ഇരട്ടവാഴയുടെ ഇരട്ടിമധുരം


 

ഇരട്ടവാഴകൃഷിയിലൂടെ ഇരട്ടി ലാഭവും ഒപ്പം ഇരട്ടി സന്തോഷവും നേടുകയാണ് പത്തനംതിട്ട ഓമല്ലൂര്‍ അരീക്കത്തറമണ്ണില്‍ റോയ് എ. ജോര്‍ജ്. പ്രവാസജീവിതം മതിയാക്കി തിരിച്ച് നാട്ടിലെത്തിയപ്പോള്‍ ഇനി തന്‍റെ വഴിയേതെന്ന കാര്യത്തില്‍ റോയിക്ക് സംശയമുണ്ടായിരുന്നില്ല. ഇതിനിടയില്‍ ചുരുങ്ങിയ കാലത്തേക്കാണെങ്കില്‍ക്കൂടി നീണ്ടുനിന്ന് രാഷ്ട്രീയ ജീവിതം റോയിയെ സഹായിച്ചത് കൃഷിമേഖലയിലാണ്. പഞ്ചായത്ത് മെമ്പറെന്ന നിലയില്‍ നിരവധി കാര്‍ഷിക പഠനയാത്രകളുടെ ഭാഗമാകാന്‍ റോയിക്ക് സാധിച്ചു. കാര്‍ഷികരംഗത്തെ പല പുതിയ സാങ്കേതികവിദ്യകളും ഇതുവഴി റോയി മനസിലാക്കി. അത്തരമൊരു പഠനയാത്രയില്‍ നിന്നാണ് ഇരട്ടവാഴകൃഷിയെന്ന ആശയം ഇദ്ദേഹത്തിന്‍റെ മനസില്‍ രൂപംകൊള്ളുന്നത്.

 

സാധാരണ വാഴ നടുന്ന അതേ രീതി തന്നെയാണ് ഇരട്ടവാഴകൃഷിയിലും ഉപയോഗിക്കുന്നത്. തറ ഒരുക്കി കുഴികുത്തി അതില്‍ ചാണകവും കുമ്മായവും ചേര്‍ക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം ഒരു തടത്തില്‍ രണ്ടു കന്നുകള്‍ എന്ന കണക്കില്‍ വാഴക്കന്ന് നടുന്നു. ഇത്രയും ലളിതമാണ് ഇരട്ടവാഴകൃഷിയുടെ രീതി. രണ്ടേക്കര്‍ സ്ഥലം സ്വന്തമായുള്ള റോയി പരീക്ഷണാടിസ്ഥാനത്തില്‍ അമ്പതുസെന്‍റിലാണ് ആദ്യം ഇരട്ടവാഴകൃഷി ചെയ്തത്. 350 തടങ്ങളിലായി ആകെ 700 വാഴക്കന്നുകളാണ് നട്ടത്. കന്നുകള്‍ നട്ടതിനുശേഷം പിന്നീട് മസൂറി, യൂറിയ, പൊട്ടാഷ് എന്നിവ 100:50:50 എന്ന അനുപാതത്തില്‍ വളമായി നല്‍കി. കുറച്ചു മാസങ്ങള്‍ക്കുശേഷം വീണ്ടും വളപ്രയോഗം ആവര്‍ത്തിച്ചു. ഇക്കുറി യൂറിയയും പൊട്ടാഷും മാത്രമാണ് നല്‍കിയത്.

