്ഡുമരങ്ങളില്‍ രണ്ടാമത്തെ ചാലും, തുടര്‍ന്നുള്ള ചാലുകളും തുടക്കത്തിലേതുപോലെ 125 സെ.മീ. ഉയരത്തില്‍ തന്നെയാണ് തുറക്കുന്നത്. എന്നാല്‍ ബീജമരങ്ങളില്‍ ഇത് 100 സെ.മീ. ആണ്. പുതിയതായി ടാപ്പിംഗ് തുടങ്ങാന്‍ മാര്‍ച്ച്-ഏപ്രില്‍ മാസമാണ് നല്ലത്. അപ്പോള്‍ ആവശ്യത്തിനു വണ്ണം എത്താതെ ടാപ്പിംഗ് ചെയ്യാതിരുന്ന മരം അടുത്ത സെപ്റ്റംബര്‍ മാസത്തില്‍ ടാപ്പിംഗ് ചെയ്യാം.

ടാപ്പിംഗിനുള്ള ചരിവും ദിശയും:
ബഡ്ഡുമരങ്ങളില്‍ 30 ഡിഗ്രി ചരിച്ചാണ് വെട്ടുചാലിടേണ്ടത്. എന്നാല്‍ തൈമരങ്ങളുടെ പട്ടയ്ക്ക് കട്ടികൂടിയിരിക്കുന്നതുകൊണ്ട് 25 ഡിഗ്രി ചരിവുള്ള വെട്ടുചാല്‍ ഇട്ടാല്‍ മതി. കുത്തനെയുള്ള ടാപ്പിംഗ് മൂലം പട്ട അനാവശ്യമായി പാഴാകാന്‍ കാരണമാവും. ടാപ്പ് ചെയ്ത് മരത്തിന്‍റെ അടിവശത്തോടടുക്കുമ്പോള്‍ പരന്ന വെട്ടുചാല്‍ പാല്‍ കവിഞ്ഞൊഴുകാന്‍ കാരണമാവും. വെട്ടുചാലും ചരിവും അടയാളപ്പെടുത്തുന്നത് ഒരു ടെംപ്ലേയ്റ്റ് ഉപയോഗിച്ചാണ്. പട്ടയിലെ പാല്‍ക്കുഴലുകള്‍ അല്‍പം വലത്തോട്ടാണ് ചരിഞ്ഞിരിക്കുന്നത്. അതിനാല്‍ ഇടതുവശം ഉയര്‍ന്ന് വലതുവശം താഴ്ന്നിരിക്കത്തക്കവിധമാണ് മരങ്ങളില്‍ വെട്ടുചാല്‍ ഇടേണ്ടത്. എങ്കിലേ കൂടുതല്‍ പാല്‍ കുഴലുകള്‍ മുറിയുകയുള്ളൂ.

പാലിന്‍റെ അഥവാ കറയുടെ ഒഴുക്ക്:
ഒരു മരം ടാപ്പ് ചെയ്യുമ്പോള്‍ അതിന്‍റെ പാല്‍ക്കുഴല്‍ മുറിച്ച് ആ ഭാഗത്ത് കേന്ദ്രീകരിച്ചിരിക്കുന്ന സമ്മര്‍ദ്ദം നീങ്ങി പാല്‍ പുറത്തേക്കു വരുന്നു. ഇങ്ങനെ പാലിറ്റുവീഴുമ്പോള്‍ പാല്‍ക്കുഴലില്‍ അടങ്ങിയ പാലിനെ പുറത്തേക്കു വിടുന്നു. ഇതുകൂടാതെ അടുത്തടുത്തു കെട്ടുപിണഞ്ഞ മറ്റു കുഴലുകളിലെ റബ്ബര്‍പാലും ഇതുവഴി പുറത്തേക്ക് ഒഴുകുന്നു. ഇതു കുഴലിലെ പാലിന്‍റെ മര്‍ദ്ദം കുറയാന്‍ കാരണമാവുകയും സമീപകാലങ്ങളില്‍നിന്നും വെള്ളം പാലിലേക്കു ചേര്‍ന്ന് ഇതിനെ ലയിപ്പിച്ചു പാലിന്‍റെ കൊഴുപ്പ് കുറയ്ക്കാനും കാരണമാകുന്നു. ഈ വ്യതിയാനം മൂലം പാലിലെ ലൂട്ടോയ്ഡ് കണികകള്‍ നശിക്കുന്നു; ഇത് ഹെവിന്‍ എന്ന മാംസ്യം പുറത്തേക്കു വിടാന്‍ കാരണമാവുകയും, റബ്ബര്‍ കണികകളെ തമ്മില്‍ ബന്ധിപ്പിക്കുകയും അങ്ങനെ പാല്‍ക്കുഴലുകളുടെ മുറിവറ്റത്ത് പാല്‍ ഉറച്ചു കട്ടിയാകാനും കാരണമാവുന്നു. ഇപ്രകാരം റബ്ബര്‍ പാലിന്‍റെ ഒഴുക്ക് നിലയ്ക്കുന്നു. അമ്ലക്ഷാരസൂചിക അമ്ലാവസ്ഥയിലാവുമ്പോഴാണ് കൂടുതല്‍ ഹെവിന്‍ പ്രവര്‍ത്തിക്കുന്നത്.

