പഴവര്‍ഗങ്ങള്‍ : സീതപ്പഴം


സീതപ്പഴം

ശാസ്ത്രീയനാമം : Annona Squamos


ജന്മദേശം : വെസ്റ്റ് ഇന്‍ഡീസ് ദ്വീപസമൂഹങ്ങള്‍


ഇന്ത്യയില്‍ ഉഷ്ണമേഖല പ്രദേശങ്ങളില്‍ സീതപ്പഴം വിപുലമായി കൃഷിചെയ്യപ്പെടുന്നു. 5 മുതല്‍ 10 മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഈ ചെറിയ വൃക്ഷത്തിന് വര്‍ഷംതോറും ഇല കൊഴിയുന്ന ശീലമുണ്ട്. മഞ്ഞുകാലത്ത് (ഡിസം-ജനുവരി മാസങ്ങളില്‍) ഇല കൊഴിയുകയും ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ പുതിയ തളിരും പുഷ്പങ്ങളും ഒന്നിച്ച് വരുകയും ചെയ്യുന്നു. 4-5 മാസംകൊണ്ട് മൂപ്പെത്തി പഴുത്തു തുടങ്ങുന്ന പഴങ്ങളില്‍ കറുത്ത നിറത്തിലുള്ള വിത്തുകളും കാണപ്പെടുന്നു. ഇവയ്ക്ക് ചുറ്റും കാണുന്ന വെളുത്ത പള്‍പ്പ് ഭക്ഷ്യയോഗ്യവും നല്ല മധുരത്തോടും സ്വാദിഷ്ടമായ ചെറിയ നറുമണത്തോട് കൂടിയതുമാണ്. സാധാരണ 8-10 വര്‍ഷം പ്രായമായ ഒരു മരത്തില്‍ നിന്ന് നൂറിന് മേല്‍ ഫലം ലഭിക്കും.


സീതപ്പഴത്തില്‍ 50-ല്‍ പരം ഇനങ്ങള്‍ ഉണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നത് മാമോത്ത്, ബാലാനഗര്‍, റെഡ് കസ്റ്റാഡ് ആപ്പിള്‍, ബാര്‍ബഡോസ്, വാഷിങ്ടണ്‍, കുറ്റാലം എന്നിവയാണ്.


കാലാവസ്ഥ


 മിതശീതോഷ്ണ കാലാവസ്ഥയില്‍ നല്ല ഉല്‍പാദനം നല്‍കുന്ന സീതപ്പഴ ആത്തമരങ്ങള്‍ക്ക് കടല്‍ നിരപ്പില്‍ നിന്ന് 1000 മീറ്റര്‍ വരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ വളരാനുള്ള കഴിവുണ്ട്. 75 സെ.മീ. വാര്‍ഷിക മഴയുള്ള പ്രദേശങ്ങള്‍ മുതല്‍ 300 സെ.മീ. മഴ ലഭിക്കുന്ന ഉഷ്ണമേഖല പ്രദേശങ്ങളില്‍ വരെ ഇവ വളരുന്നു. കേരളത്തിലെ ചൂടുള്ള കാലാവസ്ഥയിലും (300-350) ഈര്‍പ്പത്തിന്‍റെ സാന്ദ്രത കൂടുതലുള്ളതിനാല്‍ ഇവ നന്നായി വളരും.


ചരല്‍ കലര്‍ന്ന ചെമ്മണ്‍ പ്രദേശങ്ങളില്‍ നല്ല നീര്‍വാര്‍ച്ചയുള്ള സ്ഥലങ്ങള്‍ ഇവ വളര്‍ത്താനുത്തമമാണ്. ഉപ്പുരസമുള്ള മണ്ണും, ജലസേചനത്തിനുള്ള വെള്ളത്തില്‍ ഉപ്പിന്‍റെ അംശമുള്ള പ്രദേശങ്ങളും ഇവയുടെ കൃഷിക്ക് യോജിച്ചതല്ല.

