റബര്‍ ആദായം ചുരത്താന്‍



ലോകം മുഴുവന്‍ റബ്ബറിന്‍റെ വിലയിടിവിന്‍റെ ദുരിതം അനുഭവിക്കുന്ന കാലമാണിത്. എന്നാല്‍ ടാപ്പിങ് രീതിയിലും ടാപ്പിങ്ങിന്‍റെ ഇടവേളകളിലും കാതലായ മാറ്റങ്ങള്‍ വരുത്തിയാല്‍ വിലയിടിവിന്‍റെ ആഘാതം ഗണ്യമായി കുറയ്ക്കാനാവും. എന്നു മാത്രമല്ല ആദായകാലം വര്‍ധിപ്പിക്കാനും സാധിക്കും.  ഏതാനും വര്‍ഷം മുമ്പുവരെ റബ്ബറെന്നാല്‍ പണം ടാപ്പുചെയ്തെടുക്കുന്ന കാര്‍ഷിക വിളയായിരുന്നെങ്കില്‍ ഇപ്പോള്‍ ആ ചിത്രം മാറിയിരിക്കുന്നു. ടാപ്പിങ് തന്നെ വേണ്ടെന്നു വച്ച് തോട്ടങ്ങള്‍ കാലിയിട്ടിരിക്കുന്ന കര്‍ഷകര്‍ കേരളത്തില്‍ ധാരാളം. നിലവിലുണ്ടായിരുന്ന റബ്ബര്‍ മുറിച്ചു  മാറ്റിക്കഴിഞ്ഞാല്‍ ആവര്‍ത്തനക്കൃഷി ചെയ്യുന്ന കാര്യത്തിലും ഉദാസീനത വളരുന്നു. ഈ സാഹചര്യത്തിലാണ് ടാപ്പിങ്ങിലെ മാറ്റം പുതിയ സാധ്യതയായി മാറുന്നത്. 

എത്രകാലം ആദായം

പൊതുവേ ഇന്നു റബ്ബര്‍ ടാപ്പിങ്ങില്‍ പിന്തുടരുന്ന രീതിയിങ്ങനെ. മരത്തിന്‍റെ ബഡ് സന്ധിയില്‍ നിന്ന് 125 സെ.മീ. ഉയരത്തില്‍ ഏഴാം വര്‍ഷം ടെംപ്ലേറ്റ് ഉപയോഗിച്ച് പകുതി ചുറ്റളവില്‍ മുപ്പതു ഡിഗ്രി ചെരിവില്‍ വരിയിട്ട് ടാപ്പിംഗ് ആരംഭിക്കുന്നു. ഒന്നര മി.മീ കനത്തില്‍ ചെരിവിനു മാറ്റം വരാതെയും തടിക്കു ക്ഷതമേല്‍ക്കാതെയും പട്ട അരിഞ്ഞു മാറ്റുന്നതാണ് ശാസ്ത്രീയമായ ടാപ്പിങ്. സത്യത്തില്‍ നടക്കുന്നതാകട്ടെ, മൂന്നുംനാലും മി.മീ. കനത്തില്‍ പൂള് അരിഞ്ഞു മാറ്റിയുള്ള കാടന്‍ വെട്ട്. (വെറുതെയാവില്ല നാടന്‍ഭാഷയില്‍ ടാപ്പിംഗിനെ വെട്ടെന്നു വിളിക്കുന്നത്.)
