സുഗന്ധവിളകള്‍ : ഏലം


കിഴക്കന്‍ രാജ്യങ്ങളിലെ പ്രധാന സുഗന്ധവ്യഞ്ജനമായ ഏലം (എലേറ്റേരിയ കാര്‍ഡമോമം) സുഗന്ധവ്യഞ്ജനങ്ങളുടെ രാജ്ഞി എന്നാണറിയപ്പെടുന്നത്. പൊക്കം കൂടിയ ഒരു ദീര്‍ഘകാല സസ്യത്തില്‍നിന്നും കിട്ടുന്ന ഉണങ്ങിയ കായാണ് ഏലം. ഏറ്റവുമധികം ഏലം ഉല്‍പാദിപ്പിക്കുന്നതും കയറ്റുമതി ചെയ്യുന്നതുമായ രാജ്യം ഇന്ത്യാണ്. 1997-98 കാലയളവില്‍ 72,444 ഹെക്ടര്‍ സ്ഥലത്തു നിന്നുമായി 7,900 ടണ്‍ ഏലമാണ് ഉല്‍പാദിപ്പിക്കപ്പെട്ടത്. പതിനേഴാം നൂറ്റാണ്ടിന്‍റെ അവസാനംവരെ ഏലത്തിന്‍റെ ലോകവ്യാപാരകുത്തക ഇന്ത്യയുടെ കൈകളിലായിരുന്നു. പക്ഷെ പെട്ടെന്നുതന്നെ ഇന്ത്യയുടെ ലോക വ്യാപാരത്തിലെ കുത്തക കുത്തനെ കുറഞ്ഞു വലിയ മാറ്റങ്ങളുണ്ടാക്കി. ഗ്വാട്ടിമലയാണ് ഈ രംഗത്ത് ഇന്ത്യയുടെ പ്രധാന എതിരാളി. ഇന്ത്യയുടെ ഉല്‍പാദന ക്ഷണത ഹെക്ടറിന് 149 കി.ഗ്രാം മാത്രമായിരിക്കുമ്പോള്‍ ഗ്വാട്ടിമലയുടേത് 250 കി.ഗ്രാമിനു മുകളിലാണ്.

ദക്ഷിണേന്ത്യയിലെ നിത്യഹരിത മഴക്കാടുകളാണ് 'എലേറ്റേരിയ' എന്ന ചെറിയ സസ്യകുടുംബത്തിന്‍റെ ഉത്ഭവസ്ഥാനം. ഇവിടെനിന്നും ഏലം മറ്റ് ഉഷ്ണമേഖലാ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. വന്യമായ വളര്‍ച്ചയില്‍നിന്നും ശാസ്ത്രീയമായ കൃഷിമുറകളിലേക്കുള്ള ഒരു പരിണാമഘട്ടത്തിലാണ് ഏലമിപ്പോള്‍. പരിസ്ഥിതിക്കനുസരിച്ചു പരിണാമം പ്രാപിച്ച ഇവ പ്രത്യേകം കൂട്ടമായി അതിനുള്ളില്‍തന്നെ സങ്കരണം ചെയ്ത് ഭൗമശാസ്ത്രപരമായും പരിസ്ഥിതിപരവുമായ വേര്‍തിരിവുകള്‍ കൊണ്ട് ഒറ്റപ്പെട്ടു നില്‍ക്കുന്നു. എലേറ്റേരിയ കാര്‍ഡമോമം ഇങ്ങനെ സ്വതന്ത്രമായി കൂട്ടത്തിനുള്ളില്‍ തന്നെ സ്വയം പരാഗണം (im breeding) നടക്കുന്ന ഒരു വിഭാഗമാണ്. എലേറ്റേരിയ കാര്‍ഡമോമത്തിന് രണ്ട് ഉപവിഭാഗങ്ങള്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ വലുതിനെ എലേറ്റേരിയ കാര്‍ഡമോമം മേജര്‍ എന്നും ചെറുതിനെ എലേറ്റേരിയ കാര്‍ഡമോമം മൈനര്‍ എന്നും പേരിട്ടിരിക്കുന്നു. മേജറിന്‍റെ ചെടികള്‍ ദുര്‍ലഭമായി ഗാണ്ടം മാനയാകന്ദര്‍ കുന്നുകളിലും മൈസൂരിലെ ചില പ്രദേശങ്ങളിലെ കാണപ്പെടുന്നു. ഇവയെ ലാക്സിഫ്ളോറ എന്ന പ്രാദേശിക നാമത്തില്‍ അറിയപ്പെടുന്നു. മൈനര്‍ എന്ന വിഭാഗത്തെ മൂന്നു പ്രാദേശികവിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

 • എകോടൈപ്പ് മൈനര്‍ പ്രാദേശിക വിഭാഗം - 'ട്രാവന്‍കോറിയ': തിരുവിതാംകൂര്‍, ആനമലൈ, കൂര്‍ഗ്, മൈസൂര്‍ എന്നിവിടങ്ങളിലെ ഏലകുന്നുകള്‍ ഉള്‍പ്പെടുന്നു.
 •  എകോടൈപ്പ് മൈനര്‍ പ്രാദേശികവിഭാഗം- 'ഒബ്ലോംഗേറ്റാ'.
 • എക്കോടൈപ്പ് മൈനര്‍ 'കനാരെന്‍സിസ്'. ഈ പ്രത്യേക വിഭാഗം വടക്കന്‍ കാനറയില്‍ സിര്‍സി പ്രദേശത്തു കൃഷി ചെയ്യപ്പെടുന്നു. ചരിത്രാതീതകാലം മുതല്‍ ഇന്ത്യ എലത്തിന്‍റെ ജന്മദേശമായാണ് അറിപ്പെടുന്നത്. 1800 വരെ ലോകത്തിലെ ഏലത്തിന്‍റെ മുഴുവന്‍ ഉല്‍പ്പാദനവും ദക്ഷിണേന്ത്യയിലെയും ശ്രീലങ്കയിലെയും പശ്ചിമഘട്ടത്തിലെ നിത്യഹരിത മഴക്കാടുകളില്‍ നിന്നാണ് ലഭിച്ചിരുന്നത്. ക്രിസ്തുവിനുമുമ്പ് നാലാം നൂറ്റാണ്ടില്‍ ഗ്രീസില്‍ വ്യാപാരത്തിനു നാണയത്തിനു പകരമായും ഇത് ഉപയോഗിച്ചിരുന്നു. AD 176-ല്‍ അലക്സാന്‍ഡ്രിയായില്‍ നികുതിയടക്കേണ്ട ഇന്ത്യന്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ കൂട്ടത്തില്‍ ഏലം ഉള്‍പ്പെടുത്തിയിരുന്നു. AD 1823ല്‍ പഴയ തിരുവിതാംകൂര്‍ സര്‍ക്കാര്‍ ഇന്ത്യയിലെ ഏലകൃഷിയുടെ ചുമതല ഏറ്റെടുത്തു. 1997-98 കാലയളവില്‍ ഏലകൃഷിയുടെ വിസ്തൃതി 72,444 ഹെക്ടര്‍ ആയിരുന്നു. ഇതില്‍ കേരളം (40,867 ഹെക്ടര്‍) കര്‍ണ്ണാടകം (25,686 ഹെക്ടര്‍), തമിഴ്നാട് (5,891 ഹെക്ടര്‍) എന്നിവയാണ് പ്രധാനപ്പെട്ടവ. അടുത്തകാലം വരെ ഏലത്തിന്‍റെ മുഖ്യ ഉല്‍പ്പാദനവും കയറ്റുമതിയും ഇന്ത്യയില്‍ നിന്നായിരുന്നു. എന്നാല്‍ പിന്നീട് ഗ്വാട്ടിമല ആഗോളവ്യാപാര രംഗത്ത് ഒരു പ്രധാന എതിരാളിയായി ഉയര്‍ന്നുവന്നു. ടാന്‍സാനിയാ, ശ്രീലങ്ക, എല്‍സാല്‍വഡോര്‍, വിയറ്റ്നാം, ലാവോസ്, കംബോഡിയ, പാപുവ ന്യൂഗിനിയ എന്നിവയാണ് ഏലമുല്‍പ്പാദിപ്പിക്കുന്ന മറ്റു പ്രധാന രാഷ്ട്രങ്ങള്‍. പശ്ചിമഘട്ടത്തിലെ ഉഷ്ണമേഖലാ മഴക്കാടുകളില്‍ ഏലം നന്നായി വളരുന്നു. ഈ പ്രദേശങ്ങള്‍ വടക്കേ അക്ഷാംശം 80 30ഭനും 140 30ഭ നും ഇടയിലായും 0.74-770 രേഖാംശത്തിലുമാണുള്ളത്. വടക്കുനിന്നും തെക്കോട്ടു നീണ്ടു കിടക്കുന്ന ഈ മേഖല കര്‍ണ്ണാടകയിലെ സിര്‍സി മുതല്‍ തമിഴ്നാട്ടിലെ തിരുനെല്‍വേലി വരെ 2000 കിലോ മീറ്ററോളം വ്യാപിച്ചു കിടക്കുന്നു. കിഴക്കു പടിഞ്ഞാറ് ദിശയില്‍ ഇതു വീതി കുറഞ്ഞ ഒരു ഭൂപ്രദേശമാണ്. പശ്ചിമഘട്ടത്തിലെ 600-1500 മീ. ഉയരത്തിലുള്ള പ്രദേശങ്ങളില്‍ ഇതു വ്യാപിച്ചിരിക്കുന്നു.