 
വംശവര്‍ദ്ധന


ഈ ആത്തച്ചക്ക ഇനം അധികവും വിത്തു പാകി മുളപ്പിച്ച തൈകള്‍ ഉപയോഗിച്ചാണ് വംശവര്‍ദ്ധന നടത്തുന്നത്. ഇത്തരം തൈകളില്‍ ബഡ്ഡ് ചെയ്തോ, പാര്‍ശ്വത്തിലൊട്ടിക്കല്‍ മുഖാന്തരമോ നല്ല മാതൃവൃക്ഷങ്ങളുടെ നടീല്‍വസ്തുക്കള്‍ തയ്യാര്‍ ചെയ്യാവുന്നതാണ്. സാധാരണയായി വിത്ത് പാകി മുളപ്പിച്ച് തൈകള്‍ നടുവാന്‍ ഉപയോഗിക്കുന്നതിനാല്‍ ചെടികളുടെ വംശശുദ്ധി നിലനിര്‍ത്തുവാന്‍ പ്രയാസമാണ്. കായിക പ്രവര്‍ത്തനമുറകള്‍ ആയ ബഡ്ഡിങ്, ഗ്രാഫ്റ്റിങ് മുതലായവയിലൂടെ ഉല്‍പാദിപ്പിക്കുന്ന, ഉല്‍പാദനക്ഷമത കൂടിയ ഇനങ്ങള്‍ നടുകയാണെങ്കിലേ വംശശുദ്ധി നിലനിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. കേരളത്തില്‍ അത്തരം നടീല്‍വസ്തുക്കള്‍ ലഭ്യമല്ല. 


കൃഷിരീതി


വിത്തു പാകി മുളപ്പിച്ചെടുത്ത ഒരു വര്‍ഷം പ്രായമായ തൈകള്‍ ആണ് നടുവാന്‍ ഉത്തമം. സാധാരണ ചെടികള്‍ തമ്മില്‍ അഞ്ച് മീറ്റര്‍ അകലവും വരികള്‍ തമ്മില്‍ 6-8 മീറ്റര്‍ അകലവും നല്‍കണം. വീട്ടുവളപ്പുകളില്‍ നടുമ്പോള്‍ പ്രധാനമായും സൂര്യപ്രകാശത്തിന്‍റെ ലഭ്യത കൂടുതലുള്ള പ്രദേശങ്ങള്‍ നടുവാനായി തെരഞ്ഞെടുക്കണം. 60 സെ.മീ. നീളവും 60 സെ.മീ. വീതിയും 45 സെ.മീ. താഴ്ചയുമുള്ള കുഴികള്‍ തയ്യാര്‍ ചെയ്ത്, കുഴികള്‍ നിറച്ച്, കമ്പോസ്റ്റ്/കാലിവളം മേല്‍മണ്ണുമായി ചേര്‍ത്ത് മദ്ധ്യഭാഗത്തായി ചെടികള്‍  നടാവുന്നതാണ്. കാലവര്‍ഷാരംഭം നടീലിനായി തെരഞ്ഞെടുക്കാം.


ക്രമമായ പരിചരണവും ശാസ്ത്രീയ വളപ്രയോഗവും നല്‍കുമ്പോള്‍ സ്ഥിരമായി നല്ല വിളവ് ലഭിക്കും. സാധാരണയായി ആത്തമരങ്ങള്‍ വളക്കൂറ് കുറവുള്ള പ്രദേശങ്ങളില്‍ കൃഷി ചെയ്ത് കാണുന്നതിനാല്‍ വളപ്രയോഗം കൊണ്ടുമാത്രം വിളവ് വര്‍ദ്ധിപ്പിക്കാമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആത്തച്ചക്ക കൃഷിയുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ നടത്തിയ ഒരു ഗവേഷണഫലം സൂചിപ്പിക്കുന്നത് വളര്‍ച്ചയെത്തിയ ഒരു ആത്ത മരത്തിന് ഒരു വര്‍ഷം 250g N, 125g P2O5, 125g K2 എന്ന തോതില്‍ നല്‍കണമെന്നാണ്. തമിഴ്നാട്ടിലെ ഗവേഷണഫലം സൂചിപ്പിക്കുന്നത് ഓരോ മരത്തിനും  NPK മിശ്രിതം 375g N+200g P2O5+375g K2O ലഭിക്കുന്നവിധം നല്‍കിയാല്‍ വിളവ് 83% വര്‍ദ്ധിക്കുമെന്നാണ്.

 

ആത്തയുടെ വേരുപടലം അധികം ആഴത്തില്‍ പോകാത്തതിനാല്‍ താഴ്ത്തിയുള്ള കൊത്തുകിള ഒഴിവാക്കണം. എന്നാല്‍ മരത്തിനു ചുറ്റും കളകള്‍ വരാതെ നോക്കുകയും വേണം. മറ്റു ഫലവൃക്ഷങ്ങളെ അപേക്ഷിച്ച് സീതപ്പഴം കായ്ക്കുന്നതിനെടുക്കുന്ന സമയം താരതമ്യേന കുറവാണെന്നു പറയാം. തൈകളും ഗ്രാഫ്റ്റ് അല്ലെങ്കില്‍ ബഡ്ഡ് ചെയ്തു കിട്ടുന്ന നടീല്‍വസ്തുക്കളും 3-4 വര്‍ഷത്തിനുള്ളില്‍ ഫലം നല്‍കിത്തുടങ്ങും. ആത്തയുടെ പൂക്കളുണ്ടാകുന്ന കാലം മാര്‍ച്ച് മുതല്‍ ആഗസ്റ്റ് വരെയാണ്.

