കേരളത്തിന് രണ്ട് ആദായപ്പഴങ്ങള്‍

Published : Tuesday June 9, 2020, 2:47 pm



ആദായത്തിന്റെ ഇന്നോളമുള്ള കണക്കുകളില്‍ മുന്നില്‍ നിന്നിരുന്ന റബര്‍ ഉള്‍പ്പെടെയുള്ള വിളകളെയെല്ലാം വെല്ലുവിളിക്കുകയാണ് രണ്ടു പഴങ്ങള്‍. ഇവയുണ്ടെങ്കില്‍ കൃഷി താരതമ്യങ്ങളില്ലാത്ത ലാഭങ്ങളിലേക്കുയരുമെന്നുറപ്പ്. ഏതൊക്കെയാണീ രണ്ടു വിളകളെന്നോ-ഒരെണ്ണം നമ്മുടെ പരിചിതമായ പ്ലാവ്, രണ്ടാമത്തേത് മറുനാടന്‍ പഴങ്ങളിലെ കേമനായ റംബുട്ടാന്‍. 
പ്ലാവ് എന്നു പറയുമ്പോള്‍ പുരയിടത്തിന്റെ ഒരു മൂലയില്‍ ആര്‍ക്കും വേണ്ടാതെ നില്‍ക്കുന്ന അമ്മച്ചിപ്ലാവൊന്നുമല്ല, നടീലിന്റെ ഒന്നര വര്‍ഷമാകുമ്പോള്‍ ചക്കയുണ്ടാകാന്‍ തുടങ്ങുന്ന വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി പ്ലാവ്. എങ്ങനെയെങ്കിലും നട്ടാല്‍ പോരാ, റബര്‍ നടുന്നതു പോലെ കണക്കൊപ്പിച്ചു നടണം, ചിട്ടയൊപ്പിച്ചു പരിപാലിക്കണം. (വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലിയുടെ നടീല്‍ രീതി കൃഷിപാഠം എന്ന വിഭാഗത്തില്‍ കാണുക)
അതുപോലെ റംബുട്ടാന്‍ എന്നു പറയുമ്പോള്‍ ആറ്റുതീരത്തുള്ള ചില പുരയിടങ്ങളില്‍ ഏതോ കാലം മുതല്‍ സ്ഥലം പാഴാക്കി നില്‍ക്കുകയും നാട്ടിലുള്ള വാവലുകള്‍ക്കു മുഴുവന്‍ ആഹാരമൊരുക്കുകയും ചെയ്യുന്ന പഴയ മുള്ളന്‍ പഴമല്ല. അതെല്ലാം മറന്നേക്കൂ. നല്ല പുതുപുത്തന്‍ ഇനങ്ങളുണ്ട്. വായിലിട്ടൊന്നു നുണഞ്ഞാല്‍ കുരുവില്‍ നിന്നു മാംസളമായ ഭാഗം വേര്‍പെട്ടു പോരുന്നയിനം റംബുട്ടാന്‍. പഴയ സിംഗപ്പൂര്‍ പ്രൗഢിയുടെ ശേഷിപ്പുപോലെ നില്‍ക്കുന്ന മുള്ളന്‍പഴമല്ല, വിപണിയിലെ രാജാവായ റംബുട്ടാനെന്നറിയുക. (റംബുട്ടാന്റെ കൃഷി രീതികള്‍ കൃഷിപാഠം എന്ന വിഭാഗത്തില്‍ കാണുക)


വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി
ഇതിന് അദ്ഭുത പ്ലാവ് എന്ന വിശേഷണമല്ലാതെ മറ്റൊന്നും യോജിക്കില്ല. പൂര്‍ണ വളര്‍ച്ചയെത്തുന്ന അവസ്ഥയില്‍ ഇതിനുണ്ടാകുന്ന പരമാവധി ഉയരം പതിനഞ്ച് അടി. ഇലത്തഴപ്പിന്റെ പരമാവധി വ്യാസമാകട്ടെ പത്തടിയും. അതായത് വലിയൊരു ശീമക്കൊന്ന മരത്തിന്റെ വലുപ്പം പോലും പ്ലാവിനുണ്ടായിരിക്കില്ലെന്നു ചുരുക്കം. ഇത്രയും ചെറിയ വലുപ്പം കാരണം രണ്ടു ചുവടുകള്‍ തമ്മിലും രണ്ടു നിരകള്‍ തമ്മിലും വെറും പത്തടി അകലം വീതം കൊടുത്താല്‍ മതി. 