വിസ്തൃതി, ഉല്‍പാദനം, ഉല്‍പാദനക്ഷമത
ഇന്ത്യയിലെ ഏലകൃഷിയുടെ വിസ്തീര്‍ണ്ണം അറുപതുകളില്‍ 1.75 ലക്ഷം ഹെക്ടറില്‍ ആയിരുന്നത് 1997-98-ല്‍ 0.72 ലക്ഷം ഹെക്ടറായി കുറഞ്ഞു (പട്ടികകള്‍ 2.1ഉം 2.2). അതേസമയം ഉല്‍പ്പാദനക്ഷമത 44 കിലോ (1975-76)യില്‍ നിന്നും 149 കി.ഗ്രാം (1997-98) ആയി ഉയര്‍ന്നു.

ലോകവ്യാപാരം
നമ്മുടെ രാജ്യത്തെ ഉപഭോഗം: സൗദി അറേബ്യ കഴിഞ്ഞാല്‍ ചെറിയ ഏലത്തിന്‍റെ രണ്ടാമത്തെ ഏറ്റവും വലിയ ഉപഭോക്ത രാഷ്ട്രമാണ് ഇന്ത്യ. 2005-ല്‍ ചെറിയ ഏലത്തിന്‍റെ ഇന്ത്യയിലെ ഉപഭോഗം 12,500 ടണ്‍ ആയി ഉയരാനാണ് സാധ്യത.

 • കയറ്റുമതി: 1986-87 വരെ ഇന്ത്യയുടെ ഏല വ്യവസായം പ്രധാനമായും കയറ്റുമതിയെ ആധാരമാക്കിയുള്ളതായിരിന്നു. അന്നത്തെ ഉല്‍പ്പാദനമായ 4700 ടണ്ണിന്‍റെ 70%ഉം കയറ്റുമതി ചെയ്ത് ഇന്ത്യ ഉല്‍പ്പാദനത്തിലും കയറ്റുമതിയിലും ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 1970-71 കാലയളവില്‍ 3,500 ടണ്‍ ഏലം കയറ്റുമതി ചെയ്തെങ്കിലും 1987-88 കാലയളവില്‍ കയറ്റുമതി എക്കാലത്തേയും കറുത്ത അളവായ 180 ടണ്‍ മാത്രമായിരുന്നു. ഗ്വാട്ടിമലയില്‍ നിന്നുള്ള മല്‍സരമായിരുന്നു ഇതിനു കാരണം.

1981-83 കാലഘട്ടത്തിലെ അപ്രതീക്ഷിതമായ വരള്‍ച്ചമൂലം ഇന്ത്യയിലെ ഏലത്തോട്ടങ്ങളുടെ 60% വും നശിക്കുകയുണ്ടായി. തന്മൂലം 1981-82ലെ കയറ്റുമതി 2320 ടണ്‍ ആയിരുന്നത് 1983-84 കാലയളവില്‍ 260 ടണ്‍ ആയി കുത്തനെ കുറഞ്ഞു. ഈ കാലയളവില്‍ അന്തര്‍ദേശീയ തലത്തില്‍ ഏലത്തിന്‍റെ വിലയില്‍ നല്ല വര്‍ധനയുണ്ടാവുകയും ആഗോളവ്യാപാരത്തില്‍ ഇന്ത്യയുടെ കുത്തകഗ്വാട്ടിമാല കൈയടക്കുകയും ചെയ്തു. സൗദി അറേബ്യ, അറബിരാഷ്ട്രങ്ങള്‍, യൂറോപ്പ്, ജപ്പാന്‍ എന്നിവയാണ് ഏലത്തിന്‍റെ പ്രധാന ഉപഭോക്താക്കള്‍.

സസ്യശാസ്ത്രം
സസ്യശാസ്ത്രപരമായി 'സിറ്റോമിനേ' ഓര്‍ഡറില്‍ വരുന്ന 'സിഞ്ചിബറേസി' കുടുംബത്തില്‍ പെട്ടതാണ് ഏലം (എലേറ്റേരിയ കാര്‍ഡമോമം). ഒരു ചിരസ്ഥായിയായ ചെറുചെടിയായ ഏലത്തിന് (2-5 മീ. ഉയരം) മണ്ണിനടിയില്‍ ഭൂകാണ്ഡവും (തട) മണ്ണിനു മുകളില്‍ കപടകാണ്ഡവും ആണുള്ളത്. ഈ കപടകാണ്ഡം ഇലപ്പോളകള്‍ ചേര്‍ന്നാണുണ്ടായിരിക്കുന്നത്. കാണ്ഡത്തില്‍നിന്നും പുറത്തു വരുന്ന സമയം മുതല്‍ 18 മാസം വരെ കന്നിന്‍റെ (കാനി) വളര്‍ച്ച തുടരുന്നു. ഏതാണ്ട് ഒരു വര്‍ഷം പ്രായമെത്തുമ്പോള്‍ ജൂണ്‍-ജൂലൈ മാസങ്ങളിലാണ് കന്നുകളുടെ വളര്‍ച്ച ഏറ്റവും കൂടുന്നത്. ഇതില്‍ 89% ത്തിലും പ്രത്യുല്‍പ്പാദന മുകുളങ്ങള്‍ (പൂങ്കുല) ഉണ്ടാവുന്നു. കാനികള്‍ക്ക് വളര്‍ച്ചയെത്തുന്നതിന് 10-12 മാസം വേണ്ടിവരുമെന്ന് ഇതില്‍നിന്നു മനസിലാക്കാം.

