ഡാലിയ


 

ലോകമെമ്പാടും വളര്‍ത്തുന്ന മനോഹരവും പ്രസിദ്ധിയാര്‍ജ്ജിച്ചതുമായ ഒരു പുഷ്പസസ്യമാണ് ഡാലിയ. ചെടിച്ചട്ടികളിലും തറയിലും ഒരുപോലെ അനായാസമായി വളര്‍ത്തുവാന്‍ കഴിയുന്നു. പുഷ്പവിന്യാസത്തിന് ചെറിയ പുഷ്പങ്ങള്‍ നല്‍കുന്ന ചില പ്രത്യേക ഇനങ്ങള്‍ ഉപയോഗിച്ചു വരുന്നു. സ്വീഡനിലെ പ്രമുഖ സസ്യശാസ്ത്രജ്ഞനായ ആന്ദ്രേ ഡാലിന്‍റെ ഓര്‍മ്മയ്ക്കാണു ഡാലിയ എന്ന പേരു നല്‍കിയത്.

 

കൃഷി ചെയ്യുവാന്‍ ഉപയോഗിക്കുന്ന ഡാലിയ ചെടികളെ 7 വിഭാഗങ്ങളായി തരം തിരിച്ചിരിക്കുന്നു. 

വിഭാഗം -1
 നക്ഷത്രപൂക്കള്‍. ഇതിന്‍റെ പൂക്കള്‍ ചെറുതാണ്. കൂര്‍ത്ത മുനമ്പുള്ള രണ്ടോ മൂന്നോ നിര ദളങ്ങള്‍ കാണുന്നു. അവ തമ്മില്‍ കടന്നു കിടക്കും വിധം പൂവില്‍ അടുക്കിയിരിക്കുന്നു. ദളങ്ങളുടെ അരികു പിറകോട്ടു വളഞ്ഞിരിക്കുകയും ഉള്‍ഭാഗം നേരിയ കുഴിയോടു കൂടി കാണപ്പെടുകയും ചെയ്യുന്നു. മധ്യഭാഗത്തു ഡിസ്ക്ക് പോലുള്ള ഭാഗം കാണുന്നു. വൈറ്റ് സ്റ്റാര്‍ എന്ന ഇനത്തിനാണു കേരളത്തില്‍ കൂടുതല്‍ പ്രചാരം.

വിഭാഗം - 2
 വയലുകളില്‍ കാണുന്ന അനിമോണ്‍ പൂക്കളുടെ സാദൃശ്യം. ചുറ്റുമായി ഒരു നിര ആര പുഷ്പകം കാണുന്നു. അവ മദ്ധ്യഭാഗത്തു കാണുന്ന കുഴല്‍ പോലുള്ള നീളമുള്ള പുഷ്പകങ്ങളുടെ ചുറ്റുമായാണ് കാണുന്നത്. ആകെക്കൂടി പെന്‍കുഷന്‍റെ ഒരു രൂപഭംഗി കൈ വരിക്കുന്നു. ഇവയ്ക്കു വലിയ പ്രചാരമില്ല. കോമെറ്റ് എന്ന ഇനത്തിനാണ് പ്രചാരം. 

വിഭാഗം - 3
 ചെറിയ കഴുത്തു പട്ടപോലെ കാണുന്നതിനാല്‍ കോളാറിട്ടെ എന്നും പേരുണ്ട്. പൂക്കള്‍ക്കു 12-15 സെന്‍റീമീറ്റര്‍ വ്യാസം കാണുന്നു. ഏക പുഷ്പങ്ങളുടെ സാമ്യം. മദ്ധ്യഭാഗത്തു കാണുന്ന ഡിസ്കിനു ചുറ്റുമായി ആരപുഷ്പകങ്ങള്‍ ഒരു വളയംപോലെ രൂപം കൊണ്ടിരിക്കുന്നു. അതിനുമുപരിയായി വളയത്തിന്‍റെ അകവശത്തു നേര്‍ത്ത പുഷ്പങ്ങള്‍ കാണുന്നു. പുറത്തുകാണുന്ന പുഷ്പകങ്ങളുടെ പകുതി വലിപ്പമേ അവയ്ക്കു കാണുകയുള്ളൂ. സാധാരണയായി ആ ഒരു നിരയുടെ നിറവും വ്യത്യാസമായിരിക്കും. ലേഡിഫ്രണ്ട്, സ്കാര്‍ലൈറ്റ്ക്വീന്‍ എന്നിവയാണു പ്രചാരത്തിലുള്ള ഇനങ്ങള്‍.

വിഭാഗം -4
 പിയോണിയെന്നും പേരുണ്ട്. രണ്ടോ മൂന്നോ നിര പുഷ്പകങ്ങള്‍ മദ്ധ്യത്തുള്ള ഡിസ്കിനു ചുറ്റുമായി കാണുന്നു. അവ പരന്നു കാണപ്പെടുന്നു. പൂവിനു ഏകദേശം 17 സെ.മീ. വരെ വലിപ്പം കാണും.

