കോവല്‍


ദീര്‍ഘകാലം വിളവ് നല്‍കുന്ന വെള്ളരിവര്‍ഗ്ഗവിളയാണ് കോവല്‍ അഥവാ കോവയ്ക്ക. പടര്‍ന്നുവളരുന്ന ഇതിന്‍റെ തണ്ടുകളാണ് നടുന്നതിനായി ഉപയോഗിക്കുന്നത്. വിത്തുകള്‍ നടുന്നതിനായി ഉപയോഗിക്കാറില്ല. സാധാരണ വെള്ളരിവര്‍ഗ്ഗവിളകളില്‍ ഒരുചെടിയില്‍തന്നെ ആണ്‍പൂക്കളും പെണ്‍പൂക്കളും കണ്ടുവരുന്നു. എന്നാല്‍ കോവലില്‍ ആണ്‍-പെണ്‍ ചെടികള്‍ വെവ്വേറെയാണ് കാണപ്പെടുന്നത്. പ്രകൃതിദത്തമായ ഇന്‍സുലിന്‍ ധാരാളമുള്ള വിളയാണ് കോവല്‍. അതിനാല്‍ത്തന്നെ, പ്രമേഹരോഗികള്‍ക്ക് കോവല്‍ പച്ചയായി തന്നെ കഴിക്കുന്നത് ഏറെ ഗുണം ചെയ്യും. കൂടാതെ ഇതിന്‍റെ വേരും തണ്ടും ഇലയുമൊക്കെ ഔഷധഗുണവുമുള്ളതാണെന്ന പ്രത്യേകതയുമുണ്ട്. 

 

ഇനങ്ങള്‍ 


കോവയ്ക്കയില്‍ പ്രധാനമായും രണ്ടിനങ്ങളുണ്ട്. കയ്പുള്ളവയും ഇല്ലാത്തവയും. ഇലകളുടെ പ്രത്യേകതകള്‍കൊണ്ടിവയെ തിരിച്ചറിയാം. കയ്പില്ലാത്ത ഇനങ്ങളുടെ ഇലകള്‍ക്ക് മിക്കവാറും അഞ്ചിതളുകള്‍ ഉണ്ടായിരിക്കും. അവയുടെ കായ്കള്‍ക്ക് ഇളം പച്ചനിറവുമാണ്. കോവലില്‍ മിക്കവാറും നാടന്‍ ഇനങ്ങള്‍ ആണ് കൃഷി ചെയ്തുവരുന്നത്. ഉരുണ്ട കായ്കളുള്ള 'കട്ടന്‍' എന്നയിനവും നീണ്ട് വരകളോടുകൂടിയ 'സൂപ്പര്‍' എന്നയിനവും  പ്രസിദ്ധമാണ്. കേരള കാര്‍ഷിക സര്‍വ്വകലാശാല പുറത്തിറക്കിയ സുലഭ എന്നയിനം നല്ല വിളവ് നല്‍കുന്നതാണ്. 


സുലഭ : അത്യുത്പാദനശേഷി, ഇളംപച്ചനിറത്തില്‍ വരകളോടുകൂടിയ ഇടത്തരം നീളമുള്ള കായ്കള്‍ എന്നിവയാണ് ഈയിനത്തിന്‍റെ പ്രത്യേകതകള്‍. 

 

കൃഷിരീതി 


നല്ല കായ്പിടുത്തമുള്ള ചെടികളില്‍നിന്ന് ശേഖരിക്കുന്ന ചാരനിറവും, 30-40 സെ.മീ. നീളവുമുള്ള തണ്ടുകളാണ് നടീലിന് ഉപയോഗിക്കുന്നത്. ഇവയ്ക്ക് മൂന്നു മുട്ടുകളെങ്കിലും വേണം. പെണ്‍ചെടിയില്‍നിന്നുമുള്ള കമ്പുകളായിരിക്കണം നടുന്നതിനായി തെരഞ്ഞെടുക്കുന്നത്.   നല്ല നീര്‍വാര്‍ച്ചയുള്ള എല്ലാത്തരം മണ്ണിലും കോവല്‍ കൃഷി ചെയ്യാം. 60 സെ.മീ. വ്യാസവും 30 സെ.മീ. താഴ്ചയുമുള്ള കുഴികളെടുത്ത് ഓരോ കുഴിയിലും രണ്ട് മുട്ടുകള്‍ മണ്ണിനടിയില്‍ വരത്തക്കവിധം നടാവുന്നതാണ്. വരികള്‍ തമ്മില്‍ നാല് മീറ്ററും ചെടികള്‍ തമ്മില്‍ മൂന്ന് മീറ്ററും ഇടയകലം വേണം. മെയ്-ജൂണ്‍, സെപ്റ്റംബര്‍-ഒക്ടോബര്‍ ആണ് നടുന്നതിന് അനുയോജ്യമായ സമയങ്ങള്‍.

