കിഴങ്ങുവര്‍ഗ്ഗങ്ങള്‍ : കപ്പ


അരിയുടെ കുറവ് കപ്പകൊണ്ട് പരിഹരിച്ചു വന്നിരുന്ന ഒരു കാലം കേരളീയര്‍ക്കുണ്ടായിരുന്നു. ചോറിലൂടെ കിട്ടിയിരുന്ന അന്നജം കപ്പയിലൂടെ കിട്ടിയിരുന്നതുകൊണ്ട് ചോറിന്‍റെ അളവ് കുറഞ്ഞാലും പട്ടിണി കൂടാതെ ജീവിക്കാന്‍ കഴിഞ്ഞിരുന്നു. അരി സുലഭമായി കിട്ടാന്‍ തുടങ്ങിയതുകൊണ്ടും റബ്ബറിന്‍റെ കടന്നാക്രമണത്താലും കപ്പക്കൃഷി ക്രമേണ ചുരുങ്ങി വരികയാണുണ്ടായത്. മാത്രമല്ല തമിഴ്നാട്ടിലും കപ്പകൃഷി വ്യാപകമായതോടെ തുണിവ്യവസായത്തിനാവശ്യമായ സ്റ്റാര്‍ച്ചിനും നമ്മുടെ കപ്പയ്ക്ക് ആവശ്യക്കാരില്ലെന്നായി. എന്നാല്‍ റബ്ബര്‍ വില കുറഞ്ഞതോടെ കപ്പക്കൃഷിയിലേക്കുള്ള ഒരു മടക്കയാത്ര ഇന്ന് പല കൃഷിയിടങ്ങളിലും കണ്ടുവരുന്നുണ്ട്.


തിരുവിതാംകൂര്‍ ഭരിച്ചിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവാണ് തിരുവിതാംകൂറില്‍ മരിച്ചീനി കൃഷിക്ക് വേണ്ട പ്രോല്‍സാഹനം നല്‍കിയത്. അദ്ദേഹത്തിന്‍റെ സ്മരണയ്ക്കായി ശ്രീവിശാഖം എന്ന പേരില്‍ പുതിയ ഒരിനം മരച്ചീനി ഇന്നു നമുക്കുണ്ട്. ചെണ്ടമുറിയനും കപ്പപ്പുഴുക്കുമെല്ലാം തിരുവിതാംകൂര്‍കാര്‍ക്ക് പ്രിയമായിരുന്നെങ്കിലും മലബാറില്‍ ആദ്യമൊന്നും കപ്പ അത്രയ്ക്ക് പ്രചരിച്ചിരുന്നില്ല. കപ്പ തിന്നുന്നത് ദാരിദ്ര്യത്തിന്‍റെ ലക്ഷണമായി അവരെണ്ണി, പ്രത്യേകിച്ച് ആഢ്യന്മാര്‍. എന്നാല്‍ കുടിയേറ്റക്കാരുടെ വരവോടെയും കേരള സംസ്ഥാന രൂപീകരണത്തോടെയും പച്ചക്കപ്പയ്ക്കും, വാട്ടുകപ്പയ്ക്കും സ്വാദുണ്ടെന്ന് അവര്‍ക്കും മനസ്സിലായി. കപ്പ, മരച്ചീനി, കൊള്ളക്കിഴങ്ങ്, പുളക്കിഴങ്ങ്, ചീനി എന്നിങ്ങനെ കേരളത്തിന്‍റെ പല ഭാഗങ്ങളിലറിയപ്പെടുന്ന മരച്ചീനി തമിഴ്നാട്ടിലേക്കു കടന്നപ്പോള്‍ മാരവള്ളിക്കിഴങ്ങായി.

മണ്ണ്
വെട്ടുകല്‍മണ്ണിലും മണല്‍ കലര്‍ന്ന പശിമയുള്ള മണ്ണിലും കപ്പ നന്നായി വളരും. വെള്ളം വാര്‍ന്നുപോകാന്‍ സൗകര്യമുള്ള എല്ലാത്തരം മണ്ണിലും കപ്പ നന്നായി വളരും. കപ്പ നട്ട് വേരുപിടിക്കാന്‍ അല്‍പം ഈര്‍പ്പം മണ്ണില്‍ കൂടിയേ തീരൂ. തുടര്‍ന്നു കഠിനമായ ചൂടായാലും അതിവര്‍ഷമായാലും ചെറുത്തു നില്‍ക്കാന്‍ കപ്പയ്ക്കു കഴിവുണ്ട്.