ഫെബ്രുവരി മാസത്തിലാണ് റോയി വാഴക്കന്നുകള്‍ നടുന്നത്. വാഴയ്ക്കാവശ്യമായ ജലം മഴക്കാലത്ത് പ്രകൃതിയില്‍നിന്നു തന്നെ ലഭിക്കുമെന്നതിനാല്‍ മറ്റു ജലസേചനമാര്‍ഗങ്ങളെ അധികമായി ആശ്രയിക്കേണ്ടി വരുന്നില്ല എന്നതാണ് ഇതിന്‍റെ മെച്ചമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരിയില്‍ നട്ടാല്‍ ഡിസംബറോടെ വാഴ കുലയ്ക്കുകയും ചെയ്യും. കോഴിവളവും മണ്ണിരക്കമ്പോസ്റ്റുമാണ് മറ്റു പ്രധാനവളങ്ങളായി വാഴയ്ക്ക് നല്‍കുന്നത്. ഇവകൂടാതെ, ആവശ്യമായി വരുന്നപക്ഷം രാസവളങ്ങളും രാസകീടനാശിനികളും വെവ്വേറെ വാങ്ങി സംയോജിപ്പിച്ച് ഉപയോഗിക്കാറുമുണ്ട്.

 

വാഴക്കന്നുകള്‍ നടുമ്പോള്‍ കുലകള്‍ എതിര്‍ദിശകളിലേക്ക് വിരിയത്തക്ക രീതിയിലാണ് നടുന്നത്. പിന്നീട് വളര്‍ന്നു കഴിയുമ്പോള്‍ രണ്ടു വാഴകളും തമ്മില്‍ കൂട്ടിക്കെട്ടുന്നു. ഇതുവഴി പ്രത്യേകം താങ്ങുനല്‍കാതെ തന്നെ വാഴകള്‍ക്ക് കാറ്റിനെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. സാധാരണ വാഴയില്‍നിന്ന് ലഭിക്കുന്നതിലേക്കാള്‍ ശരാശരി ആറുകിലോയിലധികം വിളവാണ് ഇരട്ടവാഴകൃഷിയിലൂടെ ലഭിക്കുന്നത്. തൊഴിലാളികള്‍ക്ക് തടമനുസരിച്ചുള്ള കൂലി മാത്രം നല്‍കിയാല്‍ മതിയാകും. വളം മാത്രമാണ് അധികച്ചെലവായി എടുത്തുപറയാവുന്നത്. സാധാരണ വാഴകൃഷിയില്‍ ഒരു തടത്തില്‍ നല്‍കുന്നതിന്‍റെ ഇരട്ടിയോളം വളം ഇരട്ടവാഴകൃഷിയില്‍ നല്‍കേണ്ടതായിവരും.


ഇരട്ടവാഴകൃഷിക്കായി ചെലവഴിക്കുന്നതിന്‍റെ ഇരട്ടിയോളം തുക ഓരോ സീസണിലും റോയിക്ക് ലാഭം നേടാന്‍ കഴിയുന്നുണ്ട്. വാഴകൃഷിക്കാവശ്യമായ മണ്ണിരക്കമ്പോസ്റ്റ് സ്വന്തമായി തന്നെ തയാറാക്കുന്നതിനാല്‍ ആയിനത്തിലും പണം ചെലവാക്കേണ്ടതായി വരുന്നില്ല. ഇരട്ടവാഴകൃഷിയില്‍ മാത്രമല്ല റോയി വൈദഗ്ധ്യം തെളിയിച്ചിട്ടുള്ളത്. പച്ചക്കറി, വെറ്റില, കുരുമുളക് എന്നിവയും ഇദ്ദേഹത്തിന്‍റെ കൃഷിയിടത്തില്‍ നൂറുമേനി വിളവ് നല്‍കുന്നു. വീട്ടാവശ്യത്തിനുള്ള മല്‍സ്യവും സ്വന്തമായി ഉല്‍പ്പാദിപ്പിക്കാന്‍ വീടിനോടു ചേര്‍ന്നുതന്നെ മല്‍സ്യക്കുളവും നിര്‍മിച്ചിട്ടുണ്ട്. 

 

റോയ് എ. ജോര്‍ജ്, അരീക്കത്തറമണ്ണില്‍ വീട്, പുത്തന്‍ പീടിക, ഓമല്ലൂര്‍, പത്തനംതിട്ട






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6236400