വാണിജ്യപച്ചക്കറികള്‍ : വെള്ളരി


കേരളത്തില്‍ സാധാരണയായി കണിവെള്ളരി, മുള്ളന്‍ വെള്ളരി, പൊട്ടുവെള്ളരി എന്നിവയാണ് കൃഷിചെയ്യുന്നത്. പൊതുവേ ഇതിനെയെല്ലാം വെള്ളരി എന്നു പറയുമെങ്കിലും സസ്യശാസ്ത്രപരമായി ശരിയായ വെള്ളരി മുള്ളന്‍വെള്ളരി അഥവാ കക്കിരിയാണ്. കുക്കുമിസ് സറ്റൈവസ് എന്ന ശാസ്ത്രനാമമുള്ള ഇവയുടെ കായ്കളില്‍ ചെറിയ മുള്ളുകള്‍ ഉണ്ടാകും. ഇലയുടെ അരികുകള്‍ക്ക് വ്യക്തമായ കോണ്‍ ആകൃതിയുണ്ടാകും. കറിയാവശ്യത്തിനൊപ്പം വേവിക്കാതെ പച്ചയായി തിന്നുന്നതും നല്ലതാണ്. അതുപോലെ ഇളംകായ്കള്‍ വട്ടത്തില്‍ കനം കുറച്ചരിഞ്ഞ് സാലഡിലും ഉപയോഗിക്കാം. വെള്ളരിയുടെ ജന്മദേശം ഇന്ത്യയാണെന്നു കരുതപ്പെടുന്നു.

കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള കണിവെള്ളരിയുടെ ശാസ്ത്രനാമം കുക്കുമിസ് മെലോ വെറൈറ്റി കൊണോമണ്‍ എന്നാണ്. ഇളംപ്രായത്തില്‍ കായ്കള്‍ക്ക് പച്ചനിറമാണെങ്കിലും പാകമാകുമ്പോള്‍ ആകര്‍ഷണീയമായ ഓറഞ്ച് കലര്‍ന്ന മഞ്ഞനിറമായിരിക്കും. കായ്കള്‍ പാകം ചെയ്യാനും അച്ചാറുണ്ടാക്കാനും ഉപയോഗിച്ചുവരുന്നു. മൂത്തുപഴുത്ത കായ്കള്‍ കേടുകൂടാതെ ദീര്‍ഘനാള്‍ സൂക്ഷിച്ചുവയ്ക്കാമെന്നതും ഇതിന്‍റെ പ്രത്യേകതയാണ്.

കുക്കുമിസ് മെലോ വെറൈറ്റി മൊമോര്‍ഡിക്ക എന്ന ശാസ്ത്രനാമമുള്ള പൊട്ടുവെള്ളരി പ്രധാനമായും കേരളത്തിന്‍റെ തെക്കന്‍ ജില്ലകളിലും തമിഴ്നാട്ടിലുമാണ് കൃഷിചെയ്യുന്നത്. കണിവെള്ളരിയെ അപേക്ഷിച്ച് കുറച്ചുകൂടി വലുപ്പമുള്ള കായ്കള്‍ മൂത്തുപഴുക്കാറാകുമ്പോള്‍ ചെടിയില്‍വച്ചുതന്നെ അതിന്‍റെ പുറംതൊലി പൊട്ടി വിള്ളലുകള്‍ വീഴുന്നു. അതിനാല്‍, മൂത്ത കായ്കള്‍ സൂക്ഷിച്ചുവയ്ക്കാന്‍ സാധിക്കില്ല.

കാലാവസ്ഥയും മണ്ണും
ഉഷ്ണകാലവിളയായ മുള്ളന്‍വെള്ളരിയുടെ വളര്‍ച്ചയ്ക്ക് 18-20 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് അനുയോജ്യം. കണിവെള്ളരിക്കും പൊട്ടുവെള്ളരിക്കും കുറേക്കൂടി അധിക താപനിലയും ആകാം. അന്തരീക്ഷത്തിലെ ഈര്‍പ്പം കുറഞ്ഞ,് അല്‍പ്പം വരണ്ട കാലാവസ്ഥയാണ് നല്ലത്. മഴക്കാലവും അന്തരീക്ഷത്തിലെ ഉയര്‍ന്ന ഈര്‍പ്പവും വെള്ളരിയില്‍ പലവിധ രോഗകീടബാധകള്‍ക്കും കാരണമാകും. നല്ല നീര്‍വാര്‍ച്ചയും വളക്കൂറുമുള്ള പശിമരാശി മണ്ണാണ് വെള്ളരികൃഷിക്ക് അനുയോജ്യം. വേനല്‍ക്കാലത്ത് പുഴയോരങ്ങളില്‍ വെള്ളരി വളരെ വ്യാപകമായി കൃഷിചെയ്തുവരുന്നു.