മണ്ണിനടിയിലെ കാണ്ഡത്തില്‍ നിന്നുമുണ്ടാകുന്ന നീണ്ടു വളര്‍ന്നുകൊണ്ടിരിക്കുന്ന തണ്ടില്‍ (ശരങ്ങള്‍) ആണു പൂക്കള്‍ ഉണ്ടാകുന്നത്. ഇവ മണ്ണിനു മുകളിലേക്കു വളരുന്നു. ഏഴാം മാസം വരെ പൂങ്കുലയുടെ വളര്‍ച്ച നടക്കും. ഏപ്രില്‍ മാസത്തിലാണ് പൂങ്കുലയുടെ വളര്‍ച്ച ഏറ്റവും കൂടതല്‍ ത്വരിതപ്പെടുന്നത്. അതിനു മുമ്പും ശേഷവും വളര്‍ച്ചയുടെ ഗതി സാവധാനത്തിലായിരിക്കും. പൂങ്കുലയുടെ വളര്‍ച്ചാ രീതിയും കായിന്‍റെ ആകൃതിയും വലിപ്പവും കൃഷിചെയ്യപ്പെടുന്ന ഓരോ ഇനത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നു. പൂക്കള്‍ ഓരോന്നും ദ്വിലിംഗികളാണ്. ഞെട്ടിനോടു ചേര്‍ന്നുള്ള സഹപത്രങ്ങള്‍ നീളത്തിലുള്ളതും ഏറെക്കാലം നിലനില്‍ക്കുന്നതുമാണ്. മൂന്നുവീതം ദളങ്ങളും വിദളങ്ങളും ഉണ്ടായിരിക്കും. ഇതില്‍ ഒന്ന് നീളത്തില്‍ വയലറ്റു നിറത്തിലുള്ള കാര്‍പ്പലോടൊപ്പം കാണുന്നു. പിന്നീട് കായ് ആയി രൂപം പ്രാപിക്കുന്ന ഉള്ളറകള്‍ ഉള്ള അണ്ഡാശയത്തിനുള്ളില്‍ വിത്ത് ആയി പരിണമിക്കാവുന്ന ധാരാളം അണ്ഡങ്ങള്‍ ഉണ്ടാകും.

പുതിയ തണ്ടുകളിലും മുന്‍കൊല്ലത്തെ ശരങ്ങളിലുമായി വര്‍ഷം മുഴുവനും പൂക്കള്‍ കാണപ്പെടുന്നു. എന്നാല്‍ പൂവിടല്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ആറു മാസങ്ങളിലാണ്. പൂമൊട്ടുകള്‍ രൂപം കൊണ്ടശേഷം പൂക്കള്‍ പൂര്‍ണമായി വിരിയുന്നതിന് 26-34 ദിവസം വേണ്ടിവരും. പൂക്കള്‍ പൂര്‍ണമായി വിരിഞ്ഞു കായ്കള്‍ വളര്‍ന്നു മൂപ്പെത്തുവാന്‍ 110-120 ദിവസം എടുക്കുന്നു.

ദിവസാരംഭത്തിലെ ആദ്യ മണിക്കൂറികളിലാണ് ഏറ്റവും കൂടുതല്‍ പൂക്കള്‍ വിടരുന്നത്. കര്‍ണ്ണാടകത്തിലെ മുടീഗിരി പ്രദേശങ്ങളില്‍ വെളുപ്പിന് 3.30 മുതല്‍ 7.30 വരെയാണ് പൂ വിരിയുന്ന സമയം. പൂ വിരിഞ്ഞയുടനെ മൂന്നരമുതല്‍ ഏഴരമണി വരെ പരാഗസ്ഫുടനം നടക്കുന്നു. രാവിലെ 5.30 മുതല്‍ 6.30 വരെയാണ് ഏറ്റവും കൂടുതല്‍ പരാഗരേണുക്കള്‍ വ്യാപിക്കപ്പെടുന്നത്. പരാഗരേണുക്കള്‍ ഉരുണ്ടതും ശരാശരി 876 മൈക്രോണ്‍ വലിപ്പത്തില്‍ കാണപ്പെടുകയും ചെയ്യുന്നു.
പ്രത്യക്ഷത്തില്‍ 85.2% പരാഗരേണുക്കളും ബീജസംയോജത്തിനു പാകമായി കാണപ്പെടുന്നുണ്ടെങ്കിലും 20% സുക്രോസും 1% പഞ്ചസാര ലായനിയും ചേര്‍ത്ത് ഉണ്ടാക്കിയെടുത്ത മാധ്യമത്തില്‍ മുളപ്പിക്കല്‍ നടത്തിയ പരീക്ഷണങ്ങളില്‍നിന്നും 70% മാത്രം മുളക്കുന്നതായാണ് കണ്ടെത്തിയത്. പരാഗരേണുക്കളുടെ ജീവന പരാഗരേണുക്കള്‍ മാത്രമേ രണ്ടു മണിക്കൂര്‍ സംഭരണത്തിനുശേഷം ജീവനുള്ളവയായി കാണപ്പെട്ടുള്ളൂ.

6-8 മണിക്കൂര്‍ സൂക്ഷിച്ചു വയ്ക്കുമ്പോള്‍ അവയുടെ ജീവനക്ഷമത പൂര്‍ണമായും നഷ്ടപ്പെടുന്നതായാണ് കണ്ടെത്തിയത്. ഏലത്തിന്‍റെ മൂന്നിനങ്ങളുടെയും പൂമ്പൊടിയിലെ പരാഗരേണുക്കള്‍ ഉരുണ്ടതും ക്രീം നിറമുള്ളതുമാണ്. മൈസൂറിനത്തിന്‍റെ പരാഗരേണുക്കള്‍ ഏറ്റവും വലിപ്പം കൂടിയതും വഴുക്കയുടേത് ഏറ്റവും ചെറുതുമാണ്.
ഏലം ഒരു ദ്വിലിംഗ പുഷ്പമാണെങ്കിലും ഇതിനു സ്വസംയോജനം നടക്കുന്നില്ല. ഏലത്തിലെ പരപരാഗണം പ്രധാനമായും തേനീച്ചവഴിയാണ്. (എപിസ് സെറാനയും എപിസ് ഡോള്‍ ഡേറ്റയും) സാധ്യമാകുന്നത്. 15-18 മണിക്കൂര്‍ പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. വര്‍ത്തികാഗ്രത്തിന്‍റെ സ്വീകാര്യക്ഷമതയും പരാഗരേണുവിന്‍റെ ജീവനശക്തിയും ദിവസാരംഭത്തിലാണ് കൂടുതലായി കാണപ്പെടുന്നത്. രാലിലെ 8 മണിക്കും 10 മണിക്കും ഇടയിലാണ് സ്വീകാര്യക്ഷമത ഏറ്റവും കൂടുതല്‍. ഈ സമയത്തു വിരിഞ്ഞ പൂക്കളില്‍ ഏതാണ്ട് 72% കായ് പിടിക്കുന്നു. അതിനുശേഷം വര്‍ത്താഗ്രത്തിന്‍റെ സ്വീകാര്യക്ഷമത ക്രമേണ കുറഞ്ഞ് ഉച്ചതിരിഞ്ഞ് 4 മണിയോടെ ഏറ്റവും കുറവായി (24%) മാറുന്നു.  തേനീച്ചകള്‍ തീറ്റ തേടുന്നതും അതിരാവിലെയാണ് എന്നത് ഏലത്തിന്‍റെ കായ പിടുത്തത്തിന് അനുകൂലമായ ഒരു സാഹചര്യമൊരുക്കുന്നു.

ജൂണ്‍, ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ എന്നീ മാസങ്ങളിലാണ് ഏറ്റവും കൂടുതല്‍ കായ് പിടിത്തമുണ്ടാവുന്നത്. ഈ കാലങ്ങളിലെ ഉയര്‍ന്ന അന്തരീക്ഷ ആര്‍ദ്രയാണ് ഇതിനു കാരണം. വരണ്ട കാലാവസ്ഥയില്‍ (ഡിസംബര്‍-മാര്‍ച്ച്) കായ് പിടിത്തം നടക്കുകയുമില്ല.