ഈ രീതിയില്‍ ഒന്നിടവിട്ട് ദിവസം മരം വെട്ടുമ്പോള്‍ എ പാനല്‍ എന്ന ഒന്നാംവശത്തെ പട്ട നാനൂറിലധികം ടാപ്പിംഗ് ദിനങ്ങള്‍ കൊണ്ടു തീരുന്നു. അതായത് പരമാവധി നാലു വര്‍ഷം. ബി പാനല്‍ അഥവാ മറുവശത്തിനും ഇതേ രീതിയില്‍ ഏറെക്കുറെ നാലു വര്‍ഷം ടാപ്പിങ്. നിറയെ കായം വീണു തടികേടായ മരത്തില്‍ പുതുപ്പട്ട അഥവാ, സി, ഡി പാനലുകള്‍ കാര്യമായി വെട്ടാന്‍ കാണില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ രണ്ടിനും കൂടി ആറേഴു വര്‍ഷം ടാപ്പിങ്ങാണ് നടക്കുന്നത്. ഇന്നിപ്പോള്‍ പൊതുവേ കണ്ടുവരുന്ന രീതിയാണിത്. ഏഴു വര്‍ഷം കാത്തിരുന്നത് ആദായത്തിലെത്തിച്ച മരം പതിനഞ്ചാം വര്‍ഷം കടുംവെട്ടിനു വിധേയമാക്കി മുറിച്ചു മാറ്റുന്നു. 
വിലയിടിവിന്‍റെ ഇക്കാലത്ത് ഒന്നാമതായി ശ്രദ്ധ വയ്ക്കേണ്ടത് നിലവിലുള്ള റബ്ബറിന്‍റെ ആദായകാലം എത്രമാത്രം വര്‍ധിപ്പിക്കാമോ അത്രയും വര്‍ധിപ്പിക്കുന്നതിനാണ്. കാരണം പുതിയൊരു പ്ലാന്‍റിങ്ങിന്‍റെ അനാദായകാലം താണ്ടുന്നത് ഇന്നത്തെ രീതിയില്‍ ബുദ്ധിപൂര്‍വമായിരിക്കില്ലെന്നു കരുതുന്നതിനെ കുറ്റപ്പെടുത്താനാവില്ല. ആദായകാലം ദീര്‍ഘിപ്പിക്കണമെങ്കില്‍ വെട്ടുപട്ട പരമാവധി സംരക്ഷിച്ചു നിര്‍ത്തുക. 
ഒന്നര മി.മീ. കനത്തിലേ പട്ട അരിഞ്ഞു മാറ്റൂ എന്ന നിഷ്ഠ വച്ചാല്‍ മാത്രം എ,ബി പാനലുകള്‍ 1660 ടാപ്പിംഗ് ദിനങ്ങള്‍ക്കു തികയുന്നതാണ്. ഒരു വര്‍ഷം ഒന്നിവിട്ട ദിവസങ്ങളിലായി 150 ടാപ്പിംഗ് എന്നു കണക്കാക്കി ഈ രീതിയില്‍ പൂളുകനം ക്രമീകരിച്ചാല്‍ പതിനൊന്നു വര്‍ഷത്തേക്ക് അസല്‍ പട്ട മാത്രം ടാപ്പു ചെയ്ത് ആദായമെടുക്കുന്നതിനു സാധിക്കും. മൂന്നു ദിവസത്തിലൊന്ന് എന്ന ക്രമത്തില്‍ ഒരു വര്‍ഷത്തെ ടാപ്പിംഗ് ദിനങ്ങള്‍ നൂറായി പരിമിതപ്പെടുത്തിയാല്‍ പതിനാറു വര്‍ഷത്തേക്ക് അസല്‍ പട്ട കിട്ടും. ടാപ്പിംഗ് ദിനങ്ങള്‍ അമ്പതായി കുറച്ചാല്‍ വെട്ടുപൂളിന്‍റെ അളവില്‍ മാറ്റം വരുത്തേണ്ടിവരുമെങ്കിലും ഇരുപതു വര്‍ഷത്തേക്ക് അസല്‍ പട്ട നിലനില്‍ക്കും. ഇതിനനുസരിച്ച് പുതുപ്പട്ടയും നല്ല കനമുള്ളതായി മാറും. ഡിആര്‍സിയിലുണ്ടാകുന്ന വര്‍ധന, പട്ടമരപ്പിന്‍റെ കുറവ്, മരത്തിന്‍റെ ആരോഗ്യം, കുറഞ്ഞ ഉല്‍പ്പാദനച്ചെവ് അങ്ങനെ എന്തെല്ലാം മെച്ചങ്ങള്‍ പുറമെ.