വിഭാഗം - 5
 ഡെക്കറേറ്റീവ് എന്നും പേരുണ്ട്. വളരെയധികം പ്രചാരമുള്ള ഇനമാണ്. പൂര്‍ണമായും ഡബിള്‍ ഇനങ്ങളാണ്. വിവിധ നിറത്തിലും വലിപ്പത്തിലും കാണുന്നു. പുഷ്പകങ്ങള്‍ ചുരുണ്ടുകാണപ്പെടുന്നു. ഈ വിഭാഗത്തില്‍ വലുതെന്നും മദ്ധ്യവലിപ്പമുള്ളവയെന്നും ചെറുതെന്നും മിനിയേച്ചര്‍ ടൈപ്പെന്നും നാലു ഇനങ്ങള്‍ ഉണ്ട്. വലുത് 20 സെ.മീറ്റര്‍ വലിപ്പവും മദ്ധ്യവലിപ്പമുള്ളവയ്ക്ക് 15-20 സെ.മീറ്ററും ചെറുത് 10-15 സെ.മീറ്ററും മിനിയേച്ചര്‍ ടൈപ്പ് 10 സെ.മീറ്ററും വ്യാസമുണ്ട്. ലിബറേറ്റര്‍, പീറ്റര്‍ റാംസേ, പീസ്, ഹൗസ് ഓഫ് ഓറഞ്ച്, ഓറഞ്ച് ബര്‍മാസ്, ചൈനീസ് ലാന്‍റ്റേണ്‍, മേരി റിച്ചാര്‍ഡ് എന്നിവയാണു പ്രധാന ഇനങ്ങള്‍.

വിഭാഗം - 6
 ഇവയെ പോംപണ്‍ ടൈപ്പ് എന്നും വിളിക്കുന്നു. ഇതും ഡബിള്‍ ഇനങ്ങളാണ്. ഇവയ്ക്ക് 5-10 സെ.മീറ്റര്‍ വലിപ്പമുണ്ട്. മുഴുവന്‍ പുഷ്പകങ്ങള്‍ കൊണ്ടു മൂടിയിരിക്കുന്നു. ഉരുണ്ടിരിക്കുന്നു. മദ്ധ്യഭാഗത്തുള്ള പുഷ്പകങ്ങള്‍ പുറമേ കാണുന്നവയില്‍ നിന്നും അല്‍പം ചെറുതാണ്. പുഷ്പകങ്ങളുടെ അരികു അകത്തേയ്ക്കു വളഞ്ഞു കാണുന്നു. 

വിഭാഗം - 7
 ഇവയെ കാകറ്റ്സ് ടൈപ്പ് എന്നു അറിയപ്പെടുന്നു. സാധാരണയായി മദ്ധ്യഭാഗത്തു ഡിസ്ക് കാണുന്നില്ല.  ദളങ്ങള്‍ ഉള്ളിലേയ്ക്ക് വളഞ്ഞിരിക്കുന്നു. അടിയില്‍ നിന്നു മുകളിലേയ്ക്കു ദളങ്ങള്‍ നേര്‍ത്തു കാണുന്നു. അതു പൂവിനു നക്ഷത്രത്തിന്‍റെ രൂപഭംഗി നല്‍കുന്നു. ദളങ്ങളുടെ അരികു ചെറുതായി പിളര്‍ന്നു കാണുന്നു. ഇതു പൂക്കള്‍ക്കു ഭംഗി കൂട്ടുന്നു. ഇതും വലുത്, ചെറുത്, മദ്ധ്യമം, മിനിയേച്ചര്‍ എന്നും നാലായി തരംതിരിച്ചിട്ടുണ്ട്. സില്‍വര്‍ വെഡ്ഡിംഗ്, നിറ്റ, കാപി സ്റ്റ്രാന്‍ഡ് മുതലായവയാണു പ്രധാന ഇനങ്ങള്‍.

 

നടീല്‍വസ്തു


വിത്തുപയോഗിച്ചു തൈ ഉണ്ടാക്കുകയാണു ഏറ്റവും എളുപ്പം. പൊക്കം കുറഞ്ഞ പെട്ടികളിലോ വിത്തുചട്ടികളിലോ മണ്ണുനിറച്ചു അതില്‍ നേര്‍മ്മയില്‍ വിത്തു പാകുന്നു. മണ്ണില്‍ ധാരാളം വായുരന്ധ്രങ്ങള്‍ ഉണ്ടായിരിക്കണം. അതിനുമുകളിലായി ഉണങ്ങിപൊടിഞ്ഞ കരിയില വിതറി നനച്ചുകൊടുക്കണം. മൂന്നോ നാലോ ആഴ്ചയ്ക്കുള്ളില്‍ വിത്തു കിളിച്ചുവരും.

