വാണിജ്യപച്ചക്കറികള്‍ : മുളക്


സൊളാനേസീ കുടുംബത്തില്‍പ്പെട്ട മുളകില്‍ വിറ്റാമിന്‍ എ, സി എന്നിവ അടങ്ങിയിട്ടുണ്ട്. മുളകിന് എരിവു നല്‍കുന്നത് കാപ്സിസിന്‍ എന്ന ആല്‍ക്കലോയ്ഡാണ്. മുളകിന്‍റെ ഉള്ളിലുള്ള തണ്ടോടുചേര്‍ന്ന ഭാഗത്തും വിത്തിലുമാണ് എരിവ് കൂടുതലുള്ളത്. മുളകു വാറ്റിയെടുക്കുന്ന ഒളിയോറെസിന്‍ എന്ന സത്തിനും കാപ്സിസിന്‍ എന്ന രാസവസ്തുവിനും വിദേശവിപണികളില്‍ ഏറെ പ്രിയമുണ്ടെന്നത് ഇവയുടെ കയറ്റുമതി സാധ്യത വര്‍ധിപ്പിക്കുന്നു. മുളക് പ്രധാനമായും മൂന്നു തരത്തിലുണ്ട്.

  • പച്ചമുളക് - ഉണക്കമുളക്: കാപ്സിക്കം ആനം വെറൈറ്റി ആനം എന്നാണിതിന്‍റെ ശാസ്ത്രനാമം. ഇതിന്‍റെ കായ്കള്‍ക്ക് ഞെട്ടിനേക്കാള്‍ നീളമുണ്ടായിരിക്കും. കായ്കള്‍ മിക്കവാറും ചെടിയില്‍നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്നവയായിരിക്കും. കറികളില്‍ ഉപയോഗിക്കുന്നതിനു പുറമേ കൊണ്ടാട്ടം ഉണ്ടാക്കുന്നതിനും പച്ചമുളക് ഉപയോഗിക്കുന്നു. കേരളത്തില്‍ കറികളില്‍ ഉപയോഗിക്കുന്നതിനാണ് പച്ചമുളക് പ്രധാനമായും കൃഷിചെയ്യുന്നത്.
  • മൈസൂര്‍ മുളക്: ഏകദേശം ഉരുണ്ട വഴുതനയുടെ വലിപ്പത്തില്‍ തീരെ എരിവു കുറഞ്ഞ ഇത്തരം മുളക് പച്ചക്കറിയായാണ് ഉപയോഗിക്കുന്നത്. സലാഡുകളിലും സ്റ്റഫ് ചെയ്യുന്നതിനും ഇത്തരം മുളക് ഉപയോഗിച്ചുവരുന്നു. കാപ്സിക്കം ആനം വെറൈറ്റി ഗ്രോസ്സം എന്നാണിതിന്‍റെ ശാസ്ത്രനാമം. സലാഡിന്‍റെ ആവശ്യത്തിനായി ഉപയോഗിക്കുന്ന എരിവില്ലാത്ത ഈ ഇനത്തെ സലാഡ് പപ്രിക്ക എന്നാണ് വിളിക്കുന്നത്. ഇതു കൂടാതെ പപ്രിക അഥവാ സ്പൈസ് പപ്രിക എന്നൊരു ഇനവുമുണ്ട്. തീരെ എരിവില്ലാത്ത ഇവയുടെ കായ്കള്‍ക്ക് കടുംചുവപ്പുനിറമായിരിക്കും. ഇവയുടെ മൂത്തു പഴുത്ത കായ് ഉണക്കിപ്പൊടിച്ചുണ്ടാക്കുന്ന പൊടി മറ്റു ഭക്ഷ്യവസ്തുക്കള്‍ക്ക് നിറം കൊടുക്കാനായി ഉപയോഗിക്കുന്നു. ഇവയ്ക്ക് വിദേശവിപണിയില്‍ ഏറെ പ്രിയമുള്ളതിനാല്‍ ഇവയുടെ കയറ്റുമതിയില്‍നിന്നു നല്ല ആദായം നേടാന്‍ കഴിയും.
  • കാന്താരിമുളക്: കാപ്സിക്കം ഫ്റൂട്ടിസന്‍സ് എന്ന ശാസ്ത്രനാമമുള്ള ഈ മുളക് നമ്മുടെ വീട്ടുവളപ്പുകളില്‍ വളരെ സാധാരണയായി കൃഷിചെയ്തുവരുന്നു. താരതമ്യേന വളരെ നീണ്ട വിളവുകാലവും കൂടുതല്‍ കായ്കളും ഇതിന്‍റെ പ്രത്യേകതകള്‍ ആണ്. സാധാരണയായി, കായേക്കാള്‍ ഞെട്ടിന് നീളം കൂടുതലായിരിക്കും. കാന്താരിമുളക് ചെടിയില്‍ മുകളിലേക്ക് കുത്തനെയാണ് വളരുന്നത്. വളരെ തീവ്രമായ എരിവുള്ള കാന്താരിമുളക് കറിയാവശ്യത്തിനു പുറമേ അച്ചാറുകളും മറ്റും ഉണ്ടാക്കുന്നതിനും ഉപയോഗിക്കുന്നു.