 

രോഗങ്ങള്‍ 


മൊസൈക്ക് രോഗം : മറ്റു വെള്ളരിവര്‍ഗ്ഗ വിളകളെപ്പോലെ കോവലിലും മൊസൈക്ക് രോഗം പ്രധാന  പ്രശ്നമാണ്. രോഗം ബാധിച്ച ചെടിയുടെ ഇലകള്‍ തടിച്ച്, വളഞ്ഞ് രൂപമാറ്റം സംഭവിക്കുന്നു. ക്രമേണ ചെടി നശിച്ചു പോകുന്നു. രോഗം വളരെയധികം ബാധിച്ച ചെടികളെ നശിപ്പിച്ചു കളയണം. രോഗം പരത്തുന്ന കീടങ്ങളെ നിയന്ത്രിക്കാന്‍ വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതമോ വേപ്പധിഷ്ഠിത ജൈവകീടനാശിനികളോ ഉപയോഗിക്കാവുന്നതാണ്. 

 

കീടങ്ങള്‍ 

 

  • മുഞ്ഞ : കോവലിന്‍റെ വിളവിനെ ബാധിക്കുന്ന പ്രധാന കീടാക്രമണമാണ് മുഞ്ഞയുടേത്. ഇലകളുടെ അടിയിലിരുന്ന് നീരൂറ്റിക്കുടിക്കുന്നതിനു പുറമേ മൊസൈക്ക് എന്ന വൈറസ് രോഗവും പരത്തുന്നു. മുഞ്ഞകളും അവയുടെ കുഞ്ഞുങ്ങളും നീരൂറ്റിക്കുടിക്കുന്നതുമൂലം ചെടിയുടെ വളര്‍ച്ച മുരടിച്ചുവരുന്നു. ഇവയെ നിയന്ത്രിക്കുവാന്‍ വെളുത്തുള്ളി-വേപ്പെണ്ണ മിശ്രിതമോ കഞ്ഞിവെള്ളം നേര്‍പ്പിച്ചതോ ഉപയോഗിക്കാം. 

 

  • കായീച്ച  : കോവലില്‍ ആദ്യവിളവ് തുടങ്ങുമ്പോഴാണ് കായീച്ചയുടെ ശല്യമുണ്ടാകുന്നത്. കായീച്ചയുടെ പുഴുക്കള്‍ കോവയ്ക്കയില്‍ ആക്രമണം നടത്തുന്നു. തല്‍ഫലമായി മൂപ്പെത്തുന്നതിനു മുമ്പേ കോവയ്ക്ക വീണുപോകുന്നു. ഫിറമോണ്‍ കെണികള്‍ ഉപയോഗിച്ച് കായീച്ചകളെ നിയന്ത്രിക്കാവുന്നതാണ്. ബ്ലൂവേറിയ ബാസ്സിയാന എന്ന ജീവാണുകീടനാശിനി 10 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കുറച്ച് ശര്‍ക്കരയും കലര്‍ത്തി തളിക്കാവുന്നതാണ്. 

 

വിളവെടുപ്പ് 


ഇനങ്ങളുടെ പ്രത്യേകതയനുസരിച്ച് 2-3 മാസങ്ങള്‍ക്കുള്ളില്‍ പൂക്കള്‍ ഉണ്ടാകും. പൂവിരിഞ്ഞ് 10-15 ദിവസത്തിനുള്ളില്‍ കായ്കള്‍ പറിച്ചെടുക്കാം. കോവല്‍ചെടികള്‍ രണ്ടാംവര്‍ഷവും നില്‍ക്കുകയാണെങ്കില്‍ മഴക്കാലത്തോടെ കായ്കള്‍ ഉണ്ടായിക്കഴിഞ്ഞ വള്ളികള്‍ മുറിച്ചുമാറ്റി ബലമുള്ള തണ്ടുകള്‍ മാത്രം നിലനിര്‍ത്തി പന്തല്‍ ക്രമീകരിക്കണം. പുതുതായി ഉണ്ടാകുന്ന ഇലകളുടെ സമീപത്തു തന്നെയാണ് കായ്കളും ഉണ്ടാകുന്നത് എന്നതിനാല്‍ വള്ളികള്‍ തുടര്‍ച്ചയായി വളര്‍ന്നാലേ നല്ല വിളവ് ലഭിക്കുകയുള്ളൂ. ഒരു ചെടിയില്‍നിന്ന് ശരാശരി 4-4.5 കിലോഗ്രാം കായ്കള്‍ ലഭിക്കും.  






karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145164