റിട്ടയര്‍മെന്റിലെ ഹാപ്പി ലൈഫ്‌


ജീവിതസായാഹ്നത്തില്‍ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന്‌ ഉത്തമം കൃഷിയെന്ന സന്ദേശം പ്രചരിപ്പിക്കാന്‍ കൂടിയാണ്‌ ശ്രീകുമാര്‍ അടുക്കളത്തോട്ടമുണ്ടാക്കുന്നത്‌. ഔദ്യോഗികമായ ഉത്തരവാദിത്വങ്ങളില്‍ നിന്നു പിരിഞ്ഞതിനു ശേഷമാണ്‌ തൊടുപുഴ കുമാരമംഗലം കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ കെ.കെ. ശ്രീകുമാര്‍ കാര്‍ഷിക രംഗത്തു സജീവമാകുന്നത്‌. 


അഞ്ചുസെന്റ്‌ ഭൂമി സ്വന്തമായുള്ളവര്‍ക്കുപോലും ധൈര്യമായി ഇറങ്ങാവുന്ന മേഖലയാണ്‌ കൃഷിയെന്ന്‌ ശ്രീകുമാര്‍ പറയുന്നു. കൃഷിചെയ്യാനുള്ള മനസ്സും ക്ഷമയും മാത്രമാണ്‌ ആവശ്യമുള്ളത്‌. ഇങ്ങനെ നോക്കുമ്പോള്‍ പച്ചക്കറികൃഷിയാണ്‌ ഏറെ ലാഭകരം. വളരെ കുറച്ചു സ്ഥലത്തുതന്നെ ഇവ കൃഷി ചെയ്യുന്നതിനാവും. രണ്ടരയേക്കര്‍ ഭൂമി സ്വന്തമായുള്ള ശ്രീകുമാര്‍ ടെറസിലും വീടിനു ചേര്‍ന്ന്‌ മറ്റുകൃഷികളില്ലാത്ത സ്ഥലത്തും പച്ചക്കറികള്‍ കൃഷിചെയ്‌തിരിക്കുന്നു.

പച്ചക്കറിവിളകളില്‍ വൈവിധ്യം നിലനിര്‍ത്താന്‍ ഇദ്ദേഹം ശ്രമിക്കുന്നു. പയറിനങ്ങള്‍, പാവല്‍, കോവല്‍, പടവലം തുടങ്ങിയവയെല്ലാം കൃഷിചെയ്‌തിട്ടുണ്ട്‌. പച്ചക്കറിവിളകളെല്ലാം വീട്ടാവശ്യത്തിനുവേണ്ടി ഉപയോഗിക്കുന്നു. ഇവയ്‌ക്കൊപ്പം കപ്പ, ചേന, മറ്റു കിഴങ്ങുവര്‍ഗ്ഗങ്ങള്‍ എന്നിവയും നട്ടിട്ടുണ്ട്‌. പച്ചക്കറികള്‍ക്ക്‌ വിപണിയില്‍ വില കൂടിവരുന്ന ഈ കാലഘട്ടത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്‌ത നേടുക എന്ന ലക്ഷ്യത്തോടെയാണ്‌ ഇദ്ദേഹം കൃഷിയിറക്കുന്നത്‌. പ്രായോഗികമായ സൗകര്യം കണക്കിലെടുത്ത്‌ ടെറസിലെന്നതിനെക്കാള്‍ വീട്ടുപുരയിടത്തിലാണ്‌ കൂടുതലായി കൃഷിചെയ്‌തിരിക്കുന്നത്‌. 

ചെറുപ്പം മുതല്‍ക്കേ കൃഷിയോട്‌ താല്‍പര്യമുണ്ടായിരുന്ന ശ്രീകുമാര്‍ ഔദ്യോഗിക കാലയളവിലും ആവുന്ന സമയത്തെല്ലാം കൃഷികാര്യങ്ങള്‍ നോക്കി നടത്തിയിരുന്നതാണ്‌. ഇതിനിടെ തികച്ചും ആകസ്‌മികമായി സീറോ ബജറ്റ്‌ ഫാമിങ്ങിനെ കുറിച്ചുള്ള ഒരു ക്ലാസ്സില്‍ പങ്കെടുത്തതോടെ കൃഷി ആവേശമായിമാറി. തികച്ചും പ്രാദേശികമായി ലഭിക്കുന്ന ജൈവികവസ്‌തുക്കള്‍ ഉപയോഗിച്ച്‌ വളരെ കുറഞ്ഞ ചെലവില്‍ കൃഷി ചെയ്യാമെന്ന്‌ ഇതോടെ മനസിലായി. ജൈവനിയന്ത്രണമാര്‍ഗ്ഗങ്ങള്‍ മാത്രം ഉപയോഗിച്ചാലും കൃഷി വിജയകരമായി മുന്നോട്ടുകൊണ്ടുപോകാമെന്നും ഉറപ്പായി. 

