വാഴ : ഇടവിളകള്‍


വാഴത്തോട്ടത്തില്‍ വാഴകള്‍ക്കിടയിലുള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി വിവിധ വിളകള്‍ ഇടവിളകളായി കൃഷിചെയ്താല്‍ അധികവരുമാനമുണ്ടാക്കാം. വാഴക്കന്ന് തടത്തില്‍ നടുന്നതിനോടൊപ്പം ചീരവിത്ത് പാകുകയോ തൈകള്‍ ഇളക്കി നടുകയോ ചെയ്യുന്നത് പണ്ടേയുള്ള രീതിയാണ്. വാഴയ്ക്ക് ഏറ്റവും യോജിച്ച ഇടവിളയാണ് ചീര. പ്രത്യേകിച്ച് നനവാഴയ്ക്ക് നിര്‍ബന്ധമായും ചീര ഇടവിളയായി വളര്‍ത്തണം.

 

ചീരപോലെതന്നെ പയറും വാഴയ്ക്ക് ചേര്‍ന്ന ഇടവിളയാണ്. കന്നു നടുമ്പോള്‍ത്തന്നെ രണ്ട് നീര്‍വാഴയ്ക്ക് ഇടയിലുള്ള സ്ഥലത്ത് പയര്‍വിത്ത് പാകാം. കനകമണി, അനശ്വരി എന്നീ പയറിനങ്ങള്‍ ഇതിന് ഉത്തമമാണ്. വിളവെടുത്തുകഴിഞ്ഞ സസ്യഭാഗം പച്ചിലവളമാക്കാനും ഒപ്പം വാഴത്തടത്തിലെ കളശല്യം കുറയ്ക്കുന്നതിനും പയര്‍കൃഷി സഹായിക്കും.
വാഴയ്ക്ക് കൊടുക്കുന്ന ഊന്നുതന്നെ പന്തലാക്കിക്കൊണ്ട് പാവല്‍, പടവലം എന്നിവയും വാഴത്തോട്ടത്തില്‍ വളര്‍ത്താം. പാവലില്‍ പ്രീതിയും പടവലത്തില്‍ കൗമുദിയും ഇതിന് യോജിച്ചതാണ്. നല്ല വിളവ് കിട്ടുകയും ചെയ്യും.

 

വെള്ളക്കെട്ടുണ്ടാകില്ല എന്നുറപ്പിക്കാമെങ്കില്‍ വഴുതന, മുളക് എന്നിവയും വാഴയ്ക്ക് ഇടവിളയാക്കാവുന്നതാണ്. വഴുതനയില്‍ ഹരിത, മുളകില്‍ ഉജ്ജ്വല, അനുഗ്രഹ എന്നിവ ഇതിനു യോജിച്ചതാണ്. ഇതുപോലെതന്നെ വെള്ളരി, മത്തന്‍, കുമ്പളം എന്നിവയും വെണ്ടയില്‍ അനാമിക, അര്‍ക്ക എന്നീ ഇനങ്ങളും വാഴയ്ക്ക് ചേരുന്ന ഇടവിളകളാണ്. ചേന, ചേമ്പ്, കാച്ചില്‍ തുടങ്ങിയ കിഴങ്ങുവര്‍ഗങ്ങളും പരീക്ഷിക്കാം. വളം, വെള്ളം, സസ്യസംരക്ഷണം എന്നിവയില്‍ വാഴയ്ക്കും ഇടവിളകള്‍ക്കും വെവ്വേറെ പരിചരണം നല്‍കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466152