ടാപ്പിംഗ് ആഴം, പട്ട നീക്കംചെയ്യുന്ന അളവ്, പുതുപ്പട്ട ഉണ്ടാവല്‍:
കൂടുതല്‍ പാല്‍ക്കുഴലുകളും കാംബിയത്തിനടുത്ത് കേന്ദ്രീകരിച്ചിരിക്കുന്നതിനാല്‍ കാംബിയത്തിനോട് ചേര്‍ന്ന് ഒരു മി.മീറ്ററില്‍ കുറഞ്ഞ ആഴത്തില്‍ ടാപ്പു ചെയ്യുമ്പോഴാണ് കൂടുതല്‍ വിളവ് ലഭിക്കുന്നത്. കട്ടികുറച്ചു പട്ടചെത്തി ടാപ്പു ചെയ്യുക എന്നത് ടാപ്പ് ചെയ്യുന്ന വ്യക്തിയുടെ കഴിവിനനുസരിച്ചിരിക്കും. ഏറ്റവും അനുസൃതമായ വിളവ് ലഭിക്കാന്‍ വര്‍ഷത്തില്‍ 20-23 സെ.മീ. വീതി എന്ന കണക്കില്‍ തൊലി നീക്കം ചെയ്യുന്നതാണ് നല്ലത്. ഇത് രണ്ടു ദിവസത്തിലൊരിക്കല്‍ ചുറ്റളവിന്‍റെ പകുതി നീളത്തില്‍ (ട/2 ഉ/2) ടാപ്പ് ചെയ്യുന്ന രീതിയാണ്. വിശ്രമമില്ലാതെ ടാപ്പ്  ചെയ്യാവുന്ന കാംബിയത്തിന്‍റെ പ്രവര്‍ത്തനം മൂലമാണ് പുതുപ്പട്ട ഉണ്ടാവുന്നത്. ഇത് ചെടിയുടെ ജന്മനായുള്ള ജനിതക സ്വഭാവത്തേയും, മണ്ണ്, കാലാവസ്ഥ, ടാപ്പിംഗ് രീതി, ടാപ്പിംഗിന്‍റെ കടുപ്പം എന്നിവയെയും ആശ്രയിച്ചിരിക്കും. ഒരു വെട്ടുകാരന്‍ ഒരു ദിവസം ടാപ്പ് ചെയ്യുന്ന മരത്തിന്‍റെ എണ്ണം (ടാപ്പിംഗ് ടാസ്ക്) ഇന്ത്യയില്‍ 300 ആണെങ്കില്‍ മറ്റു രാജ്യങ്ങളില്‍ 400-500 മരമാണ്.

ടാപ്പിംഗിനുള്ള സമയവും പാത്രങ്ങളും:
അതിരാവിലെ ടാപ്പ് ചെയ്യുന്നതാണ് നല്ലത്. വൈകി ടാപ്പ് ചെയ്യുന്നത് മരത്തില്‍ പാലിന്‍റെ ഒഴിക്കിനെ പ്രതികൂലമായി ബാധിക്കും. പട്ട കുറഞ്ഞ തോതില്‍ നീക്കം ചെയ്ത് ഉയര്‍ന്ന ടാപ്പിംഗിന് 'മിഷിഗോളെഡ്ജ്' കത്തി ഉപയോഗിക്കുന്നതാണ് നല്ലത്. മലേഷ്യയില്‍ ഉപയോഗിച്ചുവരുന്ന ജെബോഗ് കത്തി ഉയരത്തില്‍ കൂടുതല്‍ മരം ടാപ്പ് ചെയ്യാന്‍ സഹായിക്കുന്നു. യന്ത്രവല്‍കൃത ടാപ്പിംഗ് ഉപകരണങ്ങള്‍ നിലവിലുണ്ടെങ്കിലും പ്രചാരത്തില്‍ വന്നില്ലെന്നുമാത്രം.

