പയര്‍

കേരളത്തില്‍ ഏറ്റവുമധികം വാണിജ്യ പ്രാധാന്യമുള്ള പച്ചക്കറിയാണ് പയര്‍. നിറത്തിലും വലിപ്പത്തിലും കേരളത്തിലെ ഓരോ പ്രദേശങ്ങളിലും വ്യത്യസ്തത പുലര്‍ത്തുന്നുവെങ്കിലും കേരളീയരുടെ പ്രിയപ്പെട്ട പച്ചക്കറികളിലൊന്നാണ് പയര്‍ എന്നതില്‍ സംശയമില്ല. പയര്‍കൊണ്ടുണ്ടാക്കുന്ന തോരനോ മെഴുക്കുപുരട്ടിയോ കേരളത്തിലെ വീടുകളില്‍ മിക്കദിവസങ്ങളിലുമുണ്ടാകും. പന്തലില്‍ പടര്‍ത്താവുന്ന വള്ളിപ്പയര്‍, അധികം പടരാത്ത തടപ്പയര്‍, കുറ്റിച്ചെടിയായി വളരുന്ന കുറ്റിപ്പയര്‍ എന്നിങ്ങനെ പലയിനം പയറിനങ്ങളുണ്ട്. ചെലവേറുമെങ്കിലും, കൂടുതല്‍ ലാഭം തരുന്ന വള്ളിപ്പയര്‍ കൃഷിയാണ് വാണിജ്യാടിസ്ഥാനത്തില്‍ കൂടുതലായും നടത്തുന്നത്. എന്നാല്‍ വീട്ടാവശ്യത്തിനായി തടപ്പയറും, കുറ്റിപ്പയറും ആണ് മുഖ്യം. അടുക്കളത്തോട്ടങ്ങളില്‍ ഏതുസമയത്തും പയര്‍ കൃഷിചെയ്യാം. പയര്‍ കൃഷിചെയ്യുമ്പോള്‍ കറിയാവശ്യങ്ങള്‍ക്കുള്ള പയര്‍ ലഭിക്കുന്നതോടൊപ്പം മണ്ണിന് ഫലഭൂയിഷ്ഠതയും കിട്ടുന്നു. പയറിന്‍റെ വേരില്‍ വളരുന്ന റൈസോബിയം എന്ന സൂക്ഷ്മാണു അന്തരീക്ഷത്തിലെ നൈട്രജന്‍ വലിച്ചെടുത്ത് സസ്യങ്ങള്‍ക്ക് ആഗിരണം ചെയ്യാവുന്ന രൂപത്തിലുള്ള വളമാക്കി മാറ്റുന്നു. ഇത് മണ്ണിനെ ഫലഭൂയിഷ്ഠതയുള്ളതാക്കി മാറ്റുന്നു.
പന്തല്‍പ്പയറിനങ്ങള്‍
- ലോല : നീണ്ട ഇളം പച്ചനിറമുള്ള പയറിന്‍റെ അഗ്രഭാഗത്ത് ചുവന്ന പാട് കാണാം. കറുത്തമണികള്‍, നന്നായി പടരുന്ന ഇനം, മികച്ച വിളവ് എന്നിവ ലോലയുടെ പ്രത്യേകതകളാണ്. പന്തല്‍പയറിനമാണ് ലോല. പയറുകള്‍ക്ക് 45 സെ.മീ. മുതല്‍ 55 സെ.മീ. വരെ നീളമുണ്ടാകും. കേരളത്തില്‍ മിക്ക ജില്ലകളിലെയും പ്രിയപ്പെട്ട ഇനം കൂടിയാണിത്.
- വൈജയന്തി : പടരുന്ന സ്വഭാവമുള്ള ഈ പയറിനത്തിന് നല്ല ചുവപ്പ് നിറമാണുള്ളത്. ബ്രൗണ്‍ നിറമുള്ള വിത്തുകളോടുകൂടിയ ഇവ മികച്ച വിളവും നല്‍കുന്നു. തൃശൂര്‍ ജില്ലയിലാണ് ഈയിനം പ്രധാനമായും കൃഷിചെയ്യുന്നത്.