കാലാവസ്ഥയും മണ്ണും
മുളക് ഒരു ഉഷ്ണകാലവിളയാണ്. പച്ചമുളക്, കാന്താരിമുളക് എന്നിവ 20-30 ഡിഗ്രി താപനിലയില്‍ നന്നായി വളരുന്നു. എന്നാല്‍, മൈസൂര്‍ മുളകിന് അല്‍പ്പം തണുപ്പ് ആവശ്യമാണ്. 17-23 ഡിഗ്രി താപനിലയാണ് അതിന്‍റെ വളര്‍ച്ചയ്ക്കും ഉയര്‍ന്ന വിളവിനും ഉത്തമം. നല്ല വളക്കൂറും ആഴവും ഇളക്കവും പശിമരാശിയുമുള്ള മണ്ണാണ് മുളകുകൃഷിക്ക് ഏറ്റവും അനുയോജ്യം. അമ്ല- ക്ഷാര നില 6-5നും 7നും ഇടയില്‍ ആകുന്നതാണ് നല്ലത്.

ഇന്ത്യയില്‍ പൊതുവേ പറഞ്ഞാല്‍, മുളകു കൃഷിചെയ്യുന്നത് പ്രധാനമായും ഉണക്കമുളകിനായാണ്. പഴുക്കുന്നതിനു മുമ്പ് കറിയാവശ്യത്തിനും ഉപയോഗിക്കാം. ഇത്തരം മുളകിന്‍റെ ഇനങ്ങളെ രണ്ടായി തിരിക്കാം- നീളന്‍ മുളക് തരുന്ന സാംബ ഇനങ്ങളും ഉരുണ്ട ആകൃതിയില്‍ കായ്കള്‍ ഉണ്ടാകുന്ന ഗുണ്ട് ഇനങ്ങളും. ഉരുണ്ട ഇനങ്ങളില്‍ ആന്ധ്രജ്യോതി, കോ-2 എന്നിവയാണ് പ്രധാനപ്പെട്ടവ. ഇലപ്പേനിനെതിരെ പ്രതിരോധശക്തിയുള്ള ആന്ധ്രജ്യോതി എന്നയിനത്തില്‍നിന്നു ഹെക്ടറിന് 1700 കി.ഗ്രാം വരെ ഉണക്കമുളക് ലഭിക്കും. പച്ചമുളകായി വിളവെടുത്താല്‍ 3500 കി.ഗ്രാം വിളവു ലഭിക്കും. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ കോ-2 എന്നയിനത്തിന്‍റെ കായ്കള്‍ക്ക് നല്ല എരിവും വിത്തും ഉണ്ട്. 200-210 ദിവസത്തെ മൂപ്പുള്ള ഈ ഇനത്തിന് ഹെക്ടറൊന്നിന് 2100 കി.ഗ്രാം ഉണക്കമുളകോ 7400 കി. ഗ്രാം പച്ചമുളകോ നല്‍കാന്‍ ശേഷിയുണ്ട്. പാന്ത് സി-2, പി.കെ.എം-1, മുസല്‍വാടി തുടങ്ങി മറ്റനവധി മുളകിനങ്ങളും അത്യുല്‍പ്പാദനശേഷിയുള്ളവയാണ്. കെ.എ.യു., ക്ലസ്റ്റര്‍, ജ്വാലാമുഖി, ജ്വാലാസഖി തുടങ്ങിയവ കേരള സര്‍വകലാശാല വികസിപ്പിച്ചെടുത്ത ഇനങ്ങളാണ്. വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളജ് പുറത്തിറക്കിയ പച്ചമുളകിനമാണ് ഉജ്ജ്വല. ഇതിന്‍റെ കുലകുലയായി, നിവര്‍ന്നുനില്‍ക്കുന്ന നീളമുള്ള മുളകിന് നല്ല എരിവുണ്ട്. കടുംപച്ചനിറത്തിലുള്ള മുളക് പഴുക്കുമ്പോള്‍ കടുംചുവപ്പുനിറമാകും. ഇതിന് ബാക്ടീരിയാവാട്ടത്തെ പ്രതിരോധിക്കുന്നതിനുള്ള കഴിവുണ്ട്.