വര്‍ഗ്ഗീകരണം
വലിപ്പമനുസരിച്ച് കായ്കളുടെ രണ്ട് തരങ്ങള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. എലേറ്റേരിയ കാര്‍ഡമോമം ഇനം 'മേജര്‍' 'മൈനര്‍' എന്നിവയാണിത്. കായ്കളുടെ വലിപ്പവും ആകൃതിയും കൃത്യമായി തിരിച്ചു പറയാന്‍ കഴിയാത്തതിനാല്‍ ഈ വര്‍ഗ്ഗീകരണം വ്യാപകമായി അംഗീകരിക്കപ്പെട്ടിട്ടില്ല. ശരത്തിന്‍റെ (പൂങ്കുലയുടെ) രീതിയനുസരിച്ച് മലബാര്‍, മൈസൂര്‍ വഴുക്ക എന്നിങ്ങനെ മൂന്നിനങ്ങള്‍ തിരിച്ചറിയപ്പെട്ടിട്ടുണ്ട്. ഇവ തമ്മിലുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങള്‍ പട്ടിക 2.4-ല്‍ കാണിച്ചിരിക്കുന്നു.

സസ്യവൈവിധ്യം-ശേഖരണവും ലഭ്യതയും കൈമാറ്റവും
ചരിത്രാതീതകാലം മുതല്‍ ലോകവ്യാപാര രംഗത്ത് മുഖ്യസ്ഥാനമുണ്ടായിരുന്നെങ്കിലും ഏലത്തില്‍ മുന്തിയ ഇനങ്ങള്‍ വികസിപ്പിച്ചെടുക്കാനുള്ള ഗവേഷണങ്ങള്‍ നടന്നത് ഈ നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിലാണ്. ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ.സി.എ.ആര്‍) കോഴിക്കോട്, ഏലം ഗവേഷണകേന്ദ്രം-അപ്പങ്കള, കൊടക്, (കര്‍ണ്ണാടകം), തമിഴ്നാട്ടിലെ തടിയന്‍ ഗുഡ്സി, പ്രാദേശിക ഗവേഷണകേന്ദ്രം-മുടീഗിരി (യു.എ.എസ്-ബാംഗ്ലൂര്‍), ഏലം ഗവേഷണകേന്ദ്രം-പാമ്പാടുംപാറ (കേരള കാര്‍ഷിക സര്‍വകലാശാല) കാര്‍ഷിക ഗവേഷണകേന്ദ്രം-യേര്‍കാഡ് (ടി.എന്‍.എ.യു), ഉപാസി-വണ്ടിപ്പെരിയാര്‍ എന്നീ ഗവേഷണകേന്ദ്രങ്ങളിലാണ് പ്രധാനമായും ഏലത്തിന്‍റെ മെച്ചപ്പെട്ട ഇനങ്ങള്‍ വികസിപ്പിക്കുവാനുള്ള ഗവേഷണങ്ങള്‍ നടക്കുന്നത്. ഏലത്തിന്‍റെ വ്യത്യസ്ത ഇനങ്ങള്‍ ശേഖരിച്ച് പഠനം നടത്തി ഇവയില്‍ നിന്നുമുള്ള ജീനുകള്‍ ഏലത്തിന്‍റെ അഭിവൃദ്ധിക്കായി ഉപയോഗിക്കാനുള്ള ശ്രമങ്ങളാണ് ഈ ഗവേഷണ കേന്ദ്രങ്ങളില്‍ പ്രധാനമായും നടക്കുന്നത്. റോമിലെ അന്തര്‍ദ്ദേശീയ ജനിതക ഗവേഷണ കേന്ദ്രത്തില്‍ (ഇറ്റലി)നിന്നും ഏലത്തിന്‍റെ ഒരു വിവരണരേഖ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇത്തരം വ്യാപകമായ ജനിതകശേഖരണം നിലനിര്‍ത്തുവാനായി ധാരാളം നാടന്‍ ഇനങ്ങളെ പല കേന്ദ്രങ്ങളിലുമായി വളര്‍ത്തിവരുന്നു. ഈ വിലപ്പെട്ട ശേഖരങ്ങളെ അതാത് ഗവേഷണ കേന്ദ്രങ്ങളില്‍ ഭദ്രമായി സൂക്ഷിച്ചിരിക്കുന്നു.

മുന്തിയ ഇനങ്ങളുടെ വികസനം
ക്ലോണ്‍ തിരഞ്ഞെടുക്കല്‍: ഉയര്‍ന്ന വിളവും ഗുണമേന്മയുമുള്ള കായ്കള്‍ തരുന്ന ചെടികള്‍ കണ്ടെത്തുകവഴിയാണ് ഇന്നു നിലവിലുള്ള മിക്ക ഇനങ്ങളും ഉണ്ടാക്കിയെടുത്തിട്ടുള്ളത്. പരപരാഗണം നടക്കുന്ന ചെടി ആയതുകൊണ്ട് വിത്തില്‍നിന്നുള്ള ചെടികള്‍ മാതൃസസ്യത്തില്‍നിന്നും വലിയ വ്യത്യാസം കാണിക്കുന്നുണ്ട്. എന്നാല്‍ ക്ലോണ്‍ ഉപയോഗിച്ചു പ്രജനനം നടത്തുന്ന ചെടികള്‍ മാതൃസസ്യത്തോട് സമാനതയുള്ളവയായിരിക്കും. വിളവ്, മറ്റു ഗുണമേന്മകള്‍ ഇവ വിലയിരുത്തിയാണ് നല്ല ചെടികളെ തെരഞ്ഞെടുക്കുന്നത്. ഇത്തരത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ചെടികള്‍ നാടന്‍ ക്ലോണുകളേക്കാള്‍ വളരെ മെച്ചപ്പെട്ടവയായിരിക്കും. 

ഏലത്തിലെ കറ്റെ രോഗത്തിനു കാരണമായ കാര്‍ഡമം മൊസൈക്ക് വൈറസിനെതിരെ പ്രതിരോധശേഷിയുള്ള ഏലത്തിന്‍റെ ഇനങ്ങളെ വൈറസ് രോഗബാധ ഏറ്റവും കൂടുതലുള്ള ദക്ഷിണേന്ത്യയിലെ സ്ഥലങ്ങളില്‍നിന്നും തെരഞ്ഞെടുത്തിട്ടുണ്ട്. ഇവയെ ഗ്രീന്‍ഹൗസുകളിലും രോഗം ബാധിച്ച തോട്ടങ്ങളിലും വളര്‍ത്തി രോഗബാധ, വിളവ് തുടങ്ങിയ കാര്യങ്ങള്‍ പഠിച്ചശേഷം നല്ലവയെ തെരഞ്ഞെടുക്കുന്നു. മെച്ചപ്പെട്ട ശേഖരങ്ങളെ പ്രാകൃത്യാ രോഗബാധയുള്ള നാലു സ്ഥലങ്ങളില്‍ വളര്‍ത്തി, ഇവയുടെ രോഗപ്രതിരോധശേഷി ഉറപ്പുവരുത്തുന്നു. ഇത്തരത്തില്‍ അഴുകല്‍ രോഗത്തിന് (ഫൈറോറോഫ്തോറ മിയാഡി) എതിരെ പ്രതിരോധശേഷിക്കുവേണ്ടിയുള്ള പഠനത്തില്‍നിന്നും മലബാര്‍-വഴുക്ക ഇനങ്ങളില്‍ മൈസൂര്‍ ഇനങ്ങളെക്കാള്‍ പെട്ടെന്ന് രോഗം ബാധിക്കുന്നു എന്നാണ് മനസിലായത്.