റബര്‍ കൃഷി ചെയ്യുമ്പോള്‍ കോണ്ടൂര്‍ നോക്കി ലൈനടിക്കുന്നതു പോലെ ലൈനടിച്ച് പ്ലാവും നടാം. ഒരേക്കറില്‍ 430 പ്ലാവ് വരെ നടാമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് ഒരേക്കറില്‍ നടാവുന്ന റബറിന്റെ ഇരട്ടിയിലധികം പ്ലാവുകള്‍. റബറില്‍ നിന്ന് പരമാവധി ഇരുപത്തഞ്ചോ മുപ്പതോ വര്‍ഷം മാത്രമാണ് ആദായം കിട്ടുന്നതെങ്കില്‍ സൂപ്പര്‍ ഏര്‍ലി പ്ലാവില്‍ നിന്ന് അതിന്റെ മൂന്നിരട്ടി വര്‍ഷം ആദായം ഉറപ്പാണെന്നു കണക്കാക്കിയിരിക്കുന്നു. ഇതൊരു അദ്ഭുത പ്ലാവിനമാണെന്ന് ഇപ്പോള്‍ വ്യക്തമായില്ലേ. ടിഷ്യൂ കള്‍ച്ചര്‍ വാഴവിത്ത് നട്ട് കുലവെട്ടണമെങ്കില്‍ പതിനെട്ടു മാസം വരെയെടുക്കുമെങ്കില്‍ നന്നായി പരിപാലിക്കുന്ന സൂപ്പര്‍ ഏര്‍ലിയില്‍ നിന്ന് അത്രയും കാലം കൊണ്ടു തന്നെ ചക്കയും വിളവെടുക്കാം. ആയുസിന്റെ ചക്ക എന്നതു പോലെയുള്ള വിളിപ്പേരുകളില്‍ പലരും വിറ്റുവരുന്നതും സൂപ്പര്‍ ഏര്‍ലി ഇനമാണെന്നതു മറ്റൊരു കാര്യം. 
ഈ പ്ലാവിന്റെ ജന്മദേശം തായ്‌ലന്‍ഡാണെങ്കിലും പേരു വന്നത് വിയറ്റ്‌നാമിന്റെ പേരില്‍. അതിനു പിന്നിലും ഒരു കഥയുണ്ട്. തായ്‌ലന്‍ഡിലെ കര്‍ഷകരാണ് ആദ്യമായി ഇത്തരം പ്ലാവിനം കണ്ടെത്തുന്നതും പരിമിതമായ തോതില്‍ കൃഷി ചെയ്തു തുടങ്ങുന്നതും. അവരിതിന് നല്‍കിയ പേരാകട്ടെ 'മിറ്റ് തായ് സുയി സോം'. പേരിന്റെ അര്‍ഥം തായ്‌ലന്‍ഡ് സൂപ്പര്‍ ഏര്‍ലി. എന്നാല്‍ ഇനം കണ്ടെത്തുന്നതിനും പേരു നല്‍കുന്നതിനുമപ്പുറം പ്രചരിപ്പിക്കാന്‍ കാര്യമായ ശ്രമമൊന്നും ഇവരുടെ ഭാഗത്തു നിന്നുണ്ടായില്ലെന്നു മാത്രമല്ല, വിയറ്റ്‌നാമിന് ഈയിനം നല്‍കാന്‍ മടികാട്ടിയതുമില്ല. വിയറ്റ്‌നാമാകട്ടെ തങ്ങളുടെ രാജ്യത്തെ മെക്കോങ് ഡെല്‍റ്റയില്‍ ഈയിനം വ്യാപകമായി പ്രചരിപ്പിച്ചുവെന്നു മാത്രമല്ല, ഇതിന്റെ പേര്‍ വിയറ്റ്‌നാം സൂപ്പര്‍ ഏര്‍ലി എന്നാക്കുകയും ചെയ്തു.  