മൈസൂര്‍ മുളകിന്‍റെ പ്രധാനപ്പെട്ട ഇനങ്ങള്‍ അര്‍ക്കബസന്ത്, അര്‍ക്കമോഹിനി, അര്‍ക്കഗൗരവ് എന്നിവയാണ്. കൂടാതെ ഭാരത് എന്ന സങ്കരയിനവും കാലിഫോര്‍ണിയ വണ്ടര്‍, യോളോ വണ്ടര്‍, ചൈനീസ് ജയന്‍റ് എന്നിവയും ഇന്ത്യയിലെ കാലാവസ്ഥയില്‍ കൃഷിചെയ്യാന്‍ യോജിച്ചവയാണ്.

കാന്താരിമുളകില്‍ പ്രത്യേകിച്ച് ഇനങ്ങളില്ല. വെള്ളക്കാന്താരി, പച്ചക്കാന്താരി, നീലക്കാന്താരി എന്നിങ്ങനെ കായുടെ നിറം, വലുപ്പം എന്നിവയില്‍ വ്യത്യസ്തത പുലര്‍ത്തുന്ന ചിലതുണ്ട് എന്നുമാത്രം.

കൃഷിരീതി
മേയ്-ഓഗസ്റ്റ്, സെപ്റ്റംബര്‍ -ഡിസംബര്‍ മാസങ്ങളാണ് മുളകുകൃഷിക്ക് ഏറ്റവും യോജിച്ചത്. കേരളത്തില്‍ ഹൈറേഞ്ച് പ്രദേശങ്ങളില്‍ മൈസൂര്‍ മുളക് നന്നായി വളരും. ഹൈറേഞ്ചില്‍ ഇവ ഓഗസ്റ്റ്-ജനുവരി മാസങ്ങളില്‍ കൃഷിചെയ്യാം. തവാരണയില്‍ വിത്തുപാകി തൈകള്‍ പറിച്ചുനട്ടാണ് മുളക് കൃഷിചെയ്യുന്നത്. തക്കാളി, വഴുതന എന്നിവയെ അപേക്ഷിച്ച് മുളക് വളരെ അടുപ്പിച്ചാണ് നടുന്നത്. അതിനാല്‍,  കൂടുതല്‍ തൈകള്‍ ആവശ്യമായി വരും. തക്കാളിയേക്കാള്‍ ഒന്നര-രണ്ടു മടങ്ങ് വാരങ്ങളും വേണ്ടി വരും. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്യാന്‍ ഏകദേശം ഒരു കി.ഗ്രാം വിത്ത് മതിയാകും. 40-45 ദിവസംകൊണ്ട് തൈകള്‍ പറിച്ചുനടാന്‍ പാകമാകും.

നിലമൊരുക്കലും നടീലും
കളയെടുത്ത് ഉഴുതുമറിച്ച സ്ഥലത്ത് കട്ടകളുടച്ച് ജൈവവളം ചേര്‍ത്ത് ഒന്നുകൂടി കിളച്ചിളക്കി സ്ഥലമൊരുക്കാം. ഏകദേശം 45 സെ.മീ. അകലത്തില്‍ എടുത്ത ചാലുകളില്‍ 45 സെ.മീ. ഇടവിട്ട് തൈകള്‍ നടാവുന്നതാണ്. മഴക്കാലത്താണെങ്കില്‍ വരമ്പുകളില്‍ നടുന്നതാണ് നല്ലത്. 