 

കിഴങ്ങുകള്‍ നട്ട്


 കിഴങ്ങുപയോഗിച്ചു വളര്‍ത്തുന്ന ഡാലിയക്കാണു കൂടുതല്‍ കൊഴുപ്പും ആരോഗ്യവും. കിഴങ്ങുമാത്രം മുറിച്ചെടുത്തു നടാന്‍ പാടില്ല. കിഴങ്ങു തണ്ടോടുകൂടി മുറിച്ചെടുത്തു വേണം പാകുവാന്‍. തണ്ടിലാണു മുകുളം കാണുന്നത്. ഈ മുകുളം കിഴങ്ങില്‍ നിന്നും ആഹാരം വലിച്ചെടുത്ത് പുഷ്ടിയായി വളരുന്നു. നടുന്നതിനു ഏതാനും ദിവസം മുന്‍പ് കിഴങ്ങുകള്‍ ഒരു പെട്ടിയില്‍ മണലുകൊണ്ടുമൂടി ഇരുട്ടുമുറിയില്‍ സൂക്ഷിക്കുന്നു. ഇടയ്ക്കിടെ മണ്ണില്‍ വെള്ളം തളിച്ചു ഈര്‍പ്പം നിലനിര്‍ത്തണം. കുറച്ചു ദിവസം കഴിയുമ്പോള്‍ രണ്ടോ മൂന്നോ മുള പൊട്ടുന്നതു കാണാം. ഈ സമയത്ത് കിഴങ്ങ് ഓരോ മുളയോടുകൂടി വിടര്‍ത്തി തടത്തിലോ ചട്ടിയിലോ നടാം. 

 

തണ്ടുമുറിച്ചുനട്ട്


 വളര്‍ന്നുവരുന്ന ചെടിയുടെ തണ്ടുകള്‍ മുറിച്ചു നട്ട് അവയും വേരുപിടിപ്പിച്ചെടുക്കാവുന്നതാണ്. വിപണിയില്‍ വേരിറങ്ങാന്‍ ഉപയോഗിക്കുന്ന ഹോര്‍മോണ്‍ വാങ്ങാന്‍ ലഭ്യമാണ്. ഹോര്‍മോണില്‍ മുക്കിനട്ടാല്‍ പെട്ടെന്നു വേരു പിടിക്കുന്നു.

 

കാലാവസ്ഥയും മണ്ണും


 വലിയചൂടും മഴയുമില്ലാത്ത കാലമാണു ഡാലിയ വളര്‍ത്താന്‍ അനുയോജ്യം. സമശീതോഷ്ണമേഖലയില്‍ എപ്പോഴും ഡാലിയ വളര്‍ത്താന്‍ കഴിയുന്നു. കേരളത്തില്‍ സെപ്തംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ഡാലിയ തൈകള്‍ നട്ടാല്‍ മഞ്ഞുകാലത്തു നല്ല വലിപ്പമുള്ള ധാരാളം പൂക്കള്‍ ലഭിക്കുന്നു. 
 

വളക്കൂറും നല്ല അയവുമുള്ള ഏതു മണ്ണിലും ഡാലിയ വളരും. വെറും ചൊരിമണലില്‍ പോലും ധാരാളം ജൈവവളങ്ങള്‍ ചേര്‍ത്ത് നടുന്ന പക്ഷം ഡാലിയ നന്നായി വളരുന്നതാണ്. ഡാലിയ തണുപ്പും വെള്ളക്കെട്ടും ഇഷ്ടപ്പെടുന്നില്ല. 

 

നടുന്ന വിധം


 തൈകള്‍ നടുന്നതു 100 സെ.മീറ്റര്‍ അകലത്തില്‍ വേണം. ഡാലിയയില്‍ തന്നെ പൊക്കം കുറഞ്ഞ ഇനമുണ്ട്. അവയ്ക്കു 60 സെ.മീറ്റര്‍ അകലം നല്‍കിയാല്‍ മതി. മുപ്പതു സെ.മീ. വലിപ്പമുള്ള ചട്ടികളിലും അതുപോലുള്ള പെട്ടികളിലും മണ്ണും വളവും നിറച്ചു ഡാലിയ വളര്‍ത്താന്‍ കഴിയും. അങ്ങനെ നടുന്നതുകൊണ്ട് സൂര്യപ്രകാശത്തിന്‍റെ ലഭ്യത അനുസരിച്ച് എടുത്തു സൗകര്യം പോലെ മാറ്റി വയ്ക്കാനും കഴിയുന്നു.