- വെള്ളായണി ജ്യോതിക : അച്ചിങ്ങാപ്പയറിന്‍റെ പുതിയ ഒരിനം. നല്ല നീളമുള്ള ഇനമാണിത്. മികച്ച വിളവ് നല്‍കുന്ന ജ്യോതികയ്ക്ക് പയറിനെ ബാധിക്കുന്ന ഫ്യൂസേറിയം വാട്ടരോഗത്തെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. കായ്കള്‍ക്ക് ഇളം പച്ചനിറമാണ്. ഏതു കാലാവസ്ഥയിലും കൃഷിചെയ്യാം.
- മാലിക : പടരുന്ന ഇനം, ഇളം പച്ചനിറമുള്ള കായ്കള്‍ക്ക് 40 സെ.മീ. നീളം എന്നിവ ഈയിനത്തിന്‍റെ പ്രത്യേകതകളാണ്. ഇടത്തരം വിളവ് പ്രതീക്ഷിക്കാം.
കുറ്റിപ്പയറിനങ്ങള്‍
- കനകമണി: കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള കുറ്റിപ്പയറിനമാണ് കനകമണി. നല്ല പച്ചനിറമുള്ള കായ്കള്‍ക്ക് 18 സെ.മീറ്റര്‍ മുതല്‍ 20 സെ.മീറ്റര്‍ വരെ നീളം വരും. ചുവന്ന വിത്തുകള്‍, മണിയായും ഒടിച്ചും ഉപയോഗിക്കാവുന്ന ഇനം, മികച്ച സ്വാദ് എന്നീ സവിശേഷതകളും കനകമണിക്കുണ്ട്. നരപ്പുരോഗത്തിനെതിരേയും കരിമ്പന്‍കേടിനെതിരേയും പ്രതിരോധശേഷിയുണ്ട്.
- കൈരളി : ചുവപ്പ് നിറത്തിലുള്ള കുറ്റിപ്പയറിനം. മൊസൈക്കിനെതിരെ രോഗപ്രതിരോധശേഷിയുണ്ട്. 20-25 സെ.മീറ്റര്‍ നീളം വരും. ബ്രൗണ്‍ വിത്തുകള്‍ ഈയിനത്തിന്‍റെ പ്രത്യേകതയാണ്.
- പൂമ്പാ കോമള്‍ : വിത്തിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ പറിച്ചുമാറ്റി കൃഷിചെയ്യാവുന്ന ഇനം. പച്ചനിറമുള്ള കായ്കളുള്ള ഈയിനം ഇടവിളകൃഷിക്ക് അനുയോജ്യമാണ്.
- ഭാഗ്യലക്ഷ്മി : നേരത്തെ കായ്ക്കുന്ന ഇനം. ഇളം പച്ച നിറത്തോടുകൂടിയ കായ്കള്‍, വരയും കുറിയുമുള്ള വിത്തുകള്‍, മികച്ച സ്വാദ് എന്നിവ ഇവയുടെ മെച്ചങ്ങളാണ്.
തടപ്പയറിനങ്ങള്‍
- അനശ്വര : കുറ്റിപ്പയറിനേക്കാള്‍ കൂടുതല്‍ ഉയരത്തില്‍ വളരുന്ന തടപ്പയറിനമാണ് അനശ്വര. തണലുള്ള സ്ഥലങ്ങളിലും മണല്‍പ്രദേശങ്ങളിലും ഇവ നന്നായി വളരുന്നു. പയര്‍ എന്നതിലുപരി നല്ല ആവരണവിളയായും ഉപയോഗിക്കാം. അടുക്കളത്തോട്ടത്തിന് അനുയോജ്യമായ ഇനമാണ് അനശ്വര.
കൃഷിരീതികള്‍
നനയ്ക്കുന്നതിനു സൗകര്യമുണ്ടെങ്കില്‍ അടുക്കളത്തോട്ടത്തില്‍ ഏതുസമയത്തും പയര്‍ കൃഷിചെയ്യാവുന്നതാണ്. എന്നിരുന്നാലും, ജൂണ്‍-ജൂലൈ മാസമാണ് പയര്‍ നടാന്‍ ഏറ്റവും അനുയോജ്യം. ജൂലൈയില്‍ നട്ടതിനു ശേഷം നല്ല മഴയ്ക്കു ശേഷം സെപ്തംബര്‍ മാസത്തോടെ വിളവെടുക്കുകയാണെങ്കില്‍ ഏറ്റവും മികച്ച വിളവ് പ്രതീക്ഷിക്കാം. മഴക്കാലത്ത് ഉയര്‍ന്ന തടങ്ങളെടുത്ത് പയര്‍ കൃഷിചെയ്യാം. ഒരു മീറ്റര്‍ വീതിയുള്ള തടങ്ങളില്‍ കുറ്റിപ്പയറിനങ്ങള്‍ നടാവുന്നതാണ്.
