വാണിജ്യപച്ചക്കറികള്‍ : വഴുതന


 

സൊളാസേസീ സസ്യകുടുംബത്തിലെ മറ്റൊരു അംഗമായ വഴുതനയുടെ ജന്മദേശം ഇന്ത്യയാണ്. വഴുതനയുടെ ശാസ്ത്രനാമം സൊളാനം മെലോന്‍ജിന എന്നാണ്.

കാലാവസ്ഥയും മണ്ണും
വഴുതനയുടെ ശരിയായ വളര്‍ച്ചയ്ക്കും വിളവിനും 25-30 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് ഏറ്റവും അനുയോജ്യം. നല്ല ആഴവും പശിമരാശിയുമുള്ള മണ്ണാണ് വഴുതനക്കൃഷിക്ക് ഉത്തമം. മണ്ണിന്‍റെ അമ്ല- ക്ഷാര നില 5.5നും 6 നും ഇടയില്‍ ആകുന്നതാണ് നല്ലത്.

ഇനങ്ങള്‍
വഴുതനയില്‍ കായുടെ വലുപ്പം, നിറം എന്നിവയില്‍ ഓരോ സ്ഥലത്തെയും ഇനങ്ങള്‍ തമ്മില്‍ ഒട്ടെറെ വ്യത്യാസങ്ങളുണ്ട്. നമ്മുടെ സ്ഥലത്ത് ഏറ്റവുമധികം ഡിമാന്‍ഡുള്ള ഇനമേതാണെന്നു കണ്ടെത്തി അതു കൃഷിക്കായി തിരഞ്ഞെടുക്കണം.
കേരളത്തില്‍ വഴുതനക്കൃഷിക്ക് പ്രതികൂലമായി കാണുന്ന പ്രധാന ഘടകം ബാക്ടീരിയാവാട്ടം എന്ന രോഗമാണ്. അതിനാല്‍, ഈ രോഗത്തെ ചെറുത്തുനില്‍ക്കാന്‍ കഴിയുന്ന ഇനങ്ങള്‍ കൃഷിചെയ്യാന്‍ ശ്രദ്ധിക്കണം. ഇന്ത്യയില്‍ വിവിധ കേന്ദ്രങ്ങളിലായി വികസിപ്പിച്ചെടുത്തിട്ടുള്ള പ്രധാന ഇനങ്ങള്‍ ഇവയാണ്.