സങ്കരണം
പ്രത്യേകം നിരീക്ഷിച്ചു തെരഞ്ഞെടുത്ത ഇനങ്ങള്‍ തമ്മിലുള്ള സങ്കരണം വഴി അത്യുല്‍പ്പാദനശേഷി, കറ്റരോഗത്തിനു പ്രതിരോധശേഷി, വരള്‍ച്ചയെ നേരിടാനുള്ള കഴിവ് എന്നിങ്ങനെ പല ഗുണങ്ങളും ഒരു ചെടിയില്‍ തന്നെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. വിവിധ സ്ഥാപനങ്ങളിലെ ഗവേഷണ ഫലമായി അത്യുല്‍പ്പാദനശേഷിയുള്ള ഇത്തരം മുന്തിയ സങ്കരയിനങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്. തോട്ടാടിസ്ഥാനത്തില്‍ വിപുലമായ രീതിയില്‍ ഇത്തരം സങ്കരയിനങ്ങളുടെ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

അത്യുല്‍പ്പാദനശേഷി, അഴുകലിനും മൊസൈക് രോഗത്തിനുമെതിരെ പ്രതിരോധശേഷി എന്നീ ഗുണങ്ങളെ ഒരുമിച്ചു ചേര്‍ക്കാന്‍ ധാരാളം സങ്കരണങ്ങള്‍ നടത്തപ്പെട്ടിട്ടുണ്ട്. ഈ ഇനങ്ങള്‍ ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തിലും (കോഴിക്കോട്) ഏലം ഗവേഷണകേന്ദ്രത്തിലും (അപ്പങ്കളയിലും) പരീക്ഷണ ഘട്ടങ്ങളിലാണ്. ഇത്തരം സങ്കരയിനങ്ങള്‍ പൂവിടുന്നതിനു മുമ്പുള്ള ചെടിയുടെ ഉയരത്തില്‍ 26.22 മുതല്‍ 178.81% വരെയും, ഒരു ചെടിയുടെ തന്നെ നുരികളുടെ (കന്നുകളുടെ) എണ്ണത്തില്‍ 42.82 മുതല്‍ 177.30% വരെയും സങ്കരവീര്യം കാണിക്കുന്നുണ്ട്.

മികച്ച സങ്കരയിനങ്ങള്‍ കണ്ടെത്തിയാല്‍ അവയുടെ കിഴങ്ങോ കന്നുകളോ ഉപയോഗിച്ച് ക്ലോണിംഗ് മുഖേനയോ ടിഷ്യൂ കള്‍ച്ചര്‍ വഴിയോ ഒരേ സ്വഭാവഗുണങ്ങളുള്ള ധാരാളം ചെടികളായി എടുക്കാവുന്നതാണ്.

 • പോളിക്രോസ് ബ്രീഡിംഗ്: ഏലം പരപരാഗണം നടക്കുന്ന ഒരു ചെടിയായതിനാല്‍ പോളിക്രോസ് ബ്രീഡിംഗ് അവലംബിക്കുകവഴി ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും.

അഭികാമ്യമായ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള നല്ല ക്ലോണുകള്‍ ഒറ്റപ്പെട്ട ഒരു സ്ഥലത്തു വളര്‍ത്തുന്നു. രണ്ടോ മൂന്നോ തേനീച്ചക്കൂടുകള്‍ കൃഷിയിടത്തില്‍ വച്ചു പരപരാഗണം ഉറപ്പാക്കുന്നു. ഇതുമൂലം കായ്കളിലെ വിത്തിന്‍റെ എണ്ണവും കൂടുന്നു. മാതൃസസ്യങ്ങള്‍ നല്ല ഗുണങ്ങളുള്ളവയായതിനാല്‍ തൈകളില്‍ മെച്ചപ്പെട്ട ഗുണങ്ങളുടെ സംയോജനം കാണാന്‍ സാധിക്കും.

 • വിവിധ ജനുസ്സുകള്‍ തമ്മിലുള്ള സങ്കരണം: വൈറസ് രോഗമായ ഏലത്തിന്‍റെ മൊസൈക്ക് (കറ്റെ) ഗുരുതരമായ വിളനാശം (68% വരെ) ഉണ്ടാക്കുന്നുണ്ട്. ഏലത്തിന്‍റെ അത്യുല്‍പ്പാദനശേഷിയുള്ള ഇനങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും അധികവിളവും മൊസൈക്കിനു രോഗപ്രതിരോധശേഷിയും ഒരേ ചെടിയില്‍ തന്നെ കാണാന്‍ കഴിയുന്നില്ല. ഇന്ത്യയില്‍ ഏലേറ്റേരിയ എന്ന ജനുസ്സില്‍ ഒരേയൊരു സ്പീഷിസ് മാത്രമുള്ളതിനാല്‍ സ്പീഷിസുകള്‍ തമ്മിലുള്ള സങ്കരണം അസാധ്യമാണ്. അതിനാല്‍ അമ്മോമം സുബുലേറ്റം, ആല്പീനിയ ന്യൂട്ടന്‍സ്, ഹെഡിക്കിയം ഫ്ളാവസെന്‍, ഹെഡിക്കിയം കൊറോണിയം എന്നിവയെ   ആണ്‍ ചെടികളാക്കി ജീനസുകള്‍ തമ്മിലുള്ള സങ്കരണം നടത്തുന്നുണ്ട്. എന്നാല്‍ അമ്മോമം ന്യൂട്ടന്‍സുമായുള്ള സങ്കരണത്തില്‍ മാത്രമാണ് കായ്പിടിച്ചത്. മറ്റുള്ളവയില്‍ കായ്പിടിത്തം തിരെ ഉണ്ടായില്ല. സംയോജനത്തിലുള്ള ചില പ്രശ്നങ്ങളാണ് ഈ സങ്കരണങ്ങളില്‍ കായ്പിടിത്തം തടസ്സപ്പെടുത്തിയത്.
 • മ്യൂട്ടേഷന്‍ ബ്രീഡിംഗ്: ഏലത്തിലെ മൊസൈക് (കറ്റെ) രോഗത്തിനും വരള്‍ച്ചക്കും പ്രതിരോധശേഷിയുള്ള ക്ലോണുകളെ ഉണ്ടാക്കിയെടുക്കലാണ് അതിന്‍റെ ഉദ്ദേശ്യം. വിത്തുകളും തടകളും ഭൗതികരൂപ പരിവര്‍ത്തനമാര്‍ഗ്ഗങ്ങളായ എക്സ്റേ രശ്മികളും നൈട്രോസോ മീതൈല്‍ യൂറിയ (NMU), ഡൈ ഈതൈല്‍ സള്‍ഫേറ്റ് (DMS) ഈതൈല്‍ മീതെയ്ന്‍ സള്‍ഫേറ്റ് (EMS) എന്നീ രാസവസ്തുക്കളും ഉപയോഗിച്ച് ജനിതക മാറ്റം വരുത്തുന്നു. എന്നാല്‍ ഈ രീതിയിലൂടെ അനുയോജ്യമായ മാറ്റങ്ങള്‍ വന്ന ഇനങ്ങള്‍ ഇനിയും പുറത്തിറക്കിയിട്ടില്ല.
 • പോളിപ്ലോയ്ഡ് ബ്രീഡിംഗ്: ഏലത്തിന്‍റെ മുളയ്ക്കുന്ന വിത്തുകളില്‍ കോള്‍ച്ചിസിന്‍ (0.05%) ലായനി ഉപയോഗിച്ച് രോഗങ്ങള്‍ക്കും വരള്‍ച്ചക്കും പ്രതിരോധശേഷിയുള്ള പോളി പ്ലോയിഡുകള്‍ ആക്കി മാറ്റുന്നു. പോളി പ്ലോയ്ഡുകളുടെ ഇലകളില്‍ ഉപരിതല ചര്‍മ്മകോശങ്ങള്‍ കൂടുതലായിരിക്കും. കട്ടികൂടിയ പുറന്തോട്, അതില്‍ മൊഴുകുപോലുള്ള ആവരണം എന്നിങ്ങനെ വരള്‍ച്ചക്കു പ്രതിരോധശേഷിയുള്ള ഇനങ്ങളുടെ പല ഗുണങ്ങളും ഇത്തരം പോളിപ്ലോയിഡ് ചെടികളില്‍ കാണപ്പെടുന്നു.