ചക്ക കൊണ്ട് എന്തൊക്കെ കാര്യങ്ങളാണോ ലോകത്തിനാവശ്യം അവയെല്ലാം നിറവേറ്റുന്നതിന് വിഎസ്ഇ എന്നു വിളിക്കാവുന്ന സൂപ്പര്‍ ഏര്‍ലിക്കാവും. പഴുത്തു കഴിഞ്ഞാല്‍ ചുളകളെല്ലാം കറുമുറെ തിന്നാന്‍ സാധിക്കുന്നത്ര ദൃഢതയുള്ളത്. മധുരത്തിന്റെ കാര്യത്തിലാണെങ്കില്‍ മുന്‍നിരയില്‍ തന്നെ സ്ഥാനം. സുഗന്ധം ആരെയും ആകര്‍ഷിക്കുന്നത്. പഴുപ്പ് കൂടുന്നതനുസരിച്ച് സുഗന്ധവും കൂടിക്കൊണ്ടിരിക്കുകയേയുള്ളൂ. ഇടിച്ചക്ക തോരന്‍ മുതല്‍ ചക്കവരട്ടി വരെ കേരളത്തിനു പരിചിതമായ ചക്ക വിഭവങ്ങളെല്ലാം തയ്യാറാക്കാന്‍ സൂപ്പര്‍ ഏര്‍ലി കൊണ്ടു സാധിക്കും. പുഴുക്ക് തയ്യാറാക്കാന്‍ ഒന്നാന്തരം. ചിപ്‌സ് വറുക്കാന്‍ അതിലേറെ മികച്ചത്. പഴം കൊണ്ടുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കാനും ഇതു പിന്നിലല്ല. ഇതിലേറെ എന്താണ് ഒരു പ്ലാവില്‍ നിന്നു വേണ്ടത്.


വീട്ടുവളപ്പുകള്‍ക്കും അടുക്കളമുറ്റങ്ങള്‍ക്കും ഇതിനെ പ്രിയപ്പെട്ടതാക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ഒരാണ്ടില്‍ രണ്ടു തവണ ചക്ക വിരിയും. അതെല്ലാം വിരിയുന്നത് തായ്ത്തടിയില്‍ മാത്രം. ചക്കകളുണ്ടാകുന്നത് പ്രധാനമായും തായ്ത്തടിയില്‍ മാത്രം. അതായത് മരംകയറ്റക്കാരെ ആരെയും കിട്ടിയില്ലെങ്കിലും വിളവെടുപ്പ് പ്രശ്‌നമേയല്ല. ഒന്നാം വര്‍ഷം ശരാശരി നാലു ചക്ക മാത്രമായിരിക്കും ഒരു പ്ലാവില്‍ വിളയുന്നതെങ്കിലും തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ വിളവ് ക്രമാനുഗതമായി ഉയര്‍ന്നുകൊണ്ടിരിക്കും. അഞ്ചു വര്‍ഷത്തെ വളര്‍ച്ചയെത്തുമ്പോള്‍ ഒരേക്കറില്‍ നിന്ന് 25-45 ടണ്‍ വിളവാണു ലഭിക്കുക. ചക്കയൊന്നിന് ശരാശരി പത്തു കിലോഗ്രാം ഭാരമുണ്ടാകുമെന്നു കണക്കാക്കുന്നു.
സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ നല്ല വളര്‍ച്ചയ്ക്കും മികച്ച വിളവിനും വേണ്ട അനുകൂല കാലാവസ്ഥാ സാഹചര്യങ്ങളാണ് കേരളത്തില്‍ നിലവിലുള്ളത്. 25-38 ഡിഗ്രി സെല്‍ഷ്യസ് താപനില, പ്രതിവര്‍ഷം 1000-3000 മില്ലിമീറ്റര്‍ മഴ, സമുദ്രനിരപ്പില്‍ നിന്നു 0-90 അടി ഉയരം, ചൂടു കൂടിയ വേനല്‍ക്കാലം, നല്ല സൂര്യപ്രകാശം എന്നിങ്ങനെയാണ് സൂപ്പര്‍ ഏര്‍ലി പ്ലാവിന്റെ വളര്‍ച്ചയ്ക്കാവശ്യമെന്നു വിലയിരുത്തുന്ന കാലാവസ്ഥാ ഘടകങ്ങള്‍. വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷിയില്‍ പ്രധാനമായി ശ്രദ്ധിക്കാനുള്ളത് ചക്കകളുടെ എണ്ണം നിയന്ത്രിക്കുന്നതു മാത്രമാണ്. (കൃഷിപാഠം ശ്രദ്ധിക്കുക)
വിളവെടുപ്പിന്റെ ആദ്യവര്‍ഷം രണ്ടു സീസണിലായി പത്തു കിലോ വീതം തൂക്കമുള്ള എട്ടു ചക്ക ലഭിക്കുകയും കിലോഗ്രാമിന് എട്ടു രൂപ നിരക്കില്‍ അതു വിറ്റഴിക്കാന്‍ സാധിക്കുകയും ചെയ്താല്‍ മൊത്തം വരുമാനം പ്ലാവൊന്നിന് 640 രൂപ. വിളവെടുപ്പിന്റെ രണ്ടാം വര്‍ഷം മുതല്‍ ചക്കകളുടെ എണ്ണം നിയന്ത്രിക്കുന്നത് ഒരു സീസണില്‍ നാലെണ്ണത്തില്‍ അധികമുള്ളത് ഇടിച്ചക്കപ്പരുവത്തില്‍ മുറിച്ചു മാറ്റിക്കൊണ്ടാണ്. ഇങ്ങനെ മുപ്പത് ഇടിച്ചക്ക ലഭിക്കുകയും ഓരോന്നും ഇരുപതു രൂപ നിരക്കില്‍ വിറ്റഴിക്കുകയും ചെയ്താല്‍ മൊത്തം ലഭിക്കുന്നത് 600 രൂപ. അതായത് ചക്കയായും ഇടിച്ചക്കയായും പ്ലാവൊന്നിന് ഒരു വര്‍ഷത്തെ വരുമാനം 1240 രൂപ. ഒരേക്കറില്‍ നാനൂറു പ്ലാവ് മാത്രമാണ് നട്ടിരിക്കുന്നതെങ്കില്‍ മൊത്തം വരുമാനം 4,96,000 രൂപ. എന്താ, ഇതിലേറെ എന്താണ് പ്ലാവ് കൃഷിയില്‍ നിന്നു ലഭിക്കേണ്ടത്. 


റംബുട്ടാന്‍
ആദായത്തിന്റെ പുതുസമവാക്യം രചിക്കുന്നൊരു മറ്റൊരു പഴവര്‍ഗവിളയാണ് റംബുട്ടാന്‍. കേരളകത്തിനു വേണ്ടി ഈശ്വരന്‍ പറഞ്ഞു സൃഷ്ടിച്ച പഴമെന്നു റംബുട്ടാനെ വിളിച്ചാലും തെറ്റില്ല. കാരണം ഇന്ത്യയിലാകെ പത്തു ശതമാനത്തില്‍ താഴെ കൃഷിയിടം മാത്രമാണ് റംബുട്ടാന്‍ ഉള്‍പ്പെടെയുള്ള ഉഷ്ണമേഖലാ ഫലവര്‍ഗങ്ങളുടെ കൃഷിക്കു യോജിച്ചത്. കേരളത്തിലെ മുഴുവന്‍ കൃഷിയിടങ്ങളും ഇതിലുള്‍പ്പെടും എന്നത് നമ്മുടെ മുന്നില്‍ എത്ര വലിയ സാധ്യതയാണുള്ളതെന്നു സൂചിപ്പിക്കുന്നു. 
