ഒരു പോളിഹൗസ് വിജയഗാഥ


മനസില്‍ തന്‍റെ മുന്‍തലമുറയില്‍പ്പെട്ടവര്‍ നടത്തിവന്ന കൃഷിയോടുള്ള താല്‍പര്യവുമായി ബിസിനസിന്‍റെ ലോകത്തേക്കിറങ്ങിയ ചെറുപ്പക്കാരനായിരുന്നു തിരുവല്ല മുത്തൂര്‍ പ്രസന്നാലയത്തില്‍ പ്രസന്നകുമാര്‍. പിന്നീട് അത് തന്‍റെ മേഖലയല്ലെന്നു മനസിലായപ്പോള്‍ കൃഷിയിലേക്കുതന്നെ ഇദ്ദേഹം തിരിച്ചെത്തി. ഇത് മുപ്പതുവര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കഥ. ഇന്ന് കൃഷിയുടെ ലോകത്ത് പുതുമയെ കൂട്ടുപിടിച്ച് വിജയത്തിന്‍റെ ഉയരങ്ങള്‍ കയറുകയാണു പ്രസന്നന്‍ എന്ന അമ്പതുകാരന്‍.

 

1983-ന് ശേഷമായിരുന്നു പ്രസന്നന്‍ എന്ന ബിസിനസുകാരന്‍ കൃഷിക്കാരന്‍റെ റോള്‍ ഏറ്റെടുക്കുന്നത്. പാരമ്പര്യമായിക്കിട്ടിയ നെല്‍പ്പാടങ്ങളില്‍ ഭാഗ്യം പരീക്ഷിക്കാനിറങ്ങിയ ഈ കര്‍ഷകന്‍ 1996 വരെ നെല്‍കൃഷിയില്‍ മാത്രമാണ് ശ്രദ്ധവച്ചത്. പിന്നീട് അനുകൂലമല്ലാത്ത കാലാവസ്ഥയും വിപണനത്തിനുള്ള ബുദ്ധിമുട്ടും മറ്റും ഈ മേഖലയില്‍നിന്ന് ഇദ്ദേഹത്തെ പിന്തിരിപ്പിച്ചു. പിന്നീട് പതിന്നാലു വര്‍ഷങ്ങള്‍ക്കുശേഷം 2010ലാണ് പ്രസന്നന്‍ വീണ്ടും കൃഷിയിലേക്ക് മടങ്ങിയെത്തിയത്. എന്നാല്‍, ഇക്കുറി പുതുമയെ ഒപ്പം കൂട്ടാനായിരുന്നു തീരുമാനം. ഒരു മാസികയില്‍ വായിച്ച പോളിഹൗസിനെക്കുറിച്ചുള്ള ലേഖനമാണ് ഹൈടെക് കൃഷിയുടെ സാധ്യതകളെക്കുറിച്ച് ഇദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്. ഇതിന്‍റെ ഗുണങ്ങളെക്കുറിച്ചും ദോഷങ്ങളെക്കുറിച്ചുമെല്ലാം ശാസ്ത്രീയമായി തന്നെ മനസിലാക്കി. ആദ്യകൃഷിയില്‍ തന്നെ മുടക്കുമുതല്‍ തിരിച്ചു കിട്ടണമെന്നാഗ്രഹിക്കുന്നവര്‍ പോളിഹൗസ് കൃഷിയിലേക്കു കടന്നുവരരുതെന്നാണ് ഇദ്ദേഹത്തിന്‍റെ പക്ഷം.


ദിവസവും കുറഞ്ഞതു പത്തു മണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്ന സ്ഥലമാണ് പോളിഹൗസിന് ഏറ്റവും അനുയോജ്യം. ആദ്യഘട്ടങ്ങളില്‍ ലാഭമുണ്ടാക്കാനായില്ലെങ്കില്‍പ്പോലും ചിട്ടയായ കൃഷിരീതികള്‍ പിന്തുടര്‍ന്നാല്‍ ഭാവിയില്‍ ഇതില്‍നിന്നും മികച്ച വരുമാനം തന്നെ ലഭിക്കും. ആദ്യഘട്ടത്തില്‍ 1300 സ്ക്വയര്‍ ഫീറ്റ് സ്ഥലത്തായിരുന്നു പ്രസന്നന്‍ പോളിഹൗസ് നിര്‍മിച്ചത്. പോളിഹൗസിനുള്ളില്‍ കൃഷിചെയ്യാന്‍ സാധിക്കുന്ന വിളകള്‍ക്ക് പൊതുവായ ഒരു സ്വഭാവമുണ്ട്. സ്വയം പരാഗണം നടത്താന്‍ കഴിവുള്ളവയായിരിക്കണം ഇവ. പോളിഹൗസിനുള്ളില്‍ പരാഗണത്തെ സഹായിക്കുന്ന പ്രാണികളൊന്നുമില്ലാത്തതാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ സാലഡ് വെള്ളരി, വള്ളിപ്പയര്‍ എന്നിവയാണ് കന്നികൃഷിക്കായി പ്രസന്നന്‍ തിരഞ്ഞെടുത്തത്. പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ ആദ്യകൃഷി വന്‍വിജയമായതോടെ പിന്നീട് തക്കാളി, കാപ്സിക്കം, ചീര തുടങ്ങിയവയും കൃഷിചെയ്യാന്‍ തുടങ്ങി. വര്‍ഷത്തില്‍ നാലുതവണ വരെ പോളിഹൗസിനുള്ളില്‍ കൃഷിചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ ഓണം, വിഷു പോലെയുള്ള പ്രത്യേകവിപണിയെ ലക്ഷ്യമാക്കിയും കൃഷിചെയ്യാന്‍ സാധിക്കും.


