നെല്ല് : മുണ്ടകന്‍ കൃഷി


 

മുണ്ടകന്‍ എന്ന രണ്ടാം വിളകൃഷി ചെയ്യുന്നത് സെപ്റ്റംബര്‍-ഒക്ടോബര്‍ മുതല്‍ ഡിസംബര്‍-ജനുവരിവരെയുള്ള കാലയളവിലാണ്. കൃഷിയുടെ പ്രാരംഭ നടപടികള്‍ ആഗസ്റ്റ് മാസത്തില്‍ തന്നെ തുടങ്ങുന്നു.


രണ്ടാം വിളയില്‍ ഭൂരിപക്ഷവും നടീലാണ്. മുളപ്പിച്ച വിത്ത് നേരിട്ട് പാകി കൃഷിചെയ്യുന്നവരുമുണ്ട്. മഴയെമാത്രം ആശ്രയിച്ചു കൃഷി ചെയ്യുന്നവരില്‍ ഭൂരിപക്ഷവും വിതച്ചുപണിയെടുക്കുകയോ മൂപ്പ് കുറഞ്ഞവ നടുകയോ ചെയ്യുന്നു. പദ്ധതിപ്രദേശങ്ങളില്‍ അധികവും നടീലാണ് സ്വീകരിച്ചിരിക്കുന്നത്.

 

വിത്തും വിത്തിനങ്ങളും


മുണ്ടകന്‍ കൃഷിയിലെ ഏറ്റവും പ്രധാന പ്രശ്നം പറ്റിയ വിത്ത് ആവശ്യത്തിനു കിട്ടാത്തതാണ്. നാടന്‍ വിത്തുകള്‍ കൃഷിചെയ്തിരുന്ന പഴയകാലത്ത് അതിനു മുമ്പുള്ള മുണ്ടകനില്‍ കൊയ്തെടുത്ത വിത്തുകളാണുപയോഗിച്ചിരുന്നത്. എന്നാല്‍ ഇവയുടെ കൃഷി കുറഞ്ഞതോടെ പുതിയ വിത്തുകളില്‍ മൂപ്പുകുറഞ്ഞവയുടെ മുളയ്ക്കാനുള്ള കഴിവ് വേഗത്തില്‍ നഷ്ടമാകുന്നതുകൊണ്ട് മുന്‍ കൊല്ലത്തെ മുണ്ടകന്‍റെ വിത്തുകള്‍ പറ്റാതെ വരുന്നു. മധ്യകാല ഇനങ്ങള്‍ക്ക് ഈ കുഴപ്പമില്ലെങ്കിലും കഴിയുന്നതും ഒഴിവാക്കുന്നതാണ് നല്ലത്. ഏപ്രില്‍-മേയ് മാസത്തില്‍ വിളവെടുത്ത പുഞ്ചകൃഷിയിലെ പുതിയ വിത്തുകളാണ് മുണ്ടകന് ഏറ്റവും അഭികാമ്യം.


തുലാവര്‍ഷം പ്രതീക്ഷയ്ക്കൊത്തു കിട്ടിയില്ലെങ്കില്‍ മൂപ്പുകുറഞ്ഞ ഇനം കൃഷി ചെയ്യുന്നതാണുത്തമം. ഹ്രസ്വകാല ഇനങ്ങളായ ജ്യോതി, ത്രിവേണി, മട്ടത്രിവേണി, കൈരളി, കാഞ്ചന, കാര്‍ത്തിക, മകം എന്നിവയാണ് യോജിക്കുക. സാമാന്യമായി വെള്ളം കിട്ടുന്ന സ്ഥലങ്ങളില്‍ മഷൂരി, ഭാരതി, പവിഴം, ആരതി, ഐശ്വര്യ, രമ്യ, കനകം എന്നീ മധ്യകാല ഇനങ്ങളാകാം. വെള്ളം സുലഭമാണെങ്കില്‍ പിടിബി-4, സി.ഒ. 25, നിള, രശ്മി എന്നീ മൂപ്പേറിയ ഇനങ്ങളുമാകാം. വൈക്കോല്‍ ധാരാളം കിട്ടുന്ന ഇവയ്ക്ക് 140 മുതല്‍ 180 ദിവസംവരെ മൂപ്പുണ്ട്. പാലക്കാടന്‍ കൃഷിയിടങ്ങള്‍ക്കനുയോജ്യമായ ഈ ഇനങ്ങളുടെ ഞാറ്റടി ആഗസ്റ്റില്‍ തന്നെ തയാറാക്കി തുടങ്ങുന്നു.