വിളവ് ഉത്തേജിപ്പിക്കല്‍: 
റബ്ബര്‍ മരങ്ങളിലെ കറ ഉല്‍പ്പാദനത്തെ ഉത്തേജിപ്പിക്കാന്‍ എത്തീലിന് സാധിക്കും. ചില രാസവസ്തുക്കള്‍ സസ്യകലകളില്‍ എത്തിലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ പ്രലോഭിപ്പിക്കുന്നു. എന്നാല്‍ ചിലതു സ്വയം വിഘടനം നടത്തി എത്തിലിന്‍ ഉല്‍പ്പാദിപ്പിക്കാറുണ്ട്. ഇവ നല്ല ഉത്തേജകങ്ങളാണ്. എത്താഡ് (ആര്‍.) എന്ന രാസവസ്തു ആര്‍.ആര്‍.ഐ.എം. വികസിപ്പിച്ചെടുത്തതാണ്. ഇതില്‍ എത്തിലിന്‍ ഗ്യാസ് ഒരു പൊടിച്ച വസ്തുവില്‍ ആഗീരണം ചെയ്ത് ഒരുതരം വഴുവഴുത്ത വാഹകവുമായി ചേര്‍ത്തിരിക്കുകയാണ്. ഉത്തേജകം ഉപയോഗിക്കുമ്പോള്‍ ഇത് പാല്‍ക്കുഴലുകള്‍ അടയുന്നതിന്‍റെ തീവ്രത കുറച്ചു പാലൊഴുകുന്ന സമയം നീട്ടുകയാണ് ചെയ്യുന്നത്. 

റബ്ബര്‍മരത്തില്‍ പലവിധത്തില്‍ ഈ ഔഷധം ഉപയോഗിക്കാം. പുതുപ്പട്ടയുടെ 1.5 സെ.മീ. വീതിയുള്ള ഖണ്ഡത്തില്‍ ഔഷധം ഉപയോഗിക്കുക, പട്ടയില്‍ നേരിട്ട് ഉപയോഗിക്കുക, ഒട്ടുപാല്‍ നീക്കം ചെയ്തതിനുശേഷം ചാലുകളില്‍ ഉപയോഗിക്കുക, ഒട്ടുപാലിന് മുകളില്‍ ഉപയോഗിക്കുക, ചാലുകള്‍ രൂപഭേദം വരുത്തി ഉപയോഗിക്കുക എന്നിങ്ങനെയാണ് ഉപയോഗിക്കുന്ന വ്യത്യസ്ത രീതികള്‍. 5 സെ.മീ. വീതിയില്‍ പട്ടയിലെ മൊരി ചുരണ്ടി കളഞ്ഞതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് വെട്ടുചാലില്‍ എത്തിഫോണ്‍ പുരട്ടാം. 5% വീര്യമുള്ള എത്തിഫോണ്‍ ആണ് കൂടുതല്‍ ഫലപ്രദം. 10% വീര്യമുള്ളതിനെ പാമോയില്‍ വെളിച്ചെണ്ണ, പെട്രോളിയം ജെല്ലി എന്നിവ ഉപയോഗിച്ചു നേര്‍പ്പിച്ച് 5% വീര്യമുള്ളതാക്കാം. രണ്ടാമത്തെ പാനലിന്‍റെ ഒന്നാമത്തെ പുതുപ്പട്ടയില്‍ (ആ1-2) വര്‍ഷത്തില്‍ മൂന്ന് പ്രാവശ്യവും, ഒന്നാമത്തെ പാനലിന്‍റെ ഒന്നാമത്തെ പുതുപട്ടയില്‍ (ആ1-2) ഉത്തേജകം പുരട്ടേണ്ടതാണ്. ആദ്യത്തെ 2-3 വേനല്‍ മഴ കഴിഞ്ഞശേഷമാണ് ആദ്യത്തെ പുരട്ടല്‍ ചെയ്യേണ്ടത്. തുടര്‍ന്നുള്ളത് സെപ്റ്റംബര്‍-നവംബര്‍ മാസങ്ങളില്‍ ചെയ്യാവുന്നതാണ്. തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തില്‍ കൂടുതല്‍ എത്തിഫോണ്‍ ഉപയോഗിച്ചാല്‍ വിളവില്‍ ഗണ്യമായ കുറവ് അനുഭവപ്പെടും.

