Karshika Rangam
Karshika Rangam

കാര്‍ഷിക സംരംഭങ്ങള്‍ക്ക് മുദ്ര വായ്പ


കാര്‍ഷിക മേഖലയിലെ സംരംഭങ്ങള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിച്ച മുദ്ര വായ്പാ പദ്ധതി. ഈടൊന്നുമില്ലാതെ പത്തുലക്ഷം രൂപ വരെ സംരംഭങ്ങള്‍ക്ക് വായ്പയായി നല്‍കുന്നതാണ് മുദ്ര പദ്ധതി. മൈക്രോ യൂണിറ്റ്സ് ഡലവപ്പ്മെന്‍റ് ആന്‍ഡ് റിഫൈനാന്‍സ് ഏജന്‍സി ലിമിറ്റഡ് എന്നതിന്‍റെ ചുരുക്കപ്പേരാണ് മുദ്ര.

വിവിധ വിഭാഗങ്ങള്‍ക്കനുസരിച്ച് ഏഴു മുതല്‍ പതിനാലു വരെ ശതമാനം പലിശയ്ക്കു നല്‍കുന്ന വായ്പയുടെ തിരിച്ചടവ് കാലാവധിയും സംരംഭങ്ങള്‍ക്ക് അനുകൂലമാണ്. ഏഴുവര്‍ഷം വരെയാണ് ഈ വായ്പയുടെ കാലാവധി. അതായത് ദീര്‍ഘകാല വായ്പകള്‍ക്കു തുല്യമായ നിലയിലാണ് മുദ്ര വായ്പയും ലഭിക്കുന്നത്. വായ്പാപദ്ധതിയുമായി ബന്ധപ്പെടുത്തി സബ്സിഡികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകള്‍ നല്‍കിവരുന്ന സബ്സിഡി ആനുകൂല്യങ്ങള്‍ അപേക്ഷകര്‍ക്ക് സ്വീകരിക്കാവുന്നതാണ്. 

കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പ ലഭിക്കില്ല. അതിനു നിലവിലുള്ള ഹൃസ്വകാല ദീര്‍ഘകാല വായ്പകകളെത്തന്നെ ആശ്രയിക്കണം. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലെയുള്ള സേവനങ്ങളും കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്കു നിലവില്‍ ലഭ്യമാണ്. നാലുശതമാനം പലിശയ്ക്കു ലഭിക്കുന്ന കാര്‍ഷിക സ്വര്‍ണപ്പണയവും കര്‍ഷകരുടെ മെച്ചം തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന മുദ്ര വായ്പ സംരംഭകര്‍ക്കു മാത്രമാണ് ലഭിക്കുന്നത്. 

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ സംസ്ക്കരിക്കുന്നതിനും സംഭരിക്കുന്നതിനും കേട് കൂടാതെ സൂക്ഷിക്കുന്നതിനും, അനുബന്ധ സംരംഭങ്ങള്‍ക്കും ഈ പദ്ധതി പ്രകാരമുള്ള സഹായം ലഭിക്കും. സംസ്കരണമെന്നാല്‍ ഉല്‍പ്പന്ന നിര്‍മാണവും മൂല്യവര്‍ധനയുമെല്ലാം അതിന്‍റെ പരിഗണനയില്‍ വരുന്ന കാര്യങ്ങളാണ്. നിലവില്‍ ഭക്ഷ്യസംസ്കരണയൂണിറ്റുകള്‍ ഏറെയുള്ള കേരളത്തിന് ഈ വായ്പാ പദ്ധതി ഏറെ ഗുണകരമായി മാറുന്നതാണ്. കെട്ടിടം, യന്ത്രങ്ങള്‍ ഉപകരണങ്ങള്‍ എന്നിവ വാങ്ങാന്‍ മാത്രമല്ല വേണ്ടത്ര പ്രവര്‍ത്തനമൂലധനം ലഭ്യമാക്കുവാനും മുദ്രയ്ക്ക് കഴിയും.

പദ്ധതിക്കായി വകയിരുത്തിയിരിക്കുന്ന ആകെ തുകയുടെ 60 ശതമാനം ശൈശവദശയിലുള്ള സംരംഭങ്ങള്‍ക്ക് നല്‍കണമെന്നാണ് വ്യവസ്ഥ. കൂടുതല്‍ പേരിലേക്ക് ചെറിയ തുകകള്‍ എത്തിച്ച് കൈത്തൊഴിലുകളും, കുടില്‍ വ്യവസായ സംരംഭങ്ങളും കൂടുതല്‍ ചലനാത്മകമാക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം. സംരംഭം നടത്തുന്നവര്‍ക്കും, പുതുതായി പ്ലാന്‍ ചെയ്ത് സ്ഥാപിക്കുന്നതിനും നിലവിലുള്ളവ നടത്തിക്കൊണ്ട് പോകുന്നതിനും മുദ്ര വായ്പ സഹായിക്കും. 