 

ഞാറ്റില്‍ പിഴച്ചാല്‍ ചോറ്റില്‍ പിഴയ്ക്കും


ഞാറ്റടിയില്‍നിന്നും നല്ല ഞാര്‍ കിട്ടിയില്ലെങ്കില്‍ മുണ്ടകന്‍ വിള മോശമാകും. ഞാറ്റടിക്കു പ്രത്യേകം സ്ഥലം ഒഴിച്ചിട്ടില്ലെങ്കില്‍ ഒന്നാം വിള കൊയ്തെടുക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. വിളവെടുത്തു കഴിഞ്ഞു നിലം നല്ലപോലെ ഉഴുതു പാകപ്പെടുത്തി നെല്‍ച്ചെടിയുടെ കുറ്റിയും മറ്റും അഴുകാന്‍ പത്തു ദിവസമെങ്കിലും ഇടവേള ഉണ്ടായിരുന്നാല്‍ കൊള്ളാം. അല്ലാത്തപക്ഷം അവിടെ വളരുന്ന ഞാര്‍ പറിക്കുമ്പോള്‍ പൊട്ടിപ്പോകാനിടയുണ്ട്. ഞാറ്റടിയില്‍ സസ്യസംരക്ഷണവും വിരിപ്പിനു വിവരിച്ചപോലെ തന്നെയാണ്. സസ്യസംരക്ഷണത്തിനാവശ്യമായ കീടനാശിനികള്‍ പ്രയോഗിക്കുക തന്നെ വേണ്ടിവരും.

 

നിലമൊരുക്കല്‍, വളം ചേര്‍ക്കല്‍, നടീല്‍


നിലമൊരുക്കല്‍ ഒന്നാം വിളയ്ക്ക് വിവരിച്ചതുപോലെതന്നെയാണെങ്കിലും പാടം ഒരേപോലെ നിരന്നു കിട്ടിയില്ലെങ്കില്‍ ചില സ്ഥലങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാനും മറ്റുള്ളവ തറനിരപ്പില്‍നിന്നും ഉയര്‍ന്നു നില്‍ക്കുന്നിടങ്ങളില്‍ കളകളും കീടങ്ങളും വളരുകയും ചെയ്യും. നിലമുഴുത് നിരപ്പാക്കി വരമ്പുകള്‍ ചേറുകൊണ്ട് പൊതിയുന്നത് വയലിലെ വെള്ളം ചോര്‍ന്നുപോകാതിരിക്കുന്നതിനും ഞണ്ടിന്‍റെ ഉപദ്രവം കുറയാനും സഹായകമാണ്.


വളം ചേര്‍ക്കല്‍ ഒന്നാം വിളയ്ക്ക് വിവരിച്ചതുപോലെതന്നെ. മേല്‍വളം രണ്ടു പ്രാവശ്യമായി നല്‍കുമ്പോള്‍ ആദ്യത്തേത് നട്ട് മൂന്നാഴ്ചയാകുമ്പോഴും രണ്ടാമത്തെത് നട്ട് ആറാഴ്ചയാകുമ്പോഴുമാണു വേണ്ടത്. വിത്ത് വിതച്ച് കൃഷി ചെയ്യുന്നവര്‍ക്കുള്ള രാസവളതോതിനും മാറ്റമില്ല. ആകെ വേണ്ട യൂറിയ മൂന്നു തുല്യഭാഗങ്ങളാക്കിയതില്‍ ഒരു ഭാഗം അടിവളമായും ബാക്കി മേല്‍വളമായി, വിതച്ച് മൂന്നാഴ്ച കഴിഞ്ഞും രണ്ടാമത്തേത് 6 ആഴ്ച കഴിഞ്ഞും കൊടുക്കുന്നതാണു നല്ലത്.