ഒരു കുഴിയില്‍ 5 വിത്തുകളിട്ടാണ് നടുന്നത്. ഇവ മുളച്ച് വളര്‍ന്നുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടു തൈകളെ നിര്‍ത്തി ബാക്കിയുള്ളവ പിഴുതുകളയാം. ചെടികളുടെ തലപ്പുകള്‍ പടരാന്‍ തുടങ്ങുമ്പോള്‍ കമ്പുകള്‍ നാട്ടിക്കൊടുക്കണം. കുറ്റിപ്പയറിനങ്ങള്‍ക്ക് ഈ കമ്പുകള്‍ മാത്രം മതി. എന്നാല്‍ വള്ളിപ്പയറിനങ്ങള്‍ തലപ്പുകള്‍ നീളം വച്ച് വരുന്നതനുസരിച്ച് പന്തലില്‍ കയറ്റണം. മഴക്കാലത്ത് പയര്‍ കൃഷിചെയ്യുമ്പോള്‍ ചെടികളുടെ കടഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുവാന്‍ അനുവദിക്കരുത്. വേനല്‍ക്കാലത്ത് സ്ഥിരമായി നനയ്ക്കുകയും വേണം.
പ്രധാന രോഗങ്ങള്‍
- കരിമ്പന്‍കേട്: പയറിന് കാണുന്ന ~ഒരു പ്രധാനപ്പെട്ട രോഗമാണ് കരിമ്പന്‍കേട് അഥവാ വള്ളിയുണക്കം. ചെറിയ തൈച്ചെടികളുടെ മണ്ണുമായി സ്പര്‍ശിക്കുന്ന ഭാഗത്ത് നനഞ്ഞ പാടുകള്‍ കാണുന്നതാണ് ആദ്യലക്ഷണം. ക്രമേണ ചെടി ചീഞ്ഞുപോകുകയും, ചെടിയുടെ തണ്ടുഭാഗങ്ങള്‍ കറുത്ത് നശിച്ചുപോകുകയും ചെയ്യും. ഈ രോഗം വളരെ വേഗം മറ്റു ചെടികളിലേക്ക് വ്യാപിക്കുന്നു. മഴയുള്ള സമയത്തും വെള്ളം കെട്ടിനില്‍ക്കുന്നിടത്തും ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഇതിനെ നിയന്ത്രിക്കുന്നതിനായി മുന്‍കരുതല്‍ എന്ന നിലയ്ക്ക് 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി നടുന്നതിനു മുമ്പ് ഒഴിച്ച് തടം കുതിര്‍ക്കാം. 10 ദിവസം ഇടവിട്ട് ഇതാവര്‍ത്തിക്കുന്നതും നല്ലതാണ്. കൂടാതെ പയര്‍ കൃഷിചെയ്യുന്നതിനു മുമ്പായി തടത്തില്‍ ചവറുകൂട്ടി തീയിട്ടുകത്തിക്കുന്നത് നല്ലതാണ്. പയര്‍കൃഷി അവസാനിച്ചാല്‍ അതിന്‍റെ അവശിഷ്ടങ്ങള്‍ നശിപ്പിച്ചു കളയുന്നത് രോഗകാരികളായ കുമിളുകളെ ഒഴിവാക്കുന്നതിന് സഹായിക്കും.