റബ്ബര്‍ സംസ്കരണം: 
ടാപ്പിങ് കഴിഞ്ഞ് ഒഴുകിവരുന്ന റബ്ബര്‍പാല്‍ ഒരു ചില്ലു വഴി വയറുകൊണ്ടോ ആണികൊണ്ടോ ഹാംഗര്‍ വഴിയോ ഘടിപ്പിച്ച പാത്രത്തിലേക്കു ശേഖരിക്കുന്നു. സധാരണ ചിരട്ടയോ പോളിത്തീന്‍ കപ്പുകളോ ആണ് ഇതിനായി ഉപയോഗിക്കുന്നത്. 2-3 മണിക്കൂറിനുശേഷം ഇപ്രകാരം ശേഖരിച്ച പാല്‍ വൃത്തിയുള്ള ബക്കറ്റുകളിലേക്ക് ഒഴിച്ചെടുക്കുന്നു. ഇതിനുപകരം 0.04 മി.മീ. ഗേജ് കനമുള്ള പോളിത്തീന്‍ ബാഗില്‍ ടാപ്പിംഗിന്‍റെ പാല്‍ രണ്ടോ മൂന്നോ ആഴ്ചവരെ ഒന്നിച്ചു ശേഖരിക്കും. ഇതില്‍ പാല്‍ സ്വയം ഉറകൂടാന്‍ അനുവദിക്കുകയും ചെയ്യുന്ന മറ്റൊരു രീതിയും പ്രചാരത്തിലുണ്ട്.

തോട്ടത്തില്‍നിന്നു സാധാരണ 80% വിളയും കറയായിട്ടാണ് എടുക്കാറ്. വെട്ടുചാലില്‍ ഒട്ടിക്കിടക്കുന്ന കറ (ഒട്ടുപാല്‍), കപ്പില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് (ഷെല്‍സ് ക്രാപ്) എന്നിവ ടാപ്പ് ചെയ്യുന്നതിനു മുമ്പ് ടാപ്പ് ചെയ്യുന്ന വ്യക്തി ഒരു ബക്കറ്റില്‍ ശേഖരിക്കാറുണ്ട്. ടാപ്പ് ചെയ്യുമ്പോള്‍ നിലത്തു വീണുപോയതും, കവിഞ്ഞൊഴുകുന്നതുമായ കറ ഉണങ്ങി (എര്‍ത്ത് സ്ക്രാപ്) അത് മാസത്തിലൊരിക്കല്‍ സ്ക്രാപ്പായി ശേഖരിക്കാറുണ്ട്. മൊത്തം വിളയുടെ 15-20% വരുന്ന ഒട്ടുപാല്‍, ഷെല്‍സ് ക്രാപ്പ് എര്‍ത്ത് എന്നിവയെല്ലാം കൂടി ഫീല്‍ഡ് കൊയാഗുലം എന്നാണു പറയുന്നത്.

വിവിധതരത്തില്‍ തോട്ടത്തില്‍നിന്ന് കിട്ടുന്ന വിളവ് ബാക്ടീരിയപോലുള്ള സൂക്ഷ്മജീവികളാല്‍ മലിനീകരിക്കപ്പെടുന്നതിനാല്‍ എത്രയും പെട്ടെന്ന് സംസ്കരിക്കുകയാണെങ്കില്‍ ഭദ്രമായി സൂക്ഷിക്കാനും വിപണിയിലിറക്കാനും സാധിക്കും. ഫീല്‍ഡ് കൊയാഗുലം ക്രീപ് അഥവാ ബ്ലോക് റബ്ബര്‍ എന്ന രൂപത്തില്‍ മാത്രമേ സംസ്കരിക്കാന്‍ കഴിയൂ.

