വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ കൃഷികാലങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രാദേശിക കൃഷി സമ്പ്രദായങ്ങളാണ് കുട്ടനാടന്‍-കോള്‍ പുഞ്ചകള്‍, പൊക്കാളികൃഷി, വയനാടന്‍ പുഞ്ച, കൂട്ടുമുണ്ടകന്‍ എന്നിവ. കുട്ടനാടന്‍ പുഞ്ച, കോട്ടയം-ആലപ്പുഴ ജില്ലകളിലും, കോള്‍പുഞ്ച, തൃശ്ശൂര്‍-മലപ്പുറം ജില്ലകളിലും പൊക്കാളി എറണാകുളം ജില്ലയിലും വയനാടന്‍ പുഞ്ച വയനാട്ടിലും വ്യാപിച്ചു കിടക്കുമ്പോള്‍ കൂട്ടുമുണ്ടകന്‍ കൃഷി പാലക്കാട്-മലപ്പുറം ജില്ലകളുടെ ചുരുക്കം ചില പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്ന ഒരു കൃഷി സമ്പ്രദായമാണ്.
കുട്ടനാടന്‍ പുഞ്ച
കുട്ടനാട്ടിലെ പുഞ്ചകൃഷിക്കാലം സെപ്റ്റംബര്‍-ഒക്ടോബര്‍ മുതല്‍ ജനുവരി-ഫെബ്രുവരി വരെയാണ്. അധിക വിളയായി മേയ്-ജൂണ്‍ മുതല്‍ ആഗസ്റ്റ്-സെപ്റ്റംബര്‍ വരെ ചുരുങ്ങിയ സ്ഥലങ്ങളിലും നെല്ലുകൃഷി ചെയ്തു വരുന്നുണ്ടെങ്കിലും പ്രാധാന്യം പുഞ്ചകൃഷിക്കുതന്നെ. വിതയാണധികവും. വെള്ളം വറ്റിച്ച്, ചേറുകോരി, പ്രധാന വരമ്പുകുത്തിയുള്ള കൃഷി മനുഷ്യാധ്വാനത്തിന്‍റെ മകുടോദാഹരണമാണ്. എന്നാല്‍ ഇന്നു മിക്ക പാടശഖരങ്ങള്‍ക്കും സ്ഥിരമായി പുറം ബണ്ടുകളുള്ളതുകൊണ്ട് പണ്ടുണ്ടായിരുന്ന അധ്വാനത്തിനു കുറവു വന്നിട്ടുണ്ട്. മണ്ണിലെ പുളി, വയലിലെ കള, നെല്‍ച്ചെടികള്‍ക്കുണ്ടാകുന്ന കീടബാധ എന്നിവയെല്ലാം എന്നും കുട്ടനാട്ടിലെ പ്രശ്നങ്ങളാണ്.
ഭദ്ര, ആശ, പവിഴം, രമ്യ, കനകം, ശബരി, ഭാരതി എന്നീ മധ്യകാല ഇനങ്ങളും കാര്‍ത്തിക, മകം, അരുണ, ജ്യോതി, മട്ടത്രിവേണി എന്നീ ഹ്രസ്വകാല ഇനങ്ങളുമാണ് കൃഷിചെയ്തു വരുന്നത്. അത്യുല്‍പ്പാദനശേഷിയുള്ള മധ്യ-ഹ്രസ്വകാല ഇനങ്ങളെല്ലാം കുട്ടനാട്ടിലെ കര്‍ഷകര്‍ പരീക്ഷിച്ചു നോക്കിയിട്ടുള്ളതാണ്.
വളപ്രയോഗത്തിന്‍റെ തോത് നെല്ലിനങ്ങളുടെ മൂപ്പനുസരിച്ച് വ്യത്യസ്തമാണ്. അടിവളമായും ചീനപ്പു പൊട്ടുന്നസമയത്തുമാണ് ഭാവഹവളങ്ങള്‍ നല്‍കുക. പാക്യജനകവളം അടിവളമായി നല്‍കുന്നത് വിത്തുവിതച്ച് നിലമുണക്കി വീണ്ടും വെള്ളം കയറ്റുമ്പോഴാണ്. മധ്യകാലമൂപ്പുള്ളവയ്ക്ക് രണ്ടു മേല്‍വളങ്ങളും ഹ്രസ്വകാല മൂപ്പുള്ളവയ്ക്ക് ഒരു മേല്‍വളവുമാണു പതിവ്.
കുലവാട്ടം, മുഞ്ഞ, ഗാളീച്ച തുടങ്ങിയ രോഗകീടങ്ങളുടെ ആക്രമണം ചില കൊല്ലങ്ങളില്‍ കുട്ടനാടന്‍ കൃഷിക്കു വമ്പിച്ച നാശനഷ്ടങ്ങള്‍ ഉണ്ടാക്കാറുണ്ട്. കൂലികൂട്ടലും, പണിയെടുക്കാന്‍ കാര്‍ഷികതൊഴിലാളികളെ കിട്ടാത്ത സ്ഥിതിയും ഇന്നു കാര്‍ഷികമേഖലയിലെ സ്ഥിരം പ്രശ്നങ്ങളാണ്. ഇതിനും പുറമേയാണ് അമിതരാസവള കീട-കുമിള്‍-കളനാശിനികള്‍ വരുത്തിവയ്ക്കുന്ന വിനയും.