മറ്റു പല ഉഷ്ണമേഖലാ ഫലവര്‍ഗങ്ങളില്‍ നിന്നും വ്യത്യസ്തമായി റംബുട്ടാന്റെ വിപണി ഏറെക്കുറേ സുസ്ഥിരമാണ്. പുത്തന്‍ റംബുട്ടാന്‍ ഇനങ്ങളുടെ ഏഴയലത്തു വരില്ലെങ്കിലും പണ്ടുമുതലേ കേരളത്തില്‍ ചെറിയ തോതിലെങ്കിലും പരിചിതമായ മുള്ളന്‍ പഴം എന്ന നാടന്‍ റംബുട്ടാന്‍ ഇതിനൊരു വിപണിയൊരുക്കുക എന്ന ചരിത്രപരമായ ഉത്തരവാദിത്വം നിര്‍വഹിച്ചിട്ടുണ്ട്. സങ്കരയിനത്തില്‍ പെട്ട റംബുട്ടാന്‍ ഇനങ്ങളുമായി തട്ടിച്ചു നോക്കുമ്പോള്‍ മുള്ളന്‍ പഴത്തെ അറുപഴഞ്ചന്‍ മുന്‍ഗാമിയെന്നു മാത്രമേ വിളിക്കാനാവൂ. വലുപ്പം തീരെ കുറവ്, കുരുവില്‍ നിന്നു മാംസളഭാഗം വേര്‍പെട്ടു പോരുന്നതിനുള്ള ബുദ്ധിമുട്ട്, തീരെ കനം കുറഞ്ഞ മാംസളഭാഗം തുടങ്ങിയവ മുള്ളന്‍പഴത്തിന്റെ പരിഹാരമില്ലാത്ത പോരായ്മകളാണ്. ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചാണ് പുതിയ റംബുട്ടാന്‍ ഇനങ്ങള്‍ വിപണി തേടുന്നത്. 


ഏറ്റവും മികച്ച ഉഷ്ണമേഖലാ സാഹചര്യങ്ങളും തികച്ചും അനുകൂലമായ കാലാവസ്ഥയും മഴയുടെ വിതരണക്രമവുമൊക്കെ കേരളത്തെ റംബുട്ടാന്റെ ഇന്ത്യയിലെ തലസ്ഥാനമാക്കുന്നതിനു പോലും തക്ക കരുത്തുള്ള ഘടകങ്ങളാണ്. കേരളത്തിലെ തീരപ്രദേശങ്ങള്‍ക്കും സമതലങ്ങള്‍ക്കും ഇടനാടന്‍ ചെങ്കല്‍ക്കുന്നുകള്‍ക്കും മലയോരമേഖലകള്‍ക്കുമെല്ലാം യോജിക്കുന്ന റംബുട്ടാന്‍ ഇനങ്ങള്‍ ഇപ്പോള്‍ ലഭ്യവുമാണ്. റംബുട്ടാനില്‍ അത്യുല്‍പാദനശേഷിയുള്ള എന്‍ 18 (മലേഷ്യ), റോങ്‌റിയന്‍(തായ്‌ലന്‍ഡ്), ബിന്‍ജായ് (ഇന്തോനേഷ്യ), സ്‌കൂള്‍ ബോയ് (മലേഷ്യ), മഹാര്‍ലിക (ഫിലിപ്പൈന്‍സ്) തുടങ്ങിയ ഇനങ്ങളുടെയെല്ലാം ബഡ് തൈകള്‍ ഇപ്പോള്‍ കേരളത്തില്‍ സുലഭവുമാണ്. ഇനി വരുന്ന നാളുകള്‍ വെറും റംബുട്ടാന്‍ എന്നതിനപ്പുറം ഇനങ്ങളുടെ പേരില്‍ കൃഷിത്തോട്ടങ്ങള്‍ സ്ഥാപിക്കപ്പെടുകയും വിപണിയില്‍ പഴങ്ങളെത്തുകയും ചെയ്താലും അതിശയിക്കേണ്ട. 
