കര്‍ഷകരുടെ വിപണി അവകാശത്തിന്‍റെ മാഗ്നാകാര്‍ട്ട


ഇടനിലക്കാരുടെ ചൂഷണമില്ലാത്ത വിപണിയും ഉല്‍പാദനച്ചെലവിനനുസൃതമായ വിലയും കര്‍ഷകരുടെ അലംഘ്യമായ അവകാശമാണെന്നു പ്രഖ്യാപിക്കുന്നതായിരുന്നു സംസ്ഥാന കര്‍ഷക കൂട്ടായ്മയോടനുബന്ധിച്ച് പാസാക്കിയ വിപണി അവകാശ പ്രഖ്യാപനം. കാസര്‍കോട് ജില്ലയിലെ ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ലബ്ബ് പ്രസിഡന്‍റ് സണ്ണി പൈകട അവതരിപ്പിച്ച അവകാശ പ്രഖ്യാപനത്തിന്‍റെ പൂര്‍ണ രൂപം.
ലോകവ്യാപകമായിത്തന്നെ കൃഷി ഇന്ന് നിരവധി വെല്ലുവിളികളെ നേരിട്ടുകൊണ്ടാണിരിക്കുന്നത്. കാലാവസ്ഥാമാറ്റം മുതല്‍ വ്യാവസായിക നാഗരികതയുടെ വിനാശകരവും സങ്കീര്‍ണവുമായ സ്വാധീനങ്ങള്‍ വരെയുള്ള നിരവധി ഘടകങ്ങളുടെ സമ്മര്‍ദം മൂലം കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനസമൂഹങ്ങള്‍ അങ്ങേയറ്റം കടുത്ത പ്രതിസന്ധിയിലാണിന്ന്. നമ്മുടെ രാജ്യത്ത് ലക്ഷക്കണക്കിനു കര്‍ഷകര്‍ ഇക്കഴിഞ്ഞ ഒന്നു രണ്ട് ദശകങ്ങള്‍ക്കുള്ളില്‍ ആത്മഹത്യ ചെയ്തിട്ടും കര്‍ഷകപക്ഷത്തു നില്‍ക്കുന്ന നയങ്ങളോ പദ്ധതികളോ നടപ്പിലാക്കാന്‍ ഭരണകര്‍ത്താക്കള്‍ ഉത്സാഹിക്കുന്നില്ല. കേരളത്തിലെ കര്‍ഷകരും ഇന്ന് മുമ്പെങ്ങുമില്ലാത്ത രീതിയില്‍ മേല്‍സൂചിപ്പിച്ച പ്രതിസന്ധികളുടെ ഇരകളാക്കപ്പെട്ടിരിക്കുന്നു. കൃഷി വകുപ്പിന്‍റെയും കാര്‍ഷിക ഗവേഷണശാലകളുടെയും പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവിടുന്ന പൊതുഖജനാവിലെ പണം ഏറെക്കുറേ സമ്പൂര്‍ണമായി പാഴായിപ്പോകുകയാണ്. കര്‍ഷകദിനമായ ചിങ്ങം ഒന്നിന് നാടെങ്ങും കര്‍ഷകരെ പൊന്നാടയണിയിച്ചുകൊണ്ട് അവരെ സ്തുതിക്കുന്നത് പ്രശ്നപരിഹാരത്തിന് സഹായിക്കുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ല. ഇതിനു പകരം കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാനുള്ള ആത്മാര്‍ഥതയുണ്ടാകുകയാണ് വേണ്ടത്. 
ഭക്ഷണകാര്യത്തില്‍ മുക്കാല്‍ പങ്കും കമ്പോളത്തെ ആശ്രയിക്കുന്ന കേരളത്തില്‍ ഭക്ഷ്യവിളകള്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്ക് ന്യായവില കിട്ടുന്നില്ല എന്ന യാഥാര്‍ഥ്യം പോലും വേണ്ടവിധത്തില്‍ ഉള്‍ക്കൊള്ളാന്‍ ഭരണാധികാരികള്‍ക്കോ ആസൂത്രണവിദഗ്ധര്‍ക്കോ കഴിയുന്നില്ല. ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങളും കര്‍ഷകര്‍ക്ക് ന്യായമായ വിലയും ഉറപ്പുവരുത്തുന്ന ഒരു വിപണി സംവിധാനത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഏറെ നടക്കുന്നുണ്ടെങ്കിലും പ്രായോഗികമായി അവയൊന്നും മുന്നോട്ടു നീങ്ങുന്നില്ല. 
ഈ സാഹചര്യത്തില്‍ കൃഷിക്കാരന് മുന്‍കൈയുള്ളതും സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പരമാവധി പരിമിതപ്പെട്ടതുമായ ഒരു വിപണി സംവിധാനം ഏര്‍പ്പെടുത്തുന്നതു സംബന്ധിച്ച നീക്കങ്ങള്‍ ഉടനുണ്ടാകേണ്ടതുണ്ട്. കാര്‍ഷിക വിളകള്‍ക്ക് ന്യായവില ഉറപ്പാക്കുന്ന അത്തരമൊരു വിപണിസംവിധാനമാണ് ഇന്നാട്ടില്‍ കാര്‍ഷികമേഖലയുടെ ആദായക്ഷമത തിരികെയെത്തിക്കുന്നതിന് ആദ്യമായി വേണ്ടതെന്ന് ഈ സമ്മേളനം വിലയിരുത്തുന്നു. അത്തരമൊരു സംവിധാനം ഒരേ സമയം കര്‍ഷകന്‍റെ അവകാശവും ഉത്തരവാദിത്വവുമാണെന്നും ഈ സമ്മേളനം തിരിച്ചറിയുന്നു. ഈ ലക്ഷ്യം നേടിയെടുക്കാനുള്ള പരിശ്രമങ്ങള്‍ക്ക് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷകകൂട്ടായ്മകള്‍ കൂടിയാലോചനകള്‍ നടത്തേണ്ടതും അനുയോജ്യമായ മാതൃകകള്‍ വികസിപ്പിക്കുന്നതിന് പ്രാദേശികമായും അതേസമയം സംസ്ഥാനതലത്തില്‍ ഏകോപിതവുമായ നീക്കങ്ങള്‍ നടത്തേണ്ടതുമാണെന്ന് ഈ സമ്മേളനം വിലയിരുത്തുന്നു. അത്തരമൊരു നീക്കത്തിന്‍റെ അടിസ്ഥാനമെന്നത് വിപണിയില്‍, വിളകളുടെ വിലയില്‍ കര്‍ഷകര്‍ക്കുള്ള അവകാശത്തെക്കുറിച്ചുള്ള അവബോധമാണെന്ന് ഈ സമ്മേളനം അടിവരയിട്ട് പ്രഖ്യാപിക്കുന്നു. ഈ അവകാശം അംഗീകരിച്ചുകൊണ്ടും ആദരിച്ചുകൊണ്ടുമുള്ള വിപണി ഇടപെടലുകളാണ് ഇനിയുണ്ടാവേണ്ടത്. അത്തരമൊരു നീക്കത്തിന് മുന്‍കൈയെടുക്കാന്‍ ഈ സമ്മേളനം സ്വയം സമര്‍പ്പിക്കുന്നു. 


   1   





karshikarangam
karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7167740