ഇനങ്ങള്‍
നാടന്‍ പേരുകളിലറിയപ്പെട്ടിരുന്ന ധാരാളം മരച്ചീനി ഇനങ്ങള്‍ ഒരു കാലത്ത് നമ്മുടെ നാട്ടില്‍ കൃഷിചെയ്തു വന്നിരുന്നു. പുല്ലാനിക്കപ്പ, ആമ്പക്കാടന്‍, കോട്ടയം ചുള്ളിക്കപ്പ, മുളമൂടന്‍, മിച്ചറുകപ്പ, വങ്കാള, മുട്ടവിയ്ക്ക, സിലോണ്‍, ഏത്തക്കപ്പ, പച്ചറൊട്ടി, വെള്ളറൊട്ടി, പതിനെട്ട്, കട്ടന്‍ കപ്പ, എം-4, പാലുവെള്ള, പീച്ചിവെള്ള, പരിപ്പിലപ്പന്‍, ആനമറവന്‍ തുടങ്ങി മൂപ്പിലും ഉയരത്തിലും നിറത്തിലും സ്വാദിലുമെല്ലാം ഇവ വ്യത്യസ്തത പുലര്‍ത്തിയിരുന്നു. ഇവയില്‍ പലതും ഇന്നു കൃഷി ചെയ്യുന്നില്ലെങ്കിലും ചുരുക്കം സ്ഥലങ്ങളില്‍ പുല്ലാനി, ആമ്പക്കാടന്‍, കോട്ടയം ചുള്ളി, മിച്ചറുകപ്പ, എം-4 എന്നിവയും അപൂര്‍വ്വമായി പതിനെട്ട്, കട്ടന്‍കപ്പ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. സിലോണ്‍ കപ്പ എന്ന പേരിലറിയപ്പെടുന്ന എം-4 (മലയന്‍) വിളവിലും സ്വാദിലും മുന്‍പന്തിയിലാണ്. ശാഖകളില്ലാതെ ഉയരത്തില്‍ വളരുന്നതും 12 മാസത്തോളം മൂപ്പുള്ളതുമായ ഇതിന് എലി ശല്യം കൂടുതലാണ്. റൊട്ടിക്കപ്പ (പച്ചയും വെള്ളയും) ചുട്ടുതിന്നാന്‍ വിശേഷപ്പെട്ടതാണ്. ഏത്തക്കപ്പയ്ക്ക് പുഴുങ്ങിയ ഏത്തപ്പഴത്തിന്‍റെ നിറമാണ്. പതിനെട്ട്, (പത്തു മന്നു വാട്ടിയാല്‍ എട്ട് മന്ന് ഉണക്കക്കപ്പ കിട്ടും) കട്ടന്‍കപ്പ എന്നിവ വാട്ടുകപ്പയ്ക്ക് പ്രത്യേകം പറഞ്ഞുവച്ചിട്ടുള്ളതാണ്.

നടുന്ന സമയം
മഴക്കാലത്തിന്‍റെ ആരംഭത്തോടുകൂടി ഏപ്രില്‍-മേയ് മാസത്തിലും തുലാവര്‍ഷാരംഭത്തോടു കൂടി സെപ്റ്റംബര്‍, ഒക്ടോബറിലും കപ്പ നടാം. ഇത് യഥാക്രമം കുംഭക്കപ്പയെന്നും തുലാക്കപ്പയെന്നും അറിയപ്പെടുന്നു. മണ്ണില്‍ നനവുണ്ടെങ്കില്‍ ഫെബ്രുവരിയില്‍ തന്നെ കപ്പക്കമ്പു നട്ടു തുടങ്ങാം. എന്നാല്‍ മഴ പെയ്യാന്‍ താമസിച്ചാല്‍ വെള്ളമൊഴിച്ചു കൊടുക്കേണ്ടിവരും. രണ്ടു മഴക്കാലത്തെ കാര്യമായി പ്രയോജനപ്പെടുത്തുന്നതിനാല്‍ ഏപ്രില്‍-മേയില്‍ നടുന്നതാണ് നല്ലത്. ഒന്നാം വിള മാത്രം നെല്ലുകൃഷി ചെയ്യുന്ന സ്ഥലങ്ങളില്‍ കൊയ്തതിനുശേഷം തുലാമാസത്തോടുകൂടി കപ്പനട്ട്-ആറേഴുമാസം മൂപ്പായാല്‍ മേടമാസത്തില്‍ പറിച്ചു വില്‍ക്കാറുണ്ട്. എന്നാല്‍ വേനല്‍മഴ അധികമായി പാടത്ത് വെള്ളം കേറാനിടയായാല്‍ വേഗത്തില്‍ പറിച്ചു വില്‍ക്കേണ്ടിവരും.