ഷീറ്റ് റബ്ബര്‍: 
അനുയോജ്യമായ പാത്രത്തില്‍ റബ്ബര്‍ പാലൊഴിച്ച് അസെറ്റിക് ആസിഡ്/ഫോര്‍മിക് ആസിഡ് ചേര്‍ത്ത് പാല്‍ തരിപ്പിച്ചു കനക്കുന്ന കട്ടികളാക്കിയശേഷം റോളറുകള്‍ക്കിടയിലിട്ട് ഷീറ്റാക്കുന്നു. ആദ്യം മിനുസമുള്ള (ഗ്രൂം) റോളറുകള്‍ക്കിടയിലിട്ട് പരുപരുത്ത ഷീറ്റാക്കുന്നു. തരിപ്പിക്കുന്നതിനു മുമ്പായി നേര്‍പ്പിച്ച 4 ലിറ്റര്‍ കറയില്‍ അര കി.ഗ്രാം ഖരപദാര്‍ത്ഥം (ഡി.ആര്‍.സി.) എന്ന തോതില്‍ പാലില്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിക്കുന്നു. ഒരു കി.ഗ്രാമിന് 1.2 ഗ്രാം എന്ന കണക്കില്‍ സോഡിയം ബൈ സള്‍ഫേറ്റ് ചേര്‍ത്താല്‍ ഉറഞ്ഞ കറയുടെ മുകളില്‍ ഉണ്ടാവുന്ന കറുത്ത പാടുകള്‍ ഒഴിവാക്കാം. ഉറഞ്ഞ കറയും ഷീറ്റാക്കിയ റബ്ബറും നന്നായി കഴുകണം. പൂപ്പല്‍ വരാതിരിക്കാന്‍ 0.05-0.1% വീര്യമുള്ള പാരാനൈട്രോ ഫിനോള്‍ ഷീറ്റില്‍ ഉപയോഗിക്കാം. നനഞ്ഞ ഷീറ്റ് തണലത്ത് വെള്ളം വാര്‍ന്നുപോവാന്‍ തൂക്കിയിടണം. ഉണക്കുന്ന രീതിയനുസരിച്ച് ഷീറ്റിനെ പുകയില്‍ ഉണക്കിയത് (റിബ്ഡ് സ്മോക്ക് ഷീറ്റ്) എന്നും കാറ്റില്‍ ഉണക്കിയ ഷീറ്റ് (എയര്‍ ഡ്രയ്ഡ് ഷീറ്റ്) എന്നും തരംതിരിക്കാം. സാധാരണ പുകയിടലാണ് ചെയ്യാറുള്ളത്. 4-6 ദിവസം വരെ പുകപ്പുരയിലാണ് പുകയിടുന്നത്. എല്ലാം ഒരുപോലെ പുകയ്ക്കാനും ഉണക്കാനും വേണ്ടി എല്ലാ ദിവസവും അയയില്‍ ഷീറ്റ് തിരിച്ചും മറിച്ചും ഇടും. കാറ്റിലുണക്കിയ ഷീറ്റിനു നല്ല നിറമുള്ളതിനാല്‍ നല്ല വിലയും ലഭിക്കും. കണ്‍മതിയനുസരിച്ചുള്ള ഗ്രേഡിംഗ് സമ്പ്രദായമാണ് അവലംബിക്കുന്നത്. റബ്ബര്‍ ഷീറ്റ് വെളിച്ചത്തിന് എതിരായി പിടിച്ചുനോക്കി കേടുകള്‍ മനസ്സിലാക്കിയാണ് തരം തിരിക്കല്‍ അഥവാ ഗ്രേഡിംഗ് ചെയ്യുന്നത്. മൊത്തം ആറ് ഗ്രേഡുകളാണ് ഉള്ളത്. ആര്‍.എസ്.എസ്.ആര്‍.എസ്എസ് 1, ആര്‍.എസ്.എസ്. 2, ആര്‍.എസ്.എസ്. 3, ആര്‍.എസ്.എസ്. 4, ആര്‍.എസ്.എസ്. 5 എന്നിങ്ങനെ ആറ് ഗ്രേഡുകള്‍. ഗ്രേഡിംഗ് കഴിഞ്ഞ് 50 കി.ഗ്രാം തൂക്കമായ കെട്ടുകളാക്കിയാണ് ഇവ വിപണനം ചെയ്യുന്നത്.

ക്രീപ്പ് റബ്ബര്‍: 
ഉറഞ്ഞ പാലോ ഏതെങ്കിലും രീതിയിലുള്ള ഫീല്‍ഡ് കൊയാഗുലമോ ചുരുങ്ങിയത് 3 മില്ലുകളുടെ ഭാരമേറിയ റോളറുകള്‍ക്കിടയിലൂടെ കടത്തിവിട്ടാല്‍ ചുരുങ്ങിയ നാടപോലുള്ള റബ്ബര്‍ കിട്ടും. ഇതിനെ കാറ്റിലുണക്കിയാണ് ക്രീപ് റബ്ബര്‍ ഉല്‍പ്പാദിപ്പിക്കുന്നത്. ഇതും കണ്‍മതിയനുസരിച്ചാണ് തരംതിരിവ്. ഇത് ഉല്‍പ്പാദിപ്പിക്കാനെടുത്ത വസ്തുവിന്‍റെ തരമനുസരിച്ച് പലതരം ക്രീപ് റബ്ബറുകള്‍ ഉണ്ട്.

