Karshika Rangam
Karshika Rangam

വെട്ടിലകള്‍ വിളിക്കുന്നു


പൂന്തോട്ടമെന്നാല്‍ പൂക്കളുടെ തോട്ടം മാത്രമല്ല, ഇലകളുടെ തോട്ടം കൂടിയാണ്. വെറും ഇലകളല്ല, ഒറ്റക്കാഴ്ചയില്‍ തന്നെ ആരെയും ആകര്‍ഷിക്കുന്ന ഇലകള്‍. കൂടിയ തോതില്‍ കൃഷി ചെയ്യാന്‍ സാധിക്കുമെങ്കില്‍ മികച്ച ആദായമാര്‍ഗമായും ഇവ മാറും. 

പുഷ്പാലങ്കാരത്തില്‍ പൂക്കള്‍ക്കൊപ്പമാണ് ഇലകള്‍ക്കും സ്ഥാനം. ഇതിനായി വെട്ടിയെടുക്കുന്നതിനാല്‍ ഇവയെ വെട്ടിലകള്‍ അഥവാ കട്ട് ഫോളിയേജുകള്‍ എന്നാണ് സാധാരണയായി വിളിക്കുന്നത്. അലങ്കാരത്തിനുപയോഗിക്കുന്ന പൂക്കളെക്കാള്‍ ആയുസുള്ളത് ഇത്തരം ഇലകള്‍ക്കാണ്. കേരളത്തിലെ ഓരോ മേഖലയിലും മികച്ച ഉല്‍പാദനം തരുന്ന വെട്ടിലകള്‍ നിരവധിയാണ്.  പൂക്കളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ പരിചരണത്തില്‍ വളരുന്നവയാണ് ഇവയില്‍ പലതും. വിലകൂടിയ പൂച്ചെടികള്‍ പോളിഹൗസുകളിലും കൃത്രിമ അന്തരീക്ഷത്തിലുമാണ് വളര്‍ത്തുന്നതെങ്കില്‍ വെട്ടിലകള്‍ വളര്‍ത്തുന്നതിന് തുറന്ന അന്തരീക്ഷമായാലും മതി. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയല്ലെങ്കിലും വീട്ടുവളപ്പിലെ പൂന്തോട്ടത്തിന് സവിശേഷമായ ചന്തം പ്രദാനം ചെയ്യാന്‍ ഇവയ്ക്കു സാധിക്കുമെന്നുറപ്പ്. കേരളത്തില്‍ പൊതുവേ നല്ല രീതിയില്‍ വളരുന്ന വെട്ടിലച്ചെടികളെ പരിചയപ്പെടുക.

 


ഡ്രസീന


നിരവധിയിനങ്ങള്‍ ഉള്‍പ്പെടുന്ന വലിയ കുടുംബമാണ് ഡ്രസീനയുടേത്. ഇവയില്‍ ഏറ്റവും പ്രധാനം ഡ്രസീന മസാന്‍ജിയാനയാണ്. പൊതുവേ പച്ചയും മഞ്ഞയും കലര്‍ന്ന ഇലകളാണിവയുടേത്. രണ്ടു നിറവും വെവ്വേറെയാണ് കാണപ്പെടുന്നത്. വരയിട്ടതുപോലെ കാണപ്പെടുന്ന നിറങ്ങളാണിവയെ പുഷ്പാലങ്കാരത്തില്‍ പ്രിയപ്പെട്ടതാക്കുന്നത്. ഇലകള്‍ക്ക് വീതി കൂടുതലാണ്. അതിനാല്‍ പുഷ്പാലങ്കാരങ്ങളുടെ പിന്‍നിരയില്‍ ഉപയോഗിക്കുന്നതിനാണിവ കൂടുതലായി ഉപയോഗിക്കുന്നത്. പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ ഒരു മീറ്ററോളം നീളം വയ്ക്കുന്ന ഇലകളുമുണ്ട്. 


