യാത്ര, മൂന്നാര്‍ മറയൂര്‍ വഴിയാകട്ടെ



അവധിക്കാലയാത്ര മൂന്നാറിലേക്കാണോ. മാട്ടുപ്പെട്ടിയും രാജമലയും കുണ്ടളയും തേയിലത്തോട്ടങ്ങളും മാത്രം കണ്ട് യാത്ര അവസാനിപ്പിക്കരുത്. വ്യത്യസ്തമായൊരു കാഴ്ചയ്ക്കും നാടിന്‍റെ പുണ്യമെന്നു വിളിക്കാവുന്നൊരു മധുരത്തിനുമായി ഇത്തിരി സമയം മാറ്റിവയ്ക്കുക. അങ്ങനെ യാത്രയെ വേറിട്ടൊരു അനുഭവമാക്കുക. മൂന്നാറില്‍ നിന്ന് അമ്പതിനടുത്ത് കിലോമീറ്റര്‍ കാന്തല്ലൂര്‍ റൂട്ടില്‍ സഞ്ചരിച്ചാല്‍ മറയൂരിലെത്താം. കേരളത്തില്‍ അവശേഷിക്കുന്ന ചന്ദനമരങ്ങളുടെ നാടെന്നതാണ് മറയൂരിന്‍റെ ഖ്യാതിയെന്നു കരുതുന്നെങ്കില്‍ ഉത്തരം ഭാഗികമായി മാത്രം ശരിയാണ്. അവശേഷിക്കുന്ന നാടന്‍ മധുരത്തിന്‍റെ നാടുകൂടിയാണിത്. കരിമ്പിന്‍റെ വിത്തുമുതല്‍ ശര്‍ക്കരവരെയെല്ലാം ഉല്‍പാദിപ്പിക്കുന്ന നാടാണ് മറയൂര്‍. കേരളത്തിലെ ഏറ്റവും മികച്ചതെന്നു പണ്ടേ പേരുകേട്ട മറയൂര്‍ ശര്‍ക്കരയെ കാണേണ്ട കാര്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തൂ. ഇന്നു വിപണിയില്‍ കിട്ടുന്ന വെല്ലത്തിനും ശര്‍ക്കരയ്ക്കും പുളിരസവും ഉപ്പുരസവും മുന്നില്‍ നില്‍ക്കുന്നുവെങ്കില്‍ മറയൂര്‍ ശര്‍ക്കരയ്ക്കു മധുരം മാത്രമാണുള്ളത്. അതിനാലാണ് ഒരു കാലത്ത് പ്രഭുകുടുംബങ്ങളിലും പ്രശസ്ത ക്ഷേത്രങ്ങളിലും മറയൂര്‍ ശര്‍ക്കര മാത്രം ഉപയോഗിച്ചിരുന്നത്. 

 

തിളച്ചു കുറുകിയ കരിമ്പിന്‍പാനി വെറും കൈകൊണ്ടുരുട്ടിയാണ് മറയൂരിന്‍റെ സ്വന്തം ശര്‍ക്കര തയ്യാറാക്കുന്നത്. കൈ കൊണ്ട് ഉരുട്ടിയുണ്ടാക്കുന്നതിന്‍റെ അടയാളമായി ഓരോ ശര്‍ക്കരയുണ്ടയിലും തൊഴിലാളിയുടെ വിരല്‍പ്പാടുകള്‍ പതിഞ്ഞിരിക്കും. സമുദ്രനിരപ്പില്‍ നിന്ന് അയ്യായിരത്തിലധികം അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കരിമ്പില്‍ നിന്നും ഉല്‍പാദിപ്പിക്കുന്നതിനാലാണ് മറയൂരിലെ ശര്‍ക്കരയ്ക്ക് ഇത്രയധികം മധുരം വരുന്നത്. പോരെങ്കില്‍ നാടന്‍ കരിമ്പിനങ്ങള്‍ തന്നെയാണ് ഇന്നും ഇവിടെ കൃഷിചെയ്തു പോരുന്നത്. അവയുടെ നടീല്‍ വസ്തുക്കളും കര്‍ഷകര്‍ തന്നെ തയ്യാറാക്കുന്നത്. 


ശര്‍ക്കരയുണ്ടാക്കുന്നതിനായി പുലര്‍ച്ചെ അഞ്ചിനു തന്നെ കരിമ്പാലയില്‍ സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നു. അതിനുമുമ്പുള്ള ഏതാനും ദിവസം വെട്ടിക്കൊണ്ടുവന്ന കരിമ്പാണ് നിശ്ചിത ദിവസം ആട്ടി ശര്‍ക്കരയാക്കുന്നത്. കരിമ്പാട്ടല്‍ തീരുന്നത് രാത്രി എട്ടിനോ ഒമ്പതിനോ ഒക്കെയാകും. അതായത് കരിമ്പാട്ടുന്ന ദിവസങ്ങളില്‍ ഏതു സമയത്തു ചെന്നാലും ശര്‍ക്കര നിര്‍മാണം കാണാനും മധുരമൂറുന്ന ശര്‍ക്കര വാങ്ങാനും
സാധിക്കും. 