പ്രീ-കൊയാഗുലേറ്റഡ് ക്രീപ്പ് (മുന്നേ തരിപ്പിച്ച ക്രീപ്പ്): 
തോട്ടത്തില്‍നിന്നും ശേഖരിച്ച കറ അരിച്ച്, 20% (ഡി.ആര്‍.സി.) ആയി ലയിപ്പിച്ച് യൂറോബ്ലീച്ചുമായി ബ്ലീച്ചുചെയ്ത് ഒരുമിച്ച് ആക്കുന്നു. ആവശ്യമില്ലാത്ത നിറം കൊടുക്കുന്ന വസ്തുക്കളെ നീക്കം ചെയ്യുന്നതിനായി കുറച്ച് ആസിഡ് ചേര്‍ത്ത് കറ ഭാഗികമായി ഉറ കൂട്ടുന്നു. ഇത് വീണ്ടും അരിച്ച് നേരത്തേ ഉറഞ്ഞ ഭാഗം മാറ്റി കുറച്ചുകൂടി ആസിഡൊഴിച്ച് പൂര്‍ണമായി ഉറ കൂട്ടുന്നു. ഇതിനെ ഒരു മാസറേറ്ററും, പിരികളുള്ള ഇടത്തരം ക്രീപ്പറും, ഒരു പിരിയില്ലാത്ത അവസാനത്തെ ക്രീപ്പറും ഉള്ള ക്രീപ്പിംഗ് മെഷീനില്‍ കൂടി കടത്തിവിട്ട് ഘനം കുറഞ്ഞ ക്രീപ്പുകളാക്കുന്നു. ഇതു ശരിയായ തോതില്‍ ഉണക്കി കെട്ടുകളാക്കുന്നു.

സോള്‍ ക്രീപ്പ്: 
മുമ്പേ ഉറകൂട്ടിയ തെരഞ്ഞെടുത്ത ക്രീപ്പ് ശരിയായ വലിപ്പത്തില്‍ മുറിച്ച് ഒന്നിനു മുകളില്‍ ഒന്നായി അടുക്കി കയ്യുറ ഉപയോഗിച്ച് നന്നായി അമര്‍ത്തണം. ലോഹം മുകളില്‍ പതിച്ച മേശയില്‍ ഇതു വച്ചു ചൂടുവെള്ളം വേഗത്തില്‍ കടത്തിവിട്ട് നന്നായി ചൂടാക്കി വീണ്ടും റോളര്‍ ഉപയോഗിച്ച് അമര്‍ത്തി സോള്‍ ക്രീപ്പാക്കുന്നു.

പെയില്‍ ലാറ്റക്സ് ക്രീപ്പ്: 
റബ്ബര്‍പാല്‍ അരിച്ചെടുത്ത് നേര്‍പ്പിച്ച് (20%) ഉറ കൂടിയ കറ യൂറോബ്ലീച്ചും സോഡിയം ബൈസള്‍ഫൈറ്റുമായി ചേര്‍ത്ത് ക്രീപ്പിംഗ് മെഷീന്‍ ഉപയോഗിച്ച് മില്ല് ചെയ്ത് എടുക്കുന്നു. ഇതു കാറ്റത്തിട്ട് ഉണക്കി 4 ഗ്രേഡാക്കി തരംതിരിച്ച് പാക്ക് ചെയ്യുന്നു.

എസ്റ്റേറ്റ് ബ്രൗണ്‍ ക്രീപ്പ്: 
കപ്പില്‍ ഉറഞ്ഞ പാലും, വിവിധ തരം ഫീല്‍ഡ് കൊയാഗുലവും 24 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് പൊടികള്‍ നീക്കം ചെയ്ത് ക്രീപ്പിംഗ് മെഷീന്‍ ഉപയോഗിച്ച് മില്ല് ചെയ്യുക. ഇത് കാറ്റത്തുണക്കി 4തരം ഗ്രേഡുകളാക്കി പാക്ക് ചെയ്യുന്നു.

റമിറ്റഡ് ക്രീപ്പ്: 
ഉറഞ്ഞ പാല്‍, പുകയിടാത്ത ഷീറ്റ്, കപ്പില്‍ ഉറഞ്ഞ പാല്‍ ഇതെല്ലാം ക്രീപ്പിംഗ് മെഷീനുപയോഗിച്ച് മില്ല് ചെയ്ത് കാറ്റത്ത് ഉണക്കി, 3 തരം ഗ്രേഡുകളാക്കി പായ്ക്ക് ചെയ്യുന്നു.

