ഒരു കാന്തല്ലൂര്‍ വിജയഗാഥ

Published : Monday July 10, 2017, 12:33 pm


കാന്തല്ലൂര്‍ പഞ്ചായത്തില്‍ വിശുദ്ധിയും തനിമയുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന പുത്തൂര്‍ഗ്രാമം. ഈ ഗ്രാമത്തിന്റെ അഴകും ഐശ്വര്യവുമെല്ലാം കൃഷിയാണ്‌. പുത്തൂര്‍ ഗ്രാമത്തിന്റെ ഒത്ത മധ്യത്തിലായി രണ്ടേക്കര്‍ സ്ഥലത്തിന്റെ അവകാശിയാണ്‌ ശക്തിഭവന്‍ വീട്ടില്‍ മണികണ്‌ഠന്‍. പാരമ്പര്യമായി കിട്ടിയ ഈ ഭൂമിയാണ്‌ കൃഷിയില്‍ മണികണ്‌ഠന്റെ പഠനക്കളരി. ഇവിടെ നേരം പുലരുമ്പോള്‍തന്നെ മണികണ്‌ഠന്‍ കൃഷിപ്പണികള്‍ ആരംഭിച്ചിട്ടുണ്ടാകും. അല്‍പസമയംകൂടി കഴിയുമ്പോള്‍ അമ്മയും അച്ഛനും ഭാര്യയും സഹായിക്കാന്‍ അടുത്തുണ്ടാകും.


പുത്തൂര്‍ ഗ്രാമത്തിലെ ഏതൊരു കര്‍ഷകനോടു തിരക്കിയാലും അവര്‍ പഴങ്ങളും പച്ചക്കറികളും കൃഷിചെയ്യുന്നവരാണെന്നു പറയും. മണികണ്‌ഠന്റെ കാര്യത്തിലും സംഗതി വ്യത്യസ്‌തമല്ല. പഴവര്‍ഗ്ഗങ്ങളും പച്ചക്കറിവിളകളും സുലഭമാണ്‌ ഇദ്ദേഹത്തിന്റെ തോട്ടത്തില്‍. സ്വന്തമായുള്ള ഭൂമിയില്‍ പച്ചക്കറിവിളകളാണ്‌ കൃഷിചെയ്‌തിരിക്കുന്നത്‌. കാരറ്റ്‌, ബീന്‍സ്‌, കാബേജ്‌, കോളിഫ്‌ളവര്‍, ഉരുളക്കിഴങ്ങ്‌ തുടങ്ങി പച്ചക്കറികള്‍ നിരവധിയുണ്ട്‌. ഇവയെല്ലാം നന്നായി വളരുന്നുമുണ്ട്‌. നല്ല തണുപ്പുള്ള കാലാവസ്ഥയായതുകൊണ്ട്‌ പച്ചക്കറികള്‍ ഇവിടെ നന്നായി വളരും.

പച്ചക്കറികള്‍ക്ക്‌ ജൈവ-രാസവളങ്ങള്‍ സമ്മിശ്രമായി പ്രയോഗിക്കുന്നു. പച്ചക്കറികള്‍ നന്നായി വളരണമെങ്കില്‍ ജൈവവളപ്രയോഗം മാത്രം മതിയാകില്ലെന്ന പ്രമാണക്കാര നാണിദ്ദേഹം. പച്ചക്കറികള്‍ വിളവെടുക്കുന്നതും പരിചരിക്കുന്നതുമെല്ലാം മണികണ്‌ഠനാണ്‌. വിളകള്‍ മൊത്തക്കച്ചവടക്കാര്‍ക്ക്‌ കൊടുക്കും. പ്രധാനമായും തമിഴ്‌നാട്ടിലേക്കാണ്‌ പച്ചക്കറികള്‍ ഇവര്‍ വാങ്ങിക്കൊണ്ടുപോകുന്നത്‌.

പുത്തൂര്‍ ഗ്രാമത്തില്‍ തണുപ്പുവര്‍ദ്ധിച്ച്‌ പൂജ്യം ഡിഗ്രിക്കും താഴെയാകാറുണ്ട്‌. ഈ കാലാവസ്ഥയില്‍ പഴച്ചെടികള്‍ നന്നായി വളര്‍ന്നു ഫലം നല്‍കും. ഇതു മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിച്ചിരിക്കുകയാണ്‌ മണികണ്‌ഠന്‍. പാട്ടത്തിനു സ്ഥലമെ ടുത്ത്‌ അവിടെ കൂടി കൃഷിയിറക്കിയിരിക്കുന്നു.

