അടുക്കളത്തോട്ടത്തിലും വീട്ടുവളപ്പിലും അധികം വിളയുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കാര്‍ഷികരംഗം ഡോട്ട് കോമില്‍ 'നാടന്‍ചന്ത' എന്ന പേരില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ആരംഭിച്ചതിന്‍റെ വിജയം ഈ രംഗത്ത് ഇനിയും ഇടപെടലുകള്‍ ആവശ്യമാണെന്നു തെളിയിക്കുന്നു. ഇനി വേണ്ടത് കേരളത്തിലെങ്ങും നാടന്‍ ചന്തകളെന്ന കര്‍ഷകരുടെ സ്വന്തം ചന്തകളാണ്. കേരളത്തില്‍ 152 വികസന ബ്ലോക്കുകളാണുള്ളത്. ഓരോ ബ്ലോക്കിലും ഓരോ നാടന്‍ ചന്തയുണ്ടാകട്ടെ. എല്ലാവരും കൂടി ഒത്തുപിടിച്ചാല്‍ കൈവരിക്കാവുന്ന ലക്ഷ്യം മാത്രമാണിത്. അതു കഴിഞ്ഞാല്‍ എല്ലാ പഞ്ചായത്തിലും ഓരോ നാടന്‍ ചന്ത, മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ആവശ്യാനുസരണം നാടന്‍ ചന്തകള്‍ എന്നതായിരിക്കട്ടെ നമ്മുടെ ലക്ഷ്യം. ഇടനിലക്കാരുടെ കൊള്ള അവസാനിപ്പിച്ചാല്‍ മാത്രം മതി കേരളത്തിലെ കര്‍ഷക കുടുംബങ്ങളുടെ സാമ്പത്തിക നിലവാരം ഉയരുന്നതിന്. ഇത്തിരി വളപ്പില്‍ നിന്നുപോലും മികച്ച വരുമാനം നേടാന്‍ പച്ചക്കറിയുടെ പഴങ്ങളുടെയും കൃഷിയിലൂടെ സാധിക്കും. അതിന് ഒന്നാമതായി വേണ്ടത് വിപണിയുടെ നിയന്ത്രണം പിടിക്കുകയാണ്. വരൂ നമുക്കൊന്നിക്കാം.
www.karshikarangam.com