കോള്‍പുഞ്ച
കോള്‍പാടങ്ങളില്‍ പുഞ്ചക്കൃഷി ചെയ്യുന്നത് സെപ്റ്റംബര്‍-ഒക്ടോബര്‍ മുതല്‍ ഡിസംബര്‍-ജനുവരിവരെയും ഡിസംബര്‍-ജനുവരി മുതല്‍ മാര്‍ച്ച്-ഏപ്രില്‍ വരെയുമുള്ള രണ്ടു സമയങ്ങളിലായിട്ടാണ്. കോള്‍കൃഷിക്കു കുട്ടനാടന്‍ കൃഷിയുമായി സാമ്യമുണ്ട്. ഉപ്പു വെള്ളം രണ്ടിടത്തും കൃഷിക്കു ദോഷം ചെയ്യുന്നു. മണ്ണിലെ അമ്ലത്വം കുറവാണിവിടെ. വിത്ത് നേരിട്ടു വിതച്ചാണ് കൃഷിയും. ആദ്യകാലങ്ങളില്‍ രാസവളങ്ങളൊന്നും ഉപയോഗിച്ചിരുന്നില്ല. പുതിയ വിത്തിനങ്ങളില്‍ എല്ലാം തന്നെ കൃഷി ചെയ്തുവരുന്നുണ്ട്. മൂപ്പ് ഏറ്റവും കുറഞ്ഞ ഹ്രസ്വനെല്ലിനവും കോള്‍പ്പടവുകള്‍ക്കു പറ്റിയതാണ്. പാക്യജനകം, ഭാവഹം, ക്ഷാരമെന്നിവ മധ്യകാല ഇനങ്ങള്‍ക്ക് 110:45:45 എന്ന അനുപാതത്തിലും ഹ്രസ്വകാല ഇനങ്ങള്‍ക്ക് 90:35:45 എന്ന തോതിലുമാണ് നല്‍കേണ്ടത്. കുട്ടനാട്ടിലെ മാതിരി കൃഷി-കീടങ്ങള്‍ കോള്‍ കൃഷിയില്‍ രൂക്ഷമല്ല. കൃഷിയുടെ അവസാനദശകളില്‍ ജലദൗര്‍ലഭ്യം ഉണ്ടാകുക എന്നതു ചില കോള്‍പ്പാടങ്ങളിലെ സ്ഥിരം പ്രശ്നമാണ്.
പൊക്കാളികൃഷി
ആലപ്പുഴ, എറണാകുളം, കണ്ണൂര്‍ എന്നീ തീരപ്രദേശ ജില്ലകളിലെ ഉപ്പുവെള്ളം കേറുന്ന നിലങ്ങളിലെ കൃഷിയാണ് പൊക്കാളി. കണ്ണൂര്‍ ജില്ലയിലെ ഇത്തരം നിലങ്ങള്‍ക്ക് 'കൈപ്പാട്' എന്നും കൃഷിക്ക് കൈപ്പാടുകൃഷി എന്നും പേരുണ്ടെങ്കിലും പൊക്കാളികൃഷി എന്നാണ് ഈ രീതിക്ക് പൊതുവെ പറഞ്ഞു വരുന്നത്.
മീനം മേടമാസങ്ങളില്‍ പൊക്കാളി കൃഷിക്കു പണി ആരംഭിക്കുന്നു. മണ്ണിലെ അധികരിച്ച ലവണങ്ങള്‍ കഴുകിക്കളഞ്ഞാണ് നെല്ലു കൃഷിചെയ്യുന്നത്. വയലിലെ വെള്ളം വാര്‍ത്തു കളഞ്ഞശേഷം ഒന്നൊന്നര മീറ്റര്‍ ഉയരത്തിലും ഒരു മീറ്റര്‍ വ്യാസത്തിലുമുള്ള കൂനകള്‍ തീര്‍ക്കുന്നു. കാലവര്‍ഷത്തോടെ കൂനകളിലെ ഉപ്പ് കഴുകിപോകുന്നതോടെ മണ്ണിളക്കി കൂനകളില്‍ മുളപ്പിച്ച വിത്തു പാകുന്നു. വൈറ്റില 1,2,3,4 എന്നീ പേരുകളിലറിയപ്പെടുന്ന പൊക്കാളി വിത്തുകളാണുപയോഗിക്കുക. വിത്തു വിതച്ചശേഷം ഞാറാകുമ്പോള്‍ കൂനവെട്ടി 4-5 ഞാറുകളുള്ള ചെറു തുണ്ടുകളാക്കി വയലില്‍ നിരത്തുകയും വീണ്ടും വെള്ളം കയറ്റുകയും ചെയ്യുന്നു. കൂനകള്‍ വെട്ടി മാറ്റുമ്പോള്‍ ഹെക്ടറൊന്നിന് ആകെ വേണ്ട 20 കി.ഗ്രാം പാക്യജനകവും 40 കി.ഗ്രാം ഭാവഹവും ഒറ്റത്തവണയായി നല്‍കുന്നു. കന്നി-തുലാമാസത്തോടുകൂടി നെല്ലു കൊയ്തശേഷം മീനമാസം വരെ വയലില്‍ വെള്ളം കയറ്റി ചെമ്മീന്‍ കൃഷി (ചെമ്മീന്‍കെട്ട്) ചെയ്യുന്നു. പൊക്കാളി നിലങ്ങളില്‍നിന്നും നല്ല വിളവാണു ലഭിക്കുക.