ഒരേക്കര്‍ 50 സെന്റ്‌ സ്ഥലമാണ്‌ പാട്ടത്തിനെടുത്തിരിക്കുന്നത്‌. അമ്പതുസെന്റു സ്ഥലത്ത്‌ സ്‌ട്രോബറി കൃഷിചെയ്‌തിരിക്കുന്നു. ഇവിടെ ഏകദേശം 5000-ത്തില്‍ പരം ചെടികളാണു നട്ടുപിടിപ്പിച്ചിരിക്കുന്നത്‌. ആകര്‍ഷകമായ നിറവും രുചിയുമാണ്‌ സ്‌ട്രോബറിക്കുള്ളത്‌. കനത്ത മഴയും തണുപ്പുമുള്ള പ്രദേശങ്ങളില്‍ ഇതു തഴച്ചുവളരും. തറയില്‍പറ്റി വളരുന്ന പഴവര്‍ഗ്ഗസസ്യമായതു കൊണ്ടുതന്നെ പരിചരണവും കഠിനമായിരിക്കും. പിള്ളത്തല മുറിച്ചുമാറ്റിയാണ്‌ സ്‌ട്രോബറി നടുന്നത്‌. വള്ളിയുടെ ചുവട്ടില്‍നിന്നും വരുന്ന ചെറുചെടികളെ മുറിച്ചുമാറ്റിയാണ്‌ ഏറ്റവും കൂടുതല്‍ ചെടികള്‍ നടാനായി എടുക്കുന്നത്‌. ഏപ്രില്‍-മെയ്‌ മാസങ്ങളിലാണ്‌ ഇതു പ്രധാനമായും നടുന്നത്‌. ജലസേചനകാര്യത്തില്‍ ഒട്ടും വിട്ടുവീഴ്‌ച പാടില്ല. മെച്ചപ്പെട്ട വിളവ്‌ ഉറപ്പുവരുത്തുന്നതിന്‌ സമീകൃതമായ വളപ്രയോഗം നടത്താറുണ്ട്‌.

സ്‌ട്രോബറിക്ക്‌ വിളവെടുക്കുമ്പോള്‍ തന്നെ ജൈവവളങ്ങള്‍ നല്‍കുന്ന മിശ്രജീവാണുക്കളോടുകൂടിയ വളമാണ്‌ മണികണ്‌ഠന്‍ നല്‍കാറുള്ളത്‌. വളര്‍ച്ചയുടെ തുടക്കത്തില്‍ ചാണകവും തടത്തില്‍ ഒഴിച്ചുകൊടുക്കുന്നു. രാസവളങ്ങള്‍ 3-4 മാസം ഇടവിട്ടാണ്‌ നല്‍കാറുള്ളത്‌. മഴക്കാലത്തിന്റെ തുടക്കത്തില്‍ പാക്യജനകവും ഭാവഹവും ക്ഷാരവും നല്‍കുന്നു.

ആധുനിക സാങ്കേതികവിദ്യകള്‍ സംയോജിപ്പിച്ചാണ്‌ സ്‌ട്രോബറി കൃഷിചെയ്‌തിരിക്കുന്നത്‌. പ്ലാസ്റ്റിക്‌ മള്‍ച്ചിംഗ്‌ ചെയ്‌ത്‌ തുള്ളിനനയിലൂടെ വിളപരിപാലനം നടത്തിയിരിക്കുന്നു. ഒരു ചെടിയില്‍നിന്ന്‌ ഉദ്ദേശം 800 ഗ്രാം-1 കിലോ വരെ സ്‌ട്രോബറി ലഭിക്കും. മണികണ്‌ഠന്റെ കഠിനാധ്വാനത്തിലൂടെ ഏകദേശം 700-800 ഗ്രാം വരെ പഴം പറിച്ചെടുക്കാന്‍ സാധിക്കുന്നു. പ്ലാസ്റ്റിക്‌ മള്‍ച്ചിങ്‌ ചെയ്‌തിരിക്കുന്നതുകൊണ്ട്‌ കള ഉണ്ടാകുന്നില്ല എന്ന മെച്ചവുമുണ്ട്‌. കള പറിക്കാനുള്ള ചെലവുകൂടി ലാഭിക്കാമെന്ന ഗുണവുമുണ്ട്‌. മള്‍ച്ചിങ്‌വഴി വേറെയുമുണ്ടു ഗുണങ്ങള്‍. സ്‌ട്രോബറിക്ക്‌ വളവും വെള്ളവും നല്‍കുമ്പോള്‍ അതു നഷ്‌ടപ്പെടാതെ ചെടിക്കുതന്നെ ലഭിക്കുമെന്നതും നേട്ടമാണ്‌.

സ്‌ട്രോബറിക്കുവേണ്ടി അന്‍പതു സെന്റ്‌ സ്ഥലം നീക്കിവച്ചപ്പോള്‍ ബാക്കി ഒരേക്കര്‍ സ്ഥലത്ത്‌ ഓറഞ്ച്‌, ആപ്പിള്‍, മാതളനാരകം, സീതപ്പഴം എന്നിവയും കൃഷിചെയ്‌തു. ഇവയും മികച്ച വരുമാനമാണ്‌ മണികണ്‌ഠനു നേടിക്കൊടുക്കുന്നത്‌. പഴവര്‍ഗ്ഗങ്ങളെല്ലാം വിളവെടുത്ത്‌ മൊത്തക്കച്ചവടക്കാര്‍ക്കു നല്‍കുകയാണ്‌ ചെയ്യുന്നത്‌. ഇതുവഴി നല്ല ലാഭം കിട്ടുന്നുണ്ട്‌. ആപ്പിളും ഓറഞ്ചും സ്‌ട്രോബറിയുമെല്ലാം വിളഞ്ഞുനില്‍ക്കുന്നതു കാണുന്നതുതന്നെ ആത്മനിര്‍വൃതി പകരുന്നുവെന്നു ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു.

