ബ്ലീഡിംഗ് ഹാര്‍ട്ട്


 

രക്തച്ചുവപ്പാര്‍ന്ന ഹൃദയത്തിന്‍റെ അടിത്തട്ടില്‍നിന്ന് ഇറ്റുവീഴുന്ന ചോരത്തുള്ളി...അങ്ങനെയും ഒരു പൂവിന് പ്രകൃതി ജന്മം നല്‍കി! ഹൃദയാകാരമുള്ള ഇതളിനു ചുവട്ടില്‍നിന്ന് ഇറ്റുവീഴാന്‍ വെമ്പുന്ന ചോരത്തുള്ളിയോട് അപാരമായ രൂപസാദൃശ്യമുള്ള ഈ പൂവിന് ഉദ്യാനപ്രേമികള്‍ അന്വര്‍ത്ഥമായ പേരു തന്നെ നല്‍കി 'ബ്ലീഡിംഗ് ഹാര്‍ട്ട്.' ശാസ്ത്രനാമം 'ഡൈസെന്‍ട്ര സ്പെക്റ്റാബിലിസ്.' ജപ്പാന്‍ സ്വദേശിയായ ഈ പുഷ്പസുന്ദരി ഒരിക്കല്‍ നട്ടാല്‍ ദീര്‍ഘനാള്‍ വളരുന്ന ഒരു ചിരഞ്ജീവിച്ചെടിയാണ് എന്നു പറയാം. വളരുന്നിടത്ത് തണല്‍ പൂര്‍ണ്ണമെങ്കിലും ഭാഗികമെങ്കിലും ബ്ലീഡിംഗ് ഹാര്‍ട്ടിനു പരാതിയില്ല. 


അതിസുന്ദരമായ ഇലകളാണ് ഈ ചെടിയുടെ മറ്റൊരു മുഖമുദ്ര. കനംകുറഞ്ഞ്, സുതാര്യമെന്നുതന്നെ തോന്നുന്ന ഇളംപച്ച നിറമുള്ള ഇലകള്‍. പന്നല്‍ച്ചെടിയുടേതുപോലെ മൂന്നായി പിരിഞ്ഞ് വിശാലവിസ്തൃതമായി പരന്നുവളരുന്നതാണ് ഇലകളുടെ പ്രത്യേകത. പൂക്കളാകട്ടെ കമാനം (ആര്‍ച്ച്)പോലുള്ള പൂത്തണ്ടില്‍ പ്രകൃതിതന്നെ ക്രമീകരിച്ചിരിക്കുന്നു. ഒരു പൂത്തണ്ടില്‍ കുറഞ്ഞത് മൂന്നു മുതല്‍ പതിനഞ്ചു പൂക്കള്‍വരെ കാണും. ഓരോ പൂവിനും 2-3 സെ.മീറ്റര്‍ നീളവും ഉണ്ടാകും. ഹൃദയത്തിന്‍റെ തനിപ്പകര്‍പ്പാണ് ഓരോ പൂവും. റോസ് പിങ്ക്, ചുവപ്പ്, വെള്ള എന്നിങ്ങനെ വിവിധ നിറങ്ങള്‍ പൂവിന്‍റെ പുറം ഇതളുകളില്‍ കാണാം. ഉള്ളിലെ ഇതളാകട്ടെ വെളുത്തതും അല്‍പം പുറത്തേക്ക് തള്ളി നില്‍ക്കുന്നതുമാണ്. എന്നാല്‍, ഇതിന് വിപരീതമായി പുറമേയുള്ള ഇതളുകള്‍ക്ക് വെളുപ്പും അകത്തെ ഇതളിനുംമാത്രം ചുവന്ന നിറവുമുള്ള ഒരു സവിശേഷ ഇനവും നിലവിലുണ്ട്. അതാണ് 'ഡൈസെന്‍ട്ര സ്പെക്റ്റാബിലിസ്' വെറൈറ്റി ആല്‍ബ.


ഉദ്യാനങ്ങളില്‍ അരികുകള്‍ തീര്‍ക്കാനും പൂത്തടങ്ങളില്‍ വളര്‍ത്താനും ശിലാരാമങ്ങള്‍ക്ക് നൈസര്‍ഗിക ചാരുതയും ഗാംഭീര്യവും പകരാനും ബ്ലീഡിംഗ്ഹാര്‍ട്ടോളം പോന്ന മറ്റൊരു സുന്ദരസസ്യമില്ല. 