വളര്‍ച്ചയ്ക്കുള്ള സാഹചര്യങ്ങള്‍
തണലിഷ്ടപ്പെടുന്ന ഒരു ചെടിയായ ഏലം സമുദ്രനിരപ്പില്‍നിന്നും 600-1200 മീ. ഉയരത്തിലാണ് കൃഷി ചെയ്യപ്പെടുന്നത്. വര്‍ഷത്തില്‍ ശരാശരി 1500-4000 മി.മീ. മഴ ലഭിക്കുന്നതും 100C-300C വരെ താപനിലയുള്ളതുമായ കാലാവസ്ഥയാണ് ഏലത്തിന്‍റെ കൃഷിക്കനുയോജ്യം.

ജൈവപരിക്രമണം മൂലം ജൈവവസ്തുക്കള്‍ ധാരാളം അടിഞ്ഞുകൂടി ഫലഭൂയിഷ്ടമായ നിത്യഹരിത കാടുകളിലാണ് ഏലം സാധാരണ വളരുന്നത്. കളിമണ്ണ് കലര്‍ന്ന എക്കല്‍ മണ്ണാണ് ഏലകൃഷിക്കു നല്ലത്. പുളിരസമുള്ളതും ജൈവവളങ്ങള്‍ ധാരാളം അടങ്ങിയതും ലഭ്യമായ പൊട്ടാസ്യത്തിന്‍റെയും ഫോസ്ഫറസിന്‍റെയും അളവു കുറഞ്ഞതും ആര്‍ദ്രത കൂടിയ ഉഷ്ണമേഖലയിലെ മണ്ണിന്‍റെ സ്വഭാവഗുണങ്ങളോടു കൂടിയതുമായ മണ്ണാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്.

വിളപരിപാലനം
നടീല്‍ വസ്തുക്കളുടെ ഉല്‍പ്പാദനം: ഗുണം കുറഞ്ഞ നടീല്‍ വസ്തുക്കളുടെ ഉപയോഗമാണ് ഉല്‍പ്പാദനക്ഷമത കുറയാനുള്ള ഒരു പ്രധാന കാരണം. വിത്തുവഴിയും കപടകാണ്ഡം (കന്ന്) വഴിയും പ്രജനനം നടത്തപ്പെടുന്നുവെങ്കിലും രോഗകീടബാധയില്ലാത്ത കന്നുകളാണ് മെച്ചപ്പെട്ട ക്ലോണുകള്‍ വര്‍ധിപ്പിച്ചെടുക്കുവാനുള്ള പ്രധാനമാര്‍ഗം. വര്‍ധിച്ച തോതിലുള്ള പ്രജനനത്തിന് ഇപ്പോഴും വിത്തുകള്‍ തന്നെയാണ് ഉപയോഗിക്കുന്നത്. പരപരാഗണം നടക്കുന്നതിനാല്‍ ചെടികള്‍ തമ്മില്‍ വൈവിധ്യം കാണിക്കുന്നു എന്നതാണ് ഈ മാര്‍ഗത്തിന്‍റെ പ്രധാനപ്രശ്നം.

ജനിതകമായി എല്ലാ സ്വഭാവങ്ങളിലും സാദൃശ്യം പുലര്‍ത്തുന്ന ചെടികളെ ഉല്‍പാദിപ്പിക്കാനുള്ള ക്ലോണല്‍ പ്രവര്‍ദ്ധന രീതിയില്‍ തട്ട/കപടകാണ്ഡം ഉപയോഗിച്ചോ ടിഷ്യൂ കള്‍ച്ചര്‍ രീതികളുപയോഗിച്ചോ ആണ് പ്രജനനം നടത്തുന്നത്. നഴ്സറികളില്‍ അതീവ ശ്രദ്ധ ആവശ്യമാണ്. അതുപോലെ ടിഷ്യൂകള്‍ച്ചര്‍ മാര്‍ഗത്തില്‍ കീടരോഗബാധ തീര്‍ത്തും ഒഴിവാക്കുകയും വേണം. ഏലത്തിന്‍റെ തെരഞ്ഞെടുത്ത ചെടികളും ക്ലോണുകളും പ്രത്യേക കാലാവസ്ഥകളില്‍ മാത്രമേ വളരുകയുള്ളൂ. ഇത്തരം പരിമിതികള്‍ വച്ചു ചിന്തിക്കുമ്പോള്‍ ക്ലോണല്‍ പ്രവര്‍ദ്ധനമാണ് കൂടുതല്‍ അനായാസം എന്നു മനസിലാകും. കൂടാതെ വിത്തു മുളപ്പിച്ചുണ്ടാകുന്ന തൈകളേക്കാള്‍ പെട്ടെന്നു കായ് പിടിക്കുന്നത് തട്ട/കപടകാണ്ഡത്തില്‍ നിന്നുമുണ്ടാകുന്ന തൈകളിലാണ്.

 • ദ്രുതഗതിയിലുള്ള ക്ലോണല്‍ പ്രവര്‍ദ്ധനം: അപ്പങ്കളയിലെ ഏലം ഗവേഷണകേന്ദ്രത്തിലാണ് ദ്രുതഗതിയിലുള്ള ക്ലോണല്‍ പ്രവര്‍ദ്ധനരീതി വികസിപ്പിച്ചെടുത്തിട്ടുള്ളത്. ഈ രീതിയില്‍ കിഴക്കോട്ട് ചെറിയ ചരിവുള്ള അത്യാവശ്യം നീര്‍വാര്‍ച്ചാ സൗകര്യമുള്ളതും കുളത്തിന് അടുത്തുള്ളതുമായ പ്രദേശത്ത് നഴ്സറി നിര്‍മിക്കുന്നു. 45 സെ.മീ. വീതിയും ആഴവും സൗകര്യപ്രദമായ നീളവുമുള്ള ചാലുകള്‍ 1.80 മീ.  അകലത്തില്‍ കുഴിക്കുന്നു. ചാലെടുക്കുമ്പോള്‍ 15 സെ.മീ. വരെ ആഴത്തിലുള്ള മേല്‍മണ്ണ് ചാലിന്‍റെ (ചരിവിന്‍റെ) മുകള്‍ ഭാഗത്തും 30 സെ.മീ. ആഴത്തിലുള്ള അടിമണ്ണ് ചാലിന്‍റെ താഴ്ഭാഗത്തുമായി കൂട്ടിവയ്ക്കുന്നു. ആദ്യം കുഴിച്ചെടുത്ത ഈ 15 സെ.മീ. മേല്‍മണ്ണ് ഒരേ അനുപാതത്തില്‍ ജൈവസമ്പുഷ്ടമായ വനത്തിലെ മണ്ണ്, മണല്‍, കമ്പോസ്റ്റ് എന്നിവയുമായി കലര്‍ത്തി, ഒരു ചെടിയ്ക്ക് 5 കി.ഗ്രാം എന്ന തോതില്‍ കിട്ടത്തക്കവിധം ചാലുകളില്‍ നിറയ്ക്കുന്നു. ചാലുകള്‍ മൂടുമ്പോള്‍ 5 സെ.മീ. ആഴമുള്ള തടംപോലെയാണ് മൂടേണ്ടത്. ചാലുകളില്‍ പുതയിടാനും മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുവാനും ഇതു സഹായിക്കുന്നു. പ്രധാന തോട്ടത്തില്‍നിന്നും തെരഞ്ഞെടുത്ത അടയാളപ്പെടുത്തിയ ചെടിയിലെ ഒരു ഭാഗം (38-40 നടീല്‍ വസ്തുക്കള്‍) ശ്രദ്ധയോടെ കേടുകൂടാതെ പറിച്ചെടുക്കുന്നു. ഇവയുടെ വേരുകള്‍ മുറിച്ചുമാറ്റിയശേഷം കന്നുകള്‍ വേര്‍തിരിച്ചെടുക്കുന്നു. നടീല്‍ വസ്തുവിനു കുറഞ്ഞതു വളര്‍ച്ചയെത്തിയ ഒരു തണ്ടും മുളച്ചുവരുന്ന ഒരു കൂമ്പും ഉണ്ടായിരിക്കണം. ഇത്തരം നടീല്‍ വസ്തുക്കള്‍ 1.8 മീറ്റര്‍ അകലത്തില്‍ എടുത്ത ചാലില്‍ 60 സെ.മീ. ഇടയകലത്തില്‍ നടുന്നു. നീളംകൂടിയ കന്നിന്‍റെ മേലറ്റം മുറിച്ചു മാറ്റുന്നു. കന്നുകള്‍ നട്ടുകഴിഞ്ഞാല്‍ ചാലുകള്‍ക്കു മുകളിലായി 4 മീറ്റര്‍ ഉയരത്തില്‍ പന്തല്‍ തയാറാക്കി സില്‍വര്‍ ഓക്കിന്‍റെ ശാഖകള്‍ കൊണ്ട് മൂടുന്നു. മതിയായ അളവില്‍ 50% അരിച്ചിറങ്ങുന്ന സൂര്യപ്രകാശം ലഭിക്കുവാനാണിത്. ഇലപ്പേന്‍, തണ്ടുതുരപ്പന്‍, തണ്ടിലെ ഈച്ചകള്‍ എന്നിവയുടെ ശല്യമൊഴിവാക്കാന്‍ ശരിയായ സസ്യസംരക്ഷണ മുറകള്‍ അനുഷ്ഠിക്കണം.