മരത്തിന്‍റെ ചുറ്റളവിന്‍റെ നേര്‍പകുതി ടാപ്പ് ചെയ്യുന്നതാണ് നിലവിലുള്ള രീതി. ഇക്കാര്യത്തിലും മാറ്റങ്ങള്‍ സാധ്യമാണ്. പട്ടയുടെ നീളം ചുറ്റളവിന്‍റെ നാലിലൊന്നാക്കിയാല്‍ ആദായകാലം വീണ്ടും വര്‍ധിക്കും. അല്ലെങ്കില്‍ അതിലും ചെറുതാക്കിയാലോ. അസല്‍ പട്ടയില്‍നിന്ന് ആദായമെടുക്കാന്‍ സാധിക്കുന്ന കാലം ഇതുവരെ കണ്ടതിന്‍റെ ഇരട്ടിയായും നാലിരട്ടിയായും വര്‍ധിക്കും. പുതുപ്പട്ടിയില്‍നിന്നുള്ള ആദായത്തിന്‍റെ കാര്യവും ഇങ്ങനെ തന്നെ.
ഇതുവരെ പറഞ്ഞതെല്ലാം മലര്‍ത്തു പട്ടമാത്രം ടാപ്പുചെയ്യുന്നു എന്ന ധാരണയിലാണ്. അതായത് വെറും 125 സെ.മീ. ഭാഗത്തെ പട്ട നേരേ താഴേക്കു മാത്രം അരിഞ്ഞുപോകുന്നു. 125 എന്നത് വിശേഷാല്‍ മാന്ത്രിക സംഖ്യയൊന്നുമല്ല. ടാപ്പര്‍ക്ക് നേരേ നിന്ന് മലര്‍ത്തു പട്ട ടാപ്പുചെയ്യാന്‍ സൗകര്യപ്രദമായ ഉയരം എന്നതു മാത്രമാണ് 125 സെ.മീറ്ററിന്‍റെ പ്രത്യേകത. ഇതില്‍നിന്ന് അശേഷം വ്യത്യാസമില്ലാത്ത പട്ടയാണ് മുകളിലേക്കുമുള്ളത്. പക്ഷേ, മലര്‍ത്തു പട്ടയായി വെട്ടാനാവില്ലെന്നുമാത്രം. അതിനാണ് നിയന്ത്രിത കമിഴ്ത്തിവെട്ടുള്ളത്. നൂറു സെ.മീ. ഉയരം വരെ ഇത്തരത്തില്‍ കമിഴ്ത്തു പട്ടയില്‍നിന്ന് ആദായമെടുക്കാന്‍ സാധിക്കും. വീണ്ടും കമിഴ്ത്തിന്‍റെ സി,ഡി പാനലുകള്‍ ശേഷിക്കുന്നു. ഇത്തരത്തില്‍ ആദായമെടുക്കുന്നതിനു സാധിച്ചാല്‍ ഇങ്ങനെയൊക്കെ ആദായമെടുക്കുമ്പോള്‍ റബ്ബറിന്‍റെ ശരാശരി ആയുസ്സാണ് വര്‍ധിപ്പിക്കാന്‍ സാധിക്കുന്നത്. ഇതുവഴി വിലയിടിവിനെ ഗണ്യമായ തോതില്‍ തടയുന്നതിനും സാധിക്കും. 