നല്ല നീര്‍വാര്‍ച്ചയും ജൈവവളക്കൂറും ഉള്ള മണ്ണിലാണ് ഈ ചെടി വേഗം വളരുക. വിത്ത്, വേരിന്‍റെ കഷണം, ഇളം തണ്ടുകള്‍ എന്നിവ നട്ട് പുതിയ തൈകള്‍ വളര്‍ത്തിയെടുക്കാം. 'ആല്‍ബ' എന്ന ഇനം വിത്തുവഴിയാണ് വംശവര്‍ദ്ധന നടത്തുക. തഴച്ചുവളരുന്ന മാതൃസസ്യത്തിന്‍റെ ഒരുവശത്തുനിന്ന് കുറച്ച് വേരും തലപ്പും ഉള്‍പ്പെടുന്ന ഭാഗം ശ്രദ്ധാപൂര്‍വ്വം ഇളക്കിയെടുക്കുക. തുടര്‍ന്ന് വേരും തലപ്പും വേര്‍തിരിച്ചുനടാം. മറ്റു ചെടികളും മരങ്ങളും ഒന്നും വളര്‍ന്ന് വേരോടിയിട്ടില്ലാത്ത താരതമ്യേന സ്വതന്ത്രമായ സ്ഥലത്താണ് തറയില്‍ നട്ടുവളര്‍ത്തുമ്പോള്‍ 'ബ്ലീഡിംഗ് ഹാര്‍ട്ട്' വിജയിക്കുക. തൈകള്‍ തമ്മില്‍ രണ്ട് അടി അകലം വേണം. അടുത്തടുത്ത് ചെടികള്‍ വരികളായി നടുമ്പോള്‍ വരികള്‍ തമ്മില്‍ മൂന്ന് അടി അകലം നല്‍കുക. രണ്ടു വര്‍ഷം പ്രായമുള്ള ചെടി പൂര്‍ണ്ണവളര്‍ച്ചയെത്തി രണ്ടുമൂന്നടി ഉയരം വയ്ക്കും. രണ്ടടി പടരുകയും ചെയ്യും. സ്ഥിരമായ നന നിര്‍ബന്ധമാണ് എന്ന കാര്യം മറക്കാതിരിക്കുക. 


ഇതേ ചെടി തന്നെ വേണ്ടവിധം മണ്ണും മണലും ചാണകപ്പൊടിയും നിശ്ചിത അനുപാതത്തില്‍ കലര്‍ത്തിയ ചട്ടിയിലും നടാം. രാസവള മിശ്രിതം ചെറിയ തോതില്‍ നല്‍കാമെങ്കിലും ജൈവവളത്തോടുതന്നെയാണ് ബ്ലീഡിംഗ് ഹാര്‍ട്ടിന് പ്രിയം. വര്‍ഷങ്ങളോളം നിലനില്‍ക്കുന്നു എന്നതിനാല്‍ ചെടി ഒരേ സ്ഥലത്തുതന്നെ വളര്‍ത്തിയാല്‍ കാടുപോലെ വളര്‍ന്നുപടരാന്‍ സാധ്യതയുണ്ട്. അതിനാല്‍ വേരും തണ്ടുമൊക്കെ ഇടയ്ക്കിടയ്ക്ക് പിരിച്ചുമാറ്റി നടണം. വേരുകള്‍ വളരെവേഗം പൊട്ടിപ്പോകുമെന്നതിനാല്‍ അവ ഇളക്കിയെടുക്കുമ്പോഴും മറ്റും സൂക്ഷിക്കുക. ഒരു വേരുകഷണത്തില്‍ ഒരു സജീവ മുകുളമെങ്കിലും ഉണ്ടാകണം. മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള കാലമാണ് ചെടികള്‍ വിഭജിക്കാന്‍ യോജിച്ചത്. 


ഇനി, ബ്ലീഡിംഗ് ഹാര്‍ട്ടിന്‍റെ ചില പ്രധാന ഇനങ്ങള്‍കൂടെ പരിചയപ്പെടാം. 

 ഡൈസെന്‍ട്ര എക്സീമി


ഡൈസെന്‍ട്ര സ്പെക്ടാബിലിസ്


ഡൈസെന്‍ട്ര ഫോര്‍മോസ


അഡ്രിയാന്‍ ബ്ലും-കടും ചുവപ്പ് പൂക്കള്‍, നീലപ്പച്ച നിറമുള്ള ഇലകള്‍.


ആല്‍ബ - വെളുത്ത പൂവ്


ബൗണ്ടിഫുള്‍ - കടും പിങ്ക് പൂക്കള്‍, നിറയെ പൂക്കുന്ന സ്വഭാവം. 


ലക്ഷൂറിയന്‍റ് - സര്‍വസാധാരണമായ ഇനം. ചെറിച്ചുവപ്പുള്ള പൂക്കള്‍, പന്നല്‍ച്ചെടിയോടു സാമ്യമുള്ള പച്ച ഇലകള്‍.


പന്‍റാലൂണ്‍ - വെളുത്ത പൂക്കള്‍


സ്നോ ഡ്രിഫ്റ്റ് - വെളുത്ത പൂക്കള്‍.


 ഉദ്യാനത്തില്‍ വളര്‍ത്താന്‍ മാത്രമല്ല, അത്യാവശ്യം പുഷ്പാലങ്കാര സംവിധാനങ്ങള്‍ക്കും ബ്ലീഡിംഗ് ഹാര്‍ട്ട് ഉപയോഗിക്കാം.


karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   4392709