നടുന്ന രീതി
കുഴികുഴിച്ചും കൂനകൂട്ടിയും വാരമെടുത്തും കപ്പ നടാമെങ്കിലും കൂനകൂട്ടി (ഉടലെടുത്ത്) നടുന്നതാണ് നല്ലത്. കപ്പക്കമ്പിന്‍റെ താഴത്തെ പത്തു സെ.മീറ്ററും മുകളിലെ 30 സെ.മീറ്ററും ഒഴിവാക്കി വേണം നടാനുള്ള കമ്പ് മുറിച്ചെടുക്കാന്‍. പതിനഞ്ച് ഇരുപത് സെ.മീറ്റര്‍ നീളത്തില്‍ മുറിച്ച കപ്പക്കമ്പ് 4-5 സെ.മീറ്ററിലധികം താഴാതെ ഒരു കൂനയില്‍ ഒന്നെന്ന കണക്കില്‍ കുത്തനെ നിര്‍ത്തി നടുന്നതാണ് നല്ലത്. ശാഖകള്‍ ഉണ്ടാകുന്ന ഇനങ്ങള്‍ 90ണ്മ90 സെ.മീ. അകലത്തിലും ശാഖകളില്ലാത്ത എം-4 ഇനങ്ങള്‍ 75 x 75 സെ.മീറ്റര്‍ അകലത്തിലും നട്ടാല്‍ മതി.

വളപ്രയോഗം
വളമൊന്നും ചേര്‍ക്കാതെ ഉടലെടുത്ത് കപ്പനട്ട് ചെത്തിക്കോരി ചാരം മാത്രം ചേര്‍ത്താണ് കപ്പ കൃഷി ചെയ്തു വന്നിരുന്നത്. എന്നാല്‍ പുതിയ ഇനങ്ങളുടെ വരവോടെയും നിരവധി പരീക്ഷണങ്ങളുടെയും ഫലമായി വളപ്രയോഗത്തില്‍ ശാസ്ത്രീയ നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഒരു കൂനയ്ക്ക് ഒരു കി. ഉണങ്ങിയ ചാണകപ്പൊടി ചേര്‍ത്തു നടുന്നത് നല്ലതാണ്. പുറമേ പാക്യജനക-ഭാവഹ-ക്ഷാരവളങ്ങളും ചേര്‍ക്കാം. എം-4 ഇനത്തിനും മറ്റു നാടന്‍ ഇനങ്ങള്‍ക്കും ഹെക്ടറിന് 50:50:50 എന്ന അനുപാതത്തില്‍ ഈ വളങ്ങള്‍ കിട്ടാനായി 110 കിലോ യൂറിയ, 250 കിലോ മസൂറിഫോസ്, 85 കിലോ പൊട്ടാഷ് എന്നിവ ചേര്‍ക്കേണ്ടതാണ്. ഉല്‍പ്പാദനശേഷി കൂടിയ ഹൈബ്രിഡ് ഇനങ്ങള്‍ക്ക് ഇതിലധികവും വേണം. മസൂറിഫോസ്, കമ്പു നടുമ്പോഴും യൂറിയയും, പൊട്ടാഷും മൂന്നാക്കി ഭാഗിച്ച് നടുമ്പോഴും നട്ട് രണ്ടു മാസം കഴിഞ്ഞും മൂന്നുമാസം കഴിഞ്ഞും കൊടുക്കുകയാണ് വേണ്ടത്. ആറേഴുമാസം മൂപ്പുള്ള കപ്പ നടുമ്പോള്‍-പ്രത്യേകിച്ചും കൊയ്ത്തു കഴിഞ്ഞ പാടത്തു നടുമ്പോള്‍-അടിവളമായി ഭാവഹം മുഴുവനും പകുതിവീതം യൂറിയയും പൊട്ടാഷും നല്‍കി ബാക്കി പകുതി നട്ട് 45 ദിവസത്തിനുശേഷം ഇടയിളക്കി ചെത്തിക്കോരുമ്പോള്‍ കൊടുത്താല്‍ മതി. ഓരോ കപ്പക്കമ്പിനും എതിര്‍വശത്തേക്കു വളരുന്ന രണ്ടു മുളകള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ അടര്‍ത്തിക്കളയേണ്ടതാണ്. നട്ട് മൂന്നുമാസം വരെയെങ്കിലും കളകേറാതെ ചെത്തിക്കോരി കൂനകെട്ടി സംരക്ഷിക്കേണ്ടതാണ്.