ടാപ്പിങ്ങിന് ഉത്തേജനം

ഇടവേള കൂടിയ ടാപ്പിങ്ങിലും ചെറുപട്ടയുടെ ടാപ്പിങ്ങിലും ഉത്തേജകൗഷധം ശുപാര്‍ശകള്‍ക്കനുസരിച്ച് ഉപയോഗിക്കേണ്ടതുണ്ട. എത്തിപ്പോണ്‍ എന്ന ഉത്തേജകമരുന്നാണ് റബ്ബറില്‍ ഉപയോഗിക്കാന്‍ ശുപാര്‍ശയുള്ളത്. ഇതിന്‍റെ പത്തു ശതമാനം ഗാഢതയിലുള്ള ദ്രാവകരൂപമാണ് വിപണയില്‍ സാധാരണയായി കിട്ടുന്നത്. ശുപാര്‍ശ ചെയ്യപ്പെട്ട ഗാഢതയിലേക്ക് ഇതിനെ നേര്‍പ്പിച്ചാണ് പുരട്ടേണ്ടത്. നാലു ദിവസത്തിലൊരിക്കലാണ് ടാപ്പിംഗ് എങ്കില്‍ ഒരു വര്‍ഷം അഞ്ചു മുതല്‍ ഏഴുവരെ തവണ ഉത്തേജകമരുന്ന് പ്രയോഗിക്കാം. ആഴ്ചയിലൊരു ദിവസം ടാപ്പിംഗിന് ഉത്തേജകൗഷധ പ്രയോഗം വര്‍ഷത്തില്‍ പന്ത്രണ്ടുതവണ വേണ്ടിവരും. അതായത് മാസത്തിലൊരു തവണയാണ് മരുന്നു പുരട്ടേണ്ടത്. ആര്‍ആര്‍ഐഐ 105ന് ആദ്യമായി പട്ട മൂന്നിലൊരു ദിനടാപ്പിംഗിനു തുറക്കുമ്പോള്‍ മാത്രം രണ്ടാഴ്ച ഇടവേളയില്‍ രണ്ടു തവണ മരുന്നു പുരട്ടാം. അതു കഴിഞ്ഞാല്‍ സ്ഥിരമായി മാസത്തിലൊരു പ്രയോഗം മാത്രം മതി. അതിന്‍റെ ഗാഢതയാകട്ടെ 2.5 ശതമാനവും. വെട്ടുപട്ട വിശ്രമം കൊടുത്തതിനുശേഷം തുറക്കുമ്പോള്‍ അഞ്ചു ശതമാനം ഗാഢതയില്‍ ഒരു പ്രാവശ്യം മരുന്നു പുരട്ടണം.
ആഴ്ചയിലൊരു ദിവസമാണ് ടാപ്പിംഗ് എങ്കില്‍ മരുന്നു പുരട്ടി 48-72 മണിക്കൂറിനുള്ളില്‍ വെട്ടു നടത്തിയിരിക്കണം. ഉത്തേജക മരുന്നിനൊപ്പം റെയിന്‍ ഗാര്‍ഡു കൂടി ഉപയോഗിച്ചാലാണ് ഏറ്റവും ഗുണം കിട്ടുന്നത്. പാമോയില്‍ അല്ലെങ്കില്‍ മാറ്റേതെങ്കിലും സസ്യ എണ്ണ ഉപയോഗിച്ചാണ് പത്തു ശതമാനം ഗാഢതയുള്ള എത്തിപ്പോണ്‍ രണ്ടര ശതമാനം ഗാഢതയിലേക്ക് നേര്‍പ്പിക്കേണ്ടത്. പുരട്ടുന്നതിനിടയിലും ഇടയ്ക്കിടെ ഇളക്കിക്കൊടുക്കണം.
മൂന്നുതരത്തില്‍ ഉത്തേജക മരുന്ന് പ്രയോഗിക്കാം. വെട്ടുപട്ടയുടെ മുകള്‍ഭാഗത്ത് വള്ളിപ്പാല്‍ പൊളിച്ചു മാറ്റാതെ പുരട്ടാം. അതുമല്ലെങ്കില്‍ വള്ളിപ്പാല്‍ പൊളിച്ചു മാറ്റിയിട്ട് പുരട്ടാം. ഏറ്റവും ഫലപ്രദമെന്നു കണ്ടിരിക്കുന്നത് അവസാനം വെട്ടുകഴിഞ്ഞ ഭാഗത്തെ ഇളം പട്ടയില്‍ ഒരിഞ്ചു വീതിയില്‍ പുരട്ടുന്നതാണ്.