പുതച്ച കമ്പിളി ക്രീപ്പ്: 
പുകച്ച റിബ്ഡ് ഷീറ്റോ അതിന്‍റെ കഷണങ്ങളോ സംസ്കരിച്ച്, മില്ല് ചെയ്ത്, ഉണക്കി, പായ്ക്ക് ചെയ്യുന്നു.

ഫ്ളാറ്റ് ബാര്‍ക്ക് ക്രീപ്പ്: 
എല്ലാ മോശം ഗ്രേഡുകളിലുള്ള സ്ക്രാപ്പുകളും എര്‍ത്ത് സ്ക്രാപ്പും സംസ്കരിച്ച് എസ്റ്റേറ്റ് ബ്രൗണ്‍ ക്രീപ്പ് ഉണ്ടാക്കുന്നു.
പ്രകാശഭേദ്യമായ റബ്ബര്‍ക്കറയ്ക്ക് വെളുപ്പോ ഇളംമഞ്ഞയോ നിറമാണ് ഉള്ളത്. റബ്ബര്‍ക്കറയുടെ ആപേക്ഷികസാന്ദ്രത 0.974-നും 0.986-നും ഇടയ്ക്കായിരിക്കും. നേര്‍ത്ത ലിപ്പോഫിലിക് കൊളോയ്ഡ് രൂപത്തില്‍ വൃത്താകാരമോ കൂര്‍ത്തതോ ആയ അതിസൂക്ഷ്മങ്ങളായ റബ്ബര്‍ കണികകള്‍ ഒരു ജലീയ ദ്രാവകത്തില്‍ തങ്ങിക്കിടക്കുന്നതാണ് റബ്ബര്‍ പാല്‍. മാംസ്യത്തിന്‍റെയും ഫോസ്ഫോലിപിഡിന്‍റെയും സംരക്ഷണവലയം റബ്ബര്‍ കണികകള്‍ക്ക് ഒരു ലിപോഫിലിക് പ്രത്യേകത നല്‍കുന്നു. ഇതിന്‍റെ സ്ഥിരതയ്ക്ക് കാരണമാവുന്നത് സംരക്ഷണ വലയത്തിലുള്ള നെഗറ്റീവ് ചാര്‍ജുകളാണ്. റബ്ബര്‍ക്കറയില്‍ റബ്ബറിതര ജൈവികവും അജൈവികവുമായ ഘടകങ്ങള്‍ ഉണ്ട്. ഇതിന്‍റെ അനുപാതം, ക്ലോണ്‍, കാലാവസ്ഥ, പോഷകം എന്നിവയെ ആശ്രയിച്ചിരിക്കും. റബ്ബര്‍ കൂടാതെ കറയില്‍ ലൂടോയ്ഡ്, ഫ്രേ-വിസ്ലിംഗ് തുടങ്ങിയ വസ്തുക്കളും കാണാം. ടാപ്പിംഗ് കഴിഞ്ഞ് പാല്‍ക്കുഴലുകളിലൂടെ ഒഴുകുന്ന പാലിന്‍റെ ഒഴുക്ക് നിര്‍ത്തലാണ് ലൂട്ടോയ്ഡിന്‍റെ ജോലി. റബ്ബര്‍ പാലിലെ ഘടകങ്ങള്‍ 30-40% റബ്ബര്‍, 2-2.5% മാംസ്യം, 07-0.9% ധാതുക്കള്‍-ക്ഷാരം, (1-2%) റസിന്‍, 1-1.5% പഞ്ചസാര, 56-65% ജലം എന്നിവ ആണ്.
ശുദ്ധമായ റബ്ബര്‍ പാല്‍ ക്ഷാരം അല്ലെങ്കില്‍ ന്യൂട്രല്‍ അമ്ലക്ഷാര സൂചികയിലാണ് കാണുക. ബാക്ടീരിയയുടെ പ്രവര്‍ത്തനം മൂലം ഇത് അമ്ലതയിലേക്ക് മാറാം. ഇതുമൂലം ഉണ്ടാകുന്ന ഓര്‍ഗാനിക് ആസിഡ് റബ്ബര്‍ കണികകളിലെ നെഗറ്റീവ് ചാര്‍ജ് ഇല്ലാതാക്കുകയും പാല്‍ ഉറഞ്ഞു പോവുകയും ചെയ്യുന്നു. കടുംവെട്ടു നടത്തിയാല്‍ കറയിലുള്ള റബ്ബറിന്‍റെ അംശം കുറയും. സാധാരണ രീതിയില്‍ ദിവസവും വെട്ടുന്ന മരത്തില്‍നിന്നുള്ള കറയേക്കാള്‍ സ്ലോട്ടര്‍ ടാപ്പിംഗ് നടത്തുന്ന മരത്തിന്‍റെ കറയില്‍ 20-25% കുറവാണ് റബ്ബറിന്‍റെ (DRC) അളവ്.