 ഇടവിളകള്‍
കപ്പയ്ക്കിടയ്ക്ക് ഇടവിളയായി മറ്റു കൃഷികളൊന്നും ചെയ്യാറില്ലെങ്കിലും 90ണ്മ90 സെ.മീ. അകലത്തില്‍ നട്ട സ്ഥലങ്ങളില്‍ വിപണന സൗകര്യമുണ്ടെങ്കില്‍ ഇടവിളയായി നിലക്കടല കൃഷിചെയ്യാം. വരികള്‍ തമ്മില്‍ 30 സെ.മീറ്ററും നിരകളില്‍ 20 സെ.മീറ്ററും വിട്ട് മേയ്-ജൂണ്‍ മാസത്തോടുകൂടി നിലക്കടലവിത്ത് കുത്തിയിടാം. പടര്‍ന്നു കേറാത്ത ഇനം പയറും കപ്പകള്‍ക്കിടയില്‍ പറ്റും.


വിളസംരക്ഷണം
കപ്പക്കൃഷിയിലെ പ്രധാന പ്രശ്നം എലിശല്യമാണ്. സ്വാദും കഴമ്പുമുള്ള എം-4 ഇനത്തില്‍ എലിയുടെ ഉപദ്രവം കൂടുതലായാണ് കണ്ടുവരുന്നത്. വിവിധ മാര്‍ഗങ്ങളുപയോഗിച്ച് എലിയെ നശിപ്പിക്കുകയേ ഇതിനു പ്രതിവിധിയുള്ളൂ. അതുപോലെതന്നെ ഇല മഞ്ഞളിച്ചു ചുരുണ്ടു നശിക്കുന്ന മൊസൈക് എന്ന വൈറസ് രോഗവും ഈ ഇനത്തിലാണു കൂടുതലായും കാണുന്നത്. മൊസൈക് ബാധിച്ച കപ്പക്കമ്പു നടാതിരിക്കുകയാണ് ഇതിനുള്ള പ്രധാന പ്രതിവിധി. മൊസൈക് രോഗം പരത്തുന്ന വെള്ളീച്ചയെ ആദ്യദശയില്‍ തന്നെ ഏതെങ്കിലും കീടനാശിനി തളിച്ചു നശിപ്പിച്ചാല്‍ രോഗവ്യാപനം തടയാനാകും.


നട്ട് 9-10 മാസമാകുമ്പോള്‍ കപ്പ പറിക്കാം. എം-4 ഇനം 12 മാസമാകുമ്പോള്‍ പറിക്കുന്നതാണ് വിളവധികം കിട്ടാന്‍ നല്ലത്. ഈ ഇനത്തില്‍ ഹെക്ടറിന് 10-15 ടണ്‍ പച്ചക്കപ്പ കിട്ടും. പുതിയ ഹൈബ്രിഡ് ഇനമായ ശ്രീഹര്‍ഷയ്ക്ക് ഹെക്ടറിന് 40-50 ടണ്‍ വിളവുണ്ടായതായി രേഖപ്പെടുത്തിയിട്ടുണ്ട്. നാടന്‍ ഇനങ്ങള്‍ക്കു പത്തു ടണ്ണില്‍ താഴെ മാത്രമേ വിളവുള്ളൂ. കപ്പക്കൃഷി കുറഞ്ഞു വന്നപ്പോള്‍ പച്ചക്കപ്പയ്ക്ക് കി.ഗ്രാമിന് അഞ്ചു രൂപയും വാട്ടുകപ്പയ്ക്ക് 18 മുതല്‍ 20 രൂപ വരെയും കൊടുക്കേണ്ടി വരുന്നുണ്ട്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5341920