ഇടവേള കൂട്ടുക

ചെറുകിട റബ്ബര്‍കര്‍ഷകരില്‍ കുറേയധികം പേര്‍ (14 ശതമാനം) ഇന്നും നിത്യേനയുള്ള ടാപ്പിംഗ് രീതി പിന്തുടരുന്നവരാണ്. 77 ശതമാനം കര്‍ഷകര്‍ ഒന്നിടവിട്ടുള്ള ദിവസത്തെ ടാപ്പിംഗ് രീതിയാണ് പിന്തുടരുന്നത്. ഈ സ്ഥാനത്താണ് ഇടവേള കൂടിയ ടാപ്പിംഗ് എന്ന ആശയം ഗവേഷകര്‍ മുന്നോട്ടുവയ്ക്കുന്നത്. ഏഴു ദിവസത്തിലൊന്നു ടാപ്പു ചെയ്താലും മറ്റേതു രീതിയിലുള്ള ടാപ്പിംഗില്‍നിന്നു കിട്ടുന്നതിനൊപ്പം ഉല്‍പ്പാദനം കിട്ടുമെന്നു പഠനങ്ങള്‍ തെളിയിക്കുന്നു.
ഇടവേള കൂടിയ ടാപ്പിംഗില്‍ ശ്രദ്ധവയ്ക്കേണ്ട പല കാര്യങ്ങളുണ്ട്. ഒന്നാമത്തേത് ഒരു കാരണവശാലും വെട്ടു മുടക്കാന്‍ പാടില്ലെന്നുള്ളതാണ്. മഴക്കാലത്ത് റെയിന്‍ഗാര്‍ഡ് ചെയ്തും വേനല്‍ക്കാലത്ത് അവധി നല്‍കാതെയും വെട്ടു തുടരണം. ഒരു ദിവസം ടാപ്പിംഗ് മുടങ്ങുകയും അടുത്ത ആഴ്ചയിലെ നിശ്ചിത ദിവസം വീണ്ടും ടാപ്പു ചെയ്യുകയുമാണെങ്കില്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകും എന്നതില്‍ സംശയം വേണ്ട. ഏതെങ്കിലും കാരണവശാല്‍ ഒരു ദിവസം വെട്ടു മുടങ്ങിപ്പോയാല്‍ തൊട്ടടുത്ത ദിവസം ആ തോട്ടം വെട്ടുക തന്നെവേണം. അതുപോലെ ഉത്തേജകമരുന്നു നിശ്ചിത ഇടവേളയില്‍ പുരട്ടുകയും വേണം. ആവശ്യമെങ്കില്‍ നിയന്ത്രിത കമിഴ്ത്തിവെട്ട് സ്വീകരിക്കാനും മടിക്കരുത്.
റെയിന്‍ ഗാര്‍ഡിംഗാണ് നിര്‍ബന്ധമായും സ്വീകരിക്കേണ്ട മറ്റൊരു കൃഷിമുറ. ഇന്ത്യയില്‍ ഒരു വര്‍ഷം എഴുപതു വരെ ടാപ്പിംഗ് ദിനങ്ങളാണ് മഴ മൂലം നഷ്ടപ്പെടുന്നത്. സാധാരണ ടാപ്പിംഗില്‍ മഴ മൂലമുണ്ടാകുന്ന വിളവു നഷ്ടത്തെക്കാള്‍ വളരെയധികമായിരിക്കും ഇടവേള കൂടിയ ടാപ്പിംഗില്‍ മഴമൂലമുണ്ടാകുന്ന നഷ്ടം. പാവാട രീതിയിലുള്ള റെയിന്‍ഗാര്‍ഡും കട്ടികൂടിയ പ്ലാസ്റ്റിക്കിന്‍റെ റെയിന്‍ ഗാര്‍ഡും ലഭ്യമാണ്.  പാവാട രീതിയിലുള്ളതാണെങ്കില്‍ ഒരു കി.ഗ്രാം എല്‍ഡിപിഇ പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മുപ്പതുമരത്തിനു റെയിന്‍ഗാര്‍ഡ് ചെയ്യുന്നതിനു സാധിക്കും.