പത്തുമാസംകൊണ്ട് ഒരു ചെടിയില്‍നിന്നും 20 കന്നുകള്‍ വരെ ലഭിക്കും. വര്‍ധിക്കലിന്‍റെ നിരക്ക്1:20 ആയിരിക്കും. ഇങ്ങനെ ഉല്‍പാദിപ്പിക്കുന്ന ഒരു നടീല്‍ വസ്തുവിനു വേണ്ടിവരുന്ന ചെലവ് ഒരു രൂപ ഇരുപതു പൈസ മാത്രമാണ്. അതിനാല്‍ ക്ലോണല്‍ വര്‍ധനവ് രീതി ലളിതവും വിശ്വാസ്യവും സാമ്പത്തികമായി ലാഭകരവുമായ മികച്ച പ്രവര്‍ദ്ധന മാര്‍ഗമാണ്.

 • വിത്തുകള്‍ വഴിയുള്ള പ്രജനനം: മികച്ച തൈകള്‍ ലഭിക്കാന്‍ ശാസ്ത്രീയമായി നഴ്സറി പരിപാലിക്കേണ്ടതുണ്ട്. വിത്തുകള്‍ തെരഞ്ഞെടുക്കുമ്പോള്‍ മാതൃസസ്യത്തിന്‍റെ ഓരോ വളര്‍ച്ചാ ഘട്ടത്തിലുള്ള സ്വഭാവഗുണങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. കായ്കള്‍ കൂടുതല്‍ കാലം സൂക്ഷിച്ചുവച്ചാല്‍ വിത്തിന്‍റെ ജീവനശക്തി നഷ്ടപ്പെട്ട് മുളയ്ക്കല്‍ താമസപ്പെടുന്നു. അതിനാല്‍ വിളവെടുത്ത് പെട്ടെന്നുതന്നെ വിത്തു നടേണ്ടതാണ്. നടീല്‍ സമയം ഓരോ സ്ഥലത്തിനനുസരിച്ചും വ്യത്യാസപ്പെട്ടിരിക്കുന്നു. വിത്തുമുളയ്ക്കുവാന്‍ ഏറ്റവും പറ്റിയ സമയം സെപ്റ്റംബര്‍ (79.8%) ആണ്.

കായിലെ വിത്ത് (കുരുക്കള്‍) കട്ടികൂടിയ തൊണ്ടുകൊണ്ട് ആവരണം ചെയ്യപ്പെട്ടിരിക്കുന്നതിനാല്‍ അങ്കുരണം താമസിക്കുന്നു. പുതുതായി എടുത്ത വിത്ത് 10 മിനിട്ട് സമയം 20% നൈട്രിക് ആസിഡില്‍ മുക്കിയതിനുശേഷം കഴുകി, പാകിയാല്‍ അവ വേഗം മുളച്ചുവരും. സ്ഥിരമായ ജലസേനചസൗകര്യമുള്ള ചെറിയ ചരിവോടുകൂടിയ പ്രദേശങ്ങളില്‍ വേണം നഴ്സറിക്കായുള്ള സ്ഥലം തെരഞ്ഞെടുക്കുവാന്‍. തവാരണയിലെ മണ്ണ് 15 സെ.മീ ആഴത്തില്‍ 1:15 ഫോര്‍മാള്‍ഡി ഹൈഡ് ലായനി ഉപയോഗിച്ച് കുതിര്‍ത്തി ശുദ്ധീകരിക്കുന്നത് തൈകളിലെ ചീച്ചില്‍ (കടചീച്ചില്‍) രോഗത്തിനെതിരെ ഫലപ്രദമാണ്. വിത്ത് നന്നായി മുളച്ചുകിട്ടുവാന്‍ നെല്ലിന്‍റെ കച്ചിയോ നെല്ലി ഇലയോ കൊണ്ടു വാരം പുതയിടുന്നത് നല്ലതാണ്. നഴ്സറിയില്‍ രണ്ടു ഘട്ടങ്ങളുണ്ട്- ഒന്നാം ഘട്ടവും; രണ്ടാം ഘട്ടവും. വിത്ത് തവാരണയില്‍ പാകി മുളപ്പിക്കുന്നതാണ് ആദ്യഘട്ടം. നാലഞ്ച് ഇലകള്‍ വരുമ്പോള്‍ രണ്ടാം ഘട്ടമായി പറിച്ചു നടുന്നു. ഈ പറിച്ചുനടല്‍ കര്‍ണ്ണാടകത്തില്‍ ഡിസംബര്‍-ജനുവരി മാസങ്ങളിലും കേരളത്തില്‍ മെയ്-ജൂണ്‍ മാസങ്ങളിലുമാണ് ചെയ്യുന്നത്. കര്‍ണ്ണാടകത്തില്‍ 10 മാസം പ്രായമുള്ള ചെടികളും കേരളത്തില്‍ 18-22 മാസം പ്രായമായ ചെടികളുമാണ് തോട്ടങ്ങളില്‍ നടുന്നത്.