ഇനങ്ങള്‍
കണിവെള്ളരിയില്‍പ്പെടുന്ന അത്യുല്‍പ്പാദനശേഷിയുള്ള ഒന്നാണ് മുടിക്കോട് ലോക്കല്‍ എന്നയിനം. കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ ഈയിനം വിത്തു പാകി 56 ദിവസമെത്തുമ്പോള്‍ ആദ്യവിളവെടുപ്പിന് പാകമാകും. 28 സെ.മീ നീളം വരുന്ന കായ്കള്‍ക്ക് ശരാശരി ഒന്നര കി.ഗ്രാം തൂക്കമുണ്ടാകും. ചെടിയൊന്നിന് ആറ് കായ്കള്‍വരെ പ്രതീക്ഷിക്കാം.

  • സൗഭാഗ്യ: വീട്ടുവളപ്പിലെ കൃഷിക്കും വിപുലമായ കൃഷിക്കും അനുയോജ്യമായ വെള്ളരിയിനമാണിത്.  ഇടത്തരം വലുപ്പത്തിലുള്ള കായ്കളാണ് ഇതിന്‍റെ പ്രത്യേകത. ഇളംപ്രായത്തില്‍ പച്ചനിറത്തിലുള്ള കായ്കളില്‍ നീളത്തില്‍ മഞ്ഞ വരകള്‍ കാണാം. കായ്കള്‍ മൂത്തുപഴുക്കുന്നതോടെ മനോഹരമായ ഓറഞ്ച്-മഞ്ഞനിറമാകും. വിത്തു പാകി 55-60 ദിവസംകൊണ്ട് ആദ്യവിളവെടുപ്പ് നടത്താം. ഹെക്ടറൊന്നിന് ശരാശരി 21 ടണ്‍ വിളവു ലഭിക്കും. കേരള കാര്‍ഷിക സര്‍വകലാശാല ഈയിടെ പുറത്തിറക്കിയ കണിവെള്ളരിയിനമാണിത്.

മുള്ളന്‍ വെള്ളരിയുടെ ചില ഇനങ്ങളാണ് ജാപ്പനീസ് ലോംഗ് ഗ്രീന്‍, സ്ട്രെയ്റ്റ് എയ്റ്റ്, പൂനകീര തുടങ്ങിയവ. ഇവ കൂടാതെ, പുസ സന്‍യോഗ് എന്ന സങ്കരയിനവും കൃഷിക്ക് ഏറെ അനുയോജ്യമാണ്. തമിഴ്നാട് കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത പൊട്ടുവെള്ളരിയുടെ അത്യുല്‍പ്പാദനശേഷിയുള്ള ഇനമാണ് കോ-1. ഇതിന്‍റെ കായ്കള്‍ക്ക് 2-3 കി.ഗ്രാം തൂക്കം വരും. ബാംഗ്ലൂരിലെ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേഷണ സ്ഥാപനം പുറത്തിറക്കിയ ലോംഗ് മെലണ്‍ ഇനമാണ് അര്‍ക്ക ശീതള്‍.

കൃഷിരീതി
വെള്ളരിവര്‍ഗത്തില്‍പ്പെടുന്ന എല്ലാ പച്ചക്കറികളും നേരിട്ടു വിത്തു പാകിയാണ് കൃഷിചെയ്യുന്നത്. സെപ്റ്റംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച് മാസങ്ങളാണ് കൃഷിക്ക് അനുയോജ്യം. വേനല്‍ക്കാലത്ത് വയലുകളില്‍ വെള്ളരി കൃഷിചെയ്യാറുണ്ട്. ഇതിനായി പോളിത്തീന്‍ കവറുകളില്‍ വിത്ത് നട്ടുവളര്‍ത്താവുന്നതാണ്.