ജൈവവളങ്ങളാണ് പോളിഹൗസ് കൃഷിയില്‍ ഇദ്ദേഹം ഉപയോഗിക്കുന്നത്. ചാണകപ്പൊടി, ചകിരിച്ചോറ്, എല്ലുപൊടി, റോക്ക് ഫോസ്ഫേറ്റ് തുടങ്ങിയവ വളമായി നല്‍കുന്നു. വെള്ളവും വളവും ദ്രാവകരൂപത്തിലാണ് നല്‍കുന്നത്. നട്ട് പതിനഞ്ചുദിവസം വരെ മൂന്നുദിവസം കൂടുമ്പോള്‍ 19:19:19 ചേര്‍ത്തുകൊടുക്കാറുണ്ട്. കായ്കളുണ്ടാകുന്ന സമയത്ത് പൊട്ടാസ്യം നൈട്രേറ്റും നല്‍കും. കൂടാതെ, സൂക്ഷ്മമൂലകങ്ങളായ ബോറോണ്‍, സിങ്ക്, കോപ്പര്‍, മഗ്നീഷ്യം, കാല്‍സ്യം സള്‍ഫേറ്റ് എന്നിവയും കുറഞ്ഞ അളവില്‍ ചെടികള്‍ക്ക് നല്‍കാറുണ്ട്. പോളിഹൗസിന്‍റെ മേല്‍ക്കൂരകള്‍ വര്‍ഷത്തിലൊരിക്കല്‍ വൃത്തിയാക്കേണ്ടത് അത്യാവശ്യമാണെന്നും ഇദ്ദേഹം പറയുന്നു. അല്ലാത്തപക്ഷം, പക്ഷികാഷ്ഠവും പായലും പൂപ്പലും നിറഞ്ഞ മേല്‍ക്കൂരകള്‍ സൂര്യപ്രകാശം പോളിഹൗസില്‍ എത്തുന്നതിനു തടസമുണ്ടാക്കുകയും അതുവഴി പോളിഹൗസ് കൃഷി നഷ്ടത്തിലാകുകയും ചെയ്യും.


പന്ത്രണ്ടുലക്ഷം രൂപയാണ് പോളിഹൗസ് കൃഷിക്കായി ഇതുവരെ ചെലവഴിച്ചത്. ഇതില്‍ ആറുലക്ഷത്തിമുപ്പതിനായിരം രൂപ സബ്സിഡിയായി ലഭിച്ചു. എന്നാല്‍, സബ്സിഡി മാത്രം പ്രതീക്ഷിച്ച് വായ്പയെടുത്ത് പോളിഹൗസ് നിര്‍മിച്ചാല്‍ അതു വലിയ കടക്കെണിയിലെത്തിക്കാമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ചെലവുകള്‍ കണക്കുകൂട്ടി കൃത്യമായ ആസൂത്രണത്തിലൂടെ മുന്നോട്ടുപോയാല്‍ മാത്രമേ  പോളിഹൗസ് കൃഷി വിജയിക്കുകയുള്ളൂ. ചിട്ടയായ കൃഷിരീതികള്‍ പിന്തുടര്‍ന്നാല്‍ വര്‍ഷത്തില്‍ മൂന്നുലക്ഷത്തിനുമേല്‍ വരുമാനം നേടാന്‍ പോളിഹൗസ് കൃഷിയിലൂടെ സാധിക്കും.


പോളിഹൗസ് കൃഷിയെക്കുറിച്ചുള്ള തന്‍റെ അറിവുകളും നിര്‍മാണരീതിയുമൊക്കെ മറ്റു കര്‍ഷകരുമായി പങ്കുവയ്ക്കാനും ഇദ്ദേഹം സമയം കണ്ടെത്തുന്നു. പോളിഹൗസുകളുടെ നിര്‍മാണവും ഇദ്ദേഹം ഏറ്റെടുത്ത് നടത്തിക്കൊടുക്കാറുണ്ട്. ഇക്കൂട്ടര്‍ക്ക് കൃഷിയിറക്കുന്നതു മുതല്‍ വിപണിയില്‍ പച്ചക്കറികള്‍  എത്തിക്കുന്നതുവരെ പ്രസന്നന്‍റെ സഹായമുണ്ടാകും. 

 

കെ.സി. പ്രസന്നകുമാര്‍
പ്രസന്നാലയം, മുത്തൂര്‍ പി.ഒ, തിരുവല്ല, പത്തനംതിട്ട
ഫോണ്‍: 9847794903






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6232655