ബിന്നി ചോക്കാട്ട്
ചിത്രത്തില്‍ കാണുന്ന ഞാലിപ്പൂവന് വാഴകള്‍ക്ക് നിരവധി മൂലകങ്ങളുടെ കുറവിന്റെ ലക്ഷണമാണുള്ളത്. ഇതു നട്ടിരിക്കുന്നത് നേരത്തെ റബ്ബര്‍ നട്ടിരുന്ന പറമ്പിലാണെന്നു ചോദ്യത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ. ഒരുപക്ഷേ, നല്ല തോതില്‍ മണ്ണൊലിപ്പുള്ള സ്ഥലമായിരിക്കാനിടയുണ്ട്. അതിനാല്‍ മണ്ണിലെ സ്വാഭാവിക മൂലകങ്ങളെല്ലാം ഒലിച്ചു പോയിരിക്കാം. ഏതായാലും ചാണകക്കുഴമ്പ് അല്ലെങ്കില്‍ ബയോഗ്യാസ് പ്ലാന്റിലെ സ്ലറി കിട്ടുമെങ്കില്‍ അത് എല്ലാ വാഴയുടെയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക. ഇതല്ലെങ്കല് ജൈവസ്ലറി തയ്യാറാക്കി ഒഴിച്ചാലും മതി. ഇതു തയ്യാറാക്കുന്നതിന് രണ്ടു കിലോ നിലക്കടലപ്പിണ്ണാക്ക്, രണ്ടു കിലോ വേപ്പിന് പിണ്ണാക്ക് എന്നിവ വെവ്വേറെ പാത്രങ്ങളില്‍ ഒരു രാത്രി കുതിരാന്‍ വച്ച് നന്നായി കുതിര്‍ത്ത ശേഷം ഇരുപതു ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഇതിലേക്ക് അഞ്ചുകിലോ പച്ചച്ചാണകം കൂടി ചേര്‍ത്ത് ഏഴു ദിവസം സൂക്ഷിക്കുക. എല്ലാ ദിവസവും ഇളക്കുക. ഏഴാം ദിവസം ഇതിനൊപ്പം അഞ്ചിരട്ടി വെള്ളം ചേര്‍ത്ത് എല്ലാ വാഴയുടെയും ചുവട്ടില്‍ ഒഴിച്ചുകൊടുക്കുക.www.karshikarangam.com