മിനിക്കട്ട് ടാപ്പിങ്

സാധാരണയായി ടാപ്പിംഗിനു മരം മാര്‍ക്ക് ചെയ്യുന്നത് അതിന്‍റെ തടിയുടെ ചുറ്റളിന്‍റെ നേര്‍പകുതിയാണ്. ഇതിനുപകരം മൊത്തം ചുറ്റളവിന്‍റെ മൂന്നിലൊന്ന്, നാലിലൊന്ന്, നാലിഞ്ച് ഇങ്ങനെ വ്യത്യസ്തമായ അളവുകളില്‍ പട്ട തുറക്കാം. ഇവയെ പൊതുവായി മിനിക്കട്ട് ടാപ്പിംഗ് എന്നു വിളിക്കാം.
റബ്ബര്‍ ഗവേഷണ കേന്ദ്രത്തില്‍ ഇതു സംബന്ധിച്ച് നിരവധി ഗവേഷണങ്ങള്‍ ഇതിനകം നടന്നു കഴിഞ്ഞിരിക്കുന്നു. പരമ്പരാഗതമായ ടാപ്പിംഗ് സങ്കല്‍പ്പങ്ങളെയെല്ലാം തിരുത്തിയെഴുതുന്നതാണ് ഇവയില്‍നിന്നുള്ള ഫലങ്ങള്‍. അതിനാല്‍ നാളെയുടെ ടാപ്പിംഗ് രീതിയായി ഉത്തേജന മരുന്നു പുരട്ടിയുള്ള മിനിക്കട്ട് മാറുമെന്നു കരുതാന്‍ ന്യായമേറെ.
നാലിലൊന്നു പട്ട ഏഴു ദിവസത്തെ ഇടവേളയില്‍ ടാപ്പു ചെയ്യുന്നുവെന്നു കരുതുക. ഒരു ദിവസം രണ്ടര മി.മീ. പട്ട അരിഞ്ഞു മാറ്റുമ്പോള്‍ ഒരു വര്‍ഷം 52 ടാപ്പിംഗിലായി 13 സെ.മീ. പട്ട നഷ്ടമാകുന്നു. അതായത് ഏറെക്കുറേ 36 വര്‍ഷംകൊണ്ട് മാത്രമാണ് അസല്‍പട്ട വെട്ടിത്തീരുന്നത്. ഇതിനൊപ്പം ഇതേ അളവില്‍തന്നെ നിയന്ത്രിത കമിഴ്ത്തിവെട്ടുകൂടിയുണ്ടെങ്കില്‍ അസല്‍ പട്ടയുടെ ആയുസ് വീണ്ടും വര്‍ധിക്കുന്നു. വെട്ടുപട്ടയുടെ നീളം ഇതിലും കുറച്ചാല്‍ അസല്‍ പട്ടയുടെ കാലാവധി വീണ്ടും വര്‍ധിപ്പിക്കാന്‍ സാധിക്കും. അതായത് നാലിഞ്ചു നീളത്തിലാണ് വെട്ടുന്നതെങ്കില്‍ അസല്‍പട്ട തീരാന്‍ മാത്രം അമ്പതു വര്‍ഷമെടുക്കും. ഉത്തേജകമരുന്നു കൃത്യമായി മാസത്തിലൊന്നു പുരട്ടിക്കൊടുത്താല്‍ ഉല്‍പ്പാദനത്തില്‍ കുറവുണ്ടാകുകയുമില്ല. പട്ടമരപ്പ് ഇല്ലാതാകുന്നതും ഡിആര്‍സി കൂടുന്നതും കൊണ്ട് മൊത്തത്തില്‍ കിട്ടുന്ന ഉണക്ക റബ്ബറിന്‍റെ തോത് വര്‍ധിക്കുകയേയുള്ളൂ. രണ്ടര ശതമാനം ഗാഢതയില്‍ ഉത്തേജകമരുന്ന് ഉപയോഗിക്കുമ്പോള്‍ തന്നെയാണ് മിനിക്കട്ടിലും മികച്ച ഫലം കിട്ടുന്നത്.