കാര്‍ഷിക രംഗംപോലെ തന്നെ രാജ്യത്ത് തൊഴില്‍ അവസരങ്ങള്‍ പ്രദാനം ചെയ്യുന്ന സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളും വായ്പയ്ക്ക് അര്‍ഹരാണ്. സ്വയംസഹായ സംരംഭങ്ങള്‍ക്കും വ്യക്തിഗത സംരംഭങ്ങള്‍ക്കും, പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനങ്ങള്‍ക്കും ലിമിറ്റഡ് കമ്പനികള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. നിലവില്‍ സംരംഭകരെല്ലാം ഇതില്‍ ഏതെങ്കിലുമൊരു വിഭാഗത്തിലാണല്ലോ ഉള്‍പ്പെടുന്നത്. അയല്‍ക്കൂട്ടങ്ങള്‍ പോലെ കൂട്ടായ്മകള്‍ ആരംഭിക്കുന്ന സംരംഭങ്ങള്‍ക്കും വായ്പയ്ക്ക് അര്‍ഹതയുണ്ട്. വനിതാസംരംഭകര്‍ക്ക് വായ്പകള്‍ നല്‍കുന്ന മൈക്രോ ഫൈനാന്‍സിങ് സ്ഥാപനങ്ങള്‍ക്കു സാമ്പത്തിക സഹായം അനുവദിക്കുന്നതിനും ഈ പദ്ധതി ശ്രദ്ധവയ്ക്കുന്നു. 

വായ്പ ലഭിക്കുന്നതിന്

മുദ്ര വായ്പ നല്‍കുന്നതിന് പ്രത്യേക ബാങ്കുകള്‍ സ്ഥാപിക്കുകയല്ല ഗവണ്‍മെന്‍റ് ചെയ്യുക. നിലവിലുള്ള ബാങ്കുകളെത്തന്നെ ഇതിന്‍റെ ചുമതല ഏല്‍പ്പിക്കുകയാണ്. മുദ്രയുടെ കേന്ദ്ര ഓഫിസ് മുംബൈയില്‍ എം.എസ്.എം.ഇ. ഡവലപ്പ്മെന്‍റ് സെന്‍ററിലാണ് പ്രവര്‍ത്തിക്കുന്നത്. ദേശസാത്കൃത-സ്വകാര്യബാങ്കുകളെല്ലാം ഈ പദ്ധതിയില്‍ പങ്കാളികളായേ തീരുകയുള്ളൂ. അതായത് ആര്‍ക്കും ഒഴിഞ്ഞു നില്‍ക്കുന്നതിനു സാധിക്കില്ല. അതുപോലെ റീജണല്‍ റൂറല്‍ ബാങ്കുകള്‍ക്കും സഹകരണബാങ്കുകള്‍ക്കും പദ്ധതിയില്‍ പങ്കാളിയാകാം. 

വായ്പയുടെ തോത്

നിലവില്‍ പത്തു ലക്ഷം രൂപ വരെയാണ് മുദ്ര പദ്ധതിയില്‍ വായ്പയായി അനുവദിക്കുന്നത്. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്നു തരത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രയില്‍ ഉള്‍പ്പെടുന്നത്. ആവശ്യമായി വരുന്ന ധനസഹായത്തിന്‍റെ തോതനുസരിച്ച് ഇതില്‍ ഏതുവിഭാഗത്തിലാണ് അപേക്ഷ പരിഗണിക്കേണ്ടതെന്ന് ഗുണഭോക്താവിനു നിശ്ചയിക്കാം.  ശിശു-50,000 രൂപ വരെയുള്ള വായ്പകള്‍, കിഷോര്‍-50,000 മുതല്‍ 5 ലക്ഷം രൂപവരെയുള്ള വായ്പകള്‍, തരുണ്‍-5 ലക്ഷം രൂപ മുതല്‍ 10 ലക്ഷം വരെയുള്ള വായ്പകള്‍ എന്നാണ് തരംതിരിച്ചിരിക്കുന്നത്.

എടിഎമ്മിലൂടെ പിന്‍വലിക്കാം

മുദ്ര പദ്ധതിയുടെ മുഖ്യ ആകര്‍ഷണം തുക പിന്‍വലിക്കുന്നതിനുള്ള റുപേ (മുദ്ര) കാര്‍ഡും ബാങ്കുകള്‍ക്കുള്ള ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. വായ്പയായി ലഭിക്കുന്ന തുക എടിഎമ്മുകളിലൂടെ പിന്‍വലിക്കാന്‍ സാധിക്കുമെന്നതാണ് റുപേ കാര്‍ഡിന്‍റെ ഗുണം. ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം ബാങ്കുകള്‍ക്കു കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നു. ചെറിയ വായ്പകള്‍ കൂടുതല്‍ സംരംഭകരിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതുകൊണ്ട് ഇത്തരം ഗ്യാരണ്ടി സ്കീം ആവശ്യമായി വരുന്നു. 

