റബ്ബര്‍ : ടാപ്പിംഗ് രീതികള്‍


ക്ലോണുകളുടെ സ്വഭാവം അനുസരിച്ച് ടാപ്പിംഗ് രീതിയില്‍ മാറ്റം വരാം. സാധാരണ ബഡ്ഡുമരങ്ങള്‍ പട്ടയുടെ ചുറ്റളവിന്‍റെ പകുതി നീളത്തില്‍ 2 ദിവസത്തിലൊരിക്കലും ബീജമരങ്ങള്‍ മൂന്നിലൊന്നു ദിവസത്തിലും ആണ് ടാപ്പ് ചെയ്യേണ്ടത്. ആര്‍.ആര്‍.ഐ.ഐ. 105, പി.ബി. 235, പി.ബി. 260, പി.ബി. 28/59 എന്നീ ക്ലോണുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ (D/2) ടാപ്പ് ചെയ്യുമ്പോള്‍ പട്ടമരപ്പ് രോഗത്തിനു വിധേയരാകുന്നു. അതിനാല്‍ ഇവയില്‍ മൂന്നു ദിവസത്തിലൊരിക്കല്‍ (D/3) എന്ന ടാപ്പിംഗ് രീതിയാണ് ഉത്തമം. കൂടുതല്‍ വിളവ് നല്‍കുന്ന ക്ലോണുകള്‍ക്കും ഈ രീതി തന്നെയാണ് നല്ലത്. ആദ്യകാലത്തില്‍ (D/2) ഉം (D/3) രീതിയും തമ്മില്‍ വിളവില്‍ വ്യത്യാസം കാണുന്നു എങ്കിലും ക്രമേണ അതു കുറഞ്ഞുവന്ന് (D/3) രീതി കൂടുതല്‍ ലാഭകരമായി കാണുന്നു.

കടുംവെട്ട്: 
പ്രായം ചെന്ന മരങ്ങള്‍ വെട്ടിനീക്കുന്നതിനു കുറച്ചു കാലം മുമ്പ് കടുംവെട്ട് സ്വീകരിക്കാം. തുടരെത്തുടരെ ടാപ്പ് ചെയ്യുക, വെട്ടുപാലിന്‍റെ എണ്ണവും ദൈര്‍ഘ്യവും കൂട്ടുക, ഉത്തേജക ഔഷധങ്ങള്‍ ഉപയോഗിച്ച് ഉല്‍പ്പാദനപ്രക്രിയയെ ഉത്തേജിപ്പിക്കുക എന്നിവയെല്ലാം കടും ടാപ്പിംഗിന് സ്വീകരിക്കാവുന്നതാണ്. ഇരട്ടചാലുകള്‍ എടുക്കുമ്പോള്‍ ഓരോന്നും തമ്മില്‍ 45 സെ.മീ. അകലം എങ്കിലും ഇടണം. രണ്ടിന്‍റെയും പാലൊഴുക്ക് കൂടി ചേരാതിരിക്കാനാണ് ഇത്.

ലാഡര്‍ ടാപ്പിംഗ്: 
അടിവശത്തുള്ള പുതുപ്പട്ടയിലെ ടാപ്പിംഗ് ആദായകരമല്ലെന്നു വരുമ്പോള്‍ ഒട്ടുബന്ധത്തിന് 180 സെ.മീറ്ററോ അതിലധികമോ ഉയരത്തില്‍ പുതിയ വെട്ടുപാല്‍ എടുക്കുന്നു. ഒരു ഏണി ഉപയോഗിച്ചാണ് ടാപ്പിംഗ് ചെയ്യുക. ഇത്തരം ടാപ്പിംഗിന് ജോലഭാരവും സമയവും കൂടുതലായതിനാല്‍ ഒരു ദിവസം ഒരാള്‍ക്ക് 135 മരങ്ങളെ ടാപ്പ് ചെയ്യാന്‍ കഴിയുള്ളൂ.

  • നിയന്ത്രിതമായ മുകള്‍വശത്തേക്കുള്ള ടാപ്പിംഗ്: ലാഡര്‍ ടാപ്പിംഗിന്‍റെ ഒരു വികസിത രൂപമാണ് ഇത്. ഇവിടെ ഏണിക്കു പകരം നീണ്ട പിടിയുള്ള ഒരു കത്തിയാണ് (ഗൂജ്കത്തി) തറനിരപ്പില്‍നിന്ന് ഉയരത്തില്‍ ടാപ്പ് ചെയ്യാന്‍ ഉപയോഗിക്കുന്നത്. തോട്ടങ്ങളില്‍ പുതുപ്പട്ടയില്‍നിന്നുള്ള വിളവ് കുറയുമ്പോള്‍ ഈ ടാപ്പിംഗ് രീതി സ്വീകരിക്കാവുന്നതാണ്.