കൂട്ടുമുണ്ടകന്‍ കൃഷി
വിരിപ്പുകൃഷിക്കാലത്തു മാത്രം ഉപയോഗിച്ചിരുന്ന ആര്യന്‍ പൊന്നാര്യന്‍ എന്നീ വിത്തുകളും മുണ്ടകനുമാത്രം കൃഷിചെയ്തുവന്നിരുന്ന വെള്ളരി, ചേറ്റാടി എന്നീ നാടന്‍ വിത്തുകളും 7.3 എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി വിരിപ്പിനു പൊടിയില്‍ വിതച്ചോ, ഞാറു നട്ടോ കൃഷി ചെയ്തു വിരിപ്പിനും മുണ്ടകനും പ്രത്യേകം കൊയ്തെടുക്കുന്ന രീതിയാണിത്. കൃഷിച്ചെലവ് കുറയ്ക്കാനും തൊഴിലാളിക്ഷാമം പരിഹരിക്കാനും വെള്ളക്കൂടുതല്‍കൊണ്ട് മുണ്ടകന്‍കൃഷി വിതയ്ക്കാനോ നടാനോ പറ്റാത്ത അവസ്ഥയുമാണ് കൂട്ടുമുണ്ടകന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നത്.
വിരിപ്പുവിത്തുകള്‍ കന്നിയില്‍ കൊയ്തെടുത്തശേഷം വളമായി ചാണകം മാത്രം ചേര്‍ക്കുന്ന പതിവായിരുന്നു ഈ കൃഷിരീതിയില്‍ ആദ്യകാലങ്ങളില്‍ നിലനിന്നിരുന്നത്. എന്നാല്‍ പുതിയ വളപ്രയോഗ നിര്‍ദേശങ്ങളനുസരിച്ച് വിരിപ്പുകൃഷിക്ക് ഹെക്ടറിന് 20:10:10 എന്ന തോതിലും മുണ്ടകന് 30:15:15 എന്ന തോതിലും രാസവളം ചേര്‍ക്കുന്നത് രണ്ടു വിളയില്‍നിന്നും നല്ല വിളവുണ്ടാക്കാന്‍ സഹായകരമാണെന്നു കണ്ടു. വിരിപ്പുകൃഷിയില്‍ അടിവളമായി മുഴുവന്‍ ഭാവഹവളത്തോടൊപ്പം പാക്യജനകത്തിന്‍റെയും ക്ഷാരത്തിന്‍റെയും പകുതിയും മേല്‍വളമായി ബാക്കി പകുതി പാക്യജനകവും ക്ഷാരവും അടിക്കണ പ്രായത്തിലും നല്‍കാനാണു ശുപാര്‍ശ ചെയ്തിട്ടുള്ളത്. വിരിപ്പുവിള കൊയ്തെടുത്ത ഉടന്‍ മുണ്ടകനു നിര്‍ദേശിച്ചിട്ടുള്ള വളം മുഴുവന്‍ ഒറ്റത്തവണയായി നല്‍കുകയും വേണം.
ഒന്നാം വിളയ്ക്ക് തണ്ടുതുരപ്പന്‍ പുഴുവിന്‍റെ ഉപദ്രവം കൂടുതലായിക്കണ്ട പാടങ്ങളില്‍ മുണ്ടകന്‍ വിളയിലേക്ക് അവ സംക്രമിക്കുമെന്ന ഒരു പ്രധാന ദോഷം ഈ കൃഷിരീതിക്കുണ്ട്. അതുകൊണ്ട് ഒന്നാം വിള കൊയ്തെടുത്ത ഉടന്‍ കുറ്റികളില്‍ പുതിയ കൂമ്പുവരുന്നതോടെ തണ്ടുതുരപ്പന്‍ പുഴുവിനെതിരായ ഏതെങ്കിലുമൊരു കീടനാശിനി തളിക്കേണ്ടതാവശ്യമാണ്.
പാലക്കാട്-മലപ്പുറം-ജില്ലയുടെ പഴയ വള്ളുവനാടന്‍ പ്രദേശങ്ങളിലിന്നും ഈ കൃഷിരീതി നിലനില്‍ക്കുകയും അമിതാധ്വാനമില്ലാതെ ഭേദപ്പെട്ട വിളവ് കൊയ്തെടുക്കുകയും ചെയ്യുന്നു.
www.karshikarangam.com