റബ്ബര്‍ സൂക്ഷിപ്പ് (പ്രിസേര്‍വ്ഡ് ഫില്‍ഡ് ലാറ്റക്സ്): 
ഒരു ശതമാനം വീര്യമുള്ള അമോണിയ അല്ലെങ്കില്‍ 0.2% ബോറിക് ആസിഡ്. 0.3% ലോറിക് ആസിഡ്, 0.2% അമോണിയ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് റബ്ബര്‍ കറ സംഭരിച്ചു വയ്ക്കുന്നത്. കറയില്‍ പ്രിസര്‍വേറ്റീവ് ചേര്‍ക്കുക., ബള്‍ക്കു ചെയ്യുക, അടിയാന്‍ വയ്ക്കുക, മറ്റു സ്ഥലത്തേക്കു കൊണ്ടുപോരാന്‍ സൗകര്യത്തിനു വിവിധ വലിപ്പമുള്ള ബ്ലന്‍ഡുകളാക്കുക എന്നിവയാണ് ഇതിലെ പ്രക്രിയകള്‍.

റബ്ബര്‍ക്കറ ദൃഢീകരണം: 
പ്രിസേര്‍വ്സ് ഫീല്‍ഡ് ലാറ്റക്സില്‍നിന്നും നിശ്ചിത അളവ് ദ്രാവകം ഒഴിവാക്കി റബ്ബറിന്‍റെ അംശം കൂട്ടുകയാണ് ഇവിടെ ചെയ്യുന്നത്. പുളിങ്കുരുപ്പൊടി, സോഡിയം ആല്‍ജിനേറ്റ് തുടങ്ങിയ ക്രീമിംഗ് ഏജന്‍റുകളുമായി കറ കൂട്ടിച്ചേര്‍ത്ത് സെന്‍റിഫ്യൂഗേഷന്‍ ചെയ്യുക. 50.15% ഡി.ആര്‍.സി. (ഉണക്ക റബ്ബറിന്‍റെ അംശം) കിട്ടുന്ന രീതിയാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ ഇത് മന്ദഗതിയുള്ള ഒരു പ്രക്രിയയാണ്. എന്നാലും ചെറുകിട റബ്ബറുല്‍പ്പന്ന നിര്‍മാതാക്കള്‍ക്ക് ഇത് വലിയ കുഴപ്പമില്ലാത്ത രീതിയാണ്. സെന്‍റിഫ്യൂഗേഷന്‍ വഴി പ്രിസേര്‍വ്ഡ് ലാറ്റക്സിനെ രണ്ടു ഘടകങ്ങളാക്കുന്നു. ദൃഢീകരിച്ച കറയില്‍ 60% കൂടുതല്‍ ഉണക്ക റബ്ബറുള്ളതും 4-8% ഉണക്കറബ്ബറുള്ളതും. കൂടുതല്‍ അമോണിയ (കുറഞ്ഞത് 0.7%) കുറവ് അമോണിയ (കുറഞ്ഞത് 0.3%) എന്നീ രണ്ടു തരത്തിലാണ് സെന്‍റിഫ്യൂജ് ചെയ്ത് ലഭിക്കുന്നത്. ജോലിക്കാര്‍ക്ക് കുറഞ്ഞ ആരോഗ്യ പ്രശ്നം, കുറഞ്ഞ മലിനീകരണം, കൂടുതല്‍ ഗുണമേന്മ, കുറഞ്ഞ ഉല്‍പ്പാദനച്ചെലവ് എന്നിവ മാനിച്ച് കുറഞ്ഞ അമോണിയ ഉള്ള കറയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. പ്രിസേര്‍വ്ഡ് ലാറ്റക്സും ദൃഢീകരിച്ച് കറയും ബാരലുകളിലാണ് പാര്‍ക്ക് ചെയ്ത് സൂക്ഷിക്കുന്നത്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232364