നിലമൊരുക്കലും നടീലും
വരികള്‍ തമ്മില്‍ 2 മീറ്റര്‍ അകലവും വരിയില്‍ ചെടികള്‍ തമ്മില്‍ ഒന്നര മീറ്റര്‍ അകലവും കൊടുത്താണ് കുഴികള്‍ എടുക്കേണ്ടത്. ഏകദേശം 60 സെ.മീ. വ്യാസവും 30-45 സെ.മീ. ആഴവുമുള്ള കുഴികളെടുത്ത്, ഉണങ്ങിപ്പൊടിഞ്ഞ ജൈവവളവും മേല്‍മണ്ണും കലര്‍ത്തി കുഴിമൂടിയശേഷം 4-5 വിത്തുവീതം ഓരോ കുഴിയിലും പാകാവുന്നതാണ്. ചെടി വളര്‍ന്നുതുടങ്ങുമ്പോള്‍ ഓരോ കുഴിയിലും മൂന്നു ചെടി വീതം നിര്‍ത്തി ബാക്കിയുള്ളവ പിഴുതുമാറ്റണം. ഒരു ഹെക്ടര്‍ സ്ഥലത്തെ കൃഷിക്ക് 500-750 കി.ഗ്രാം വിത്ത് വേണ്ടിവരും.

വളപ്രയോഗം
വെള്ളരി കൃഷിചെയ്യുമ്പോള്‍ ജൈവവളങ്ങള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. കൂടുതല്‍ ജൈവവളങ്ങള്‍ ഉപയോഗിച്ചാല്‍ കണിവെള്ളരി ദീര്‍ഘനാള്‍ സൂക്ഷിച്ചുവയ്ക്കാനാവും. വിത്തു പാകുന്നതിനു മുമ്പായി ഹെക്ടറൊന്നിന് 20-25 ടണ്‍ ജൈവവളവും 80 കി.ഗ്രാം യൂറിയ, 140 കി.ഗ്രാം സൂപ്പര്‍ ഫോസ്ഫേറ്റ്, 45 കി.ഗ്രാം പൊട്ടാഷ് എന്നീ രാസവളങ്ങളും അടിവളമായി ചേര്‍ക്കണം. ചെടി വള്ളിവീശാന്‍ തുടങ്ങുമ്പോഴും ഹെക്ടറൊന്നിന് 40 കി.ഗ്രാം വീതം യൂറിയ മേല്‍വളമായി ചേര്‍ക്കുകയും വേണം.

മറ്റു കൃഷിപ്പണികള്‍
ചെടികള്‍ പുഷ്പിക്കുന്നതുവരെ ആഴ്ചയില്‍ രണ്ടു തവണ നനയ്ക്കേണ്ടിവരും. പൂവിട്ടുതുടങ്ങിയാല്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനയ്ക്കേണ്ടതാണ്. ചെടി പടരാന്‍ തുടങ്ങുമ്പോള്‍ നിലത്ത് ചില്ലക്കമ്പുകളോ കരിയിലയോ മറ്റോ വിരിച്ച് പടരാന്‍ സൗകര്യം ചെയ്യേണ്ടതുണ്ട്. ഇടയിളക്കല്‍, കളയെടുക്കല്‍ ഇവയും യഥാസമയം ചെയ്യണം.

സസ്യസംരക്ഷണം
വെള്ളരിയില്‍ സര്‍വസാധാരണമായി കണ്ടുവരുന്ന കീടങ്ങള്‍ കായീച്ചയും എപ്പിലാക്ന വണ്ടുമാണ്. കായീച്ചയുടെ ആക്രമണമുണ്ടായാല്‍ ഇളംപ്രായത്തില്‍ത്തന്നെ വേഗത്തില്‍ കായ് ചീഞ്ഞുപോകും. ഇത്തരം കായ്ക്കുള്ളില്‍ ചെറിയ പുഴുക്കളെയും കാണാം. വിത്തുപാകുന്നതിനു മുമ്പ് ഓരോ കുഴിയിലും 10 ശതമാനം ബി.എച്ച്.സി പൊടി വിതറി മണ്ണുമായി കലര്‍ത്തുന്നത് മണ്ണില്‍ സമാധിദശയിലുള്ള കായീച്ചകളെ നശിപ്പിക്കാനാകും. എന്നാല്‍, ബി.എച്ച്.സി. ഒരിക്കലും വെള്ളരിയില്‍ നേരിട്ടു തളിക്കാന്‍ പാടില്ല. വീട്ടുവളപ്പുകളില്‍, പോളിത്തീന്‍ കവറോ പേപ്പര്‍കവറോ തുണിയുടെ ഉറകളോ ഉപയോഗിച്ച് കായ് വിരിഞ്ഞയുടനെ തന്നെ പൊതിഞ്ഞു സൂക്ഷിക്കാവുന്നതാണ്. കൂടുതല്‍ സ്ഥലത്ത് കൃഷിയുണ്ടെങ്കില്‍ രണ്ടാഴ്ച ഇടവിട്ട് മാലത്തിയോണ്‍ 0.2 ശതമാനം വീര്യമുള്ള ലായനി തളിച്ചാല്‍ മതി. ഇതില്‍ ലിറ്ററൊന്നിന് 10 ഗ്രാം എന്ന തോതില്‍ ശര്‍ക്കരയോ പഞ്ചസാരയോ ചേര്‍ക്കുകയും ഇലയുടെ അടിഭാഗത്ത് നല്ലതുപോലെ മരുന്നു തളിക്കുകയും വേണം.

