കുരുമുളക് : രോഗകീടനിയന്ത്രണം


 

കേരളത്തില്‍ പ്രത്യേകിച്ച് ഇടുക്കി, വയനാട് ജില്ലകളിലെ കുരുമുളകുകൃഷിക്കു നാശം സംഭവിച്ചത് രോഗകീടബാധയാലാണ്. രോഗങ്ങളില്‍ പ്രധാനമായത് വേരും തണ്ടും അഴുകല്‍ എന്ന ദ്രുതവാട്ടവും പൊള്ളു രോഗവുമാണ്. പൊള്ളുവണ്ടും ഇലപ്പേനുമാണ് മുഖ്യ കീടങ്ങള്‍.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ദ്രുതവാട്ടരോഗത്തിനു കാരണം മണ്ണില്‍ വളരുന്ന ഫൈറ്റോഫ്തോറ എന്ന കുമിളാണ്. ഈ കുമിള്‍ തെങ്ങ്, കവുങ്ങ്, റബ്ബര്‍, കൊക്കോ തുടങ്ങിയ മറ്റനേകം വിളകളിലേയും രോഗത്തിനു കാരണമാകുന്നുണ്ട്. കൊടിയുടെ വേരും തണ്ടും അഴുകുക, ഇലകളില്‍ കറുത്തതോ ചാരനിറത്തിലോ ഉള്ള വലിയ പാടുകളുണ്ടാകുക, തിരിയും മണിയും കൊഴിയുക, ക്രമേണ വള്ളി അപ്പാടെ ഉണങ്ങി നശിക്കുക എന്നിവയാണ് ദ്രുതവാട്ടരോഗ ലക്ഷണം. രോഗനിയന്ത്രണത്തിന് ആദ്യം ചെയ്യേണ്ടത് രോഗബാധയേറ്റ ഇലയും തണ്ടുമെല്ലാം കൊടിയുടെ ചുവട്ടില്‍നിന്നും എടുത്തുമാറ്റി കത്തിച്ചു കളയുകയാണ്. പുറമേ കൊടിയുടെ ചുവട്ടിലെ മണ്ണു കുതിരത്തക്കവണ്ണം ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഒഴിക്കുകയും കൊടിച്ചുവടുഭാഗത്തെ തണ്ടുകളില്‍ 10 ശതമാനം വീര്യമുള്ള ബോര്‍ഡോ കുഴമ്പ് പുരട്ടുകയും വേണം. മണ്ണില്‍ ബോര്‍ഡോമിശ്രിതം ഒഴിക്കുന്നത് കാലവര്‍ഷാരംഭത്തിലും തുലാവര്‍ഷാരംഭത്തിലുമാകണം. കൊടിയുടെ ഒരു മൂട്ടില്‍ അഞ്ചാറു ലിറ്റര്‍ മിശ്രിതമെങ്കിലും ഒഴിക്കേണ്ടിവരും. ദ്രുതവാട്ടത്തിനു കാരണമായ കുമിളിനെ നശിപ്പിക്കുന്ന ചില എതിര്‍കുമിളുകളെ മണ്ണില്‍ വളര്‍ത്തിയും രോഗനിയന്ത്രണം നടത്താം.

 

പൊള്ളുരോഗവും, പൊള്ളുവണ്ടിന്‍റെ ഉപദ്രവവും മൂലം ഒരു തിരിയിലെ ഏതാനും മണികളോ മുഴുവന്‍ തന്നെയോ ഉണങ്ങി ചുക്കിച്ചുളിഞ്ഞു ഞെക്കിയാല്‍ പൊടിയുന്നതായി കാണാം. പൊള്ളുരോഗബാധയാല്‍ തിരികള്‍ അപ്പാടെ കറുത്തുണങ്ങി കൊഴിഞ്ഞു പോയെന്നും വരാം. രോഗനിയന്ത്രണത്തിന് ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതമോ ഒരു ലിറ്റര്‍ വെള്ളത്തില്‍ ഒരു ഗ്രാം ഫോള്‍ട്ടാഫ് എന്ന മരുന്നു കലക്കിയ ലായനിയോ തളിക്കാം. മരുന്നുതളി കൊടി തളിരിടുമ്പോഴും തിരികളില്‍ മണി പിടിക്കുമ്പോഴും നടത്തിയിരിക്കണം. കുമിള്‍നാശിനിയോടൊപ്പം എക്കാലക്സ് (ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു മി.ലി.) എന്നിവയിലേതെങ്കിലുമൊന്ന് ചേര്‍ത്തു തളിക്കുന്നത് പൊള്ളുവണ്ടിനെ നിയന്ത്രിക്കാനും സഹായകമാണ്.

 

 

 

 

 

 

 

 

 

 

 

വേരുപിടിക്കാനായി വള്ളിത്തലകള്‍ മണ്ണിലോ പോളിത്തീന്‍ കവറുകളിലോ വളരുമ്പോള്‍ അഴുകുന്ന രോഗലക്ഷണം കാണിക്കാറുണ്ട്. നനകൂടിയാലും മണ്ണിലെ കുമിളിന്‍റെ ആക്രമണത്താലും ഇതുണ്ടാകാം. നന നിയന്ത്രിക്കുക, ബോര്‍ഡോമിശ്രിതമോ തൈറൈഡ് എന്ന മരുന്നു കലക്കിയ ലായനിയോ (ഒരു ലിറ്റര്‍ വെള്ളത്തില്‍ രണ്ടു ഗ്രാം) ചെടിയിലും മണ്ണിലും വീഴത്തക്കവണ്ണം കുതിര്‍ത്തു തളിക്കുക എന്നിവ അഴുകല്‍ രോഗത്തെ നിയന്ത്രിക്കാം.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   5466429