മണ്ണിലെ സ്വാഭാവികമായ പോഷകങ്ങള്‍ നിലനിര്‍ത്തി യന്ത്രസാമഗ്രികളുടെ ഉപയോഗം പരമാവധി കുറച്ചാണ്‌ ശ്രീകുമാര്‍ കൃഷിയിറക്കുന്നത്‌. മനുഷ്യപ്രയത്‌നത്തിന്‌ കൃഷിയിലുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്താനും ഇദ്ദേഹം ശ്രദ്ധിക്കുന്നു. വിളകള്‍ക്കെല്ലാം വളമായി ജീവാമൃതം ഉപയോഗിക്കുന്നു. നാടന്‍ പശുവിന്റെ ചാണകം, മൂത്രം, ശര്‍ക്കര, പയറുപൊടി, മണ്ണ്‌ എന്നിവയെല്ലാം ചേര്‍ത്താണ്‌ ജീവാമൃതം തയ്യാറാക്കുന്നത്‌. വേനല്‍ക്കാലത്ത്‌ 2000 ലിറ്റര്‍ ജീവാമൃതം നേര്‍പ്പിച്ചു വിളകള്‍ക്കു നല്‍കാറുണ്ട്‌.

ജീവാമൃതം തയ്യാറാക്കുന്നതിന്‌ ഏറ്റവും പ്രധാനമായി വേണ്ടത്‌ പശുവിന്റെ ചാണകമാണ്‌. നാടന്‍പശുക്കളുടെ ചാണകമാണ്‌ ഇതിനായി ഉപയോഗിക്കുന്നത്‌. മണ്ണിലെ ബാക്‌ടീരിയകളുടെ നല്ല രീതിയിലുള്ള പ്രവര്‍ത്തനത്തിന്‌ നാടന്‍ പശുക്കളുടെ ചാണകം അത്യുത്തമാണെന്ന്‌ ശ്രീകുമാര്‍ പറയുന്നു. ജീവാമൃതം ഒഴിച്ചുകൊടുത്തതിനുശേഷം പുതയിടുന്നതും പതിവാണ്‌.
കൃഷിക്കാവശ്യമായ ചാണകത്തിന്‌ മൂന്നു നാടന്‍ പശുക്കളെ ഇദ്ദേഹം വളര്‍ത്തുന്നു. ഇവയെല്ലാം കറവയുള്ളതാണ്‌. ഇവയുടെ പാല്‍ വീട്ടില്‍ ആവശ്യത്തിനുപയോഗിച്ച ശേഷം ബാക്കിവരുന്നത്‌ വില്‍ക്കുന്നു. നെയ്യും തയ്യാറാക്കി വില്‍പന നടത്താറുണ്ട്‌. നാടന്‍ പശുക്കള്‍ക്ക്‌ പ്രതിരോധശേഷി കൂടുതലുണ്ടെന്ന്‌ ഇദ്ദേഹം പറയുന്നു. ഒരു നാടന്‍ പശു ഉണ്ടെങ്കില്‍ എത്ര ഏക്കര്‍ കൃഷി വേണമെങ്കിലും നടത്താമെന്ന്‌ ശ്രീകുമാറിന്‌ അഭിപ്രായമുണ്ട്‌. രാസവളങ്ങളോ കീടനാശിനികളോ ഉപയോഗിക്കാതെ ഉഴുതുമറിക്കലോ ഭീമമായ ജലസേചനമോ ചെയ്യാതെ മനുഷ്യദ്ധ്വാനവും നാടന്‍ പശുവിന്റെ ചാണകവും മൂത്രവും ഉപയോഗിച്ച്‌ ഏറ്റവും ചെറിയ ചെലവില്‍ ഉയര്‍ന്ന വിളവു ലഭ്യമാക്കുന്ന പ്രകൃതി കൃഷിരീതിയോടാണ്‌ ശ്രീകുമാറിന്‌ ആഭിമുഖ്യം.

