കിഴങ്ങുവര്‍ഗ്ഗങ്ങള്‍ : കൂര്‍ക്ക


നടീല്‍
കൂര്‍ക്കയ്ക്കു ചൈനക്കാരന്‍റെ ഉരുളക്കിഴങ്ങെന്നാണ് (ചൈനീസ് പൊട്ടറ്റോ) ഇംഗ്ലീഷില്‍ പറയുക. പേരെന്തായാലും തവിട്ടുനിറത്തോടു കൂടിയ ഈ ചെറിയ കിഴങ്ങിന് ഒരു പ്രത്യേക മണവും സ്വാദും രുചിയുമുണ്ട്. മെഴുക്കുപുരട്ടിക്കു പുറമേ തിരുവാതിരക്കാലത്തെ എട്ടങ്ങാടിയിലും തിരുവാതിപ്പുഴുക്കിലും കൂര്‍ക്ക ഒഴിവാക്കാന്‍ പറ്റാത്ത ഒരു ഘടകമാണ്. മലബാര്‍ പ്രദേശങ്ങളിലാണ് കൂര്‍ക്കകൃഷി ആദ്യം തുടങ്ങിയത്. പഴയ തെക്കന്‍ മലബാറില്‍പ്പെട്ട പാലക്കാട്-മലപ്പുറം ജില്ലകളിലും തൃശ്ശൂര്‍ ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലുമാണ് കൂര്‍ക്കകൃഷി വ്യാപകമായിട്ടുള്ളത്. പാലക്കാട് ജില്ലയിലെ കോങ്ങാട് മുണ്ടൂര്‍ പ്രദേശത്തെ കുന്നിന്‍ ചെരുവുകളും കരപ്പാടങ്ങളും കൂര്‍ക്കകൃഷിക്കു പേരുകേട്ടവയാണ്.


നല്ല നീര്‍വാര്‍ച്ചയുള്ള വെട്ടുകല്‍ മണ്ണ്, മണല്‍മണ്ണ് എന്നിവ കൂര്‍ക്കകൃഷിക്കു പറ്റിയതാണ്. ചെളികെട്ടാത്ത കരപ്പാടങ്ങളിലെ മണ്ണിലും കൂര്‍ക്ക നന്നായി വളരും. എന്നാല്‍ നനവുകൂടുമ്പോള്‍ നിമറ്റോഡ് എന്ന വിരമൂലമുണ്ടാകുന്ന 'ചൊറി' പിടിക്കാതെ നോക്കണം. ഏതു കാലാവസ്ഥയും കൃഷിക്കനുയോജ്യമാണെങ്കിലും ഒരു മഴക്കാലവിളയായിട്ടാണ് കേരളത്തില്‍ കൂര്‍ക്ക കൃഷി ചെയ്യുന്നത്.


കിഴങ്ങുകളില്‍നിന്നു മുളച്ചുവരുന്ന കന്നുകളാണ് (തലകള്‍) നടാനുപയോഗിക്കുന്നത്. മുന്‍വര്‍ഷത്തെ വിളവിന്‍റെ അവസാനഘട്ടത്തില്‍ പറിച്ചെടുക്കുന്ന മൂത്ത കിഴങ്ങുകള്‍ ഇതിനായി മാറ്റിവയ്ക്കും. വിത്തുപാകി മുളപ്പിച്ചു തലകള്‍ നുള്ളി നടുന്നതു മുതല്‍ വിളവെടുക്കുന്നതുവരെ 7-8 മാസത്തെ സമയമുണ്ട്. തലയുണ്ടാകാന്‍ ഞാറ്റടിയില്‍ 2-3 മാസം, പറിച്ചു നട്ട് വിളവെടുക്കാന്‍ 5-6 മാസം എന്നാണ് കണക്ക്.