- ചുവടുവാട്ടം : കരിമ്പന്‍കേടുപോലെതന്നെ സാധാരണയായി കാണപ്പെടുന്ന രോഗമാണ് ചുവടുവാട്ടം, പയര്‍ചെടികള്‍ പെട്ടെന്ന് വാടിപ്പോകുന്നു, ഒപ്പം ചെടിയുടെ അടിഭാഗം അസാധാരണമായ വിധം തടിച്ചുവരുന്നു. ഈ രോഗവും വളരെ പെട്ടെന്ന് വ്യാപിക്കുന്നതായി കാണാം. തടം ചുടുക, രോഗബാധിതമായ പയര്‍ ചെടികള്‍ നശിപ്പിച്ചുകളയുക എന്നതോടൊപ്പം സ്യൂഡോമോണാസ് 20 ഗ്രാം/ലിറ്റര്‍ എന്ന തോതില്‍ ഉപയോഗിക്കുന്നതും ഫലപ്രദമാണ്. അടുക്കളത്തോട്ടത്തില്‍ പയര്‍ അടുപ്പിച്ച് കൃഷിചെയ്യുന്നത് ഒഴിവാക്കണം. വിത്തുകള്‍ നടുമ്പോള്‍തന്നെ സ്യൂഡോമോണാസ് 10 ഗ്രാം വിത്തുകളുമായി കലര്‍ത്തിയശേഷം നട്ടാല്‍ ചുവടുവാട്ടത്തെ പ്രതിരോധിക്കാം.
- മൊസൈക്ക് രോഗം : പയറിനെ ബാധിക്കുന്ന മറ്റൊരു പ്രധാനപ്പെട്ട രോഗമാണിത്. ഇലകളിലെ പച്ചനിറം ക്രമേണ മങ്ങി മഞ്ഞനിറമായി മാറുന്നു. ഇലകുരുടിക്കല്‍, ഇലഞരമ്പ് കട്ടിയായി കാണല്‍, ഇലകള്‍ ചെറുതാവുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഈ അസുഖം ബാധിച്ച ചെടിയില്‍ നിന്നും നീരൂറ്റിക്കുടിച്ച് വൈറസ്വാഹകരായി മാറുന്ന ഇലപ്പേനുകളാണ് രോഗം പരത്തുന്നത്. ഈ രോഗത്തെ നിയന്ത്രിക്കുന്നതിനായി ആരോഗ്യമുള്ള, രോഗവിമുക്തമായ ചെടികളില്‍ നിന്നുമാത്രം വിത്തുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കണം. മൊസൈക്ക് രോഗം ബാധിച്ച ചെടികള്‍ നശിപ്പിച്ചു കളയണം. അതോടൊപ്പം ഇലപ്പേനുകളെ നിയന്ത്രിക്കുന്നതും രോഗം പടരുന്നതു കുറയ്ക്കുന്നു.
- ഇലപ്പുള്ളിരോഗം : പയര്‍ചെടികളുടെ ഇലകളില്‍ കാണപ്പെടുന്ന ചെറിയ പൊട്ടുകള്‍ പോലുള്ള പാടുകളാണ് ലക്ഷണം. ക്രമേണ ഇത് ഇലമുഴുവന്‍ വ്യാപിച്ച് ചെടിയെ ഉണക്കിക്കളയുന്നു. ആക്രമണം രൂക്ഷമാകുമ്പോള്‍ ഇലകള്‍ പൊടിഞ്ഞ് ചെടി ഉണങ്ങി നശിച്ചുപോകും. സ്യൂഡോമോണാസ് 20 ഗ്രാം/ലിറ്ററിലോ, 3 മില്ലി/ ഒരു ലിറ്ററിലോ എടുത്ത് തളിക്കാവുന്നതാണ്. തുടര്‍ച്ചയായ സ്യൂഡോമോണാസിന്‍റെ ഉപയോഗം രോഗത്തെ നിയന്ത്രിക്കുന്നതിനു സഹായിക്കും.