അടിവശത്തുള്ള പുതുപ്പട്ടയുടെ തൊട്ടുമുകളില്‍ ആണ് വെട്ടുചാല്‍ എടുക്കുന്നത്. പട്ടയുടെ ചുറ്റളവിന്‍റെ നാലിലൊന്ന് നീളത്തില്‍ 45 ഡിഗ്രി ചരിച്ച് മൂന്നിലൊന്ന് ദിവസമാണ്, കൂടുതല്‍ വിളവ് തരുന്ന ക്ലോണില്‍ ടാപ്പ് ചെയ്യുന്നത്. എന്നാല്‍ ഇത് രണ്ടു ദിവസത്തില്‍ ഒരിക്കല്‍ എന്ന രീതിയിലാണ് ഇടത്തരം മുതല്‍ കുറഞ്ഞ വിളവു തരുന്ന ക്ലോണുകളില്‍ ടാപ്പ് ചെയ്യുന്നത്. 5% വീര്യമുള്ള എത്തിഫോണ്‍ എന്ന ഉത്തേജക ഔഷധം മരങ്ങളില്‍ നാടയുടെ വീതിയില്‍ ഉപയോഗിക്കാം. നിയന്ത്രിത ഉയരത്തിലുള്ള ടാപ്പിംഗില്‍ മഴക്കാലത്ത് കൂടിട്ടുമൂടി അടിപ്പട്ട ടാപ്പ് ചെയ്യുകയും വേനലില്‍ മുകള്‍വശത്തുള്ള പട്ടയും ടാപ്പ് ചെയ്യുന്നതാണ് നല്ലത്. 

മൈക്രോ ടാപ്പിംഗ്: 
ടാപ്പിംഗ് ഉയരത്തിനു താഴെ ഒരു ചെറിയ സൂചി ഉപയോഗിച്ച് ഉത്തേജിപ്പിച്ച പട്ടയുടെ ഒരു കുത്തനെയുള്ള ഖണ്ഡം (60 സെ.മീ.x 1.5 സെ.മീ) കുത്തി സുഷിരങ്ങളുണ്ടാക്കുന്ന രീതിയാണ് മൈക്രോ ടാപ്പിംഗ്. ഖണ്ഡത്തിന്‍റെ വീതിയേക്കാള്‍ കൂടുതല്‍ വീതിയുള്ള ഒരു ചില്ല് (സ്പിട്ട്) ഉപയോഗിച്ചാണ് പാല് ശേഖരിക്കുന്നത്. 4-5 ആഴ്ച കൂടുമ്പോള്‍ അടുത്തുള്ള പുതിയ ഉത്തേജിപ്പിച്ച പട്ടയിലേക്കു ടാപ്പിംഗ് വ്യാപിപ്പിക്കണം. 40-45 സെ.മീ. തടിവണ്ണം ആവുമ്പോഴേക്കും മൈക്രോടാപ്പിംഗ് ചെയ്യാന്‍ സാധിക്കും. അതിനാല്‍ സാധാരണ ടാപ്പിംഗ് തുടങ്ങുന്നതിനുമുമ്പ് മൈക്രോ ടാപ്പിംഗ് ആരംഭിക്കാനാകും.

  • ചൂടല്‍: മഴ പലപ്പോഴും ടാപ്പിംഗിനെ രൂക്ഷമായി തടസപ്പെടുത്താറുണ്ട്. തടിയില്‍ക്കൂടി ഒഴുകി വരുന്ന മഴവെള്ളം തടഞ്ഞ് വെട്ടുപാലിനെ സംരക്ഷിക്കുന്ന ചൂടലുകള്‍ ഉപയോഗപ്രദമാണ്. ചൂടല്‍ ഇടുന്നതുകൊണ്ട് 30-40 അധിക ടാപ്പിംഗ് ദിവസം ഓരോ വര്‍ഷവും ലഭിക്കാറുണ്ട്. ചൂടല്‍ ഇട്ട് ടാപ്പ് ചെയ്യുമ്പോള്‍ പട്ടചീയല്‍ രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്. അതിനാല്‍ വെട്ടുപാല്‍ സംരക്ഷിക്കുന്നതിനുള്ള ഔഷധങ്ങള്‍ പ്രയോഗിക്കണം. വര്‍ഷത്തില്‍ 25 ദിവസം ടാപ്പിംഗ് നഷ്ടപ്പെടുന്ന തോട്ടങ്ങളും 675 കി.ഗ്രാം റബ്ബര്‍ ഒരു ഹെക്ടറില്‍നിന്ന് ഒരു വര്‍ഷം ലഭിക്കാത്തവര്‍ക്കും മാത്രമാണ് ചൂടല്‍ ശുപാര്‍ശ ചെയ്യുന്നത്. തടിയില്‍ വെട്ടുചാലിനു മുകളിലായി ഒരു ചാലെടുത്താല്‍ വെട്ടുപാലിലും പട്ടയിലും വീഴുന്ന വെള്ളം തിരിച്ചു വിടാവുന്നതാണ്. ചൂടല്‍ നാല് തരത്തിലുണ്ട്. പോളിത്തീന്‍ പാവാട, ടാപ്പിംഗ് ഷേഡ്, ഗാര്‍ഡയന്‍, ടാപ്പിംഗ് ഷീല്‍ഡ് എന്നിവയാണ് പ്രചാരത്തിലുള്ളത്.

karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236662