  • സൂര്യ: തമിഴ്നാട്ടിലെ അണ്ണാമലൈയില്‍നിന്നും ശേഖരിച്ച എസ്.എം-6 എന്ന ശേഖരത്തില്‍നിന്നും നിര്‍ധാരണം വഴി കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത വഴുതനയിനമാണ് സൂര്യ അഥവാ കേരസൂര്യ. ഇതിന് ബാക്ടീരിയാവാട്ടത്തെ ചെറുത്തുനില്‍ക്കുന്നതിനുള്ള കഴിവുണ്ട്. കായ്കള്‍ക്ക് അണ്ഡാകൃതിയാണുള്ളത്. 50 ഗ്രാമോളം തൂക്കം വരുന്ന ഇവയ്ക്ക് പര്‍പ്പിള്‍ നിറമാണ്. ഓരോ ചെടിയില്‍നിന്നും 700-1300 ഗ്രാം വരെ വിളവ് പ്രതീക്ഷിക്കാം.
  • ശ്വേത: കേരള കാര്‍ഷിക സര്‍വകലാശാല ഹോര്‍ട്ടിക്കള്‍ച്ചര്‍ കോളജില്‍നിന്നും പുറത്തിറക്കിയ വാട്ടരോഗത്തെ ചെറുക്കാന്‍ ശേഷിയുള്ള ഇനമാണ് ശ്വേത. വെള്ളനിറത്തില്‍ കുലകളായി ഉണ്ടാകുന്ന ഇടത്തരം വലുപ്പമുള്ള കായ്കള്‍ ഈ ഇനത്തിന്‍റെ പ്രത്യേകതയാണ്. ചെടികളാകട്ടെ, വലുപ്പം കുറഞ്ഞ് കുറ്റിയായി വളരുന്ന തരത്തിലുള്ളതാണ്. ഹെക്ടറിന് ശരാശരി 30 ടണ്‍ വിളവ് ലഭിക്കും.
  • നീലിമ: കേരളത്തില്‍ വികസിപ്പിച്ചെടുത്തതും ഇവിടുത്തെ കൃഷിക്കായി ശുപാര്‍ശ ചെയ്യപ്പെടുന്നതുമായ സങ്കരയിനമാണ് നീലിമ. ഇതിന്‍റെ ചെടികള്‍ക്ക് മുള്ളുകളില്ല. തണ്ടിനും ഇലയ്ക്കും നീല/വയലറ്റ് കലര്‍ന്ന പച്ചനിറമാണ്. പൂവിനു നീലനിറമായിരിക്കും. മിനുമിനുത്ത, തിളങ്ങുന്ന അണ്ഡാകൃതിയിലുള്ള വലിയ വയലറ്റു കായ്കള്‍ക്ക് ശരാശരി 175 ഗ്രാം തൂക്കമുണ്ടാകും. ചെടി നട്ട് ഏകദേശം 45 ദിവസമെത്തുമ്പോള്‍ പുഷ്പിക്കുകയും 65 ദിവസംകൊണ്ട് ആദ്യ വിളവെടുപ്പിന് പാകമാകുകയും ചെയ്യും. ചെടികള്‍ 75 സെ.മീ. അകലത്തില്‍ നടാം. ചെടിയൊന്നിന് ശരാശരി നാലു കിലോ വിളവ് ലഭിക്കും. ബാക്ടീരിയാവാട്ടത്തിനെതിരെ പ്രതിരോധശക്തിയുള്ള ഇനമാണിത്.
  • ഹരിത: അടുക്കളത്തോട്ടത്തില്‍ വീട്ടാവശ്യത്തിനും വിപുലമായ രീതിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്യുന്നതിനും യോജിച്ച ഇനമാണിത്. ഇതിനും വാട്ടരോഗത്തെ ചെറുക്കുന്നതിനുള്ള ശേഷിയുണ്ട്. വിളദൈര്‍ഘ്യം കൂടിയ ഇനമാണ് ഹരിത. ഒന്നേകാല്‍ മീറ്ററോളം ഉയരത്തില്‍ വളരുന്ന ഇവയുടെ ചെടികള്‍ക്ക് മുള്ളുകളില്ല. പച്ചനിറമുള്ള തണ്ടും ഇലയും വെള്ള നിറമുള്ള പൂക്കളും നീണ്ടു തടിച്ച ഇളംപച്ച കായ്കളുമാണ് ഇവയുടെ പ്രത്യേകതകള്‍. കായ്കള്‍ക്ക് ശരാശരി 18 സെ.മീ. നീളവും 120 ഗ്രാം തൂക്കവുമുണ്ടാകും. ചെടിയൊന്നിന് ആറുകിലോ വരെ വിളവ് കിട്ടും. 
  • അര്‍ക്ക നീലകണ്ഠ്, അര്‍ക്കനിധി, അര്‍ക്കഷീല്‍, അര്‍ക്ക് കുസുമാകര്‍, അര്‍ക്ക ഷിരിഷ്, അര്‍ക്ക കേശവ് , ഗുലാബി, ശ്യാമള, ഭാഗ്യമതി തുടങ്ങിയവയും ഇത്തരത്തില്‍ ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. ഇതു കൂടാതെ സങ്കരയിനങ്ങളായ പുസ അന്‍മോള്‍, അര്‍ക്ക നവനീത്, സുഫല്‍ തുടങ്ങിയവയും ഇന്ത്യയില്‍ വ്യാപകമായി കൃഷിചെയ്തുവരുന്നു.

കൃഷിരീതി
മേയ്-ഓഗസ്റ്റ്, സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളാണ് കേരളത്തില്‍ വഴുതനകൃഷിക്ക് ഏറ്റവും അനുയോജ്യം. തവാരണയില്‍ വിത്തുപാകി തൈകള്‍ ഉല്‍പ്പാദിപ്പിച്ച് പറിച്ചുനട്ടാണ് വഴുതന കൃഷിചെയ്യുന്നത്. തൈകള്‍ ഉല്‍പ്പാദിപ്പിക്കുന്നവിധം തക്കാളിയിലേതുപോലെതന്നെയാണ്. ഒരു ഹെക്ടര്‍ സ്ഥലത്ത്  കൃഷിചെയ്യാനായി 400-500 ഗ്രാം വിത്ത് വേണ്ടിവരും. ഒരാഴ്ചകൊണ്ട് വിത്തുമുളയ്ക്കുകയും 40-45 ദിവസമെത്തുമ്പോള്‍ തൈകള്‍ പറിച്ചുനടാവുന്ന വിധത്തിലെത്തുകയും ചെയ്യും.
 

നിലമൊരുക്കലും നടീലും
തക്കാളിയുടെ കൃഷിരീതി തന്നെയാണ് വഴുതനയുടേതും. എന്നാല്‍, വഴുതന അല്‍പ്പംകൂടി അകലം കൊടുത്ത് നടണം. വരികള്‍ തമ്മില്‍ 75 സെ.മീറ്ററും വരിയിലെ ചെടികള്‍ തമ്മില്‍ 60 സെ.മീറ്ററും അകലം കൊടുക്കണം. വളപ്രയോഗവും മറ്റു കൃഷിപ്പണികളും തക്കാളിയുടേതു തന്നെ.
 

