കിഴങ്ങുവര്‍ഗ്ഗങ്ങള്‍ : ചേമ്പ്


ഇനങ്ങള്‍

കൃഷി ചെയ്യുപ്പെടുന്ന ധാരാളം ഇനങ്ങളുള്ള കിഴങ്ങുവര്‍ഗമാണ് ചേമ്പ്. ഈഴചേമ്പ്, കരിംചേമ്പ്, കല്ലടിചേമ്പ്, നീര്‍ചേമ്പ് എന്നിവയായിരുന്നു പഴയകാല പേരുകള്‍. ഇന്ന് ശീമച്ചേമ്പ്, കുളച്ചേമ്പ്, വര്‍ഷച്ചേമ്പ്, നനചേമ്പ് എന്നീ പേരുകളുള്ള ഇനങ്ങളാണ് കൃഷി ചെയ്തു വരുന്നത്. കിഴങ്ങും, തണ്ടും ഇലകളും വിവിധ തരത്തില്‍ കറിവയ്ക്കാനുപയോഗിക്കുമെന്നത് ചേമ്പിന്‍റെ പ്രത്യേകതകളാണ്. വലിയ ഇലകളോടുകൂടിയ 'മാറാന്‍' എന്നറിയപ്പെടുന്ന മാറാചേമ്പ് കൃഷിചെയ്യാതെ തന്നെ തരിശുപറമ്പുകളില്‍ ധാരാളം വളരുന്നു. ചൊറിച്ചില്‍ അധികമായതിനാല്‍ ഇതു കറികള്‍ക്കുപയോഗിക്കാറില്ല.
 

നടീല്‍
കല്ലും കട്ടയുമില്ലാതെ മണലും ചെളിയും സമം കലര്‍ന്ന ഉലര്‍ച്ചയുള്ള മണ്ണാണ് ചേമ്പ് നടാന്‍ പറ്റിയത്. നനയ്ക്കാന്‍ പറ്റുമെങ്കില്‍ ഏതു സമയത്തും ചേമ്പ് കൃഷി ചെയ്യാമെങ്കിലും മീനം-മേടം മാസക്കാലത്താണ് ചേമ്പ് നടുന്നത്. ശീമച്ചേമ്പിന്, കണ്ടിചേമ്പെന്നും പാല്‍ചേമ്പെന്നും പറയുന്നു. വലുപ്പമുള്ള കിഴങ്ങുള്ളവയുടെ തള്ളയും പിള്ളയും (തടയും വിത്തും) നടാനുപയോഗിക്കാം. വറത്തു തിന്നാനും കറിവയ്ക്കാനും പറ്റിയ ഇനമാണിത്.


മീനമാസത്തില്‍ തന്നെ ചേമ്പ് നട്ടു തുടങ്ങാം. ശീമച്ചേമ്പ് 15 സെ.മീറ്ററോളം ഉള്ള കഷണങ്ങളാക്കി മുറിച്ചാണു നടുന്നത്. 75 സെ.മീ. ഇടവിട്ടുള്ള കുഴികളിലാണിത് നടുക. നട്ടശേഷം ചാണകപ്പൊടിയും ചാരവും ചേര്‍ത്തു കുഴിമൂടി ചവറിട്ട് നിറയ്ക്കുന്നു. ചേമ്പ് മുളച്ച് ഒന്നര രണ്ടാഴ്ചയാകുമ്പോള്‍ മണ്ണിട്ടു കോരി ചുവട് ബലപ്പെടുത്തുന്നു.


ചെറുചേമ്പ് വാരങ്ങളെടുത്താണ് നടുന്നത്. 15 സെ.മീ. ഉയരമുള്ള വാരങ്ങളില്‍ 45 സെ.മീ. അകലത്തില്‍ കുഴികളെടുത്ത് വിത്തു നടുന്നു. അധികവും പിള്ളച്ചേമ്പാണ് (വിത്ത്) നടാനുപയോഗിക്കുന്നത്. ചാണകപ്പൊടിയിട്ടുനടുക, നട്ടശേഷം ഒരു മാസം കഴിഞ്ഞും രണ്ടുമാസം കഴിഞ്ഞും മണ്ണുചെത്തിക്കോരി വാരം ബലപ്പെടുത്തുക എന്നീ പണികളല്ലാതെ മറ്റു പരിചരണങ്ങളൊന്നും ചേമ്പിനു ചെയ്യാറില്ല. ചേമ്പിനങ്ങളെല്ലാം തന്നെ നട്ട് 5-6 മാസമാകുമ്പോള്‍ പറിച്ചെടുക്കാന്‍ പാകമാകുന്നവയാണ്. ചേറു ചേമ്പ് മോരുകൂട്ടാനും സമ്പാറിനും പറ്റിയ കഷണങ്ങളാണ്. ചുമന്ന തണ്ടോടുകൂടിയ താമരക്കണ്ണനെന്ന ഇനം നനചേമ്പില്‍ പെട്ടതാണ്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235663