പ്രധാന കീടങ്ങള്‍
- മുഞ്ഞ/പയര്‍പ്പേന്‍ : പയര്‍ കൃഷിചെയ്യുന്നവരുടെ പ്രധാനപ്രശ്നമാണ് മുഞ്ഞ/പയര്‍പ്പേന്‍. പയറിന്‍റെ ഇളംതണ്ടുകളിലും പൂവിലും ഞെട്ടിലും കായിലും കൂട്ടംകൂട്ടമായി പറ്റിപ്പിടിച്ചിരുന്ന് നീരൂറ്റിക്കുടിക്കുകയാണ് ഇവ ചെയ്യുന്നത്. പയര്‍ചെടികളില്‍ കറുത്തനിറത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ഈ കീടങ്ങള്‍ വേഗത്തില്‍ വംശവര്‍ദ്ധന നടത്താന്‍ കഴിവുള്ളവയാണ്. ഇവയുടെ ആക്രമണംമൂലം പയര്‍ചെടികളിലെ പൂവ് കൊഴിയുകയും, കായ്കള്‍ ഉണങ്ങി കേടുവന്ന് പോകുകയും ചെയ്യുന്നു. മുഞ്ഞയോടൊപ്പം ധാരാളം ഉറുമ്പുകളേയും കാണാവുന്നതാണ്. ഉറുമ്പുകള്‍ ഇവയെ ഒരു ചെടിയില്‍നിന്ന് മറ്റൊന്നിലേക്ക് എത്തിക്കുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി കഞ്ഞിവെള്ളം നേര്‍പ്പിച്ച് (ഒരു ലിറ്റര്‍ കഞ്ഞിവെള്ളത്തില്‍ മൂന്ന് ലിറ്റര്‍ വെള്ളം) ചെടിയില്‍ നന്നായി തളിച്ചുകൊടുക്കുക. തളിച്ച കഞ്ഞിവെള്ളം ഉണങ്ങിക്കഴിയുമ്പോള്‍ കഞ്ഞിവെള്ളത്തിന്‍റെ പാട തട്ടിക്കളഞ്ഞശേഷം വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തളിക്കണം. ഇതിനുപുറമെ നാറ്റപ്പൂച്ചെടി- സോപ്പ് മിശ്രിതവും വളരെ ഫലപ്രദമാണ്.
- ചിത്രകീടം : വള്ളിപ്പയറില്‍ ചിത്രകീടത്തിന്‍റെ ആക്രമണം സാധാരണയായി വര്‍ദ്ധിച്ച തോതില്‍ കണ്ടുവരുന്നു. പെണ്ണീച്ച ഇലയുടെ പ്രതലത്തില്‍ മുറിവുണ്ടാക്കി മുട്ടയിടുന്നു. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴു ഇലഞരമ്പുകള്‍ക്കിടയിലെ ഉള്‍ഭാഗം തുരന്നു തിന്നുനശിപ്പിക്കുന്നു. പുഴുക്കള്‍ ഇലകളിലെ കോശങ്ങള്‍ തിന്നുനശിപ്പിക്കുന്നതിനനുസരിച്ച് വെളുത്തപാടുകള്‍ ഇലകളില്‍ കാണുന്നു. കേടുബാധിച്ചു ഇലകള്‍ കരിഞ്ഞുണങ്ങി നശിച്ചുപോകുന്നു. പുഴുക്കള്‍ ഇലയുടെ ഉള്‍ഭാഗത്തായതിനാല്‍ കീടനിയന്ത്രണം പ്രയാസകരമാണ്. കീടബാധയുള്ള ഇലകള്‍ കണ്ടാല്‍ അവ നശിപ്പിച്ചുകളയേണ്ടതാണ്. കൂടാതെ വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിക്കുകയും മണ്ണില്‍ കൂടുതലായി (ചെടിയൊന്നിന് 100 ഗ്രാം) വേപ്പിന്‍പിണ്ണാക്ക് ചേര്‍ത്തുകൊടുക്കുകയും വേണം.
- കായ്തുരപ്പന്‍പുഴു : പയറിനെ ആക്രമിക്കുന്ന കീടങ്ങളില്‍ പ്രധാനപ്പെട്ടതാണ് കായ്തുരപ്പന്‍പുഴുക്കള്‍. ഈച്ചയുടെ പുഴുക്കള്‍, ചിത്രശലഭങ്ങളുടെ പുഴുക്കള്‍ തുടങ്ങിയവയെ ഈ ഗണത്തില്‍ കണ്ടുവരുന്നു. പലപ്പോഴും പയര്‍ പൂവിടുമ്പോള്‍ തന്നെ പൂവില്‍ മുട്ടകളിട്ടുവയ്ക്കുന്ന ഇവ പയര്‍ വളരുന്നതോടൊപ്പം വളര്‍ന്നുവരുന്നു. തുടര്‍ന്ന് പയറിലെ മാംസളമായ ഭാഗങ്ങള്‍ തിന്നുനശിപ്പിച്ച് പയറിനെ ഭക്ഷ്യയോഗ്യമല്ലാതാക്കുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി കാന്താരിമുളക് - ഗോമൂത്രമിശ്രിതം തളിക്കാവുന്നതാണ്. കൂടാതെ ആക്രമണം ഉണ്ടായ കായ്കള്‍ പറിച്ചെടുത്തു നശിപ്പിച്ചുകളയണം. അടുക്കളത്തോട്ടത്തില്‍ കൊഴിഞ്ഞുവീഴുന്ന പൂക്കളും കായ്കളും നശിപ്പിച്ചുകളയുകയും വേണം. ചിത്രശലഭങ്ങളെയും നിശാശലഭങ്ങളെയും ഈച്ചകളെയും നിയന്ത്രിക്കുന്നതിന് വിവിധ വിളക്കുകെണികള്‍ ഉപയോഗിക്കാവുന്നതാണ്.