രോഗരഹിതമായ ഒരു സമൂഹം കെട്ടിപ്പെടുക്കുന്നതിന്‌ ജൈവ-പ്രകൃതി കൃഷിരീതികള്‍ അവലംബിക്കണമെന്ന്‌ ശ്രീകുമാര്‍ അഭിപ്രായപ്പെടുന്നു. ഈ ആശയത്തിന്‌ പ്രചാരം നേടിക്കൊടുക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്‌ ഈ കര്‍ഷകന്‍. കുടുംബശ്രീ യൂണിറ്റുകളിലും കൃഷിഭവന്‍ വഴിയും കര്‍ഷകര്‍ക്ക്‌ സീറോ ബജറ്റ്‌ ഫാമിങ്ങിനെ കുറിച്ചുള്ള ക്ലാസുകള്‍ എടുക്കുന്നതിനും ഇദ്ദേഹം മുന്നിട്ടിറങ്ങിയിട്ടുണ്ട്‌. ഭക്ഷണരീതിയിലുള്ള വ്യത്യാസവും വ്യായാമക്കുറവുമാണ്‌ ജീവിതചര്യാരോഗങ്ങളായ പ്രമേഹം, കൊളസ്‌ട്രോള്‍, ഹൃദ്രോഗം തുടങ്ങിയവയ്‌ക്ക്‌ കാരണമാകുന്നതെന്ന്‌ ശ്രീകുമാറിന്‌ അഭിപ്രായമുണ്ട്‌. പ്രകൃതിദത്തമായ ഭക്ഷണശീലങ്ങള്‍ പിന്തുടര്‍ന്ന്‌ രോഗങ്ങളെ ഒരു പരിധിവരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്ന്‌ ഈ കര്‍ഷകന്‍ അഭിപ്രായപ്പെടുന്നു. പ്രകൃതിദത്തമായ ഭക്ഷണം കഴിക്കണമെങ്കില്‍ ജൈവീകകൃഷിരീതികള്‍ പിന്തുടര്‍ന്ന്‌ ശുദ്ധമായ കാര്‍ഷികവിഭവങ്ങള്‍ വീട്ടില്‍തന്നെ ഉല്‍പാദിപ്പിച്ചു തുടങ്ങണമെന്നും ശ്രീകുമാര്‍ പറയുന്നു.

സീറോ ബജറ്റ്‌ ഫാമിങ്ങിനോടൊപ്പം തേനീച്ചവളര്‍ത്തലിലും ശ്രീകുമാര്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നു. ഏകദേശം ഇരുപത്‌ തേനീച്ചപെട്ടികളാണ്‌ ഇവിടുള്ളത്‌. ചെറുതേനീച്ചകളും ഞൊടിയന്‍ തേനീച്ചകളുമുണ്ട്‌. ഇവയില്‍ ചെറുതേനീച്ചകള്‍ക്ക്‌ പ്രത്യേകം പരിചരണത്തിന്റെ ആവശ്യം വരുന്നില്ല. 8 മുതല്‍ 10 വരെ ചട്ടങ്ങളുള്ള രണ്ടു തട്ടോടുകൂടിയ പെട്ടികളാണ്‌ തേനീച്ച വളര്‍ത്തലിന്‌ ഉപയോഗിക്കുന്നത്‌. ഒരു മീറ്റര്‍ ഉയരമുള്ള കാലുകളിലാണ്‌ പെട്ടികള്‍ സ്ഥാപിക്കുന്നത്‌. ഉറുമ്പുകളുടെ ശല്യം ഒഴിവാക്കാന്‍ കാലുകളുടെ ചുവട്ടില്‍ വെള്ളം നിറച്ചുവയ്‌ക്കാറുമുണ്ട്‌. തേനടകള്‍ പിഴിഞ്ഞെടുത്താണ്‌ തേന്‍ ശേഖരിക്കുന്നത്‌. വര്‍ഷംതോറും 40-50 കിലോ തേനാണ്‌ ലഭ്യമാകുന്നത്‌. കിലോയ്‌ക്ക്‌ 150 രൂപ നിരക്കിലാണ്‌ ഇതു വില്‍ക്കുന്നത്‌.

ജൈവ-പ്രകൃതി ദത്ത കൃഷിരീതികളിലൂടെ കൃഷിയില്‍ മാറ്റത്തിനു തുടക്കം കുറിക്കുകയാണ്‌ ശ്രീകുമാര്‍. അഞ്ചുസെന്റു ഭൂമിപോലും പാഴാക്കാതെ മണ്ണിന്‌ ഗുണമേന്മയുള്ള ജൈവപോഷകങ്ങള്‍ നല്‍കി പൊന്നുവിളയിക്കാമെന്ന്‌ തന്റെ കൃഷിരീതികളിലൂടെ തെളിയിക്കുകയാണ്‌ ഈ കര്‍ഷകന്‍.
 
കെ.കെ. ശ്രീകുമാര്‍
കാഞ്ഞിരിത്തിങ്കല്‍
കുമാരമംഗലം പി.ഒ
കുമാരമംഗലം
ഫോണ്‍: 9847990722






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236340