വാണിജ്യകൃഷിയിലെ പുഷ്പഭംഗി


വിപണിയില്‍ പൂക്കള്‍ക്കുള്ള ഡിമാന്‍റ് അറിയണമെങ്കില്‍ ഏറ്റവുമടുത്തുള്ള പൂക്കടയിലൊന്ന് കയറി ഒരുമുഴം മുല്ലപ്പൂ വാങ്ങിയാല്‍ മതിയാകും. വില തൊട്ടാല്‍ പൊള്ളും. എന്നാലും, പൂക്കളൊഴിച്ചുള്ളൊരു അലങ്കാരത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാകില്ല. ഇത്രയധികം ഡിമാന്‍റുള്ള പുഷ്പമേഖലയിലേക്ക് പക്ഷേ, കേരളത്തിലെ കര്‍ഷകര്‍ അത്രയ്ക്ക് ശ്രദ്ധ പതിപ്പിച്ചിട്ടില്ല. ഇവര്‍ക്കിടയില്‍ വ്യത്യസ്തനാകുകയാണ് എറണാകുളം ജില്ലയില്‍ നെടുമ്പാശ്ശേരി വയലിപ്പറമ്പില്‍ വീട്ടില്‍ ജോര്‍ജ് ഫിലിപ്പ്. പുഷ്പകൃഷി ഇദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ ഭാഗമായിട്ട് ഏകദേശം നാലു പതിറ്റാണ്ടിലേറെയായി.

 

നൂതന കൃഷിമാര്‍ഗങ്ങള്‍ അവലംബിച്ചുകൊണ്ടുള്ള പൂക്കളുടെ ഉല്‍പ്പാദനത്തിലൂടെയും വിപണനത്തിലൂടെയും നാട്ടിലും മറുനാട്ടിലും മാത്രമല്ല, അന്താരാഷ്ട്ര വിപണിയില്‍വരെ ശ്രദ്ധ നേടാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. താരദമ്പതികളായ അഭിഷേക് ബച്ചന്‍റെയും ഐശ്വര്യാറായിയുടെയും കല്യാണപന്തല്‍ മുതല്‍ വന്‍കിട ഹോട്ടലുകളിലെ അലങ്കാരങ്ങള്‍ക്കുവരെ ഇന്നു പുഷ്പവിപണി ആശ്രയിക്കുന്നത് ജോര്‍ജിനെയാണ്.

 

 

ആന്തൂറിയം, ഓര്‍ക്കിഡ്, ജിഞ്ചര്‍ ലില്ലി, ക്രിസാന്തമം, ബേര്‍ഡ് ഓഫ് പാരഡൈസ്, കാര്‍ണേഷന്‍ തുടങ്ങി അലങ്കാലപ്പന്തലുകളിലെ പ്രിയപ്പെട്ട പൂക്കളെല്ലാം ഇവിടെയുണ്ടെങ്കിലും ജോര്‍ജ് കൂടുതല്‍ ശ്രദ്ധയൂന്നുന്നത് ഹെലിക്കോണിയ കൃഷിയിലാണ്. 350ല്‍പ്പരം പുഷ്പയിനങ്ങള്‍ കൃഷിചെയ്യുന്നുണ്ടെങ്കിലും ഏറ്റവും കൂടുതലുള്ളതും ഹെലിക്കോണിയ ഇനങ്ങള്‍ത്തന്നെ. ചുവപ്പ്, വെള്ള, ഓറഞ്ച്, പര്‍പ്പിള്‍, മഞ്ഞ, മജന്ത  തുടങ്ങിയ ലഭ്യമായ എല്ലാ നിറങ്ങളിലുമുള്ള ഹെലിക്കോണിയ പൂക്കള്‍ ഇവിടെയുണ്ട്. നന്നായി പടര്‍ന്നുവളരുന്ന ഹെലിക്കോണിയ ഇനങ്ങള്‍മുതല്‍ ചെറുചെടികള്‍ പോലെയുള്ള ഇനങ്ങള്‍വരെ ഇവിടെയുണ്ട്. അഞ്ചേക്കര്‍ വരുന്ന തെങ്ങിന്‍തോപ്പിനിടയിലാണ് പുഷ്പകൃഷി.

 

പൂക്കള്‍ സമയത്തിനു വെട്ടിയെടുത്ത് വൃത്തിയാക്കി പായ്ക്കറ്റുകളിലാക്കിയാണ് വിപണനത്തിനെത്തിക്കുന്നത്. പൂങ്കൂലകള്‍ നീളമുള്ള സ്റ്റോക്കോടുകൂടിയാണ് വെട്ടിയെടുക്കുന്നത്. ഇവ നീളമുള്ള കാര്‍ഡ്ബോര്‍ഡ് പെട്ടികളിലടുക്കി പായ്ക്ക് ചെയ്താണ് വിപണനം നടത്തുന്നത്. വിദേശനാടുകളിലേക്കും ഡല്‍ഹി, കൊല്‍ക്കത്ത, ബാംഗ്ലൂര്‍, ചെന്നൈ തുടങ്ങിയ ഇന്ത്യന്‍ നഗരങ്ങളിലേക്കും നിത്യേന ഇവിടെനിന്ന് പൂക്കള്‍ കയറ്റി അയയ്ക്കുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടുവഴിയും റോഡുമാര്‍ഗവുമൊക്കെയാണ് പൂക്കള്‍ വിവിധ സ്ഥലങ്ങളിലേക്ക് എത്തിക്കുന്നത്. പ്രതിവര്‍ഷം 15 മുതല്‍ 20 ലക്ഷം രൂപവരെ വാണിജ്യാടിസ്ഥാനത്തിലുള്ള പുഷ്പകൃഷിയില്‍നിന്ന് ഇദ്ദേഹം വരുമാനം നേടുന്നു.

 

പൂക്കള്‍ക്ക് എന്നും ഏതു അവസരത്തിലും ഡിമാന്‍റുണ്ട്. അര്‍പ്പണമനോഭാവവും കഠിനാധ്വാനം ചെയ്യാനുള്ള മനസും വിപണിയെക്കുറിച്ചുള്ള വ്യക്തമായ ധാരണയുമുണ്ടെങ്കില്‍ ഈ രംഗത്ത് ആര്‍ക്കും വിജയിക്കാവുന്നതേയുള്ളൂ. പുഷ്പകൃഷിയിലേക്ക് തിരിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജോര്‍ജ് നല്‍കുന്ന വിലപ്പെട്ട ഉപദേശമാണിത്. 

 

ജോര്‍ജ് ഫിലിപ്പ്, വയലിപ്പറമ്പില്‍ വീട്, നെടുമ്പോശ്ശേരി, ആലുവ, എറണാകുളം


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   4209591