കമ്പു മുറിച്ചു നട്ടാണിവ വളര്‍ത്തുന്നത്. ആറുമാസം കൊണ്ട് കേരളത്തില്‍ ഇവ ഇലകള്‍ ശേഖരിക്കാവുന്ന വളര്‍ച്ചയെത്തും. പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ ഒരു മാസം ഏറക്കുറേ പത്തിലകള്‍ വരെ തരുന്നതിന് ഇവയ്ക്കു സാധിക്കും. ഒരിലയ്ക്ക് മൂന്നു രൂപവരെ വിലയെത്തുന്ന സീസണുകളുമുണ്ട്. ഇവയ്ക്ക് ആകെയുള്ള പ്രശ്നം ഏതാനും വര്‍ഷം കൊണ്ട് ഉയരത്തില്‍ വളരുന്നതാണ്. ഒരാള്‍പൊക്കത്തിലധികമായാല്‍ ഇലകള്‍ മുറിച്ചെടുക്കുന്നതു പ്രശ്നമാകും. അതിനാല്‍ മുകള്‍ഭാഗം മുറിച്ചുമാറ്റി ഉയരം ക്രമീകരിക്കാം. ഇങ്ങനെ മുറിച്ചെടുക്കുന്ന തലപ്പുകള്‍ പുതിയ നടീല്‍വസ്തുവായി ഉപയോഗിക്കാമെന്ന മെച്ചവുമുണ്ട്. നന്നായി വെയില്‍ ഇഷ്ടപ്പെടുന്ന ചെടിയായതിനാല്‍ തുറസായ സ്ഥലത്ത് വളര്‍ത്തുന്നതാണ് നല്ലത്. കാര്യമായ രോഗകീടബാധകളൊന്നുമില്ല.


ഫിലോഡെന്‍ഡ്രോണ്‍


ഒരുകാലത്ത് വീട്ടകങ്ങളില്‍ വളര്‍ത്തിയിരുന്ന ഇന്‍ഡോര്‍ സസ്യങ്ങളിലൊന്നായിരുന്നു ഇത്. വള്ളിച്ചെടിയെന്ന രീതിയിലാണ് അക്കാലത്ത് വളര്‍ന്നിരുന്നത്. എന്നാല്‍ കുറ്റിച്ചെടിയായി വളരുന്ന ഇനങ്ങള്‍ക്കാണ് വിപണിയില്‍ ആവശ്യക്കാരധികമുള്ളത്. ഫിലോഡെന്‍ഡ്രോണ്‍ സാനഡു ഇത്തരത്തിലുള്ള ഇനമാണ്. നീളം കൂടിയ തണ്ടാണിവയുടെ പ്രധാന പ്രത്യേകത. ഒന്നരയടിവരെ നീളമുള്ള തണ്ടുകള്‍ സാധാരണയാണ്. ഈ തണ്ടിന്‍റെയഗ്രത്തില്‍ ഓവല്‍ അകൃതിയിലുള്ള ഇലകള്‍ കാണപ്പെടുന്നു. ഈ പ്രത്യേകതകള്‍ കൊണ്ട് ഏതുതരം അലങ്കാരത്തിലും ഇവ ഉപയോഗിക്കപ്പെടാറുണ്ട്. ആറേഴു മാസംകൊണ്ട് ഇതും ഇലവെട്ടുന്നതിനു തക്ക പ്രായമെത്തും. തുടക്കത്തിലുണ്ടാകുന്ന ഇലകള്‍ക്ക് വലുപ്പക്കുറവായിരിക്കുമെങ്കിലും ഏതാനും മാസം കൊണ്ട് ഇലകള്‍ നല്ല വളര്‍ച്ച കാണിക്കും. ഇലയുടെ അഗ്രഭാഗം നീളത്തില്‍ ചെറുഘണ്ഡങ്ങളായി മുറിഞ്ഞു കാണുന്നത് സാനഡു ഇനത്തിന്‍റെ പ്രത്യേകതയാണ്. ഒറ്റ നോട്ടത്തില്‍ വിരലുകള്‍ പോലെയാണിവ തോന്നുക. 


തലപ്പുകള്‍ മുറിച്ചുനട്ടാണ് പൊതുവേ സാനഡു ഇനം വളര്‍ത്തുന്നത്. ഇപ്പോള്‍ ടിഷ്യുകള്‍ച്ചര്‍ തൈകളും നഴ്സറികളില്‍ കിട്ടാനുണ്ട്. നേരിട്ട് വെയിലേല്‍ക്കുന്നിടത്ത് നടുകയാണെങ്കില്‍ ഇലകള്‍ക്ക് വലുപ്പക്കുറവ് കാണാറുണ്ട്. ഭാഗികമായി തണല്‍ കിട്ടുന്നയിടങ്ങളില്‍ മറ്റു കൃഷികള്‍ക്ക് ഇടവിളയായും മറ്റും വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലത്. 

