തക്കാളി
തെക്കേ അമേരിക്കയിലെ പെറുവാണ് തക്കാളിയുടെ ജന്മദേശം. പാവപ്പെട്ടവന്‍റെ ഓറഞ്ച് എന്നാണ് തക്കാളി അറിയപ്പെടുന്നത്. കേരളത്തില്‍ ധാരാളം ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി കുറവാണ്. എന്നാല്‍, അടുക്കളത്തോട്ടത്തിലെ കൃഷിക്ക് ഏറ്റവും അനുയോജ്യമായ വിളകളിലൊന്നാണ് തക്കാളി. ബി.കോംപ്ലക്സ് ജീവകങ്ങള്‍ അടങ്ങിയ തക്കാളിയില്‍ കരോട്ടിന്‍, സിട്രിക് ആസിഡ്, മാലിക് ആസിഡ് എന്നിവയും അടങ്ങിയിട്ടുണ്ട്. കേരളത്തില്‍ ഒട്ടുമിക്ക കറികളിലും തക്കാളി ചേരുവയായതിനാല്‍ അടുക്കളത്തോട്ടത്തില്‍ വിഷമയമില്ലാത്ത തക്കാളി നട്ടുവളര്‍ത്തേണ്ടത് അത്യാവശ്യമാണ്.
ഇനങ്ങള്‍
- ശക്തി: ബാക്ടീരിയല്‍ വാട്ടത്തെ ചെറുക്കാന്‍ ശേഷിയുള്ള ഇനമാണിത്. ഇടത്തരം വലിപ്പമുള്ള പരന്നുരുണ്ട കായ്കളുള്ള ഈയിനത്തിന് പച്ചനിറമുള്ള ഷോള്‍ഡര്‍ (തോളുകള്‍) ഉണ്ടെന്ന ഒരു പോരായ്മ ഉണ്ട്. കൂടാതെ ഏറെ മൂക്കും മുമ്പെ വിളവെടുത്തില്ലെങ്കില്‍ കായ്കള്‍ വിണ്ടുകീറിപ്പോകുന്നതായി കാണാം.
- മുക്തി : ഇളം പച്ചനിറമുള്ള കായ്കള്‍, ബാക്ടരീയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷി എന്നിവയാണ് ഈയിനത്തിന്‍റെ പ്രത്യേകതകള്‍.
- അനഘ: ഇടത്തരം വലിപ്പമുള്ള കായ്കളുള്ള ഈയിനത്തിന് പഴുക്കുമ്പോള്‍ നല്ല ചുവപ്പ് നിറമാണ്. ബാക്ടീരിയല്‍ വാട്ടത്തിനെതിരെ പ്രതിരോധശേഷിയുള്ള അനഘ വീണ്ടുകീറുകയില്ല എന്ന സവിശേഷതയുണ്ട്. അടുക്കളത്തോട്ടത്തിലേക്ക് ഏറെ അനുയോജ്യമായ ഇനമാണിത്.
കൃഷിരീതി
സെപ്തംബര്‍-ഒക്ടോബര്‍ മാസമാണ് കേരളത്തില്‍ തക്കാളികൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. നന്നായി മഴപെയ്യുന്ന കാലങ്ങള്‍ ഒട്ടും യോജിച്ചതല്ല. ഒരു സെന്‍റില്‍ കൃഷിചെയ്യുന്നതിന് 2 ഗ്രാം വിത്തുവേണം. വിത്ത് മുളപ്പിച്ചെടുക്കുന്ന തൈകള്‍ 25 ദിവസത്തിനുശേഷം മാറ്റിനടാം. വാരങ്ങള്‍ തമ്മിലും, ചെടികള്‍ തമ്മിലും രണ്ട് അടി ഇടയകലം വേണം. നല്ല നീര്‍വാര്‍ച്ചയും, സൂര്യപ്രകാശവും ലഭിക്കുന്ന സ്ഥലം അടുക്കളത്തോട്ടത്തില്‍ തക്കാളിക്കായി മാറ്റിവയ്ക്കണം.
രോഗങ്ങള്‍
വാട്ടരോഗം, തൈചീയല്‍, ഇലകരിച്ചില്‍, ഇലചുരുളല്‍ എന്നിവയാണ് തക്കാളിയെ ബാധിക്കുന്ന പ്രധാന രോഗങ്ങള്‍. രോഗലക്ഷണങ്ങളും നിയന്ത്രണമാര്‍ഗങ്ങളും വഴുതനയുടേതുപോലെതന്നെയാണ്.
കീടങ്ങള്‍
- ചിത്രകീടം : ഇലകളില്‍ക്കൂടി വളഞ്ഞുപുളഞ്ഞു വെള്ള നിറത്തിലുള്ള വരകള്‍ കാണുന്നതാണ് പ്രഥമ ലക്ഷണം. പിന്നീട് ഇവ കരിഞ്ഞ് ഇലകള്‍ നശിച്ചുപോകുന്നു. ചെറിയ തൈകളിലും വലിയ ചെടികളിലും ഇതിന്‍റെ ആക്രമണം കണ്ടുവരുന്നു. ഇവയെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഉപയോഗിക്കാം.
- നിമാവിരകള്‍ : തക്കാളിയില്‍ കാണുന്ന മറ്റു പ്രധാനകീടങ്ങളാണ് നിമാവിരകള്‍. നിമാവിരകള്‍ ആക്രമിച്ച ചെടിയുടെ വേരുകളില്‍ ചെറിയ മുഴകള്‍ കാണാം. ഇവ ചെടിയെ നശിപ്പിക്കുന്നു. ഇവയെ നിയന്ത്രിക്കുവാന്‍ തടത്തില്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെയോ വേപ്പിന്‍റെയോ ഇല ഒരു തടത്തിന് 250 ഗ്രാം എന്ന തോതില്‍ ചേര്‍ത്തുകൊടുക്കാം. അല്ലെങ്കില്‍ ഒരു കിലോഗ്രാം ഉമിയോ, 500 ഗ്രാം അറക്കപ്പൊടിയോ ചേര്‍ത്താല്‍ മതി. നന്നായി പൊടിച്ച വേപ്പിന്‍പിണ്ണാക്ക് 50 ഗ്രാം തടമൊന്നിന് എന്ന കണക്കില്‍ മണ്ണുമായി ചേര്‍ത്ത് ഇളക്കിക്കൊടുക്കുന്നതും നിമാവിരകളെ നശിപ്പിക്കും. തക്കാളി കൃഷിചെയ്യുന്ന സ്ഥലത്തിനു ചുറ്റും ജമന്തി നട്ടുവളര്‍ത്തുന്നതും നിമാവിരകളെ പ്രതിരോധിക്കുന്നതിനു സഹായിക്കും. തക്കാളികൃഷി കഴിയുമ്പോള്‍ ജമന്തി വേരോടെ പിഴുത് നശിപ്പിക്കുകയും വേണം.
ഇലപ്പേന്‍, മുഞ്ഞ, വെള്ളീച്ച എന്നിവയാണ് തക്കാളിയെ ബാധിക്കുന്ന മറ്റു പ്രധാന കീടങ്ങള്‍. ഇവയുടെ ലക്ഷണങ്ങളും നിയന്ത്രണമാര്‍ഗ്ഗങ്ങളും മുളകിന്‍റേതുപോലെതന്നെയാണ്.
വിളവെടുപ്പ്
തക്കാളി മാറ്റി നട്ട് രണ്ടുമാസത്തിനകം വിളവെടുപ്പ് നടത്താം.