 

പൂവുണ്ടായി 4 മാസങ്ങള്‍കൊണ്ട് കായ്കള്‍ പാകമാകും. ആഗസ്റ്റ്-നവംബര്‍ വരെയാണ് പഴക്കാലം. പഴത്തിന്‍റെ കനമുള്ള പുറംതൊലി അനേകം കള്ളികളായി വേര്‍തിരിഞ്ഞിരിക്കും. ഇതിന്‍റെ ഇടഭാഗം മഞ്ഞനിറമാകുമ്പോള്‍ കായ് പറിക്കാം. ഇവ ഒരാഴ്ച കൊണ്ടു പഴുക്കും. വീട്ടാവശ്യങ്ങള്‍ക്കുള്ള പഴം ഉമി, ചാരം തുടങ്ങിയവയില്‍ പൂഴ്ത്തിവച്ച് പഴുപ്പിക്കാം. ഒരു മരത്തില്‍ നിന്നും 60-80 വരെ കായ്കള്‍ ലഭിക്കും. ഓരോന്നിനും 200-400 ഗ്രാം വരെ തൂക്കമുണ്ടാകും. 


കീടങ്ങളും രോഗങ്ങളും


മീലിമൂട്ട (mealy bugs)യുടെ ആക്രമണം ഈ ചെടികളുടെ ഇളം തണ്ടുകളിലും മൂപ്പെത്താത്ത പഴങ്ങളിലും കാണപ്പെടുന്നു. നീരൂറ്റിക്കുടിക്കുന്ന ഈ കീടാക്രമണം കായ്കളുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു. ഫോസ്മിഡോണ്‍ 0.05% കീടനാശിനി തളിച്ച് ഇതിനെ നിയന്ത്രിക്കാം.


രോഗങ്ങള്‍


ഇലപ്പുള്ളി (alterneria) രോഗം ഒക്ടോബര്‍-നവംബര്‍ മാസത്തില്‍ ഇലപൊഴിച്ചിലിന് ഇടയാക്കാറുണ്ട്. പഴങ്ങളെ ബാധിക്കുന്ന ആന്ത്രോസ്നോസ് രോഗത്തേയും ബാവിസ്റ്റിന്‍ 0.05% കുമിള്‍നാശിനി രണ്ടാഴ്ച ഇടവിട്ട് രണ്ട് പ്രാവശ്യം തളിച്ചുകൊടുത്താല്‍ നിയന്ത്രിക്കാവുന്നതാണ്. 


വിളവെടുപ്പും സംസ്കരണവും 


വിളവെടുപ്പിന് പാകമായ പഴങ്ങള്‍ നിറവ്യത്യാസം നോക്കിയും, മൂപ്പെത്തിയ പഴങ്ങളില്‍ കാണുന്ന വിള്ളല്‍ മുതലായ ലക്ഷണങ്ങള്‍ നോക്കിയും തിരിച്ചറിയാം. സാധാരണ ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയാണ് വിളവെടുപ്പ് കാലം. 150-200 ഗ്രാം വരെ തൂക്കമുള്ളതും തനതായ ആകൃതിയിലുള്ളതുമായ കായ്കള്‍ ലഭിക്കുന്നത് പൂക്കളിലെ പരാഗണം മുതല്‍ കായ്കള്‍ക്കകത്തുള്ള വിത്തുകളുടെ എണ്ണം. ചെടിയുടെ ആരോഗ്യം, കാലാവസ്ഥ മുതലായ കാര്യങ്ങളെ അനുസരിച്ചാണ്. പത്ത്-പന്ത്രണ്ട് വയസ് പ്രായമുള്ള മരത്തില്‍ നിന്ന് ശരാശരി 150 പഴം വരെ ലഭിക്കും.

 
വിളവെടുപ്പു കഴിഞ്ഞ് കൊമ്പുകോതല്‍ നടത്തിയാല്‍ പുതുശാഖകള്‍ ഉണ്ടായി ധാരാളം കായ്കള്‍ ലഭിക്കും.  മൂപ്പെത്തിയ പഴങ്ങള്‍ വിളവെടുപ്പിനു ശേഷം ഗ്രേഡ് ചെയ്ത് പഴുപ്പിക്കാവുന്നതാണ്. ഊഷ്മാവ് 150 ഇല്‍ താഴെ പഴങ്ങള്‍ സൂക്ഷിച്ചാല്‍ കേടുവരുവാന്‍ സാധ്യത കൂടുതലാണ്. അതുകൊണ്ടുതന്നെ പഴങ്ങള്‍ 150 C-200 C ല്‍ സൂക്ഷിക്കുന്നതാണ് ഉത്തമം.  


karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235368