ജൈവവളങ്ങള്‍ : പയറുവര്‍ഗചെടികള്‍


മണ്ണിന്‍റെ ആരോഗ്യവും വിളവു തരാനുള്ള ശേഷിയും വര്‍ധിപ്പിക്കാന്‍ പയര്‍വര്‍ഗ ചെടികള്‍ക്കു സാധിക്കും. ഇവ വളര്‍ത്തിയ ശേഷം മണ്ണില്‍ ഉഴുതുചേര്‍ക്കുകയോ പുതയിടുകയോ ചെയ്താല്‍ മതി. നാടന്‍ പയര്‍ മുതല്‍ പ്രത്യേക പയര്‍ വര്‍ഗവളച്ചെടികള്‍ക്കു വരെ ഈ കഴിവുണ്ട്. 


ഇത്തരം ചെടികളുടെ വേരില്‍ കാണുന്ന മുഴകളില്‍ ഉള്ള ബാക്ടീരിയകള്‍ നൈട്രജന്‍ ശേഖരിക്കുന്നു. ചെടികള്‍ അഴുകുമ്പോള്‍ ഈ നൈട്രജന്‍ വിളകള്‍ക്ക് ലഭ്യമാകും. ഒരു ഹെക്ടറിന് വിവിധ തരം പയറുവര്‍ഗചെടികളില്‍നിന്നും കിട്ടാവുന്ന ജൈവവളത്തിന്‍റെ തോതും നൈട്രജന്‍റെ ലഭ്യതയും താഴെ കൊടുത്തിരിക്കുന്നു.

 

 
വിള  ജൈവവളത്തിന്‍റെതൂക്കം (ടണ്‍)  ലഭ്യമാകുന്ന നൈട്രജന്‍ (കി.ഗ്രാം)
     
ഡെയിഞ്ച   20     84.0
വന്‍പയര്‍     14    68.0
കിലുക്കി  20   86.0
ഉഴുന്ന് 11   45.0
ചെറുപയര്‍ 8  43.0

               
പയറുവര്‍ഗച്ചെടികള്‍ക്ക് 8 മുതല്‍ 25 ടണ്‍ വരെ ജൈവവളം ഒരു ഹെക്ടറില്‍ ഉല്‍പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. ഇത്രയും ജൈവവളത്തില്‍നിന്നും 60 മുതല്‍ 90 കി.ഗ്രാം വരെ നൈട്രജന്‍ മണ്ണില്‍ ചേരുന്നു. ഇത്രയും നൈട്രജന്‍ കിട്ടണമെങ്കില്‍ 3 മുതല്‍ 10 ടണ്‍ വരെ കാലിവളം മണ്ണില്‍ ചേര്‍ക്കണം.


മണ്ണിലെ സൂക്ഷ്മാണുപ്രവര്‍ത്തനം ത്വരിപ്പെടുത്തുന്നു, മണ്ണിന്‍റെ ഘടന നന്നാക്കുന്നു, ചെരിവ് സ്ഥലങ്ങളില്‍ മണ്ണൊലിപ്പ് തടയുന്നു. കൂടുതല്‍ വെള്ളം മണ്ണില്‍ താഴ്ന്നിറങ്ങുന്നതിന് സഹായിക്കുന്നു തുടങ്ങിയവയും പയര്‍വര്‍ഗസസ്യങ്ങള്‍ മൂലമുള്ള മെച്ചങ്ങളാണ്. ഇത്തരം ചെടികള്‍ മണ്ണിന്‍റെ അടിത്തട്ടില്‍നിന്നും വലിച്ചെടുത്ത മൂലകങ്ങള്‍ അവ അഴുകുമ്പോള്‍ മേല്‍ത്തട്ടില്‍ ചേരുന്നു എന്നതാണ് മറ്റൊരു മെച്ചം. ഇതുവഴി മണ്ണില്‍ ഫോസ്ഫറസ്, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ്, മാംഗനീസ് എന്നീ മൂലകങ്ങളുടെ ലഭ്യത വര്‍ധിക്കുന്നു.


പയറുവര്‍ഗചെടികളില്‍നിന്നും ഉദ്ദേശിച്ച ഗുണം കിട്ടണമെങ്കില്‍ അവയുടെ തണ്ടുകള്‍ മൃദുവായിരിക്കുമ്പോള്‍ ഉഴുതുചേര്‍ക്കണം. പൂത്തു തുടങ്ങുന്ന പ്രായമാണ് ഇവ ചേര്‍ക്കുന്നതിന് ഏറ്റവും നല്ലത്. ഇവയുടെ വേരുകള്‍ക്ക് നല്ല വളര്‍ച്ചയുണ്ടാക്കുന്നതിനും അവയില്‍ നൈട്രജന്‍ ശേഖരിക്കുന്ന ബാക്ടീരിയകള്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനും ഫോസ്ഫറസ് ആവശ്യമാണ്.

തന്മൂലം പയറുവര്‍ഗച്ചെടികള്‍ വളര്‍ത്തുമ്പോള്‍ ഫോസ്ഫറസ് വളങ്ങള്‍ ചേര്‍ക്കണം. ഇത് അടിവളമായിത്തന്നെ ചേര്‍ക്കണം. പത്തു സെന്‍റിന് ഒന്നേകാല്‍ കി.ഗ്രാം ഫോസ്ഫറസ് ആവശ്യമാണ്. ഇതു ലഭിക്കാന്‍ പത്തുസെന്‍റിന് അഞ്ചേമുക്കാല്‍ കിലോ രാജ്ഫോസോ ഏഴര കിലോ സൂപ്പര്‍ഫോസ്ഫേറ്റോ ചേര്‍ത്തു കൊടുക്കേണ്ടതായി വരും. രാജ്ഫോസ് വെറും പാറപ്പൊടി മാത്രമായതിനാല്‍ ജൈവകൃഷിയില്‍ അനുവദനീയമാണ്. പയറിന് അടിവളമായി ഫോസ്ഫറസ് ചേര്‍ക്കുന്നതുകൊണ്ട് അതുകഴിഞ്ഞുവരുന്ന വിളയ്ക്ക് ഫോസ്ഫറസ് ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യാം.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466034