 

ഞാര്‍ നടുമ്പോള്‍ ച.മീറ്ററിന് 50 നുരികള്‍ വരത്തക്കവണ്ണം 20ണ്മ10 സെ.മീ. അകലത്തില്‍ മധ്യകാല ഇനങ്ങളും ച.മീറ്ററിന് 67 നുരികള്‍ വരത്തക്കവണ്ണം 15ണ്മ10 സെ.മീ. അകലത്തില്‍ ഹ്രസ്വകാല ഇനങ്ങളും നടേണ്ടതാണ്. അത്തം ഞാറ്റുവേലയുടെ (സെപ്റ്റംബര്‍ 26- ഒക്ടോബര്‍ 10) അവസാനവും ചിത്തിരഞാറ്റുവേലയുടെ (ഒക്ടോബര്‍ 10-23) ആരംഭത്തിലും നടുന്നതാണ് നല്ലവിളവുണ്ടാക്കാന്‍ നല്ലതെന്നു പഴമക്കാര്‍ വിശ്വസിക്കുന്നു.

 

വരമ്പില്‍ പയര്‍


രണ്ടാം വിളയ്ക്കു ഞാര്‍ നട്ട് തീരുന്നതോടെ വരമ്പിന്‍റെ ഇരുവശത്തും പയര്‍വിത്ത് കുത്തി ഇട്ടാല്‍ വയലിലെ ജലാംശം ഉള്‍ക്കൊണ്ട് നല്ല സൂര്യപ്രകാശത്തില്‍ വളരുന്ന ചെടികളില്‍നിന്നും അധിക ചെലവൊട്ടും കൂടാതെ പച്ചപ്പയറും വിത്തിന്‍റെ ആവശ്യത്തിനുള്ള ഉണക്കപ്പയറും സംഭരിക്കാം. ഇതിനു പറ്റിയ ഇനങ്ങള്‍ ന്യൂഇറ, കനകമണി, സി-152 എന്നിവയാണ്.

 

വെള്ളം വേണ്ടപ്പോള്‍ മാത്രം


മുണ്ടകന്‍ കൃഷിയുടെ വിജയം യഥാസമയം വെള്ളം കിട്ടുന്നതിനാലാണ്. വയലില്‍നിന്നും വെള്ളം ഊര്‍ന്നും ചോര്‍ന്നും പോകാതിരിക്കാന്‍ നിലം പൂട്ടി നല്ലവണ്ണം ചെളിയാക്കുകയും വരമ്പ് ചേറുകൊണ്ട് പൊതിയേണ്ടതുമാണ്. തുടര്‍ച്ചയായി അധികം വെള്ളം കെട്ടിനിര്‍ത്തേണ്ട ആവശ്യമില്ല. നടുമ്പോള്‍ അര ഇഞ്ചിലധികം വെള്ളം വേണ്ട. ഇതു ക്രമേണ കൂട്ടി ചിനപ്പു പൊട്ടുന്ന പ്രായത്തില്‍ 2 ഇഞ്ച് വരെയാക്കി നിര്‍ത്തിയാല്‍ മതി. കൊയ്യുന്നതിന് ഒരാഴ്ച മുമ്പ് വെള്ളം വറ്റിച്ചു കളയുകയും വേണം.


സസ്യസംരക്ഷണ നടപടികള്‍ ആദ്യം വിവരിച്ചതുതന്നെ. തണ്ടുതുരപ്പന്‍ പുഴുവിന്‍റെ ഉപദ്രവം കൂടുമെന്നതിനാല്‍ ഞാറ്റടിയിലെ പ്രതിരോധ നടപടികള്‍ക്കു മുന്‍തൂക്കം കൊടുക്കണം. അതുപോലെ തന്നെ ഞാറ്റടിയിലും പിന്നീടുള്ള ഒരു മാസക്കാലവും പുള്ളിക്കുത്ത് രോഗത്തിന്‍റെ കടന്നാക്രമണത്തിനു സാധ്യതയുള്ളതിനാല്‍ കുമിള്‍നാശിനികള്‍ തളിക്കേണ്ടതായും വരും.


karshikarangam
karshikarangam

www.karshikarangam.com


Chetana Online Media, Northgate, Thirunakkara Kottayam 686001, Kerala
Email : karshikarangam@gmail.com           Info@karshaikarangam.com
Phone: 9447001122, 0481-2582405
Follow Us

Visitor's Count   7145034