കുമ്പളം
തെക്കു കിഴക്കന്‍ ഏഷ്യയാണ് കുമ്പളത്തിന്‍റെ ജന്മദേശമായി കരുതപ്പെടുന്നത്. ചിലയിടങ്ങളില്‍ നവദമ്പതികള്‍ക്ക് വിവാഹസമയത്ത് സൗഭാഗ്യത്തിന്‍റെ അടയാളമായി കുമ്പളങ്ങ നല്‍കാറുണ്ട്. വാതം, രക്തദൂഷ്യം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്ക് നല്ല പ്രതിവിധിയായി കുമ്പളത്തെ കരുതിപ്പോരുന്നു. കൂശ്മാണ്ഡരസായനത്തിന്‍റെ മുഖ്യഘടകവുമാണ് കുമ്പളം. കുമ്പളം ഉപയോഗിച്ചുണ്ടാക്കുന്ന 'ആഗ്രാപേഡ' പ്രശസ്തമാണ്. കേരളത്തില്‍ കറിയാവശ്യത്തിനായാണ് കുമ്പളം ഉപയോഗിച്ചുവരുന്നത്.
ഇനങ്ങള്‍
- കെ.എ.യു. ലോക്കല്‍ : നീണ്ട് ഉരുണ്ട കായ്കളും നല്ല വിളവും നല്‍കുന്ന ഇനമാണ് കെ.എ.യു. ലോക്കല്‍. നല്ല പാകമാകുമ്പോള്‍ ചാരനിറം കൈവരുന്നു. ഇളംപ്രായത്തില്‍ പച്ചനിറമാണ്. കായ്കള്‍ക്ക് 4.5 കി.ഗ്രാം മുതല്‍ 6 കി.ഗ്രാം വരെ തൂക്കമുണ്ടാകും.
- ഇന്ദു : നീളം കുറഞ്ഞ് ഉരുണ്ട കായ്കളോടുകൂടിയ അത്യുല്‍പ്പാദനശേഷിയുള്ള ഇനമാണിത്. കായ്കള്‍ക്ക് 2.5 കി.ഗ്രാം മുതല്‍ 4 കി.ഗ്രാം വരെയേ തൂക്കമുണ്ടാകൂ. അടുക്കളത്തോട്ടത്തില്‍ വളര്‍ത്താന്‍ യോജിച്ച ഇനം. മൊസൈക്ക് രോഗത്തിനെതിരെ മികച്ച പ്രതിരോധശേഷിയുണ്ട്.
കൃഷിരീതി
സെപ്തംബര്‍-ഡിസംബര്‍, ജനുവരി-മാര്‍ച്ച്, മെയ്-ആഗസ്റ്റ് എന്നീ മാസങ്ങളാണ് കുമ്പളം നടുന്നതിന് ഏറ്റവും അനുയോജ്യം. മഴക്കാലത്താണ് നടുന്നതെങ്കില്‍ വെള്ളം കെട്ടിനില്‍ക്കാതെ സൂക്ഷിക്കണം. മഞ്ഞളിപ്പുരോഗത്തെ നിയന്ത്രിക്കുന്നതിന് സെപ്തംബര്‍-ഒക്ടോബറില്‍ വിത്തിടുന്നതാണ് നല്ലത്. ഒരു സെന്‍റില്‍ കൃഷിചെയ്യുന്നതിന് 4 ഗ്രാം വിത്തുവേണം. കുമ്പളത്തിന്‍റെ വിത്തുകള്‍ സാധാരണയായി മെല്ലെ കിളിര്‍ത്തുവരുന്നവയാണ്. അതിനാല്‍, നടുന്നതിനുമുമ്പ് വെള്ളത്തില്‍ ഇട്ടുവയ്ക്കുന്നത് നല്ലതാണ്. കുമ്പളത്തിന് ചെടികള്‍ക്കിടയില്‍ 4.5 മീറ്ററും വരികള്‍ക്കിടയില്‍ 2 മീറ്ററും ഇടയകലം നല്‍കണം. ഓരോ കുഴിയിലും 4-5 വരെ വിത്തിട്ട് മുളച്ചുവരുമ്പോള്‍ ആരോഗ്യമുള്ള രണ്ടോ മൂന്നോ ചെടികള്‍ മാത്രം നിര്‍ത്തി ബാക്കിയുള്ളവ പിഴുതുകളയാം.