കരിമ്പ് യന്ത്രവല്‍ക്കൃത റോളറില്‍ കയറ്റി ചതച്ച് നീരൂറ്റിയെടുക്കുന്നതാണ് ശര്‍ക്കരയുണ്ടാക്കുന്നതിന്‍റെ ഒന്നാമത്തെ പടി. ഈ നീര് എത്തുന്നത് വലിയൊരു ഡ്രം പോലെയുള്ള പാത്രത്തിലാണ്. ഒരു തവണ കുറുക്കുന്നതിനുള്ള നീരായാല്‍ അത് വാര്‍പ്പ് പോലെയുള്ള വലിയൊരു പാത്രത്തിലേക്ക് പകരുന്നു. ഇതിലാണ് കരിമ്പിന്‍ നീര് കുറുക്കി പാനിയാക്കുന്നത്. കൊപ്രയെന്നാണ് ഈ വാര്‍പ്പിന് നാടന്‍ ഭാഷയില്‍ നല്കിയിരിക്കുന്ന പേര്. കൊപ്ര സ്ഥിരമായി അടുപ്പിനുമുകളിലാണ് വച്ചിരിക്കുന്നത്. ആവശ്യാനുസരണം അടുപ്പില്‍ തീ കൂട്ടുകയും കുറയ്ക്കുകയും ചെയ്തുകൊണ്ടിരിക്കും. നീരെടുത്ത ശേഷമുള്ള കരിമ്പിന്‍റെ ചണ്ടിയാണ് തീ കത്തിക്കാനായി ഉപയോഗിക്കുന്നത്. 


ഒരിക്കല്‍ കൊപ്രയില്‍ നീരുപകര്‍ന്നാല്‍ പിന്നെ നാലു മണിക്കൂറോളം സമയം തീയെരിച്ചു കൊണ്ടുതന്നെയിരിക്കണം. ഒരാള്‍ അടുപ്പില്‍ തീ ക്രമീകരിക്കുമ്പോള്‍ മറ്റു സ്ത്രീകള്‍ ക്രഷറിലേക്ക് കരിമ്പെത്തിക്കുകയോ ക്രഷറില്‍ അവ പിഴിയുകയോ ചെയ്യുകയാവും. 
കരിമ്പിന്‍ നീര് പാകത്തിനു വറ്റി പാനി കുറുകി വരുന്നതിന് ഇവര്‍ക്ക് കൃത്യമായ അളവുണ്ട്. കരിമ്പിന്‍ നീര് തിളയ്ക്കാന്‍ തുടങ്ങുമ്പോള്‍ പതഞ്ഞു പൊങ്ങിക്കൊണ്ടിരിക്കും. പിന്നീട് പതയടങ്ങി താഴും. അതിനു ശേഷം കുറുകുന്നതനുസരിച്ച് വീണ്ടും തിളച്ചു പൊങ്ങും. അതും താഴ്ന്നു കഴിയുമ്പോഴാണ് പാനി വേണ്ട കുറുക്കത്തിലെത്തുന്നത്. പാകമായിക്കഴിയുമ്പോള്‍ ചങ്ങലയുടെ സഹായത്തോടെ കൊപ്ര വലിച്ചുയര്‍ത്തി തടികൊണ്ടുള്ള വലിയൊരു മരവിയിലേക്ക് പാനി പകരും. പരന്ന ഈ മരവിയിലെത്തിയാല്‍ കുറേ സമയം പാനി ഇളക്കിയാറിക്കുന്നതിനുള്ളതാണ്. ഈ മരവിക്ക് നാടന്‍ ഭാഷയില്‍ പറയുന്ന പേര് പണ്ണയെന്ന്. തമിഴുമായി സാമ്യമേറെയുള്ള മറയൂരിലെ ഉപകരണങ്ങളുടെ പേരിനു പോലും ഒരു തമിഴ് ടച്ചുള്ളത് സ്വാഭാവികം.

 

പാനിയുടെ ചൂട് പാകത്തിന് ആറിയാല്‍ പിന്നെ എല്ലാവരും ഒത്തുചേര്‍ന്ന് ശര്‍ക്കര ഉരുട്ടാന്‍ തുടങ്ങങ്ങും. ആവി പറക്കുന്ന പാനിയാണ്. വെറും കൈകൊണ്ടാണതു വാരിയെടുക്കുന്നത്. നിത്യത്തൊഴിലായതിനാല്‍ പാനി അവരുടെ കൈകകളെ പൊള്ളിക്കുന്നില്ല. അല്ലെങ്കില്‍ ജീവിതാവശ്യങ്ങള്‍ക്കു മുന്നില്‍ അവരാരും പൊള്ളല്‍ അറിയുന്നതേയില്ല. ഉരുളകാക്കിക്കഴിഞ്ഞാല്‍ അവസാനം അവയില്‍ ചെറുതായൊന്ന് അമര്‍ത്തും. അഞ്ചു വിരലുകളുടെയും പാട് പതിയുന്നതിനു വേണ്ടിയാണിത്. പരമ്പരാഗതമായി മറയൂര്‍ ശര്‍ക്കരയുടെ അടയാളമാണ് അഞ്ചുവിരലുകളുടെയും പാട്. 


സഞ്ചാരികള്‍ക്കും മറ്റാവശ്യക്കാര്‍ക്കുമായി ചുക്കിന്‍റെയും ജീരകത്തിന്‍റെയുമൊക്കെ സ്വാദുള്ള ശര്‍ക്കരയിനങ്ങള്‍ കൂടി തയ്യാറാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മറയൂരിലെ അംഗനമാര്‍. 

 

karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   6237060