വളപ്രയോഗവും മറ്റു കൃഷിപ്പണികളും
വളപ്രയോഗവും കൃഷിപ്പണികളും തക്കാളിയിലേതുപോലെയാണ്. എന്നാല്‍, ഇവയ്ക്ക് താങ്ങു കൊടുക്കേണ്ട ആവശ്യമില്ല.

സസ്യസംരക്ഷണം
വേരിനെ ബാധിക്കുന്ന നിമാവിരകളെയും ഇലയില്‍ കാണുന്ന ഇലപ്പേനുകളെയും നിയന്ത്രിക്കാനായി തൈകള്‍ നട്ട് രണ്ടാഴ്ച കഴിയുമ്പോള്‍ ഹെക്ടറൊന്നിന് 10-20 കി.ഗ്രാം വീതം ഫ്യുരിഡാന്‍ വിതറുന്നത് നല്ലതാണ്. മറ്റു സമയങ്ങളില്‍ പ്രത്യേകിച്ചും ചെടി മൊട്ടിട്ടു കഴിഞ്ഞാല്‍ ഒരിക്കലും ഇത്തരം കീടനാശിനികള്‍ ഉപയോഗിക്കരുത്. നീരൂറ്റിക്കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാനായി റോഗര്‍(ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു മില്ലിലിറ്റര്‍ എന്ന കണക്കില്‍) തളിച്ചുകൊടുക്കാം. മഴക്കാലത്ത് കായ്ചീയല്‍ രോഗം കണ്ടാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒരു മാസം ഇടവിട്ട് തളിച്ചുകൊടുക്കണം. ഇലമഞ്ഞളിപ്പു (മൊസേക്ക്)രോഗമോ കുരുടിക്കല്‍ രോഗമോ കണ്ടാല്‍ അത്തരം ചെടികള്‍ പിഴുതുമാറ്റി നശിപ്പിക്കേണ്ടതാണ്.

വിളവെടുപ്പ്
ഉണക്കമുളകിന്‍റെ ആവശ്യത്തിനാണെങ്കില്‍ നല്ലതുപോലെ മൂത്തുപഴുത്ത കായ്കള്‍ മാത്രമേ പറിക്കാവൂ. ഇവ വെയിലത്ത് നിരത്തി നന്നായി ഉണക്കിയെടുക്കണം. ഉണക്കാന്‍ താമസിക്കുകയോ പറിച്ചെടുത്ത മുളക് കൂട്ടിയിടുകയോ ചെയ്താല്‍ അവ ചീഞ്ഞുപോകാനിടയുണ്ട്. പച്ചമുളകിന്‍റെ ആവശ്യത്തിനാണെങ്കില്‍ മൂപ്പെത്തിയ പച്ചമുളക് പറിച്ചെടുക്കാം. മൂപ്പെത്താത്ത പിഞ്ചുകായ്കള്‍ക്ക് കേടു പറ്റാതെ പറിച്ചെടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. പച്ചമുളകാണെങ്കില്‍ ഹെക്ടറിന് 9000-10,000 കി.ഗ്രാം വരെ വിളവ് കിട്ടുന്നു. ഉണക്കമുളകാണെങ്കില്‍ 1800-2000 കി.ഗ്രാം വരെ വിളവ് പ്രതീക്ഷിക്കാം. മൈസൂര്‍മുളക് നല്ലതുപോലെ മൂപ്പെത്തുമ്പോള്‍ പഴുക്കുന്നതിനു മുമ്പ് പറിച്ചെടുക്കണം. 150-160 ദിവസംകൊണ്ട് 15 ടണ്ണോളം വിളവ് കിട്ടും.

വിത്തുശേഖരണം
നല്ല വിളവ് തരുന്ന ചെടികളില്‍നിന്നും മൂത്തുപഴുത്ത മുളകു പറിച്ചെടുത്ത് നന്നായി ഉണക്കിയെടുക്കുക. ഇങ്ങനെ ഉണങ്ങിയ മുളകില്‍നിന്നും ശ്രദ്ധയോടെ വിത്ത് വേര്‍തിരിച്ചെടുത്ത് ഒന്നുകൂടി ഉണക്കിയശേഷം സൂക്ഷിക്കാവുന്നതാണ്. വിത്തിനായി കൃഷിചെയ്യുകയാണെങ്കില്‍ ഒരു ഹെക്ടറില്‍നിന്ന് 100-150 കി.ഗ്രാം വിത്ത് ലഭിക്കും.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466187