 


ലെതല്‍ലീഫ് ഫേണ്‍


ഫേണ്‍ എന്നാല്‍ സാധാരണയായി പന്നലുകള്‍ എന്നു വിളിക്കുന്നയിനം ചെടികളാണ്. ഇവയില്‍ വെട്ടിലക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ ഇനമാണ് ലെതല്‍ലീഫ് ഫേണ്‍. നടീല്‍ കഴിഞ്ഞ് അഞ്ചോ ആറോ മാസം പിന്നിട്ടാല്‍ നല്ലതോതില്‍ ഇലകളുണ്ടായിത്തുടങ്ങും. വെയിലേല്‍ക്കാത്തയിടത്താണ് ചെടി നടേണ്ടത്. പോളിഹൗസുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ കൃഷിചെയ്താല്‍ ധാരാളം ഇലകള്‍ ലഭിക്കും. ഹോബിയായി വളര്‍ത്തുന്നവര്‍ താരതമ്യേന തണല്‍ കിട്ടുന്നയിടങ്ങള്‍ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. തണല്‍ വലയ്ക്കുള്ളിലും വളര്‍ത്താം. നല്ലതോതില്‍ വളര്‍ച്ചയെത്തിയാല്‍ ഒരു മാസം ആറോ ഏഴോ ഇലകള്‍ വരെ ഉണ്ടാകും. വാണിജ്യാടിസ്ഥാനത്തിലാണ് കൃഷിയെങ്കില്‍ ഒരിലയ്ക്ക് മൂന്നു രൂപ വില കിട്ടുന്നത് സാധാരണയാണ്. 

 


 

സോങ് ഓഫ് ഇന്ത്യ


ഡ്രസീന ഇനത്തിലുള്ള മറ്റൊരു പ്രധാനയിനമാണ് സോങ് ഓഫ് ഇന്ത്യ. ഡ്രസീന മസാന്‍ജിയാനയെക്കാള്‍ വലുപ്പം കുറഞ്ഞ ഇലകളാണ് ഈയിനത്തിനു പൊതുവേയുള്ളത്. മഞ്ഞയും പച്ചയും ഇടകലര്‍ന്നതാണ് ഇലകള്‍. വെയില്‍ ഇഷ്ടപ്പെടുന്ന ഇവ നടുന്നതിന് തുറസായ സ്ഥലങ്ങള്‍ തന്നെ തിരഞ്ഞെടുക്കാം. മസാന്‍ജിയാനയില്‍ ഇലകളാണ് അലങ്കാരത്തിനുപയോഗിക്കുന്നതെങ്കില്‍ ഈയിനത്തില്‍ തലപ്പുകള്‍ അങ്ങനെ തന്നെയാണ് ഉപയോഗിക്കുന്നത്. തലപ്പുമുറിച്ചു മാറ്റുന്നതുവഴി കൂടുതല്‍ ശാഖകള്‍ ഉണ്ടാകുകയും അവയെല്ലാം വിളവെടുപ്പിനു തയ്യാറാകുകയും ചെയ്യും. 


അലങ്കാര ഇലച്ചെടികളില്‍ ജൈവരീതിയിലുള്ള കൃഷിയാണ് മെച്ചം. വേനല്‍ക്കാലത്ത് നന അത്ര നിര്‍ബന്ധമല്ല. നനച്ചു വളര്‍ത്തിയാല്‍ ഇലകളുടെ ഉല്‍പാദനം കൂടുകയും അവയ്ക്കു കൂടുതല്‍ വലുപ്പം കിട്ടുകയും ചെയ്യും. പൊതുവേ കീടബാധ കുറവാണ്. ഇലതീനിപ്പുഴുക്കളാണ് ശത്രുക്കളാകാവുന്നത്. അവയെ കൈകൊണ്ടു പിടിച്ചു നിയന്ത്രിക്കുന്നതാണ് നല്ലത്. 


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   1956025