കൃഷിക്കുള്ള ചാണകം ലഭ്യമാകുന്നതിന്‌ രണ്ടു കറവപ്പശുക്കളെ മണികണ്‌ഠന്‍ വളര്‍ത്തുന്നു. നല്ല അത്യുല്‍പാദനശേഷിയുള്ളവയാണ്‌ ഇവ രണ്ടും. ദിനംപ്രതി 20 ലിറ്റര്‍ പാലാണ്‌ ഇവയില്‍നിന്നും ലഭിക്കുന്നത്‌. പാല്‍ അടുത്തുള്ള സൊസൈറ്റിയില്‍ കൊണ്ടുക്കൊടുക്കുന്നു. ഇവയുടെ ചാണകം സ്ലറിയാക്കി പച്ചക്കറിവിളകള്‍ക്കും പഴവര്‍ഗ്ഗങ്ങള്‍ക്കും വളമായി നല്‍കുന്നു.
പുത്തൂര്‍ ഗ്രാമത്തിലെ മറ്റെല്ലാ കര്‍ഷകരില്‍നിന്നും മണികണ്‌ഠനെ വ്യത്യസ്‌തനാക്കുന്ന ഒരു ഘടകമുണ്ട്‌. തികച്ചും പരമ്പരാഗതമായ കൃഷിരീതികള്‍ പ്രയോഗിക്കുന്നു എന്നുള്ളതാണ്‌ ഈ മെച്ചം. നമ്മുടെ നാട്ടില്‍ ഒരു കാലത്ത്‌ കര്‍ഷകരുടെ കൂടെപ്പിറപ്പായിരുന്ന കലപ്പയെ അത്ര പെട്ടെന്നൊന്നും ഉപേക്ഷിച്ചുകളയാന്‍ മണികണ്‌ഠനാകില്ല.

പുതിയ തലമുറയിലെ കര്‍ഷകര്‍ കണ്ടിട്ടില്ലാത്ത പല കൃഷിരീതികളും മണികണ്‌ഠനു സുപരിചിതമാണ്‌. കലപ്പയുപയോഗിച്ച്‌ നിലം ഉഴുതുമറിച്ചശേഷമാണ്‌ ഇപ്പോഴും ഇദ്ദേഹം കൃഷിയിറക്കുന്നത്‌. ഇതിനുള്ള മാടുകളും ഇദ്ദേഹത്തിനുണ്ട്‌. പരമ്പരാഗത കാര്‍ഷിക അറിവുകള്‍ക്ക്‌ മണികണ്‌ഠന്‍ കടപ്പെട്ടിരിക്കുന്നത്‌ സ്വന്തം പിതാവിനോടുതന്നെ. പരമ്പരാഗതമായ കൃഷിരീതികള്‍ പിന്തുടരുന്നതുകൊണ്ട്‌ തനിക്കു നഷ്‌ടമൊന്നുമുണ്ടാകുന്നില്ലെന്നും ഈ കര്‍ഷകന്‍ പറയുന്നു.

തികച്ചും വ്യത്യസ്‌തമായ വിളകള്‍ തന്റെ ഗ്രാമത്തിലെ കാലാവസ്ഥയ്‌ക്കനുസരിച്ച്‌ കൃഷിചെയ്യുന്ന മണികണ്‌ഠന്‍ ഒരു നാടിന്റെയാകെ കാര്‍ഷികസംസ്‌കാരത്തിന്റെ കാവലാളാണ്‌. തനിനാടന്‍ കൃഷിരീതികള്‍ പിന്തുടരുന്നതും ഇദ്ദേഹത്തിന്റെ കാര്‍ഷികവൃത്തിക്ക്‌ തിളക്കം കൂട്ടുന്നു. എല്ലാത്തരത്തിലുള്ള കൃഷികള്‍ക്കും കൃഷിഭവനില്‍നിന്നും എസ്‌എച്ച്‌എംല്‍ നിന്നും നല്ല രീതിയിലുള്ള സമീപനങ്ങളും ഉപദേശങ്ങളും ലഭിക്കുന്നുണ്ട്‌. തുള്ളിനനയ്‌ക്കും മറ്റും വമ്പിച്ച ധനസഹായവും ലഭ്യമാകുന്നു. 

മണികണ്‌ഠന്‍
ശക്തിഭവന്‍
പുത്തൂര്‍, കാന്തല്ലൂര്‍
ഫോണ്‍: 9497418347






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6231890