കേരളത്തിലെ കര്‍ഷകരെ എല്ലാത്തരത്തിലുള്ള ഇടനിലക്കാരുടെയും ചൂഷണത്തില്‍ നിന്നു മോചിപ്പിക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന കാര്‍ഷിക വിപണന സമിതി നിലവില്‍ വന്നു. തിരുവനന്തപുരത്തിനു സമീപം പള്ളിച്ചലില്‍ പ്രാദേശിക സ്വതന്ത്രകര്‍ഷക വിപണിയായ സംഘമൈത്രിയുടെ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗമാണ് സമിതിക്കു രൂപം നല്‍കിയത്. കോട്ടയം ജില്ലയില്‍ നിന്നുള്ള പ്രതിനിധിയായ നിമി ജോര്‍ജിനെ സമിതിയുടെ കണ്‍വീനറായി തിരഞ്ഞെടുത്തു. ഇതോടൊപ്പം വിവിധ ജില്ലകളുടെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന താല്‍ക്കാലിക സമിതിക്കും നിര്‍വാഹക സമിതിക്കും രൂപം നല്‍കിയിട്ടുണ്ട്.
രാവിലെ പതിനൊന്നിന് ആരംഭിച്ച യോഗം ഉച്ചതിരിഞ്ഞ് നാലിനു സമാപിച്ചു. സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ മുന്‍ഡയറക്ടര്‍ ഡോ. കെ. പ്രതാപന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ നിമി ജോര്‍ജ്, സംഘമൈത്രി ചെയര്‍മാന്‍ ആര്‍.ബാലചന്ദ്രന്‍, തൊടുപുഴ കാഡ്സ് പ്രസിഡന്‍റ് ആന്‍റണി കണ്ടിരിക്കല്‍, സാമ്പത്തിക ശാസ്ത്രജ്ഞനും സംസ്ഥാന പ്ലാനിങ് ബോര്‍ഡിലെ വിദഗ്ധ സമിതി അംഗവുമായ ജയിംസ് വടക്കന്‍, പ്രമുഖ കര്‍ഷക വനിത ലീലാമണി, സര്‍ട്ടിഫിക്കേഷന്‍ വിദഗ്ധന്‍ സണ്ണി ആന്‍റണി, മുതലമട മാംഗോ ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി സി. ഇ. ഒ. സെന്തില്‍ നടരാജന്‍, ആര്‍പ്പൂക്കര ലൈവ്സ്റ്റോക് ഫാര്‍മേഴ്സ് അസോസിയേഷന്‍ പ്രസിഡന്‍റ് വി. ഡി.വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കാസര്‍കോട് കൊന്നക്കാട് ചൈത്രവാഹിനി ഫാര്‍മേഴ്സ് ക്ലബ്ബ് പ്രസിഡന്‍റ് സണ്ണി പൈകട കര്‍ഷക വിപണി അവകാശ പ്രഖ്യാപന രേഖ അവതരിപ്പിക്കുകയും യോഗം ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.
ജൈവകര്‍ഷകനും കാര്‍ഷിക പത്രപ്രവര്‍ത്തകനുമായ നിമി ജോര്‍ജ് കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. കാര്‍ഷികരംഗം ഡോട്ട് കോമിന്‍റെ പത്രാധിപരുമാണ്. ഫോണ്‍: 9447080405
www.karshikarangam.com