നെല്‍കൃഷിയില്‍ കുറഞ്ഞ ചെലവില്‍ കൂടുതല്‍ വിളവുണ്ടാക്കാന്‍ സഹായിക്കുന്ന നൂതനകൃഷിരീതിയാണ് ഒറ്റഞാര്‍ കൃഷി. ഫ്രഞ്ച് വൈദികനായ ഫാ. ഹെന്‍റി ഡെ ലൗലാനിയാണ് ഇതിന്‍റെ ഉപജ്ഞാതാവ്. വിത്തിന്‍റെ അളവ്, ഞാറിന്‍റെ പ്രായം, എണ്ണം, നടീല്‍ അകലം, ജലനിയന്ത്രണം എന്നീ കാര്യങ്ങളില്‍ പരമ്പരാഗത സമ്പ്രദായത്തില്‍നിന്നും തികച്ചും വ്യത്യസ്തമാണ് ഈ രീതി.
ഞാറ്റടി തയാറാക്കല്‍
പായ്ഞാറ്റടി അഥവാ ഡാപ്പോഗ് നഴ്സറി തയാറാക്കിയാണ് ഈ രീതിയില്‍ വിത്ത് നടുന്നത്. ഒരു ഹെക്ടര്‍ സ്ഥലത്ത് കൃഷിചെയ്യാന്‍ ഹെക്ടറിന് 5-8 കിലോ വിത്ത് മതി. (സാധാരണ നടീലിന് 60-80 കിലോ വിത്ത് ആവശ്യമാണ്) പ്ലാസ്റ്റിക് ഷീറ്റില്‍ പൊടിമണ്ണും ചാണകപ്പൊടിയും ചേര്‍ത്ത് ഒരിഞ്ച് കനത്തില്‍ തടമുണ്ടാക്കിയോ വാഴപ്പോളകള്‍ നിരത്തിയിട്ട് അതിന്മേല്‍ മണ്ണ് വെട്ടിക്കയറ്റി വളം ചേര്‍ത്ത് നനച്ചോ മുളപ്പിച്ച വിത്തുകള്‍ പാകാം. 3 ച.മീറ്ററില്‍ 200 ഗ്രാം വിത്ത് വീഴത്തക്ക രീതിയില്‍ വിത്ത് പാകണം. 8 കിലോ വിത്ത് പാകുന്നതിന് മൂന്നു സെന്‍റ് മതി. അങ്ങനെ ഞാറ്റടി തയാറാക്കുന്നതിനുള്ള ചെലവും കുറയ്ക്കാം.
ഞാറു നടീല്‍
8-15 ദിവസം പ്രായമായ (രണ്ടില പ്രായം) ഞാര്‍ വേരിന് ക്ഷതമേല്‍ക്കാതെ മണ്ണോടുകൂടി പറിച്ചു നടണം. നടുന്നതിന് തലേ ദിവസം വയലിലെ വെള്ളം പൂര്‍ണ്ണമായി വാര്‍ത്തുകളയേണ്ടതുണ്ട്. നിശ്ചിത അകലത്തില്‍ കെട്ടുകളിട്ട കയര്‍ വലിച്ചുപിടിച്ച് കെട്ടുകളുടെ സ്ഥാനത്ത് ഞാറുകള്‍ നടാവുന്നതാണ്. അടിക്കണ പരുവംവരെ മണ്ണില്‍ നേരിയ നനവ് മതിയാകും. ഇതിനായി ഒന്നിടവിട്ട് വെള്ളം കയറ്റി വാര്‍ത്തുകളയണം. 15 ദിവസത്തിലധികം പ്രായമായ ഞാര്‍ പറിച്ചുനടരുത്. ഒരു നുരി വച്ച് അധികം താഴ്ത്താതെ 25-30 സെ.മീ അകലത്തില്‍ നടണം.
ജലപരിപാലനം
അടിക്കണ പരുവത്തിനുശേഷം 1-2 സെ.മീ വെള്ളം മാത്രം വയലില്‍ കെട്ടിനിര്‍ത്തണം. കൊയ്ത്തിന് 10-15 ദിവസത്തിനു മുമ്പ് വെള്ളം പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്.
കളനിയന്ത്രണം
വയലില്‍ വെള്ളം കെട്ടിനിര്‍ത്താത്തതിനാല്‍ കളയുടെ ശല്യം അധികമായിരിക്കും. ഞാറ് നട്ടതിനുശേഷം 10 ദിവസത്തെ ഇടവേളയില്‍ കള പറിക്കണം. ഇതിനായി കോണോവീഡര്‍ ഉപയോഗിക്കാം. കോണോവീഡര്‍ ഉപയോഗിക്കുമ്പോള്‍ വയലില്‍ അല്‍പ്പം വെള്ളം കെട്ടിനിര്‍ത്തുന്നത് നല്ലതായിരിക്കും.
കുറഞ്ഞ ചെലവില്‍ കൂടുതല്‍ ആദായം
നുരികളുടെ എണ്ണം കുറവും അവ തമ്മിലുള്ള അകലം കൂടുതലുമാകുന്നതുകൊണ്ട് തുടക്കത്തില്‍ പാടം ശുഷ്കിച്ചിരിക്കുമെങ്കിലും ഒരുമാസത്തിനകം പച്ചപ്പണിയും. അതിശക്തമായ വേരുപടലത്തിന്‍റെ കരുത്തില്‍ കൂടുതല്‍ ചിനപ്പുകള്‍ പൊട്ടി എണ്ണവും കനവും കൂടുതലുള്ള കതിര്‍ക്കുലകളുണ്ടാകുന്നു. വിത്ത്, വളം, വെള്ളം, കീടനാശിനി എന്നിവയെല്ലാം വളരെ കുറച്ചുമാത്രം ഉപയോഗിക്കുന്നതിനാല്‍ പരമ്പരാഗത രീതിയേക്കാള്‍ ചെലവ് കുറച്ച് കൂടുതല്‍ വിളവ് ഒറ്റഞാര്‍ കൃഷിയിലൂടെ ലഭ്യമാകുന്നു.
www.karshikarangam.com