വിഷു കഴിഞ്ഞാല്‍ കൂര്‍ക്ക വിത്ത് പാകാന്‍ തുടങ്ങും. ഒരു ഹെക്ടര്‍ സ്ഥലം നടാന്‍  175-200 കി.ഗ്രാം. വിത്ത് വേണ്ടി വരും. 15-20 സെന്‍റ് സ്ഥലവും വേണം. മുപ്പതുസെ.മീ. ഉയരത്തിലും ഒന്നു രണ്ടു മീറ്റര്‍ വീതിയിലും കോരിയ വാരത്തില്‍ (ഏരി) 2-3 സെ.മീ. ആഴത്തിലും 15-20 സെ.മീ. അകലത്തിലും എടുത്ത കുഴിയില്‍ ഉണങ്ങിയ ചാണകപ്പൊടിയിട്ട് മൂന്നോ നാലോ വിത്തിട്ട് മൂടുന്നു. രണ്ടുമാസം കഴിയുന്നതോടെ തല നുള്ളാറാകും. ഒരേ ഞാറ്റടിയില്‍ 8-10 ദിവസം ഇടവിട്ട് 4-5 തവണയായി തല നുള്ളിയെടുക്കാന്‍ കിട്ടും. ഓരോ തവണ തല നുള്ളിയെടുത്തു കഴിയുമ്പോഴും അല്‍പം യൂറിയ ചേര്‍ത്തു കൊടുക്കാറുണ്ട്.
തല നുള്ളിയെടുത്ത ഉടന്‍ നടാന്‍ പാകത്തില്‍ പ്രധാന കൃഷിസ്ഥലത്തെ മണ്ണുഴുത് പാകപ്പെടുത്തി ഹെക്ടറിന് 10 ടണ്‍ കാലിവളം ചേര്‍ക്കുന്നു. യൂറിയ-മസൂറിഫോസ്-പൊട്ടാഷ് എന്നിവ യഥാക്രമം 65-300-85 കി.ഗ്രാം വീതം ചേര്‍ത്തു കൊടുക്കണം. മുപ്പതു സെ.മീറ്റര്‍ അകലത്തിലും ഉയരത്തിലും എടുത്ത വാരങ്ങളില്‍ 20 സെ.മീ. ഇടവിട്ട് തലകള്‍ നട്ട് മണ്ണിട്ടുമൂടുന്നു. ഇങ്ങനെ തലകള്‍ നടുന്നത് കര്‍ക്കിടകമാസം മുഴുവന്‍ നീണ്ടുനില്‍ക്കും. നട്ട് 45 ദിവസം കഴിഞ്ഞു കളമാറ്റി ഇട കിളച്ച് മണ്ണിട്ടു കൊടുക്കുന്നതോടെ ഹെക്ടറിനു വീണ്ടും 65 കി.ഗ്രാം യൂറിയയും 85 കി.ഗ്രാം പൊട്ടാഷും നല്‍കുന്നു. അടിവളമായി ഹെക്ടറിന് 250 കി.ഗ്രാം. 17:17:17 കോംപ്ലക്സ് വളവും തുടര്‍ന്ന് ഒന്നരമാസം കഴിയുമ്പോഴും മൂന്നരമാസം കഴിയുമ്പോഴും 20 കി.ഗ്രാം വീതം യൂറിയയും 50 കി.ഗ്രാം പൊട്ടാഷും നല്‍കുന്നവരുമുണ്ട്. വൃശ്ചികം-ധനു മാസങ്ങളില്‍ വള്ളിയിലെ ഇലകള്‍ ഉണങ്ങുമ്പോള്‍ വിളവെടുക്കാം. ഒരു ഹെക്ടറില്‍നിന്ന് ഏകദേശം 8 മുതല്‍ 12 ടണ്‍വരെ കിഴങ്ങു കിട്ടും. വിലയായി കൃഷിക്കാര്‍ക്ക് കി.ഗ്രാമിന് അഞ്ചോ പത്തോ കിട്ടുമ്പോള്‍ ഉപഭോക്താവിനു സീസണനുസരിച്ച് ഇരുപതോ-മുപ്പതോ രൂപ കൊടുക്കേണ്ടിവരും.


കീടരോഗനിയന്ത്രണം
കൂര്‍ക്കയ്ക്കു കീടരോഗങ്ങള്‍ താരതമ്യേന കുറവാണെങ്കിലും നിമാവിരകളുടെ (നിമറ്റോഡ്) ആക്രമണത്താല്‍ കിഴങ്ങിനു ചൊറി പിടിക്കാറുണ്ട്. ഒരു കിഴങ്ങില്‍തന്നെ ചെറിയ മുഴകളുണ്ടാകുന്നതാണ് ചൊറി. ചൊറിപിടിച്ച കിഴങ്ങുകള്‍ വേഗം അഴുകുന്നതുകൊണ്ട് വിപണിയില്‍ വില കുറയും.

കൂര്‍ക്കയും ആരോഗ്യസംരക്ഷണവും
നാട്ടിലുണ്ടാക്കിയ കൂര്‍ക്ക വിപണിയില്‍നിന്ന് അപ്രത്യക്ഷമാകുന്നതോടെ തമിഴ്നാട്ടില്‍ നിന്നുള്ളവയുടെ വരവായി. ഇവയുടെ തൊലിക്ക് ഇളം കറുപ്പുനിറമായിരിക്കും. വലിപ്പമേറുമെങ്കിലും നാടന്‍ കൂര്‍ക്കയുടെ സ്വാദ് ഇവയ്ക്കുണ്ടാകാറില്ല.
ചേന ഒഴികെ മറ്റു മിക്ക കിഴങ്ങുകളെക്കാളും കുറവായിട്ടാണ് കൂര്‍ക്കയിലെ അന്നജത്തിന്‍റെ തോത്. എന്നാല്‍ മരച്ചീനി, മധുരക്കിഴങ്ങ്, ചേന എന്നിവയില്‍ ഉള്ളതിനേക്കാള്‍ മാംസ്യം കൂടുതല്‍ കൂര്‍ക്കയിലുണ്ട്. ലവണങ്ങളും കൂര്‍ക്കയിലാണ് കൂടുതല്‍.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5342722