പ്രധാന രോഗങ്ങള്‍
- മൊസൈക്ക് (മഞ്ഞളിപ്പ്) : ഇലകളില്‍ പച്ചയും മഞ്ഞയും നിറങ്ങള്‍ ഇടകലര്‍ന്നു കാണുന്നു. ഇലകളില്‍ തടിപ്പ്, ഇലകള്‍ ചുരുണ്ടു നശിച്ചുപോകുക എന്നീ ലക്ഷണങ്ങളും കാണാവുന്നതാണ്. ഇതോടൊപ്പം ചെടികള്‍ മുരടിച്ച് വളര്‍ച്ച കുറയുന്നു. രോഗബാധയില്ലാത്ത ചെടികളില്‍നിന്ന് വിത്തെടുക്കുക, രോഗബാധിതമായ ശാഖകള്‍ മുറിച്ച് നശിപ്പിച്ചുകളയുക, രോഗപ്രതിരോധശേഷിയുള്ള ഇന്ദു പോലെയുള്ള ഇനങ്ങള്‍ ഉപയോഗിക്കുക എന്നിവയാണ് പ്രധാന പ്രതിരോധമാര്‍ഗങ്ങള്‍. നീരുകുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാന്‍ വേപ്പധിഷ്ഠിത ജൈവകീടനാശിനികള്‍ ഉപയോഗിക്കാവുന്നതാണ്.
- മൃദുരോമപ്പൂപ്പ്: ഇലകളില്‍ മഞ്ഞനിറത്തിലുള്ള ചെറിയ പൊട്ടുകള്‍ കാണുന്നു. ഇലയ്ക്കടിയില്‍ വെള്ളം നനഞ്ഞ രീതിയിലുള്ള പാടുകളും കാണാം. ക്രമേണ ഇവ വലുതായി ഇലകള്‍ കരിഞ്ഞുപോകുന്നു. ഈ രോഗത്തിനെതിരെ ന്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെടുത്ത് തളിച്ചുകൊടുക്കാവുന്നതാണ്. തളിക്കുമ്പോള്‍ ഇലയുടെ അടിവശത്തും വീഴത്തക്കവിധത്തില്‍വേണം തളിക്കാന്‍. മഴക്കാലത്ത് ഈ രോഗം കൂടുതലായി കാണപ്പെടുന്നു.
- ചൂര്‍ണ്ണപൂപ്പ് : കുമ്പളത്തിന്‍റെ ഇലകളില്‍ ചാരനിറത്തില്‍ പൊടി വിതറിയപോലെ കാണപ്പെടുന്നു. ക്രമേണ ഇല മഞ്ഞളിച്ച് കരിഞ്ഞു പോകുന്നു. ഈ രോഗത്തിനെതിരെ സള്‍ഫര്‍ പൗഡര്‍ (ഗന്ധകപ്പൊടി) മൂന്നുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിലെടുത്ത് നന്നായി യോജിപ്പിച്ചതിനുശേഷം തളിച്ചാല്‍ മതി.
കീടങ്ങള്‍
- ആമവണ്ട് : വണ്ടുകളും, പുഴുക്കളും ഇലകളിലെ ഹരിതകം കാര്‍ന്നുതിന്ന് ഇലകളെ നശിപ്പിക്കുന്നു. ഇലകളുടെ ഞരമ്പുകള്‍ മാത്രം അവശേഷിപ്പിച്ച് വലപോലെയാക്കുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി ആമവണ്ടിന്‍റെ മുട്ട, പുഴു, സമാധി, വണ്ട് എന്നീ ദശകള്‍ ശേഖരിച്ച് നശിപ്പിച്ചു കളയാവുന്നതാണ്. ആവശ്യമെങ്കില്‍ കാന്താരിമുളക് - ഗോമൂത്രമിശ്രിതമോ, സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്ററില്‍ കലക്കിയതോ തളിച്ചുകൊടുക്കാവുന്നതാണ്.
- പടവലവണ്ട് : ചുവപ്പ്, നീല, തവിട്ട് നിറങ്ങളില്‍ കാണപ്പെടുന്ന പടവലവണ്ടുകള്‍ ഇല തിന്ന് ദ്വാരങ്ങള്‍ ഉണ്ടാക്കുകയും കായ്കള്‍ തുരന്നു നശിപ്പിക്കുകയും ചെയ്യുന്നു. മണ്ണിലുള്ള പുഴുക്കള്‍ വേരുതുളച്ച് ചെടിയെ ഉണക്കുന്നു. ഈ വണ്ടുകളെ കൈവലകള്‍ ഉപയോഗിച്ച് വീശിപ്പിടിച്ചതിനുശേഷം നശിപ്പിക്കാവുന്നതാണ്. വിത്തിടുന്നതിനുമുമ്പ് തടത്തില്‍ ചപ്പുചവറുകളിട്ട് കത്തിക്കുന്നത് മണ്ണിലെ പുഴുക്കളെ നിയന്ത്രിക്കാന്‍ സഹായിക്കും. വണ്ടുകളെ അകറ്റാന്‍ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതവും ഉപയോഗിക്കാം.
വിളവെടുപ്പ്
കുമ്പളം നട്ട് ഏകദേശം 80-85 ദിവസത്തിനുള്ളില്‍ ആദ്യത്തെ വിളവെടുപ്പ് നടത്താം. അടുക്കളത്തോട്ടത്തില്‍ മൂന്നുമാസത്തോളം വിളവെടുപ്പ് നടത്താനും സാധിക്കും.