സസ്യസംരക്ഷണം
കായും തണ്ടും തുരക്കുന്ന പുഴുക്കളാണ് വഴുതനയുടെ പ്രധാന ശത്രുക്കള്‍. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴു അഗ്രഭാഗത്തുള്ള ഇളംതണ്ടിലൂടെ കയറി നാമ്പിന്‍റെ ഉള്‍ഭാഗം തിന്നുകയും നാമ്പ് വാടിപ്പോകുകയും ചെയ്യുന്നു. കായില്‍ ചെറിയ ദ്വാരങ്ങളുണ്ടാക്കി അതിനുള്ളില്‍ കടന്ന് കായ്കള്‍ നശിപ്പിച്ചുകളയുന്നു. തുടക്കത്തില്‍ പുഴു ബാധിച്ചതായി കാണുന്ന നാമ്പുകളും കായ്കളും പുഴുവടക്കം ശേഖരിച്ച് നശിപ്പിച്ചുകളയണം. മീനെണ്ണ എമല്‍ഷനോ മീനെണ്ണ കലര്‍ന്ന ബാര്‍സോപ്പോ വെള്ളത്തില്‍ കലക്കി തളിക്കുന്നതും ഒരു പരിധിവരെ ഈ കീടത്തെ അകറ്റിനിര്‍ത്താന്‍ സഹായിക്കും.

അര്‍ധഗോളാകൃതിയും തവിട്ടുനിറവും കറുത്ത പുള്ളിക്കുത്തുകളുമുള്ള എപ്പിലാക്ന വണ്ട്, ഇലചുരുട്ടിപ്പുഴു എന്നിവയും വഴുതനയെ ആക്രമിക്കാറുണ്ട്. സെവിന്‍ (ഒരു ലിറ്റര്‍ വെള്ളത്തില്‍ 3 ഗ്രാം), മാലത്തിയോണ്‍(ഒരു ലിറ്റര്‍ വെള്ളത്തില്‍ 2 മി.ലി) എന്നീ മരുന്നുകള്‍ ഇവയ്ക്കെതിരെ പ്രയോഗിക്കാവുന്നതാണ്.

വഴുതനയില്‍ കണ്ടുവരുന്ന പ്രധാന രോഗങ്ങള്‍ ബാക്ടീരിയാവാട്ടം, ചെടി മുരടിക്കല്‍ തുടങ്ങിയവയാണ്. ചെടിയുടെ വളര്‍ച്ച മുരടിച്ച് അടുത്തടുത്ത് ഇടതൂര്‍ന്ന് നന്നേ ചെറിയ ഇലകളുണ്ടായി കായ്ഫലം തരാനുള്ള കഴിവ് നഷ്ടപ്പെടുത്തുന്ന രോഗമാണ് ചെടിമുരടിക്കല്‍. ഇതിനു കാരണം മൈക്കോപ്ലാസ്മ എന്ന രോഗാണുവാണ്. ഫലപ്രദമായ നിയന്ത്രണമാര്‍ഗങ്ങള്‍ ഇല്ലാത്തതിനാല്‍, മറ്റു ചെടികളിലേക്ക് രോഗം പകരുന്നതിനു മുമ്പ് രോഗം ബാധിച്ച ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കണം.

വിളവെടുപ്പ്
ചെടികള്‍ നട്ട് 55-60 ദിവസമാകുമ്പോള്‍ വിളവെടുപ്പ് ആരംഭിക്കാം. ഏതാണ്ട് 5 ദിവസം ഇടവിട്ട് വിളവെടുപ്പ് നടത്തുന്നതാണ് നല്ലത്. ഇനത്തിന്‍റെയും കാലാവസ്ഥയുടെയും മണ്ണിന്‍റെയും പ്രത്യേകതകള്‍ അനുസരിച്ച് 20-35 ടണ്‍ വരെ വിളവ് പ്രതീക്ഷിക്കാം. കുറ്റിവിള രീതി വഴുതനയില്‍ പരീക്ഷിക്കാവുന്നതാണ്. പ്രധാന വിളവെടുപ്പ് കഴിഞ്ഞാല്‍, ചെടി ചുവട്ടില്‍നിന്നു മുറിച്ച് കുറ്റിയായി നിര്‍ത്തുന്നു. വീണ്ടും നന്നായി വെള്ളവും വളവും നല്‍കിയാല്‍ ഇവ വളര്‍ന്ന് നല്ല വിളവ് നല്‍കുന്നതാണ്.
 

വിത്തുശേഖരണം
രോഗ-കീടമുക്തമായതും നല്ല ആരോഗ്യത്തോടെ വളരുന്നതും നല്ല വിളവുതരുന്നതുമായ ചെടികളില്‍നിന്നാണ് വിത്ത് ശേഖരിക്കേണ്ടത്. കായ്കള്‍ നന്നായി മൂത്തുപഴുത്ത്, മഞ്ഞനിറത്തിലാകുമ്പോള്‍ വിത്തിനായി പറിച്ചെടുക്കാം. പഴുത്ത കായ്കള്‍ മുറിച്ച് അല്ലെങ്കില്‍ ചതച്ചശേഷം വെള്ളത്തില്‍ മുക്കിവയ്ക്കുക. അടിയില്‍ അടിഞ്ഞുകൂടുന്ന വിത്തെടുത്ത് ആദ്യം തണലിലും പിന്നീട് വെയിലിലും ഉണക്കിയെടുത്ത് സൂക്ഷിക്കാവുന്നതാണ്.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466408