 •  പ്രധാനതോട്ടത്തിലെ നടീല്‍: ഏലം നടുവാനുള്ള തോട്ടം നന്നായി ഒരുക്കേണ്ടതാണ്. പുതിയ തോട്ടമാണെങ്കില്‍ നിലം നന്നായി വൃത്തിയാക്കിയശേഷവും പഴയ തോട്ടമാണെങ്കില്‍ കഴിഞ്ഞ വിളകള്‍ നന്നായി നീക്കം ചെയ്തശേഷവും വേണം നിലമൊരുക്കുവാന്‍. അധികമുള്ള തണല്‍ മാറ്റുന്നത് ഒരു പ്രാഥമിക ജോലിയാണ്. ഇതുമൂലം ചെടിക്ക് ഒരേ ക്രമത്തിലുള്ള തണല്‍ ലഭിക്കുന്നു. ചരിവുള്ള പ്രദേശങ്ങളില്‍ തെളിക്കല്‍ പ്രക്രിയ മുകളില്‍നിന്നും തുടങ്ങണം. ചെടികള്‍ തമ്മിലുള്ള ഇടയകലം ഇനത്തേയും ചെടിയുടെ ജീവിതകാലഘട്ടത്തേയും ആശ്രയിച്ചാണിയിരിക്കുന്നത്. ചിട്ടയോടെ പുതുകൃഷി ഇറക്കുന്നുവെങ്കില്‍ ചെടികള്‍ ഏറ്റവും അടുപ്പിച്ചു തന്നെ നടാവുന്നതാണ്. മൈസൂര്‍, വഴുക്ക ഇനങ്ങള്‍ക്കു നല്ല മഴ കിട്ടുന്ന സ്ഥലത്ത് 3മീ. x 3മീ. ഇടയകലവും നനയ്ക്കുന്ന സ്ഥലത്ത് 2.4മീ.x 2.4 മീറ്ററും അകലം കൊടുക്കാം. കര്‍ണ്ണാടകത്തില്‍ 1.8മീ. x 1.8മീ. അല്ലെങ്കില്‍ 1.2 മീ. x 1.2 മീ. ഇടയകലം മതിയാകും. കുന്നിന്‍ ചരിവുകളില്‍ സമനിരപ്പുള്ള വരികളിലായി 2.0 മീ. x 10 മീ. ഇടയകലം കൊടുക്കാം. സമതലപ്രദേശങ്ങളില്‍ 2.0 മീ.x  2.0 മീ. ഇടയകലം പാലിച്ചാല്‍ മതി.

നടീല്‍
ചരിവുള്ള പ്രദേശങ്ങളില്‍ മഴ മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് തടയാന്‍ സ്ഥലം തട്ടുകളായി തിരിച്ചു കൃഷി ചെയ്യേണ്ടതാണ്. ചരിവിനു കുറുകെയായി വേണം തട്ടുകള്‍ തിരിക്കേണ്ടത്. ഇടയകലം അനുസരിച്ച് ആവശ്യമായ അകലത്തില്‍ തട്ടുകള്‍ തിരിക്കുന്നു. തട്ടുകള്‍ തിരിക്കുന്നതിനുമുമ്പ് 8-15 സെ.മീ. താഴ്ചയില്‍ എങ്കിലും മേല്‍മണ്ണ് കിളച്ചു ഒരു വശത്തേക്കു മാറ്റി വയ്ക്കേണ്ടതും ഇതു കുഴികള്‍ നിറയ്ക്കാന്‍ ഉപയോഗിക്കാവുന്നതുമാണ്. തട്ടുകളുടെ വീതി 1.5-1.8മീ. വരെയുണ്ടാവണം. മഴയ്ക്കു മുമ്പായി 90 സെ.മീ. നീളവും 90 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയുമുള്ള കുഴികള്‍ ഉണ്ടാക്കുന്നു. കുഴികള്‍ അടിയില്‍ 1/3 ഭാഗം മേല്‍ മണ്ണുകൊണ്ടും പിന്നെ 1/3 ഭാഗം ജൈവവളവും മേല്‍ മണ്ണും കലര്‍ത്തിയ 1:3 മിശ്രിതം കൊണ്ടും നിറയ്ക്കുന്നു. മഴ കുറവുള്ള പ്രദേശങ്ങളില്‍ 75 സെ.മീ. വീതിയും 30 സെ.മീ. ആഴവുമുള്ള ചാലുകള്‍ എടുത്ത് അതില്‍ 1-1.5 മീ. അകലത്തില്‍ തൈകള്‍ നടാവുന്നതാണ്. ആവശ്യത്തിനു നീര്‍വാര്‍ച്ചയും ഇടത്തരം ചരിവുമുള്ള പ്രദേശങ്ങളില്‍ ചാലുകളെടുക്കുന്ന രീതിയാണ് മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്തുവാന്‍ ഏറ്റവും നല്ലത്. കുഴികളില്‍ നടുന്നതാണ് രണ്ടാമത്തെ മികച്ച രീതി.

 • നടീല്‍ സമയം: നല്ല നീര്‍വാര്‍ച്ചയുള്ള താരതമ്യേന ചെങ്കുത്തായ സ്ഥലങ്ങളില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം നന്നായി ലഭിക്കുവാന്‍ വേഗത്തില്‍ വേരുപിടിക്കുവാന്‍ നേരത്തെ നടാവുന്നതാണ്. താഴ്ന്ന സ്ഥലങ്ങളില്‍ വലിയ മഴയ്ക്കുശേഷമാണ് ഏലം നടുവാന്‍ പറ്റിയ സമയം. മഴക്കാലമാണ് (ജൂണ്‍) ഏലം നടാന്‍ പറ്റിയ സമയം.
 • പുതയിടല്‍: ഇന്ത്യയില്‍ ഏലം പ്രധാനമായും മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നത്. നീണ്ടുനില്‍ക്കുന്ന വരള്‍ച്ച ഏലകൃഷിക്ക് അനുയോജ്യമല്ല. ക്രമം തെറ്റിയുള്ള വേനല്‍ മഴമൂലം 4-5 മാസം ചെടിക്കു വരള്‍ച്ച നേരിടേണ്ടിവരുന്നു. മണ്ണിലെ ഈര്‍പ്പം നിലനിര്‍ത്താനുള്ള വരെ ഫലപ്രദമായ മാര്‍ഗമാണ് പുതയിടല്‍. മണ്ണിന്‍റെയും വിളയുടെയും ആരോഗ്യം നിലനിര്‍ത്താനുതകുന്ന മാര്‍ഗമാണിത്.
 • കളനിയന്ത്രണം: ഏലം ആദ്യവര്‍ഷത്തില്‍ മണ്ണിന്‍റെ ഉപരിതലത്തില്‍നിന്നും പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനാല്‍ കളകളും തൈകളും തമ്മിലുള്ള മല്‍സരം ഒവിവാക്കാന്‍ കളനിയന്ത്രണം ആവശ്യമാണ്. ഏതാണ്ട് 21ഓളം ദ്വിബീജപത്രങ്ങളായ കളകള്‍ ഏലത്തോട്ടങ്ങളില്‍ കണ്ടുവരുന്നു. കളയുടെ ആധിക്യം അനുസരിച്ച് വര്‍ഷത്തില്‍ രണ്ടു മൂന്നു തവണ കളനിയന്ത്രണം നടത്തേണ്ടിവരും. വലിയ തോട്ടങ്ങളില്‍ കൈകൊണ്ടു കള പറിക്കല്‍ അപ്രായോഗികമായതിനാല്‍ പാരക്വേറ്റ് (625 മി. മരുന്ന് 500 ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ഒരു ഹെക്ടറിന്) വരികള്‍ക്കിടയില്‍ ചെടികള്‍ക്കു ചുറ്റും 60 സെ.മീ. അകലം ഒഴിവാക്കിക്കൊണ്ട് തളിക്കുന്നതു ഫലപ്രദമാണിത്.
 • കവാത്ത്/ഇലകോതല്‍: പഴുത്തതും കരിഞ്ഞതുമായ തണ്ടുകള്‍ നീക്കം ചെയ്യുന്ന പ്രക്രിയയാണിത്. ഇതുമൂലം തോട്ടത്തി

karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466452