അപേക്ഷ എങ്ങനെ

വളരെ ലളിതമായ ഫോറവും അനുബന്ധരേഖകളുമാണ് മുദ്ര വായ്പയ്ക്ക് അപേക്ഷിക്കുവാന്‍ വേണ്ടത്. ഇവ ബാങ്കിന്‍റെ ശാഖകളില്‍ നിന്നുതന്നെ ലഭിക്കും. ഫോറം പൂരിപ്പിച്ച അപേക്ഷകള്‍ ചുവടെ പറയുന്ന രേഖകള്‍ സഹിതം ബാങ്കിന്‍റെ ബ്രാഞ്ചിലെത്തിക്കണം. 

 • സ്ഥിരതാമസം തെളിക്കുന്ന രേഖകള്‍
 • എസ്.സി./എസ്.ടി./ഒ.ബി.സി./മൈനോറിറ്റി എന്നിവര്‍ അത് തെളിയിക്കുന്ന രേഖകള്‍
 • സ്ഥാപനത്തിന്‍റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്ട്രേഷന്‍/ലൈസന്‍സ് രേഖകള്‍
 • ഒരു ധനകാര്യസ്ഥാപനത്തിലും കുടിശ്ശികക്കാരന്‍ അല്ലെന്ന സാക്ഷ്യപത്രം
 • നിലവില്‍ ബാങ്ക് വായ്പ ഉണ്ട് എങ്കില്‍ പ്രസ്തുത ബാങ്കില്‍നിന്നുള്ള കണക്ക് സ്റ്റേറ്റ്മെന്‍റ്
 • നിലവില്‍ സംരംഭം നടത്തുന്നവര്‍ക്ക് രണ്ട് ലക്ഷത്തിന് മുകളിലുള്ള തുകയാണ് വായ്പവേണ്ടതെങ്കില്‍ സംരംഭത്തിന്‍റെ അവസാനത്തെ
  രണ്ട് വര്‍ഷത്തെ ഫൈനല്‍ അക്കൗണ്ട്സ്.
 • രണ്ട് ലക്ഷത്തിനുമുകളിലുള്ള വായ്പ തേടുന്നവര്‍ സംരംഭത്തിന്‍റെ തന്നാണ്ടിലെ പ്രതീക്ഷിത സാമ്പത്തിക പ്രവര്‍ത്തനത്തിന്‍റെ ബാലന്‍സ് ഷീറ്റ്.
 • നിലവില്‍ സംരംഭം നടത്തുന്നവര്‍ അവസാന രണ്ട് വര്‍ഷത്തെ വില്‍പ്പന കണക്ക്
 • വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട്
 • മെമ്മോറാണ്ടം ഓഫ് അസോസിയേഷന്‍, ആര്‍ട്ടിക്കിള്‍സ് ഓഫ് അസോസിയേഷന്‍ എന്നിവ ആവശ്യമായ സ്ഥാപനമാണെങ്കില്‍ ആയതിന്‍റെ പകര്‍പ്പ്.
 • പ്രൊപ്രൈറ്റര്‍/പാര്‍ട്ണര്‍/ഡയറക്ടര്‍ (സംരംഭത്തിന്‍റെ സ്വഭാവത്തിനനുസരിച്ച്) എന്നിവരുടെ ആസ്തി ബാധ്യതാ സ്റ്റേറ്റ്മെന്‍റ്
 • പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍ (2 എണ്ണം)

അപേക്ഷ, പ്രോജക്ട് റിപ്പോര്‍ട്ട്, മറ്റ് രേഖകള്‍ എന്നിവ തയാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍, താലൂക്ക് വ്യവസായ ഓഫീസുകള്‍, ബ്ലോക്ക്/മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസര്‍മാര്‍ എന്നിവരുടെ സേവനം തേടാവുന്നതാണ്. അമ്പതിനായിരം രൂപ വരെയുള്ള ശിശു വായ്പകള്‍ നല്‍കുന്നതിന് ബാങ്കുകള്‍ക്ക് ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അത്തരം വായ്പകളാണ് ഇപ്പോള്‍ വ്യാപകമായി നല്‍കിവരുന്നത്. എന്നാല്‍ മറ്റ് വായ്പകള്‍ക്ക് അപേക്ഷിക്കുന്നതിന് യാതൊരും തടസ്സവുമില്ല.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   1708359