  • ടാപ്പിങ് കമിഴ്ത്തുപട്ടയില്‍

മലര്‍ത്തു പട്ട വെട്ടുന്ന അതേ രീതിയില്‍ കമിഴ്ത്തു പട്ട കൂടി വെട്ടുന്നതിനു സാധിക്കും. തുലാമഴ കഴിഞ്ഞ് അടുത്ത ഇടവപ്പാതിവരെയുള്ള ആറുമാസക്കാലത്തേക്കു മാത്രമാണിതു ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അസല്‍പട്ടയുടെ രണ്ടു വശവും വെട്ടിത്തീരുമ്പോള്‍ പുതുപ്പട്ടയിലേക്ക് അഥവാ സി, ഡി പാനലുകളിലേക്ക് വെട്ടു മാറ്റുന്നതാണല്ലോ പതിവ്. ഇവിടെ വേണ്ട രീതിയില്‍ തൊലി വന്നു നികന്നിട്ടില്ലെങ്കില്‍ അഥവാ മുഴകള്‍ വീണ് ടാപ്പിംഗ് അസാധ്യമായെങ്കില്‍ കമിഴ്ത്തു പട്ടയിലേക്ക് ടാപ്പിംഗ് മാറ്റാം. മരത്തിന്‍റെ ചുറ്റളവിന്‍റെ നാലിലൊരു ഭാഗം മാത്രം വെട്ടുന്ന മിനിക്കട്ട് ടാപ്പിംഗില്‍ ഉത്തേജക മരുന്നിന്‍റെ ഉപയോഗത്തിനൊപ്പം നിയന്ത്രിത കമിഴ്ത്തിവെട്ട് കൂടി പിന്തുടരുകയാണെങ്കില്‍ ഉല്‍പ്പാദനത്തില്‍ വര്‍ധനയുണ്ടാക്കാന്‍ സാധിക്കുമെന്ന് തെളിഞ്ഞിട്ടുണ്ട്.
നിയന്ത്രിത കമിഴ്ത്തിവെട്ടിനോളം തെറ്റിദ്ധരിക്കപ്പെട്ട ടാപ്പിംഗ് രീതിയില്ല. സ്ലോട്ടര്‍ ടാപ്പിംഗ് അഥവാ കടുംവെട്ടാണ് ഈ പുതിയ രീതിയെന്നു കരുതുന്നവര്‍ ഏറെയാണ്. എന്നാല്‍ മലര്‍ത്തു പട്ട വെട്ടുന്നതിനൊപ്പമോ അതിലധികമോ ആയാസരഹിതവും ആദായകരവുമാണ് നിയന്ത്രിത കമിഴ്ത്തിവെട്ട് എന്നതാണ് യാഥാര്‍ത്ഥ്യം.
ഇത്തരം കമിഴ്ത്തിവെട്ടിന് പരിഷ്കരിച്ച ഗുജ് കത്തി തന്നെ ഉപയോഗിക്കുന്നതിനാണ് ശുപാര്‍ശയുള്ളത്. നാടന്‍ കത്തിയും ജബോംഗ് കത്തിയും പാടില്ല. പട്ടയുടെ ചെരിവ് 45 ഡിഗ്രി വേണം. മരത്തിന്‍റെ ചുറ്റളവിന്‍റെ നാലിലൊന്ന് അല്ലെങ്കില്‍ മൂന്നിലൊന്നാവണം വെട്ടുപട്ടയുടെ നീളം.
റബ്ബറിനൊപ്പം അനേകവര്‍ഷങ്ങളിലെ അനുഭവ സമ്പത്തുള്ള കര്‍ഷകര്‍ മനസ്സിലാക്കിയിരിക്കുന്നൊരു കാര്യമുണ്ട്. ഒരു വിലയിടിവും ശാശ്വതമല്ല, ഒരു വിലവര്‍ധനവും ശാശ്വതമല്ല. രണ്ടിനെയും ഒരേ മനോഭാവത്തോടെ സ്വീകരിക്കണമെങ്കില്‍ നിലപാടുകളിലെ മാറ്റവും ആവശ്യമാണ്. ഇത്തരം മാറ്റം ടാപ്പിങ്ങില്‍ നിന്നു തുടങ്ങട്ടെ. 


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232700