- തണ്ടീച്ച : പയറിന്‍റെ വളര്‍ച്ചയുടെ ആദ്യഘട്ടങ്ങളിലാണ് തണ്ടീച്ചയുടെ ആക്രമണമുണ്ടാകുന്നത്. തണ്ടീച്ചയുടെ പുഴുക്കള്‍ തണ്ടിന്‍റെ ഉള്‍ഭാഗം തിന്നുനശിപ്പിക്കുന്നതിനാല്‍ തണ്ടുകള്‍ വീര്‍ത്തുവരുന്നു. അതിനുമുകളിലെ ഭാഗം വാടുകയും ക്രമേണ ഉണങ്ങി നശിച്ചുപോകുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കാന്‍ വേപ്പിന്‍കുരുസത്ത് അല്ലെങ്കില്‍ വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ 2 മില്ലി/ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് രോഗബാധിതമായ സ്ഥലങ്ങളില്‍ തളിച്ചുകൊടുക്കാം. വീര്‍ത്ത ഭാഗങ്ങള്‍ നെടുകെ പിളര്‍ന്നു നോക്കിയാല്‍ തണ്ടീച്ചയെ കാണാവുന്നതാണ്. അവയെ അപ്പോള്‍ തന്നെ നശിപ്പിക്കുക.
- ചാഴികള്‍ : പയറില്‍ കായ് വലുതായി വരുന്നതിനോടൊപ്പം ചാഴികളേയും കണ്ടുവരുന്നു. തവിട്ടുനിറത്തിലുള്ള ഇവ പയര്‍മണികളില്‍നിന്നും നീരൂറ്റിക്കുടിക്കുന്നതിനാല്‍ അവ ചുക്കിച്ചുളിഞ്ഞുപോകുന്നു. പയര്‍മണികളുടെ എണ്ണത്തിലും കുറവുണ്ടാകുന്നതായി കാണാം. ചാഴികളെ കൈവല/വീശുവലകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാം. കൂടാതെ കാന്താരിമുളക് - ഗോമൂത്രമിശ്രിതമോ, പാല്‍ക്കായം-വെളുത്തുള്ളി മിശ്രിതമോ ഉപയോഗിക്കാം. (10 ലിറ്റര്‍ വെള്ളത്തില്‍ 40 ഗ്രാം പാല്‍ക്കായവും 200ഗ്രാം വെളുത്തുള്ളി അരച്ചെടുത്തതും ചേര്‍ത്തുണ്ടാക്കുന്നതാണ് പാല്‍ക്കായ-വെളുത്തുള്ളി മിശ്രിതം).
വിളവെടുപ്പ്
പയര്‍ നട്ട് 45-ാം ദിവസം മുതല്‍ പൂവിട്ടു തുടങ്ങും. പൂവിട്ടു തുടങ്ങിയാല്‍ 10- 15 ദിവസത്തിനകം പയര്‍ വിളവെടുപ്പിന് പാകമാകും. മൂന്നര മാസത്തോളം തുടര്‍ച്ചയായി വിളവെടുക്കുകയും ചെയ്യാം.
പയര്‍ ഇനം |
1 സെന്‍റില്‍നിന്നും ലഭിക്കുന്ന
ഏകദേശ വിളവ് |
വള്ളിപ്പയര്‍ |
70-80 കി.ഗ്രാം |
കുറ്റിപ്പയര്‍ |
20-25 കി.ഗ്രാം |
തടപ്പയര്‍ |
45-50 കി.ഗ്രാം |