 

വളം ചേര്‍ക്കല്‍

 

 ചെടികള്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ ഒരു ടേബിള്‍ സ്പൂണ്‍ 17.17.17 കോപ്ളക്സ് വളം ചേര്‍ക്കാവുന്നതാണ്. തണ്ടില്‍ നിന്നും അല്‍പം അകലെയായി വേണം വളം വിതറാന്‍. അതിനുശേഷം മണ്ണു നന്നായി ഇളക്കി നനച്ചുകൊടുക്കണം. തടത്തിലാണു നടുന്നതെങ്കില്‍ കൃഷിയിടം ഒരുക്കുമ്പോള്‍ തന്നെ അഴുകിപ്പൊടിഞ്ഞ ചാണകവും എല്ലുപൊടിയും ചേര്‍ക്കുന്നതു നല്ലതാണ്. ഒരു ചതുരശ്രമീറ്ററിനു അഞ്ചു കിലോഗ്രാം ചാണകപ്പൊടിയും ഒരു തടത്തിനു ഒരു കൈ എല്ലുപൊടിയും മതിയാകുന്നതാണ്. ചെടി വളരുന്നതനുസരിച്ച് എല്ലാ മാസവും ചാണകപൊടിയും എല്ലുപൊടിയും ചേര്‍ക്കാം. ചെടി പുഷ്പിക്കാന്‍ ആരംഭിക്കുമ്പോള്‍ ഒരു തവണകൂടി കോംപ്ലക്സ് വളം നല്‍കണം. 

 

പ്രധാനതണ്ടിന്‍റെ അറ്റംമുറിച്ചു കൊടുത്താല്‍ ധാരാളം ചെറു ശിഖരങ്ങള്‍ വശങ്ങളില്‍ നിന്നു കിളിര്‍ത്തു പൊങ്ങും. ചെടി ധാരാളം പുഷ്പിക്കാന്‍ ഇതു സഹായിക്കുന്നു. ഒരു ചെടിയില്‍ പ്രധാന തണ്ടു കൂടാതെ  നാലോ അഞ്ചോ ഉപശാഖകള്‍ മാത്രമേ അനുവദിക്കാന്‍ പാടുള്ളൂ.
 

നട്ടു അഞ്ചു മാസത്തിനകം ചെടി പുഷ്പിക്കാന്‍ അവസാനിക്കുന്നു. വാടിയ പൂക്കളും ഇലകളും കൂടെക്കൂടെ നീക്കം ചെയ്യുകയും ചുവട്ടിലെ മണ്ണു ഇളക്കികൊടുക്കുകയും ഉണക്ക ചാണകപ്പൊടി ചുവട്ടില്‍ ഇട്ടുകൊടുക്കുകയും ചെയ്താല്‍ ചെടികള്‍ കുറെനാള്‍ കൂടി പുഷ്പിക്കുന്നതാണ്. എന്നാല്‍ ക്രമേണ പൂക്കളുടെ വലിപ്പം കുറഞ്ഞുവരുന്നതാണ്. 
 

ചെടി മറിഞ്ഞു പോകാതിരിക്കാന്‍ താങ്ങുകമ്പു നാട്ടുന്നതു പ്രയോജനകരമാണ്. പൂക്കാലം കഴിഞ്ഞാല്‍ ചെടി ഉണങ്ങിത്തുടങ്ങും. അപ്പോള്‍ മണ്‍നിരപ്പില്‍ നിന്നു കുറച്ചു മുകളിലായി തണ്ടു മുറിക്കണം. ശേഷം കുറച്ചു ദിവസം അങ്ങനെ നിര്‍ത്തിയേക്കണം. അതിനുശേഷം കിഴങ്ങിനു കേടുപാടു ഉണ്ടാകാതെ മണ്ണില്‍ നിന്നു ഇളക്കിയെടുക്കണം. അതിനു ചുറ്റുമുള്ള മണ്ണു നീക്കം ചെയ്തശേഷം മണ്‍പാത്രത്തിലോ പെട്ടിയിലോ മണല്‍ നിറച്ചു അതില്‍ സൂക്ഷിക്കണം. ഈ കിഴങ്ങുകള്‍ അടുത്തവര്‍ഷം നടാന്‍ ഉപയോഗിക്കാം.
 

മുഞ്ഞ, പുഴുക്കള്‍ തുടങ്ങിയവയുടെ ഉപദ്രവം ചെടിയില്‍ കാണുന്നുവെങ്കില്‍ മാലത്തിയോണ്‍ എന്ന കീടനാശിനി ഒരു മില്ലീലിറ്റര്‍ ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിക്കണം. ഏതെങ്കിലും കുമിള്‍രോഗം ശ്രദ്ധയില്‍ പെടുന്നപക്ഷം ബാവിസ്റ്റിന്‍ എന്ന കുമിള്‍സംഹാരി ഒരു ഗ്രാം ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ കലക്കി തളിച്ചാല്‍ മതി.


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   4393015