എപ്പിലാക്ന വണ്ടുകളെയും മഞ്ഞനിറത്തില്‍ നിറയെ രോമങ്ങളുള്ള അതിന്‍റെ പുഴുക്കളെയും ഇലയുടെ അടിവശത്തു മഞ്ഞനിറത്തില്‍ കാണുന്ന മുട്ടകളെയും എടുത്തു നശിപ്പിക്കുന്നതുവഴി ഈ കീടത്തിന്‍റെ ആക്രമണത്തെ ഒരുപരിധിവരെ നിയന്ത്രിക്കാവുന്നതാണ്. വെള്ളരിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍ ഡൗണി മില്‍ഡ്യൂ, പൗഡറി മില്‍ഡ്യൂ എന്നിവയാണ്. ഡൗണി മില്‍ഡ്യൂ ബാധിച്ചാല്‍ ഇലകളില്‍ മഞ്ഞനിറത്തിലുള്ള ചെറിയ പൊട്ടുകള്‍ കാണപ്പെടും. ഇലയുടെ അടിയില്‍ തവിട്ടുനിറത്തിലുള്ള പൊടിയും കാണാം. മാങ്കോസെബ് (0.2%) തളിക്കുന്നതുവഴി ഇതിനെ തടയാന്‍ കഴിയും. ഇലയില്‍ പൗഡര്‍ പൂശിയതുപോലെ കാണപ്പെടുകയും ക്രമേണ ഇല മഞ്ഞളിച്ച് കരിയുകയും ചെയ്യുന്നതാണ് പൗഡറിമില്‍ഡ്യുവിന്‍റെ ലക്ഷണം. രോഗം ബാധിച്ച ചെടികള്‍ ശേഖരിച്ച് കത്തിച്ചുകളയുകയും 0.5% വീര്യത്തില്‍ നൈട്രോ ഫിനോള്‍ എന്ന മരുന്നു തളിക്കുകയും ചെയ്യുന്നത് ഈ രോഗത്തെ തടയാന്‍ സഹായിക്കും.
 

വിളവെടുപ്പ്
വെള്ളരിയില്‍, വിത്തുപാകി 45-55 ദിവസങ്ങള്‍ക്കുള്ളില്‍ ആദ്യവിളവെടുപ്പ് നടത്താവുന്നതാണ്. മുള്ളന്‍ വെള്ളരി ഇളംപ്രായത്തിലാണ് വിളവെടുക്കേണ്ടത്. വിളവെടുക്കാന്‍ താമസിച്ചാല്‍ പിന്നീടുള്ള പെണ്‍പൂക്കളുടെ ഉല്‍പ്പാദനത്തെയും കായുടെ വളര്‍ച്ചയെയും വിളവിനെയും പ്രതികൂലമായി ബാധിക്കും. 5-7 ദിവസം ഇടവിട്ട് വിളവെടുപ്പ് നടത്താം. ഹെക്ടറൊന്നിന് 8-10 ടണ്‍ വിളവ് ലഭിക്കും. എന്നാല്‍, കണിവെള്ളരിക്ക മൂത്തശേഷമാണ് വിളവെടുപ്പ് നടത്തുന്നത്. ദീര്‍ഘനാള്‍ സൂക്ഷിച്ചുവയ്ക്കാനാണെങ്കില്‍ നന്നായി മൂത്തുപഴുത്തവ മാത്രമേ എടുക്കാവൂ.

വിത്തുശേഖരണം
നല്ലതുപോലെ മൂത്തുപഴുത്ത കായ്കളാണ് വിത്തുശേഖരിക്കാന്‍ ഉപയോഗിക്കേണ്ടത്. കായ്ക്കുള്ളിലെ വിത്തും അതിനോടു ചേര്‍ന്ന ഭാഗങ്ങളും ഒരു പാത്രത്തില്‍ ഒരുദിവസം പുളിക്കാനായി വച്ചശേഷം പിറ്റേന്ന് പാത്രത്തില്‍ അടിയുന്ന വിത്ത് ശേഖരിച്ച് നന്നായി കഴുകി ഉണക്കി സൂക്ഷിക്കാം.


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466498