നൂറ്റാണ്ടു വിളയെന്നു റംബുട്ടാനെ വിളിച്ചാലും തെറ്റില്ല. കാരണം തുടര്‍ച്ചയായി നൂറുവര്‍ഷം വരെ ആദായം ഉറപ്പുതരാന്‍ ഈ ഫലവര്‍ഗവിളയ്ക്കു സാധിക്കും. അതായത് ഒരിക്കല്‍ കൃഷി ചെയ്താല്‍ മൂന്നു തലമുറയ്ക്ക് ആദായം ഉറപ്പ്. ഒരു തലമുറയ്ക്കു തന്നെ ആദായം ഉറപ്പുവരുത്താന്‍ സാധിക്കാത്ത റബറെവിടെ, പകരം വയ്ക്കാവുന്ന റംബുട്ടാനെവിടെ. 
ആകര്‍ഷകമായ ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള പഴങ്ങളാണ് റംബുട്ടാനില്‍ നിന്നു ലഭിക്കുന്നത്. ഇവയില്‍ വിപണിമൂല്യത്തില്‍ ഒരു പണമിട മുന്നില്‍ നില്‍ക്കുന്നത് ചുവപ്പ് ഇനങ്ങളാണ്. ശാസ്ത്രീയമായി കൃഷി ചെയ്യുമ്പോള്‍ ഒരേക്കറില്‍ 35 മരങ്ങള്‍ മാത്രമേ പാടുള്ളൂവെങ്കിലും മറ്റേതു വിളയില്‍ നിന്നു ലഭിക്കുന്നതിനെക്കാള്‍ ആദായം ഉറപ്പാക്കാന്‍ സാധിക്കുന്നു, അതും ആയുഷ്‌കാലത്തോളം. ലോക വിപണിയില്‍ മുന്നില്‍ നില്‍ക്കുന്ന തായ്‌ലന്‍ഡിലെ കര്‍ഷകരാകട്ടെ അമ്പതോ അറുപതോ വര്‍ഷത്തെ ആദായമെടുത്തുകഴിഞ്ഞാല്‍ ടോപ്പ് വര്‍ക്കിങ് നടത്തി മരങ്ങള്‍ക്ക് പുതുയൗവനം പ്രദാനം ചെയ്യുന്ന രീതിയാണ് പിന്തുടരുന്നത്. അങ്ങനെ നോക്കിയാല്‍ നൂറ്റാണ്ടിനുമപ്പുറത്തേക്ക് ആദായം ഉറപ്പുവരുത്താന്‍ നമുക്കു സാധിക്കുമെന്നുറപ്പ്. 
കൃഷി കേരളത്തിലാണെങ്കിലും ഇന്ത്യമുഴുവന്‍ വിളവെത്തിക്കാന്‍ നമുക്കു സാധിക്കുമെന്നതാണ് മറ്റൊരു മെച്ചം. ഇങ്ങനെ ഒരുറപ്പ് പറയാന്‍ സാധിക്കുന്നത് പൈനാപ്പിളിന്റെ അനുഭവം വച്ചാണ്. മൊറീഷ്യസ് എന്നയിനം പൈനാപ്പിളിന്റെ കൃഷി കേരളത്തില്‍ മാത്രമാണുള്ളതെങ്കിലും വിപണി രാജ്യം മുഴുവന്‍ വ്യാപിച്ചിരിക്കുകയാണ്. ഏറ്റവും മികച്ച ടേബിള്‍ ടോപ്പ് പൈനാപ്പിള്‍ എന്ന പേരു മൊറീഷ്യസിനു സ്വന്തമാക്കാന്‍ സാധിച്ചതിനൊപ്പം കേരളത്തിനു ലഭിച്ച മറ്റൊരു നേട്ടമാണ് രാജ്യം മുഴുവന്‍ പഴങ്ങളെത്തിക്കാന്‍ സാധിക്കുന്ന വിപണന സംവിധാനം വികസിപ്പിക്കാനായി എന്നത്. കൃഷി ചെയ്താല്‍ രണ്ടാം വര്‍ഷം മുതല്‍ പരിമിതമായ തോതിലെങ്കിലും വിളവു ലഭിക്കുമെന്നതാണ് റംബുട്ടാന്റെ മറ്റൊരു മെച്ചം. 
ടേബിള്‍

 


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6235601